20 April Saturday

തകഴിയും നട്‌വർസിങ്ങും പിന്നെ ഞാനും - ടി പത്മനാഭൻ എഴുതുന്നു

ടി പത്മനാഭൻUpdated: Wednesday Dec 28, 2022

ടി പത്മനാഭൻ - ഫോട്ടോ: കെ ആർ വിനയൻ

തകഴിയുടെ കഥാസാഹിത്യത്തെക്കുറിച്ച് എം ടി സംസാരിച്ചു. തകഴിയുമായി അടുത്ത ബന്ധം പുലർത്തുകയും കേന്ദ്ര സാഹിത്യ അക്കാദമിക്ക്‌ വേണ്ടി തകഴിയെക്കുറിച്ച് അതിമനോഹരമായ ഒരു ഡോക്യുമെന്ററി നിർമിക്കുകയും ചെയ്ത എം ടി യുടെ പ്രസംഗം  സദസ്യർ ഏറെ ആസ്വദിച്ചു.  ഞാനും ആ യോഗത്തിൽ സംസാരിക്കുകയുണ്ടായി...

ഇന്നലെ രാത്രി അത്യന്തം വിചിത്രമായ ഒരു സ്വപ്നം കണ്ടു‐ കരകാണാൻ കഴിയാത്ത വലിയ ഒരു കായൽപ്പരപ്പ്. അതിൽ, അങ്ങകലെയായി ഒരു കൊച്ചുവള്ളം. വള്ളത്തിൽ ഏറെ പ്രായം തോന്നിക്കുന്ന ഒരു കൊച്ചുമനുഷ്യൻ. അയാൾ ഇരുന്നിട്ടില്ല; നിൽക്കുകയാണ്. അയാളുടെ മുഖമൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. ആരും തുഴയുന്നില്ലെങ്കിലും വള്ളം അയാൾ ഉദ്ദേശിച്ച ദിക്കിലേക്ക് തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്.

പൊടുന്നനെ ആകാശം കറുത്തു. സൂര്യൻ മറയുകയും എങ്ങും ഇരുട്ട് വ്യാപിക്കുകയും ചെയ്തു. അതിശക്തമായ കാറ്റിനൊപ്പം മഴയും ഇടിമിന്നലുമുണ്ടായി. ആ ചെറിയ വള്ളത്തിലെ വൃദ്ധന് എന്ത്‌ സംഭവിച്ചിരിക്കുമോ എന്ന് വേവലാതിപ്പെട്ടുകൊണ്ടിരിക്കെ, പതുക്കെപ്പതുക്കെ വെളിച്ചം വന്നു. കാറ്റും മഴയും പോയി.

ഞാൻ അപ്പോൾ കണ്ടു;  വൃദ്ധന് ഒന്നും സംഭവിച്ചിട്ടില്ല ! അയാൾ വള്ളത്തിൽ നിൽക്കുക തന്നെയായിരുന്നു. അയാൾ തന്റെ കടവിൽ എത്താറായിരുന്നു...

എത്തിയപ്പോൾ, ചിരപരിചിതനെപ്പോലെ ഒരു പ്രയാസവും കൂടാതെ, ആ പ്രായത്തിലും അയാൾ കരയിലേക്ക് ചാടിക്കയറി. എന്നിട്ട് കടവിനപ്പുറത്തെ വരമ്പിലൂടെ തന്റെ ചെറിയ വീട്ടിലേക്ക് അയാൾ നടന്നുപോയി.
അപ്പോൾ എനിക്ക് മനസ്സിലായി‐
തകഴി !

2

‘മലയാള മനോരമ’യുടെ ഒരു കൊല്ലത്തെ സാഹിത്യ ക്യാമ്പ് പ്രകൃതിസുന്ദരമായ അമ്പലമേട്ടിലെ ഫാക്ട് ടൗൺഷിപ്പിലായിരുന്നു. 150 ഏക്കർ വിസ്തൃതിയുള്ള ശുദ്ധജല തടാകം, തടാകത്തിന്റെ അപ്പുറത്തെ വൃക്ഷനിബിഡമായ കാട്, തടാക മധ്യത്തിലെ ദ്വീപ്, സ്കൂളുകൾ, ആശുപത്രി, സിനിമാകൊട്ടക, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ...

