25 April Thursday

പാവങ്ങൾക്ക് ‘കലികാലം’ - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


ഒമ്പതുവർഷം ഭരിച്ചിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിക്ക്‌ ഓർമവന്നത്. അമൃതകാല വാചകമടികളിലൂടെ ഇപ്പോഴത്തെ കലികാലം മറച്ചുവയ്ക്കാനാണ് ശ്രമം. രാജ്യത്തെ ഏറ്റവും വലിയ ശിങ്കിടി മുതലാളി അദാനിയും ബജറ്റിലെ ഏറ്റവും സുപ്രധാന നിർദേശവും  തമ്മിൽ ​ഗാഢബന്ധമുണ്ട്. ധനമന്ത്രി ഏറ്റവും കൂടുതൽ അഭിമാനംകൊള്ളുന്നത്‌ മൂലധനച്ചെലവിലെ വർധനയാണ്. കഴിഞ്ഞ വർഷത്തെ മൂലധനച്ചെലവ് 73,000 കോടി രൂപയായിരുന്നെങ്കിൽ ഈവർഷം ഒരു ലക്ഷം കോടിയായി ഉയരും. 2.68ൽനിന്ന് മൂലധനച്ചെലവ് 3.33 ശതമാനമാകുന്നതിന്‌ ന്യായമിതാണ്‌. പൊതുമേഖലാനിക്ഷേപം ഉയർന്നാൽ സ്വകാര്യനിക്ഷേപവും ഉയരും. പൊതുനിക്ഷേപം സ്വകാര്യനിക്ഷേപത്തെ തള്ളിപ്പുറത്താക്കുകയല്ല മറിച്ച്, ഉള്ളിലേക്ക്‌ (crowding out)വലിച്ചെടുക്കും (crowding in). സിദ്ധാന്തമൊക്കെ ശരി. പക്ഷേ, എന്തുകൊണ്ടാണ് എൻഡിഎ ഭരണത്തിൽ പ്രാവർത്തികമാകാത്തത്? ഇവർ അധികാരമേറുമ്പോൾ, ദേശീയ വരുമാനത്തിന്റെ 32.3 ശതമാനമായിരുന്നു മൂലധനനിക്ഷേപം. പിന്നീട്‌ കുറഞ്ഞു. കോവിഡിൽ 27 ശതമാനമായി.

കേന്ദ്രം കോർപറേറ്റുകൾക്ക് നികുതിയിളവ് കൊടുത്തു. പുതിയ നിക്ഷേപകർക്ക് സബ്സിഡി നൽകി. എന്നിട്ടും നിങ്ങളെന്താ നിക്ഷേപിക്കാത്തതെന്ന് പരസ്യമായി വിലപിക്കേണ്ടി വന്നു. ഈ ബജറ്റിലും അതിന്‌ ഉത്തരമില്ല. സാധനം വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിലല്ലേ നിക്ഷേപിക്കൂ. ഇതൊരു വശം. മറുവശത്ത് ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് ഒക്കെ പറയുമെങ്കിലും ഇഷ്ടക്കാർക്കേ അതൊക്കെക്കിട്ടൂ. മിനിമം സർക്കാരാണെങ്കിലും ശിങ്കിടികളുടെ കാര്യത്തിൽ മാക്സിമം ഗവൺമെന്റ് എന്നതാണ് ആദർശം. ഇതിന്റെ ഏറ്റവും വലിയ മാതൃക അദാനിയാണ്. ഇങ്ങനെയാണെങ്കിൽ അമൃതകാലത്ത് എത്തിയതുതന്നെ. 

അതിവിപുലമായൊരു പെൻഷൻ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചാരണം. ഇതിനു പകരം 9652 കോടി ചെലവഴിച്ചിടത്ത് ഈവർഷം 9636 കോടി രൂപയാണ് വകയിരുത്തിയത്

