29 March Friday

സുപ്രീംകോടതിവിധി: ജിഎസ്‌ടി നിരക്ക്‌ മാറണം - ഡോ. ടി എം 
തോമസ്‌ ഐസക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ജിഎസ്ടിയുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസത്തെ സുപ്രീംകോടതിയുടെ വിധി ചരിത്രപ്രധാനമാണ്. ഏകീകൃത നികുതിയുടെ പേരിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് ഇതു തടയിടുന്നു. ഈ വിധിക്ക് ആധാരമായത് കപ്പൽ കടത്ത് ചെലവിനുമേൽ ജിഎസ്ടി  നികുതി ചുമത്തുന്നതു സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയാണ്. ആ വിധിയെ അംഗീകരിച്ച സുപ്രീംകോടതി ഇന്ത്യൻ ഫെഡറൽ സംവിധാനവും  ജിഎസ്ടി കൗൺസിലിന്റെ പ്രവർത്തനവും സംബന്ധിച്ച് വളരെ ഗൗരവമായ പരാമർശം നടത്തുകയുണ്ടായി.

പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ജിഎസ്ടി നിയമനിർമാണത്തിൽ സംയുക്ത അധികാരമാണ് ഉള്ളത്. ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങൾക്ക് മാർഗനിർദേശക സ്വഭാവമാണ് വേണ്ടത്. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അതിൽനിന്ന് വ്യത്യസ്‌തമായ തീരുമാനമെടുക്കാം. മറിച്ച് കൗൺസിൽ തീരുമാനമെല്ലാം അനിവാര്യമായി അംഗീകരിക്കേണ്ടതാണെന്ന നിലപാട് ധനപരമായ ഫെഡറലിസത്തിനു വിരുദ്ധമാണ്. ഇതാണ് കേരള സർക്കാർ തുടർച്ചയായി എടുത്തുവന്ന സമീപനം. ജിഎസ്ടിയുടെ പൊതുചട്ടക്കൂടിൽനിന്ന്‌ സംസ്ഥാന ജിഎസ്ടിയുടെ നിരക്കുകളിൽ മാറ്റംവരുത്താനും സ്വന്തമായി നടപടിക്രമങ്ങളിൽ ഭേദഗതി വരുത്താനും സംസ്ഥാനങ്ങൾക്ക് അവകാശംകൂടിയേ തീ‌രൂ. ജിഎസ്ടി നികുതിയിൽ ഇത്തരമൊരു പുനഃസംഘടന നടത്തുന്നതിന് സുപ്രീംകോടതിയുടെ വിധി പ്രേരകമാകട്ടെ.

മോദി സർക്കാരിന്റെ രണ്ടാം ഊഴത്തിൽ ജിഎസ്ടി കൗൺസിലിന്റെ പ്രവർത്തനശൈലിയിലും കാതലായ മാറ്റംവരികയുണ്ടായി.  അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളിൽ എത്തുന്നതിനു പകരം തങ്ങളുടെ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഈ ശൈലി മാറ്റി ‘വാറ്റ്‌ ’കാലത്ത് എംപവേഡ് കമ്മിറ്റിക്ക്‌ രൂപംനൽകിയതും ജിഎസ്ടിയുടെ ആദ്യഘട്ടങ്ങളിൽ പിന്തുടർന്നിരുന്നതും സഹകരണാത്മകവുമായ ഫെ‍ഡറലിസത്തിന്റെ ശൈലിയിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top