എം കെ കെ  നായർ

എം കെ കെ നായർ

രണ്ടുമൂന്ന്‌ ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ വന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇതെല്ലാം ഏറെ കൗതുകമുളവാക്കുന്ന കാഴ്ചകളായിരുന്നു. ഫാക്ടിന്റെ തലപ്പത്ത് അന്നുണ്ടായിരുന്നത് കലാരസികനും ഉദാരമനസ്കനുമായിരുന്ന എം കെ കെ നായരായിരുന്നു. അതുകൊണ്ടുതന്നെ ആതിഥ്യ മര്യാദയ്ക്ക് അൽപ്പംപോലും കുറവുണ്ടായിരുന്നില്ല.

അതിഥികളുടെ താമസവും ഭക്ഷണവും എന്റെ ഉത്തരവാദിത്തമായിരുന്നു. അതുപോലെ ക്യാമ്പിലെ കുട്ടികളോട് സംവദിക്കാനായി പ്രശസ്തരായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും എത്തിക്കുന്നതും. എന്നാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത തകഴിയെ അമ്പലപ്പുഴയിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് ‘മലയാള മനോരമ’യിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു. ഭക്ഷണവും വിശ്രമവും കഴിഞ്ഞശേഷം തകഴി ക്യാമ്പംഗങ്ങളോട് സംസാരിച്ചു.

ഇനി നടന്ന കാര്യം മനോരമ ഉദ്യോഗസ്ഥന്റെ വാക്കുകളിൽ‐
‘എറണാകുളത്തെത്തിയപ്പോൾ തകഴിച്ചേട്ടൻ എന്നോട് ചോദിച്ചു:

‘‘എടോ, കഥകളെഴുതുന്ന ആ ടി പത്മനാഭൻ അമ്പലമേട്ടിൽ തന്നെയല്ലേ? അയാൾ അവിടെ ഉണ്ടായിരുന്നില്ലേ? ഞാൻ കണ്ടില്ലല്ലോ’’.

തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള


അപ്പോൾ ഞാൻ പറഞ്ഞു:
‘‘നല്ല കഥ. ചേട്ടനെ സൽക്കരിച്ചതും ചോറ് വിളമ്പിത്തന്നതുമൊക്കെ അയാളല്ലേ...! അയാൾ അവിടെ എല്ലായിടത്തും ഉണ്ടായിരുന്നല്ലോ...’’
ഇതുകേട്ടപ്പോൾ തകഴിച്ചേട്ടന് സങ്കടമായി.

‘‘അയ്യോ അത് വലിയ മോശമായിപ്പോയി. എനിക്ക് അയാളെ അറിയില്ല. അയാളും പറഞ്ഞില്ല. മറ്റുള്ളവരും പറഞ്ഞില്ല. വാ, നമുക്ക് ഇപ്പോൾത്തന്നെ തിരിച്ചുപോകാം. എന്നിട്ട് അയാളോട്  ... അല്ലെങ്കിൽ അയാളെന്താ വിചാരിക്കുക’’.
അപ്പോൾ ഞാൻ ചേട്ടനെ വിലക്കി.

‘‘വേണ്ട  ... ഇപ്പോൾ തന്നെ സമയം ഏറെയായില്ലേ, ഞാൻ ചേട്ടനുവേണ്ടി അയാളോട് പിന്നീട് സംസാരിച്ചു കൊള്ളാം’’.
 ഇത് സംഭവിച്ചത് തകഴി ശിവശങ്കരപ്പിള്ള ഏറെ പ്രശസ്തനായ കാലത്തായിരുന്നു.

3
ഡിസി ബുക്സിന്റെ 20 ‐ ാം വാർഷികം. കോട്ടയത്തെ വിശാലമായ ഓഡിറ്റോറിയം ജനനിബിഡമായിരുന്നു. വേദിയിൽ മലയാള കഥാസാഹിത്യത്തിലെ കാരണവരായ തകഴി, ഒരു ചാരുകസേരയിൽ, സമീപത്തായി ഡി സി കിഴക്കേമുറി, പൊൻകുന്നം വർക്കി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ടി പത്മനാഭൻ തുടങ്ങിയവർ.

അന്നത്തെ പരിപാടിയിൽ പ്രധാന ഇനം ഇരുപതാം വാർഷികം പ്രമാണിച്ച് ഡിസി പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങളുടെ പ്രകാശനമായിരുന്നു.  ഈ 20 പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒ വി വിജയൻ,  എം ടി വാസുദേവൻ നായർ,  മാധവിക്കുട്ടി, ടി പത്മനാഭൻ തുടങ്ങിയവരുടെ പുസ്തകങ്ങളുണ്ടായിരുന്നു. തകഴിയാണ് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ഏറ്റുവാങ്ങുന്നത് മാധവിക്കുട്ടിയും.

മാധവിക്കുട്ടി

മാധവിക്കുട്ടി

ഇതിനുമുമ്പായി തകഴിയുടെ കഥാസാഹിത്യത്തെക്കുറിച്ച് എം ടി സംസാരിച്ചു. തകഴിയുമായി അടുത്ത ബന്ധം പുലർത്തുകയും കേന്ദ്ര സാഹിത്യ അക്കാദമിക്ക്‌ വേണ്ടി തകഴിയെക്കുറിച്ച് അതിമനോഹരമായ ഒരു ഡോക്യുമെന്ററി നിർമിക്കുകയും ചെയ്ത എം ടി യുടെ പ്രസംഗം  സദസ്യർ ഏറെ ആസ്വദിച്ചു. ഞാനും ആ യോഗത്തിൽ സംസാരിക്കുകയുണ്ടായി. എന്റെ വിഷയം പൊൻകുന്നം വർക്കിയുടെ സാഹിത്യ സംഭാവനകളായിരുന്നു.

പുസ്തക പ്രകാശനത്തിന്റെ സമയം വന്നപ്പോൾ തകഴി കെട്ടഴിച്ച്‌ ആ ഇരുപത്‌ പുസ്‌തകങ്ങളും തിരിച്ചും മറിച്ചും നോക്കി. എന്നിട്ട്‌ എല്ലാംകൂടി മാധവിക്കുട്ടിയുടെ കൈകളിൽ വച്ചുകൊടുത്തുകൊണ്ട്‌, എെന്ന അൽപ്പനേരം േനാക്കിനിന്നശേഷം പറഞ്ഞു:
‘‘നീയാണെടാ, ഇതിൽ ഒന്നാമൻ‐’’.
തീർത്തും അപ്രതീക്ഷിതമായ അഭിപ്രായപ്രകടനം എന്നെ ഞെട്ടിക്കുകതന്നെ ചെയ്‌തു.

എം ടി

എം ടി

പക്ഷേ ആ ഞെട്ടൽ  ഒരു നിമിഷനേരത്തേക്ക്‌ മാത്രമായിരുന്നു. പിന്നീട്‌ ഞാൻ ഉള്ളുതുറന്നു ചിരിച്ചു.
അപ്പോൾ തകഴി പറഞ്ഞു:
‘‘ചിരിക്കുകയൊന്നും വേണ്ട. ഒരു അനന്തിരവന്റെ ഉയർച്ച കണ്ടിട്ടുള്ള ഒരു കാരണവരുടെ സന്തോഷ പ്രകടനം മാത്രമാണിത്‐’’.
പിറ്റേ ദിവസത്തെ ‘മലയാള മനോരമ’യുടെ അവസാന പേജിൽ ആറുകോളം തലക്കെട്ടായി ഈ വാർത്ത വന്നു.
‘‘നീയാണടാ, ഇതിൽ ഒന്നാമൻ‐’’.
ഇത്‌ വീണ്ടും വീണ്ടും വായിച്ച്‌ ഞാൻ ചിരിച്ചു.

സത്യം പറയട്ടെ; തീർത്തും നിർദോഷമായിരുന്നു ആ ചിരി.