തെരഞ്ഞെടുപ്പു വർഷത്തിൽ സൗജന്യങ്ങൾ വാരിക്കോരിക്കൊടുക്കും എന്നൊക്കെയാണ് പ്രതീക്ഷിച്ചത്. നേർവിപരീതമാണ് സംഭവിച്ചത്. തൊഴിലുറപ്പ് പദ്ധതിയെടുക്കാം. 2021–-22ൽ ചെലവഴിച്ചത് 98,000 കോടി രൂപ. കഴിഞ്ഞ വർഷം 89,000 കോടി രൂപ. ഈ വർഷം 60,000 കോടി. പാവങ്ങളുടെ പെൻഷനെടുക്കാം. കേരളത്തിൽ 56 ലക്ഷത്തിന്‌ 1600 രൂപ പെൻഷനുണ്ട്. കേന്ദ്രം തരുന്നത്  200 രൂപ. അതും 11 ലക്ഷം പേർക്കുമാത്രം. അതിവിപുലമായൊരു പെൻഷൻ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചാരണം. ഇതിനു പകരം 9652 കോടി ചെലവഴിച്ചിടത്ത് ഈവർഷം 9636 കോടി രൂപയാണ് വകയിരുത്തിയത്.

ദേശീയ ആരോഗ്യമിഷനും ദേശീയ വിദ്യാഭ്യാസ മിഷനും 2022 –-23ൽ  76,713 കോടി രൂപ ചെലവഴിച്ചിടത്ത്‌ ഇപ്പോൾ  75,708 കോടിമാത്രം. രണ്ടുമേഖലയ്ക്കുംകൂടി ദേശീയവരുമാനത്തിന്റെ 4.84 ശതമാനമുണ്ടായിരുന്നത്‌  ഇത്തവണ  4.18 ശതമാനം.  എല്ലാത്തിനുംകൂടി പണമില്ലെന്നായിരിക്കും ന്യായം. പണക്കാരിൽനിന്ന് കൂടുതൽ നികുതി ഈടാക്കണം.

മോദി ഭരണത്തിൽ അസമത്വം വർധിച്ചിരിക്കുകയാണ്. 2020ൽ ശതകോടീശ്വരന്മാർ 102 ആയിരുന്നെങ്കിൽ ഇപ്പോൾ 166. ഏറ്റവും പാവപ്പെട്ട 50 ശതമാനം പേരുടെ സ്വത്ത് രാജ്യത്തെ സ്വത്തിന്റെ മൂന്നു ശതമാനംമാത്രം. 2022ൽമാത്രം അദാനിയുടെ സ്വത്ത് 46 ശതമാനം ഉയർന്നു. രാജ്യത്തെ ജിഎസ്‌ടിയുടെ 64 ശതമാനം ഏറ്റവും പാവപ്പെട്ട അമ്പതുശതമാനത്തിന്റെതാണ്‌. ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന്റെ സംഭാവന നാലുശതമാനം മാത്രവും. എന്നിട്ടും ആഡംബര വസ്തുക്കളുടെ ജിഎസ്ടി നിരക്കുകൾ ഇനിയും കുറയ്ക്കണമെന്നാണ്‌ കേന്ദ്രധനമന്ത്രിയുടെ പക്ഷം. 

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്തിന് രണ്ടുശതമാനം നികുതി ഏർപ്പെടുത്തിയാൽ രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്ക് മൂന്നു വർഷം ഭക്ഷണം നൽകാം. ഒരു ശതമാനം നികുതി ചുമത്തിയാൽ ദേശീയ ആരോഗ്യമിഷന്റെ ഒന്നരവർഷത്തെ ചെലവിനു കിട്ടും.  ഇന്ത്യയിലെ ഏറ്റവും വലിയ 10 കോടീശ്വരന്മാരുടെ മേൽ അഞ്ചുശതമാനം നികുതി ചുമത്തിയാൽ കൊഴിഞ്ഞുപോയ ഒന്നരക്കോടി കുട്ടികൾക്ക് സമ്പൂർണ ചെലവു വഹിച്ച് വിദ്യാഭ്യാസം കൊടുക്കാം. ഇതൊന്നും ബിജെപി ധനമന്ത്രിയുടെ പരിഗണനയിലെവിടെയുമില്ല.  അതിസമ്പന്നർക്ക് അമൃതകാലം വാഗ്ദാനംചെയ്ത്‌ പാവങ്ങളുടെ കലികാല ദുരിതജീവിതം സ്ഥായിയാക്കുകയാണ് നിർമല സീതാരാമൻ. ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപ്പോലും നിഷ്കരുണം വെട്ടിക്കുറച്ചാണ് തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top