19 April Friday

പാഠ്യപദ്ധതിപരിഷ്കരണം സംസ്ഥാനങ്ങൾക്ക്‌ കൂച്ചുവിലങ്ങ്‌

ഡോ. ജെ പ്രസാദ്Updated: Monday Jul 26, 2021

വിദ്യാഭ്യാസം എന്നത് ജീവിതകാലം മുഴുവൻ നീളുന്ന തുടർപ്രക്രിയയാണ്. ഇതുസംബന്ധിച്ച് ഒരു ചൈനീസ് പഴമൊഴിതന്നെ ഉണ്ട്."നിങ്ങൾ ഒരു വർഷത്തേക്കാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ നെല്ല് വിതയ്ക്കുക, പത്ത് വർഷത്തേക്കാണെങ്കിൽ മരങ്ങൾ നടുക, അതല്ല നൂറ്റാണ്ടുകളിലേക്കുള്ള ആസൂത്രണമാണെങ്കിൽ കുട്ടികളെ നന്നായി പഠിപ്പിക്കുക’. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളും ഈ ചൈനീസ് പഴമൊഴി അർഥപൂർണമാക്കുന്ന തരത്തിലാണ് വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. പുത്തൻ വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ പ്രാപ്തിയുള്ളതും വിശ്വമാനവികതയിൽ അധിഷ്ഠിതവുമായ ജനതയെ വാർത്തെടുക്കുക എന്നതാണ് ഈ രാഷ്ട്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസത്തിന്റെ പരിപ്രേക്ഷ്യം.

കാലികവും ജീവിതഗന്ധിയും ഉയർന്ന ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതിനുവേണ്ടിയാണ് ഓരോ രാഷ്ട്രവും ശ്രമിക്കുന്നത്. അതിനുവേണ്ടി തയ്യാറാക്കപ്പെടുന്ന പാഠ്യപദ്ധതി അഥവാ കരിക്കുലം തികച്ചും ജനാധിപത്യ രീതിയിലൂടെയാണ് രൂപപ്പെടുത്തുന്നത്. അതിൽ നാട് ഒന്നാകെ അണിചേരുന്നു. ഓരോ കുട്ടിയും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ നേരിടാൻവേണ്ട ശേഷി വികസിപ്പിക്കാൻ കഴിയുന്നതാകണം വിദ്യാഭ്യാസം. തികച്ചും സ്വതന്ത്രവും സർഗാത്മകവും വിമർശാത്മകവുമായ ചർച്ചകളിലും സംവാദങ്ങളിലും അധിഷ്ഠിതമാകണം ഏതൊരു പാഠ്യപദ്ധതിയും. അതിനായി എല്ലാത്തരം അഭിപ്രായത്തിനും അർഹമായ പരിഗണന നൽകണം. മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെടുന്ന പാഠ്യപദ്ധതി സാർവജനീനമായിരിക്കും.

കുട്ടികളുടെ ചിന്താശേഷി, സാംസ്കാരിക വികാസം, വ്യക്തിത്വവികാസം, ബൗദ്ധികവികാസം, പ്രതിഭാവിശേഷം, വൈവിധ്യമാർന്ന സാക്ഷരത, സംരംഭകത്വശേഷിവികാസം, യുക്തിചിന്ത, ശാസ്ത്രാവബോധം, സുസ്ഥിര വികസന പങ്കാളിത്തം, ജനാധിപത്യ മതനിരപേക്ഷബോധം തുടങ്ങി എല്ലാ വശവും പരിഗണിക്കപ്പെടണം. സാമൂഹ്യവും രാഷ്ട്രീയവും പാരിസ്ഥിതികവും പ്രാപഞ്ചികവും ശാരീരികവും മാനസികവും മാനവികവും കായികവും കലാപരവുമായ ഘടകങ്ങളെ സന്നിവേശിപ്പിക്കാൻ പ്രാപ്തമാക്കുന്നതാകണം പാഠ്യപദ്ധതി. ഇവിടെയാണ് പ്രാദേശികമായ പാഠ്യപദ്ധതി വികസനത്തിന്റെ‍ പ്രസക്തി. നാടിന്റെ നാനാത്വത്തെയും വൈവിധ്യങ്ങളെയും വൈചിത്ര്യങ്ങളെയും അത് ഉൾക്കൊള്ളണം. കലാ കായിക സാംസ്കാരിക പഠനം, ശാസ്ത്രസാങ്കേതിക വിവരവിനിമയപഠനം, യുക്തിചിന്ത, പരിസരപഠനം, ജീവിതശൈലീപഠനം തുടങ്ങി ഓരോ പ്രതിഭാസത്തെയും കുറിച്ച് ആഴത്തിലുള്ള അറിവും തിരിച്ചറിവും നേടാൻ കഴിയുന്നതാകണം പാഠ്യപദ്ധതി.