എനിക്ക് പിറ്റേദിവസം തിരുവനന്തപുരത്ത്‌ ഒരു ചടങ്ങിൽ സംബന്ധിക്കേണ്ടതുണ്ടായിരുന്നു. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ പൂജപ്പുരയിലുള്ള കോർപറേറ്റ് ഓഫീസിന്റെ മുമ്പിൽ ആർടിസ്റ്റ് നമ്പൂതിരി

ആർടിസ്റ്റ് നമ്പൂതിരി

ആർടിസ്റ്റ് നമ്പൂതിരി

രൂപകൽപ്പന ചെയ്ത ‘അമ്മയും കുഞ്ഞും’  എന്ന കൂറ്റൻപ്രതിമ തകഴി അനാവരണം ചെയ്യുന്നു. പ്രസംഗകരുടെ കൂട്ടത്തിൽ എം ടിയും ഞാനും ഒക്കെയുണ്ട്.

പുലർച്ചെ തമ്പാനൂരിൽ വണ്ടി ഇറങ്ങിയ എന്നെ സ്വീകരിക്കാൻ ആർടിസ്റ്റ് നമ്പൂതിരിയുടെ മകനും ലാറ്റക്സിന്റെ ഉദ്യോഗസ്ഥരും വന്നിരുന്നു. എന്നെ കണ്ടയുടനെ  നമ്പൂതിരിയുടെ മകൻ പറഞ്ഞു:
‘‘അദ്ദേഹം വരുന്നില്ല...’’
 ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു:
‘‘ ആര്‌’’?
ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു:
‘‘കടുത്ത പനിയാണെന്ന് പറഞ്ഞ് കമ്പി അടിച്ചിരിക്കുന്നു’’.
എനിക്ക് ഏറെ സങ്കടം തോന്നി. ഇന്നലെ കണ്ടപ്പോൾ പനിയുടെ ലക്ഷണം ഉണ്ടായിരുന്നില്ലല്ലോ.

പിന്നീട് ഞാനോർത്തു. സമയവും കാലവും ഒക്കെ നോക്കി നമ്മുടെ സമ്മതത്തോടെയാണോ  പനി വരിക‐?
തിരുവനന്തപുരത്തെ വേദിയിൽ എന്നെ കണ്ടപ്പോൾ തലേദിവസം കോട്ടയത്തുവച്ച് നടന്ന കാര്യങ്ങൾ തകഴി ആവർത്തിക്കുകയുണ്ടായി. അങ്ങനെ അവിടെയുള്ളവരും ഇതൊക്കെ അറിഞ്ഞു.

4

ഫാക്ട് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഏറ്റവും വലിയ രാസവള നിർമാണശാലയാണ്. അതുകൊണ്ടുതന്നെ കേന്ദ്ര മന്ത്രിമാർ കൊച്ചിയിൽ വന്നാൽ പലപ്പോഴും ഫാക്ട് സന്ദർശിക്കാറുണ്ട്.

ഞാൻ അവിടെയുള്ളപ്പോൾ ഒരുതവണ ഡോ.നട്‌വർസിങ്  വന്നു. ഒരു കേന്ദ്രമന്ത്രി എന്നതിനപ്പുറത്ത് പലതും ആയിരുന്നുവല്ലോ, ഭരത്‌പൂർ രാജകുടുംബാംഗമായ നട്‌വർസിങ്.  പ്രശസ്തനായ എഴുത്തുകാരൻ, ഏറെ പ്രഗത്ഭനായ നയതന്ത്ര ഉദ്യോഗസ്ഥൻ, സർവോപരി നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുള്ള ആൾ. അതുകൊണ്ടുതന്നെ വലിയ ഒരു സ്വീകരണമായിരുന്നു ഫാക്ട് മാനേജ്മെന്റ്‌ അദ്ദേഹത്തിന്‌ വേണ്ടി ഒരുക്കിയിരുന്നത്.

അമ്പലമേട്ടിലെ ഗസ്റ്റ് ഹൗസിലായിരുന്നു സ്വീകരണം ഒരുക്കിയത്. ആദ്യം ഉയർന്ന ഉദ്യോഗസ്ഥന്മാരെ പരിചയപ്പെടൽ, പിന്നെ അദ്ദേഹത്തിന്റെ പ്രഭാഷണം, അതിനുശേഷം ഡിന്നർ.

