26 April Friday

വായ്പാ പരിധി
 ; കേന്ദ്രനയം അന്യായം - ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമപ്രകാരം സംസ്ഥാന വരുമാനത്തിന്റെ മൂന്നു ശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഈവർഷം വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാം. അങ്ങനെ 3.5 ശതമാനം. എന്നാൽ, രണ്ടു ശതമാനം വായ്പയേ അനുവദിക്കൂവെന്നാണ് കേന്ദ്ര സർക്കാർ അയച്ചിരിക്കുന്ന ഇണ്ടാസ്.

സംസ്ഥാനത്തിന്റെ പ്രതീക്ഷിത ജിഡിപി 11 ലക്ഷം കോടി രൂപയാണ്. അതിന്റെ 3.5 ശതമാനം 38,000 കോടി രൂപവരും. മൂന്നു ശതമാനംവച്ച് കണക്കാക്കിയാൽപ്പോലും 33,000 കോടി രൂപ വരും. ഈ വർഷം 33,420 കോടി രൂപ വായ്‌പയടുക്കാൻ അർഹതയുള്ള കേരളത്തിന്‌ 15,390 കോടി രൂപയാണ്‌ അനുവദിച്ചത്‌.

കേരളത്തിന്റെ കാര്യത്തിൽ കിഫ്ബി നടപ്പാക്കുന്ന പ്രോജക്ടുകൾ ബജറ്റ് അക്കൗണ്ടിൽ ഉൾക്കൊള്ളിച്ചവപോലും അല്ല. എന്നാലും കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാർ വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

എന്താണ് ഇതിനു കാരണമായി കേന്ദ്രം പറയുന്നത്? ഇപ്പോൾ അയച്ച കത്തിൽ കാരണമൊന്നും പറയുന്നില്ല. ആദ്യത്തെ ഒമ്പതു മാസത്തേക്ക് 22,000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 15,390 കോടി രൂപയേ ലഭിക്കുകയുള്ളൂവെന്നു മാത്രമുള്ള അറിയിപ്പാണ്. എന്നാൽ, കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയുടെ ഒരു ഭാഗം തട്ടിക്കിഴിച്ചതുകൊണ്ടാണ് ഈ കുറവ് വന്നിരിക്കുന്നത് എന്നാണ് ഊഹം.

എന്തൊരു അന്യായമാണ് ഇത്? കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ബജറ്റിനു പുറത്ത് എടുക്കുന്ന വായ്പകൾ ഇതുവരെ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. ഇപ്പോഴും കേന്ദ്രത്തിൽ ഇങ്ങനെ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. പ്രതിവർഷം 3-4 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന തുകയ്ക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വായ്പയെടുത്ത് ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാർ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കു പണം തിരിച്ചുനൽകും. കേരളത്തിന്റെ കാര്യത്തിൽ കിഫ്ബി നടപ്പാക്കുന്ന പ്രോജക്ടുകൾ ബജറ്റ് അക്കൗണ്ടിൽ ഉൾക്കൊള്ളിച്ചവപോലും അല്ല. എന്നാലും കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാർ വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ഒരു പുതിയ നിയമം കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്നു. സംസ്ഥാനങ്ങളെ മുൻകൂറായി അറിയിച്ച് നടപ്പാക്കേണ്ടുന്ന ഒന്നല്ലേ ഇത്? ഇതിനു പകരം കേരളത്തിൽ ഈ നിയമം മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കുകയാണ്. കിഫ്ബി തുടങ്ങിയകാലംമുതൽ എടുത്ത വായ്പകൾ ഭാവിയിൽ ഗഡുക്കളായി സംസ്ഥാനത്തിന്റെ വായ്പയിൽനിന്ന്‌ കിഴിക്കുംപോലും. ഇത് ഒരൊറ്റക്കാര്യംമാത്രം മതി കേന്ദ്ര സർക്കാരിന്റെ നീക്കം എത്ര ദുരുപദിഷ്ടിതമാണെന്നു മനസ്സിലാക്കാൻ.

പെൻഷൻ കമ്പനിയുടെ കാര്യം ഇതിലേറെ കൗതുകകരമാണ്. പാവങ്ങൾക്ക് കോവിഡ് കാലത്ത് മാസംതോറും കൊടുക്കുമെന്ന് ഉറപ്പുവരുത്താൻ ഉണ്ടാക്കിയ സംവിധാനമാണിത്. സർക്കാരിന്റെ കൈയിൽ തൽക്കാലം കാശില്ലെങ്കിൽ പെൻഷൻ ഫണ്ട് വായ്പയെടുത്ത് പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കും. സർക്കാർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഈ വായ്പ തിരിച്ചടയ്ക്കും. ഇങ്ങനെ പെൻഷൻ കമ്പനി 12,000 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിൽ പതിനായിര-ത്തിലേറെ കോടി രൂപ സർക്കാർ തിരിച്ച് അടച്ചിട്ടുമുണ്ട്. എന്നാൽ, അസ്സൽ 2000 കോടി അല്ല, മൊത്തത്തിൽ എടുത്ത 12,000 കോടി രൂപയാണ് സർക്കാർ അനധികൃതമായി വായ്പയെടുത്തത് എന്നാണ് കേന്ദ്രം വിധിച്ചിരിക്കുന്നത്. അതും ഗഡുക്കളായി ഭാവിയിൽ വെട്ടിക്കുറയ്ക്കുമത്രേ.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ വെട്ടിക്കുറവു വരുത്തി. അർഹതയുള്ള 3.5 ശതമാനത്തിനു പകരം 2.2 ശതമാനമേ വായ്പയെടുക്കാൻ അനുവദിച്ചുള്ളൂ. ഈ വർഷം അത് രണ്ടു ശതമാനമായി കുറച്ചിരിക്കുകയാണ്. ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയരാത്തത്? യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് കേരളം കടക്കെണിയിലാണെന്നൊരു പൊതുബോധ്യം കേരളത്തിൽ സൃഷ്ടിച്ചിരിക്കുകയാണ്. 39 ശതമാനം കടബാധ്യതയുള്ള കേരളം കടക്കെണിയിലാണെങ്കിൽ 60 ശതമാനം കടബാധ്യതയുള്ള കേന്ദ്ര സർക്കാരല്ലേ കൂടുതൽ കടക്കെണിയിൽ? കേരളത്തിന്റെ വികസന താൽപ്പര്യങ്ങൾക്കെതിരെ ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരായി യുഡിഎഫും മാധ്യമങ്ങളും അധഃപതിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top