സാമാന്യമായി പറഞ്ഞാൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക കാഴ്ചപ്പാട്, സമീപനം, വിനിമയം, മൂല്യനിർണയം എന്നിവ ഉൾക്കൊള്ളുന്ന സമീപനരേഖയാണ് പാഠ്യപദ്ധതി. വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടി നേടുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് അത്. കാഴ്ചപ്പാടും സമീപനവും വ്യക്തമാക്കുന്ന പാഠ്യപദ്ധതിച്ചട്ടക്കൂട്, ഉള്ളടക്കവുമായി ബന്ധപ്പെട്ട സിലബസും പാഠപുസ്തകങ്ങളും മറ്റ് പഠനബോധന സാമഗ്രികളായ അധ്യാപകർക്കുള്ള കൈപ്പുസ്തകം, വർക്ക്‌ബുക്ക് തുടങ്ങിയവയും ഐസിടി സൗഹൃദ വിദ്യാഭ്യാസത്തിന് സഹായകമായ ഡിജിറ്റൽ സംവിധാനങ്ങളും വിഭവങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. 2005ൽ തയ്യാറാക്കപ്പെട്ട ദേശീയ പാഠ്യപദ്ധതിച്ചട്ടക്കൂടിനുശേഷം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ലോകത്താകെയും എല്ലാ മേഖലയിലും ആരെയും വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചു. പ്രകൃതിദുരന്തങ്ങളും മഹാമാരികളും അവ വരുത്തിവച്ച മഹാവിപത്തുകളും അതിജീവിക്കാൻ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളും പാഠ്യപദ്ധതിയിൽ പ്രതിഫലിക്കപ്പെടണം. ഇത്തരം ദുരന്തങ്ങളെ നാം ശാസ്ത്രീയമായി നേരിടണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മെ കൂടുതൽ ആപത്തിൽ കൊണ്ടെത്തിക്കുകയേ ഉള്ളൂ എന്ന് ഇപ്പോൾ ജനം തിരിച്ചറിഞ്ഞു. ശാസ്ത്രീയതയിലും ആധുനികതയിലും ജനകീയതയിലും മാനവികതയിലും അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസപദ്ധതിക്ക് രൂപം നൽകാൻ നമുക്ക് കഴിയണം.

സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസം 1976ൽ കൊണ്ടുവന്ന 42–-ാം ഭരണഘടനാഭേദഗതിയിലൂടെയാണ് സമവർത്തിപ്പട്ടികയിലായത്. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന ഏത് പുത്തൻ സംരംഭവും സംസ്ഥാനങ്ങളെക്കൂടി മുഖവിലയ്ക്കെടുത്തുകൊണ്ടുവേണം നടത്താൻ. അത്‌ ഫെഡറൽ സംവിധാനത്തിൽ അനിവാര്യമാണ്. കേവലം സംസ്ഥാന വിഷയങ്ങളായ കാർഷിക സഹകരണ മേഖലകളെപ്പോലും സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന കേന്ദ്രം, വിദ്യാഭ്യാസത്തെ കേന്ദ്രവൽക്കരിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മറ്റുള്ളവപോലെതന്നെ വിദ്യാഭ്യാസരംഗത്തും ഇതര സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തവും നൂതനവുമായ നിലപാടുകൾ കൈക്കൊള്ളുന്ന സംസ്ഥാനമാണ് കേരളം. നൂറുശതമാനം പ്രാപ്യതയും സ്ഥിരതയും ഗുണതയും പൊതുവിദ്യാഭ്യാസരംഗത്ത് ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസരംഗത്ത്‌ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും ലോകശ്രദ്ധ പിടിച്ചുപറ്റാനും കഴിഞ്ഞു. കോവിഡ് വ്യാപനഘട്ടത്തിൽപ്പോലും വിദ്യാഭ്യാസകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അഞ്ചുവർഷംകൊണ്ട് ആറുലക്ഷത്തോളം കുട്ടികൾ പുതുതായി പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നു. 2021 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കില്ലാതെതന്നെ 99.47ശതമാനം വിജയം കൈവരിക്കാൻ സാധിച്ചു. കോവിഡ്കാലത്ത് തുടക്കം കുറിച്ച ‘ഫസ്റ്റ് ബെൽ’ ക്ലാസിനോടൊപ്പം നേരിട്ട് സംവദിക്കാൻ കഴിയുന്ന ‘ഓൺലൈൻ’ ക്ലാസുകളും ഈ വർഷം ആരംഭിക്കുന്നു.