കൃത്യസമയത്തുതന്നെ നട്‌വർസിങ് എത്തി. സ്വീകരണ ഹാളിൽ പ്രോട്ടോകോൾ പ്രകാരം അണിനിരന്ന സീനിയർ മാനേജർമാരെ ഔപചാരികമായി പരിചയപ്പെടുത്താൻ സിഎംഡി തുനിഞ്ഞപ്പോൾ അദ്ദേഹത്തെ വിലക്കിക്കൊണ്ട്‌ നട്‌വർസിങ്  പറഞ്ഞു: ‘‘ഇവിടെ  ടി പത്മനാഭൻ എന്ന എഴുത്തുകാരൻ ഇല്ലേ  ? എനിക്ക് അദ്ദേഹത്തെ കാണണം. ദയവായി അദ്ദേഹത്തെ എനിക്കൊന്ന് പരിചയപ്പെടുത്തിത്തരൂ‐’’.

കൃത്യസമയത്തുതന്നെ നട്‌വർസിങ് എത്തി. സ്വീകരണ ഹാളിൽ പ്രോട്ടോകോൾ പ്രകാരം അണിനിരന്ന സീനിയർ മാനേജർമാരെ ഔപചാരികമായി പരിചയപ്പെടുത്താൻ സിഎംഡി തുനിഞ്ഞപ്പോൾ അദ്ദേഹത്തെ വിലക്കിക്കൊണ്ട്‌ നട്‌വർസിങ്  പറഞ്ഞു: ‘‘ഇവിടെ  ടി പത്മനാഭൻ എന്ന എഴുത്തുകാരൻ ഇല്ലേ  ? എനിക്ക് അദ്ദേഹത്തെ കാണണം. ദയവായി അദ്ദേഹത്തെ എനിക്കൊന്ന് പരിചയപ്പെടുത്തിത്തരൂ‐’’.

നട്‌വർസിങ്ങിന്റെ വാക്കുകൾ അത്യന്തം കുലീനവും വിനയപൂർവവും ആയിരുന്നു. എങ്കിലും അതിന് ഒരു രാജകല്പനയുടെ ശക്തിയുണ്ടായിരുന്നു.
നട്‌വർസിങ്ങിന്റെ വാക്കുകൾ കേട്ടപ്പോൾ സിഎംഡി യുടെ മുഖം വിവർണമാകുന്നത്‌ എനിക്ക്‌ കാണാമായിരുന്നു.

ഞാനന്ന്‌ ഫാക്ട്‌ മാനേജ്‌മെന്റുമായി ഒരു ജീവന്മരണ നിയമ പോരാട്ടത്തിലായിരുന്നു. സിഎംഡി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി എതിർത്തതിനാൽ എനിക്ക് ന്യായമായും കിട്ടേണ്ടിയിരുന്ന പ്രമോഷൻ തടഞ്ഞുവച്ചിരുന്നു.

ഇതിനെതിരെയാണ് ഞാൻ കേസ് കൊടുത്തത്. പറവൂർ മുൻസിഫ്‌ കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ എനിക്കായിരുന്നു വിജയം. വിധിക്കെതിരെ ഫാക്ട് മാനേജ്മെന്റ്‌ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ പതിനൊന്ന്‌ വക്കീലന്മാരുടെ വക്കാലത്തുമായി സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.

ഈ അപ്പീൽ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കാലത്തായിരുന്നു  കേന്ദ്രമന്ത്രി നട്‌വർസിങ്ങിന്റെ ഫാക്ട്‌  സന്ദർശനം.  
നട്‌വർസിങ്ങിന്റെ ആവശ്യപ്രകാരം സിഎംഡി എന്നെ അദ്ദേഹത്തിന്‌ പരിചയപ്പെടുത്തി.

