26 April Friday

എല്ലാവരും പഠിക്കണം നീന്തൽ - സജി വാളാശേരിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 9, 2023

ഓരോ വേനലവധിക്കാലത്തും എത്രയെത്ര മുങ്ങിമരണങ്ങളാണ്‌ നാം കേൾക്കുന്നത്‌. ചെറിയ കുളങ്ങളിൽ നീന്തൽ പഠിച്ചതിന്റെ ബലത്തിലായിരിക്കും പലരും പുഴയിലും തീരക്കടലിലും സാഹസത്തിനൊരുങ്ങുന്നത്‌. താനൂരിനടുത്തുണ്ടായ ബോട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ ശരിയായ നീന്തