19 April Friday

ഈണങ്ങളുടെ ഇടിമുഴക്കം - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021

ആയിരത്തിത്തൊള്ളായിരത്തി എൺപതിലെ ഒരു സായംസന്ധ്യ. പ്രശാന്ത്നഗർ കുന്നിന്റെ താഴത്ത് പരിഷത്തിന്റെ ആദ്യ കലാജാഥയുടെ സമാപനം. പരിപാടികൾ കാണാൻ സിഡിഎസിൽനിന്ന് ഞങ്ങൾ ഒത്തിരിപ്പേരുണ്ടായിരുന്നു. കോളേജ് അധ്യാപകനും ഡോക്ടറും അഭിഭാഷകനും അധ്യാപകരും കലാകാരന്മാരും കവിയുമൊക്കെ അടങ്ങിയ ആ കലാസംഘം എല്ലാവരിലും വലിയ മതിപ്പുണ്ടാക്കി. എം പി പരമേശ്വരൻ അടക്കമുള്ള പരിഷത്ത് നേതാക്കന്മാർ ഉണ്ടായിരുന്നു. സംഘത്തിന്റെ നെടുംതൂണായിരുന്നു കൊട്ടിയം പോളിടെക്നിക്കിലെ പ്രധാന അധ്യാപകനായ വി കെ ശശിധരൻ. താൻതന്നെ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇടിമുഴക്കത്തിനു സമാനമായ ശബ്ദത്തിൽ അദ്ദേഹം ചൊല്ലി അവതരിപ്പിക്കുമ്പോൾ അസാധാരണമായ ഊർജപ്രവാഹം സിരകളിലേക്ക്‌ പടർന്നു.

വി കെ എസ്‌ എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യപരിഷത്തും പുരോഗമന കലാസാഹിത്യസംഘവും ഉൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹ‌്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ചിരപരിചിതമായിരുന്നു. കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം. ഉജ്വലമായ ഈ സംഭാവനകളിലൂടെ കെ എസ് ജോർജ്, കെപിഎസി സുലോചന, പി കെ മേദിനി തുടങ്ങിയ വിപ്ലവഗായകർ ഉൾപ്പെട്ട ഒന്നാം നിരയിലാണ് വി കെ എസിന് സ്ഥാനം.

സംഗീതജ്ഞൻ എന്നതുപോലെതന്നെ സമർപ്പിത മനസ്സോടെ പ്രവർത്തിച്ച സാമൂഹ‌്യ പ്രവർത്തകനുമായിരുന്നു വി കെ എസ്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ ഒട്ടേറെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. 1977-–-78 കാലത്ത് പരിഷത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പരിഷത്ത് പുസ്തകങ്ങളുടെ പ്രസിദ്ധീകരണസമിതി കൺവീനറുമായിരുന്നു.

കവിതകളുടെ ആത്മാവിൽനിന്ന് മുളച്ചുപടരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. അദ്ദേഹംചെയ്ത ഗാനത്തിലെല്ലാം ഈ സിദ്ധിയുടെ കൈയൊപ്പുണ്ട്. ഗാനങ്ങൾക്ക് ഈണംപകരുമ്പോൾ ആ വരികളുടെ അർഥവും അത്‌ ഉൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാകണമെന്ന നിർബന്ധം വി കെ എസിന്റെ ഗാനങ്ങളെ അസാധാരണമാംവിധം ഗാംഭീര്യമുള്ളതാക്കി. ഊർജം തുടിക്കുന്ന വരികളിൽ അദ്ദേഹത്തിന്റെ ഈണം തൊട്ടപ്പോൾ പാട്ടുകളിൽ തീപടർന്നു.

പൂതപ്പാട്ടിന്റെ സംഗീതാവിഷ്കാരം അദ്ദേഹം നിർവഹിച്ചതിനെക്കുറിച്ച് ഇടശ്ശേരിയുടെ മകൻ ഇ ഹരികുമാറിന്റെ ഹൃദയഹാരിയായ ഒരു കുറിപ്പുണ്ട്. വി കെ എസിന്റെ ആലാപനത്തിൽ പൂതപ്പാട്ടിന്റെ പല പുതിയ മാനവും പുറത്തുവന്നെന്ന് കാസറ്റ്‌ കേട്ടപ്പോൾ എം ഗോവിന്ദൻ അഭിപ്രായപ്പെട്ടത് ഹരികുമാർ ഓർമിക്കുന്നു.

കെ ദാമോദരനും വി ടി ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ള ആദ്യകാല പുരോഗമന സാഹിത്യപ്രവർത്തകരും കെപിഎസി ഉൾപ്പെടെയുള്ള നാടകസംഘങ്ങളുമെല്ലാം തുടങ്ങിവച്ച ജനകീയ നാടക പാരമ്പര്യത്തിന്റെ സഫലമായ പിന്തുടർച്ചയായി വന്നതാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകൾ. അവയെ ജനകീയമാക്കുന്നതിൽ വി കെ എസിനോളം ഉജ്വല സംഭാവന നൽകിയ മറ്റൊരാളില്ല. എൺപതിൽ പരിഷത്തിന്റെ ആദ്യ കലാജാഥയുടെ കൺവീനറായിരുന്നു. അതിലെ ഗാനമെല്ലാം ചിട്ടപ്പെടുത്തിയതും ചിലത് പാടിയതും അദ്ദേഹമായിരുന്നു. പിന്നീട് ഈ അടുത്തകാലംവരെ പരിഷത്ത് കലാജാഥകളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമായിരുന്നു. പുനലൂർ ബാലൻ, പി എൻ ദാമോദരൻ പിള്ള, മുല്ലനേഴി, കരിവെള്ളൂർ മുരളി, സുഹൃത് കുമാർ തുടങ്ങി ഒട്ടേറെപ്പേരുടെ ഗാനം വി കെ എസിന്റെ സംഗീതത്തിലൂടെ ജനമനസ്സുകളിൽ ആവേശമായി പടർന്നുകയറി.

സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണവും ഉൾപ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൊണ്ടുവന്ന പരിപാടികളെ ജനകീയമാക്കുന്നതിലും അദ്ദേഹം ഉജ്വല പങ്കുവഹിച്ചു. സാക്ഷരതക്കാലത്തെ അക്ഷരകലാ ജാഥയിലെയും ജനകീയാസൂത്രണത്തിനായുള്ള ജനാധികാര കലാജാഥയിലെയും പല ഗാനവും അദ്ദേഹമാണ് ചിട്ടപ്പെടുത്തിയത്.

ജനകീയാസൂത്രണസമയത്ത് ടാഗോർ തിയറ്ററിൽ താമസിച്ച് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഇന്നും ഓർമയിൽ നിൽക്കുന്നു. മുല്ലനേഴിയുടെ ‘ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരെ നമുക്കൊത്തുചേരാം, കാലങ്ങളായി നാം കാത്തുകാത്തിരുന്നൊരാ കാലമിതാ ഞങ്ങളുടെ മുന്നിലെത്തി’ എന്ന ഗാനം ഭാവമറിഞ്ഞുള്ള സംഗീതത്തിലൂടെ ജനകീയാസൂത്രണത്തിന്റെ സിഗ്നേച്ചർ ഗാനമായിത്തന്നെ മാറി.

ബാലസംഘത്തിന്റെയും കെജിഒഎ ഉൾപ്പെടെ പല സർവീസ്-, സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെയും സമ്മേളനങ്ങളിലെ ആദ്യ ആവേശം വി കെ എസ് സംഗീതം നൽകി ആലപിക്കുന്ന ആമുഖഗാനമായിരുന്നു. ‘മേയ്ദിനമേ, ജയഗാഥകളാൽ, നിറവേറ്റും ശപഥ വചസ്സുകളാൽ അഭിവാദനം, അഭിവാദനം...’ എന്ന ഗാനം അദ്ദേഹം പാടുമ്പോൾ ആ പാട്ടിന്റെ ആവേശം മുഴുവൻ നമ്മളിലേക്ക് സംക്രമണം ചെയ്യും. 1967ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി' എന്ന ചിത്രത്തിനുവേണ്ടി വി കെ എസും പി കെ ശിവദാസുമൊത്ത്‌ പാട്ടുകൾ ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെത്തുടർന്ന് ‘തീരങ്ങൾ' എന്ന ചിത്രത്തിൽ പിന്നീട് ആ ഗാനങ്ങൾ ഉൾപ്പെടുത്തി. ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സിനുവേണ്ടി നിരവധി നാടകത്തിലും ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചു.

പാട്ടുകൾ മാത്രമല്ല, കവിതകളും മനോഹരമായി ചൊല്ലി കേരളത്തിൽ പുതിയ ധാര സൃഷ്ടിച്ച ആളാണ് അദ്ദേഹം. എഴുത്ത്‌ കണ്ടുപിടിക്കുന്നതിനുമുമ്പുതന്നെ കവിതകളുണ്ടായിരുന്നെന്നും അവ വായ്മൊഴിയായിട്ടാണ് പ്രചരിച്ചിരുന്നതെന്നും അതുകൊണ്ട് ഭാവാർഥ തലങ്ങൾ ചോരാതെ കവിതകൾ ആലപിച്ചാൽ അത് ഏറെ നന്നാകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് അദ്ദേഹം പാടിയ ‘പൂതപ്പാട്ട്’ പോലെ, ടാഗോറിന്റെ ‘ഗീതാഞ്ജലി’യും നമ്മെ ബോധ്യപ്പെടുത്തും. പുത്തൻ കലവും അരിവാളും, ബാലോത്സവ ഗാനങ്ങൾ, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപ്പൂവിന്റെ ആകാശം, ശ്യാമഗീതങ്ങൾ, പ്രണയം, അക്ഷരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ ആൽബവും ഈ സവിശേഷതയുള്ളവയാണ്.

തിൻമകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നമ്മളെ കർമനിരതരാക്കാൻ ഇനി വി കെ എസ് ഇല്ലാത്തത് തീരാനഷ്ടംതന്നെ. എങ്കിലും സിരകളിൽ അഗ്നി പടർത്തുന്ന, നമ്മെ അറിയാതെ കർമരംഗത്തേക്ക് കുതികൊള്ളിപ്പിക്കുന്ന ആ സംഗീതപ്രവാഹം നമ്മിൽ ഇനിയും അനേക കാലം ഊർജം നിറയ്ക്കുമെന്നു തീർച്ച. ഈയിടെ അന്തരിച്ച സുഹൃത് കുമാർ രചിച്ച് വി കെ എസ് ഈണം നൽകി പാടിയ വരികളിൽ പറയുന്നതാകും ഈ അന്ത്യയാത്രയിലും അദ്ദേഹത്തിന് നമ്മോട് പറയാനുണ്ടാകുക.

പറയുവാനെന്തുണ്ടു വേറെ,
വീണ്ടും പൊരുതുക എന്നതല്ലാതെ,
വീറോടെ പൊരുതുക എന്നതല്ലാതെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top