ടി പത്മനാഭനും നട്‌വർസിങ്ങും

ടി പത്മനാഭനും നട്‌വർസിങ്ങും

എന്നെയും കൂട്ടി ഹാളിന്റെ ഒരു മൂലയിലേക്ക് പോകാൻ തുടങ്ങിയ മന്ത്രിയെ സിഎംഡി അനുഗമിക്കാൻ തുടങ്ങിയപ്പോൾ മന്ത്രി വിലക്കി.  ‘‘വേണ്ട, എനിക്ക് പത്മനാഭനോട് തീർത്തും പേഴ്‌സണൽ ആയ ചില കാര്യങ്ങളാണ് സംസാരിക്കാനുള്ളത്‌ ’’.

അന്ന് നട്‌വർസിങ്  എന്നോട് പറഞ്ഞ കാര്യങ്ങളിൽ ഒട്ടുമിക്കതും തകഴിയെ സംബന്ധിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു:

‘‘ഞാൻ  സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യൻ എഴുത്തുകാരൻ തകഴിയാണ്. ഹിന്ദിയിലും  ഇംഗ്ലീഷിലും വന്ന അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹം നൊബേലിന് തന്നെ അർഹനാണ്.

അല്ലെങ്കിൽ ആർക്ക് പറയാൻ കഴിയും... ഇനിയും സമയമുണ്ടല്ലോ! കേരളത്തിൽ വന്നാലൊക്കെ ഞാൻ അദ്ദേഹത്തെ ചെന്ന് കാണാറുണ്ട്. ഇന്നലെയും കണ്ടു. കൊച്ചിയിലേക്ക്‌ പോകുന്നുണ്ടെന്ന്‌ പറഞ്ഞപ്പോൾ ഫാക്ടിലുള്ള നിങ്ങളെയും കാണണമെന്ന്‌ പറഞ്ഞു. നിങ്ങളെക്കുറിച്ച്‌ പറയുമ്പോൾ അദ്ദേഹം ആവേശഭരിതനായിരുന്നു...’’

അന്ന്‌ അവിടെ സന്നിഹിതരായ മാനേജർമാരിൽ ചിലരെങ്കിലും വിചാരിച്ചത്‌ കേന്ദ്രഗവൺമെന്റിനെതിരെ കേസുകൊടുത്തതിന്‌ കേന്ദ്രമന്ത്രിയായ നട്‌വർസിങ്  എന്നെ നല്ലപോലെ ‘പൂശി’ വിട്ടു എന്നാണ്‌. എന്നോട്‌ സ്‌നേഹമുള്ള ചിലർ ചോദിച്ചു:

നട്‌വർസിങ്ങും തകഴിയും ശങ്കരമംഗലത്തെ വീട്ടിൽ

നട്‌വർസിങ്ങും തകഴിയും ശങ്കരമംഗലത്തെ വീട്ടിൽ

‘‘എന്താണ്‌ മന്ത്രി തന്നോട്‌ ഇത്ര പ്രൈവറ്റായി പറഞ്ഞത്‌?’’
അവരോട്‌ ഞാൻ പറഞ്ഞു:

‘‘കോൺഫിഡൻഷ്യലാണ്‌. ആരോടും പറയരുത്‌ എന്ന്‌ മന്ത്രിയുടെ കർശന നിർദേശമുണ്ട്‌‐’’.
ഇപ്പോൾ എല്ലാം ഒരുതമാശ പോലെ തോന്നുന്നു.
സത്യത്തിൽ എന്തു കോൺഫിഡൻഷ്യൽ?

5

തകഴിയുടെ ജന്മഗൃഹമായ ‘ശങ്കരമംഗലത്ത്’ ഞാൻ രണ്ടുതവണയേ പോയിട്ടുള്ളൂ.  ആദ്യത്തെ യാത്ര ഏറെ സ്‌നേഹിച്ച ഈ ലോകത്തുനിന്ന്‌ അദ്ദേഹം  വിടപറഞ്ഞപ്പോൾ.

ഞാനന്ന് ലാറ്റക്സിന്റെ പൂജപ്പുരയിലെ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നു. സഹൃദയനായ സിഎംഡി  രാജ്മോഹൻ ചോദിച്ചു:
‘‘പത്മനാഭൻ വരുന്നിേല്ല? ഞാൻ പോകുന്നുണ്ട്‌. വരൂ’’.