ബോട്ടം അപ് അപ്രോച്ച്‌ നിക്ഷിപ്ത താൽപ്പര്യം

ദേശീയ വിദ്യാഭ്യാസനയങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ തുടർന്നുവന്ന രീതിശാസ്ത്രം കീഴ്‌മേൽ മറിക്കുന്ന നയമാണ് പുത്തൻ ദേശീയ വിദ്യാഭ്യാസനയം(2020)നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം കൈക്കൊള്ളുന്നത്. ദേശീയ വിദ്യാഭ്യാസനയത്തെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിപരിഷ്കരണ നടപടികൾക്ക്‌ ‘അജൻഡ’ നിശ്ചയിച്ചുകൊണ്ടുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക്‌ ലഭിച്ചുകഴിഞ്ഞു. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, വയോജന തുടർവിദ്യാഭ്യാസം എന്നീ നാല് മേഖലയ്‌ക്കാണ് ചട്ടക്കൂടുകൾ ഉണ്ടാക്കേണ്ടത്. സംസ്ഥാനതലത്തിൽ മൂന്ന് സ്റ്റിയറിങ്‌ കമ്മിറ്റിയും 25 ഫോക്കസ് ഗ്രൂപ്പും രൂപീകരിക്കണം. കേന്ദ്രം അയച്ചുതരുന്ന ഉപാധികൾ പ്രയോജനപ്പെടുത്തി ജില്ലാതല വിവരശേഖരണം നടത്തി അത്രയും പൊസിഷൻ പേപ്പറുകൾ തയ്യാറാക്കണം.

എൻസിഇആർടി നിർദേശം പരിഗണിച്ചും പ്രാദേശിക അറിവുകളും സംസ്കൃതിയും കൂട്ടിച്ചേർത്ത്‌ ചട്ടക്കൂട് തയ്യാറാക്കി കേന്ദ്രത്തിന് നൽണം. അവ ക്രോഡീകരിച്ച് 2023 ആകുമ്പോഴേക്കും കേന്ദ്രം ദേശീയ പാഠ്യപദ്ധതിച്ചട്ടക്കൂടിന് രൂപം നൽകും. സ്വാഭാവികമായും കേന്ദ്രം അയച്ചുതരുന്ന ചട്ടക്കൂടിനനുസരിച്ച് മാത്രമേ പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനബോധന സാമഗ്രികൾക്ക്‌ രൂപം നൽകാൻ കഴിയുകയുള്ളൂ. സംസ്ഥാനങ്ങൾക്ക്‌ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതിനുള്ള അവകാശം ഹനിക്കപ്പെടും. ഇതാണ് ബോട്ടം അപ് അപ്രോച്ചിനു പിന്നിലുള്ള ചതിക്കുഴി. മുൻകാലങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ആദ്യം കേന്ദ്രം ദേശീയ പാഠ്യപദ്ധതിച്ചട്ടക്കൂട് തയ്യാറാക്കും(2005); അതിൽ നിന്നുകൊണ്ട് സംസ്ഥാനങ്ങൾക്ക്‌ സ്വതന്ത്രമായ പാഠ്യപദ്ധതിച്ചട്ടക്കൂടിന്(2007) രൂപം നൽകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യമാണ് കേന്ദ്രം കവർന്നത്. കേരളത്തിൽ ഓരോ അഞ്ച് വർഷവും ഭരണമാറ്റം വരുന്നതനുസരിച്ച്‌ പാഠ്യപദ്ധതിയിൽ ചില പരിഷ്കാരങ്ങൾ വരാറുണ്ടെങ്കിലും 1997ൽ ഇടതുപക്ഷസർക്കാർ തുടക്കമിട്ടതും സാമൂഹ്യ ജ്ഞാനനിർമിതിവാദത്തെ അടിസ്ഥാനമാക്കിയും അറിവ് നിർമാണത്തിന് പ്രാമുഖ്യം കൊടുത്തും നടപ്പാക്കിയ പാഠ്യപദ്ധതിപരിഷ്കരണത്തിന് അടിസ്ഥാനപരമായ മാറ്റം വരുത്താൻ ആരും തയ്യാറായിരുന്നില്ല. 1997ന്റെ തുടർച്ചയായിരുന്നു 2007ൽ കേരളം തയ്യാറാക്കിയ ‘കേരള കരിക്കുലം ഫ്രെയിംവർക്ക്‌’. യുഡിഎഫ് സർക്കാർ 2013ൽ ചില പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളിൽ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ സർക്കാർ 2018ൽ പാഠ്യപദ്ധതിപരിഷ്കരണത്തിന് തുടക്കം കുറിച്ചിരുന്നെങ്കിലും പുത്തൻ ദേശീയ വിദ്യാഭ്യാസനയം വരുന്ന സാഹചര്യത്തിൽ അത് താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. കേരളത്തെ ഒരു ‘നോളഡ്ജ് ഇക്കണോമി’ ആക്കി മാറ്റാനുള്ള യജ്ഞം ആരംഭിച്ച സാഹചര്യത്തിൽ നവകേരള സൃഷ്ടിക്ക് ഉതകുംവിധം പാഠ്യപദ്ധതിയും പഠനസാമഗ്രികളും കോവിഡാനന്തരകാലം കണക്കിലെടുത്ത് സമഗ്രപരിഷ്കരണത്തിന് വിധേയമാക്കേണ്ടതുണ്ട്. അതിന് പ്രതിബന്ധം ഉണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top