ഞങ്ങൾ അവിടെയെത്തിയപ്പോൾ ശങ്കരമംഗലവും പരിസരവും ജനനിബിഡമായിരുന്നു. ആളുകളിൽ ഏറെപ്പേരും  അദ്ദേഹം സ്നേഹിച്ച, അദ്ദേഹത്തെ സ്നേഹിച്ച കുട്ടനാട്ടിലെ പാവപ്പെട്ട ചേറുപുരണ്ട കർഷക തൊഴിലാളികളായിരുന്നു. പലരും കരയുന്നുണ്ടായിരുന്നു.പാതിയും വെന്തുതീർന്ന ചിതയുടെ മുമ്പിൽ ഏറെനേരം ഞാൻ നിരുദ്ധകണ്ഠനായി നിന്നു.

തകഴി

തകഴി

രാജ്മോഹന്‌ നന്ദി.
രണ്ടാമത്തെ തവണ ശങ്കരമംഗലത്ത് പോയത് കേരള ഗവൺമെന്റ്‌  സാംസ്കാരിക വകുപ്പ് നൽകുന്ന തകഴി പുരസ്കാരം സ്വീകരിക്കാനായിരുന്നു. ചടങ്ങ് ഗംഭീര വിജയമാക്കുന്നതിന് ഓടിനടന്ന് പ്രയത്നിച്ചത് മന്ത്രിയായ ജി സുധാകരനായിരുന്നു. തലേന്ന് തന്നെ സ്ഥലത്തെത്തി ഗവൺമെന്റ്‌ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന എനിക്ക് രാത്രി ഒരു ഫോൺകോൾ വന്നു. നേരിയ ദേഹാസ്വാസ്ഥ്യം മൂലം മന്ത്രിയെ ഡോക്ടർമാർ നിർബന്ധപൂർവം ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നു. 

നാളത്തെ പരിപാടിക്ക് മന്ത്രി ഉണ്ടാവില്ല.
ശങ്കരമംഗലം ഭവനം അന്ന് തകഴിയുടെ പേരിലുള്ള ഒരു മ്യൂസിയമായി കഴിഞ്ഞിരുന്നു.

ചടങ്ങിന് ഏറെ മുമ്പായിത്തന്നെ ശങ്കരമംഗലത്തെ ഭവനവും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. ചരമദിനത്തിൽ കണ്ടതുപോലെ ഇവിടെയും ഏറെപേരും കുട്ടനാടൻ കർഷകത്തൊഴിലാളികളായിരുന്നു. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു. ചടങ്ങിന്റെ മുഖ്യ അമരക്കാരനായ ജി സുധാകരൻ ആശുപത്രിയിലാണല്ലോ.

പുരസ്കാരം നൽകേണ്ടുന്ന  സാംസ്കാരിക വകുപ്പിന്റെ തലവനായ മന്ത്രി എ കെ ബാലൻ തൃശൂരിൽ സാഹിത്യ അക്കാദമിയുടെ ഒരു ചടങ്ങിലും.  എങ്കിലും ശങ്കരമംഗലത്തെ ചടങ്ങുകൾ തുടങ്ങുന്നതിന് മുമ്പായി ബാലൻ തൃശൂരിൽനിന്ന് കാറിൽ ‘പറന്നെത്തി’.
 പുരസ്കാരച്ചടങ്ങുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പായി ഭാരവാഹികളെയും സദസ്സിനെയും ഞെട്ടിച്ചുകൊണ്ട് ജി സുധാകരൻ ശങ്കരമംഗലത്ത് പ്രത്യക്ഷപ്പെട്ടു.

 ജി സുധാകരൻ

ജി സുധാകരൻ

‘‘തകഴിച്ചേട്ടനെക്കുറിച്ച്‌ ടി പത്മനാഭൻ എന്റെ നാട്ടിൽ വന്ന്‌ പ്രസംഗിക്കുകയും പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുേന്പാൾ എനിക്കെങ്ങനെയാണ്‌ ഐസിയുവിൽ മൂടിപ്പുതച്ച്‌ കിടക്കാനാവുക’’ എന്നുപറഞ്ഞുകൊണ്ടാണ്‌  അദ്ദേഹം അരമണിക്കൂർ നീണ്ട തന്റെ പ്രഭാഷണം ആരംഭിച്ചത്‌.

വികാരനിർഭരമായ പ്രഭാഷണം മുഴുവൻ എന്റെ  കഥകളെ അടിസ്ഥാനമാക്കിയായിരുന്നു. പ്രഭാഷണം തീർന്നപ്പോൾ അദ്ദേഹം ആശുപത്രിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

 കളങ്കരഹിതമായ ഒരു രാഷ്ട്രീയജീവിതത്തിന്റെ ഉടമയും കേരളം കണ്ട ഏറ്റവും പ്രാപ്തനായ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന സഖാവ് ജി സുധാകരന്‌ എന്റെ പ്രണാമം.

6

 ഈ ഓർമക്കുറിപ്പിൽ പറഞ്ഞ കാര്യങ്ങളൊക്കെ നടന്നിട്ട് ഏറെ കാലമായിരിക്കുന്നു. അപ്പോൾ, എന്തിനാണ്‌  ഇപ്പോൾ ഇതൊക്കെ അയവിറക്കുന്നത്‌ എന്ന് ചിലരെങ്കിലും സംശയിക്കാം.
 കാരണമുണ്ട്;  പറയാം.

 2022 ഒക്ടോബർ ഒന്പതിന്റെ  ‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ’ എന്റെ  പ്രിയസുഹൃത്ത്  മനോജ്‌ മേനോൻ, ഡോ.നട്‌വർസിങ്ങുമായി നടത്തിയ അഭിമുഖ ലേഖനമുണ്ട്. ഒരു ലക്കത്തിൽ തീരാത്തതിനാൽ അത് അടുത്ത ലക്കത്തിലേക്ക് വ്യാപിച്ചുകിടക്കുന്നു. തകഴി ഗ്രാമത്തിൽനിന്ന്‌  തകഴി ശങ്കരപ്പിള്ള തന്റെ പ്രിയസുഹൃത്തായ ഡോ.നട്‌വർസിങ്ങിന്‌  ഒരു കത്തയച്ചു.

മലയാള കലാഗ്രാമത്തിൽ ശിൽപി മനോജ്‌കുമാർ ഒരുക്കിയ  ടി പത്മനാഭന്റെ പ്രതിമ  - ഫോട്ടോ: ഒ അജിത്‌കുമാർ

മലയാള കലാഗ്രാമത്തിൽ ശിൽപി മനോജ്‌കുമാർ ഒരുക്കിയ ടി പത്മനാഭന്റെ പ്രതിമ - ഫോട്ടോ: ഒ അജിത്‌കുമാർ

അന്ന് നട്‌വർസിങ്്‌ ഐക്യരാഷ്ട്രസഭയിലെ  ഇന്ത്യൻ പ്രതിനിധിയായി ജോലി ചെയ്യുകയായിരുന്നു.  ഈ കത്ത് അനുസ്മരിച്ചുകൊണ്ടാണ് മനോജ്‌ മേനോൻ തന്റെ അഭിമുഖം ആരംഭിക്കുന്നത്.
ഇത്‌ വായിച്ചപ്പോൾ എനിക്ക്‌ തോന്നി, ഈ രണ്ടുപേരും എനിക്കും ഏറെ പ്രിയപ്പെട്ടവരാണല്ലോ എന്ന്.

എന്തുകൊണ്ട് ഇവരെക്കുറിച്ചുള്ള ഓർമകൾ ഒരു കൊച്ചു ലേഖനമായി രൂപപ്പെടുത്തിക്കൂടാ‐?
ഇന്നെഴുതാം, നാളെയെഴുതാം എന്നുകരുതി ദിവസങ്ങൾ കടന്നുപോയി. പക്ഷേ, ലേഖനം രൂപംകൊണ്ടില്ല.

അപ്പോഴാണ്‌ ഞാൻ ആദ്യം പറഞ്ഞ ആ വിചിത്രമായ സ്വപ്‌നദർശനമുണ്ടായത്‌.
പിന്നീട്‌ കാത്തുനിൽക്കാൻ കഴിഞ്ഞില്ല  .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top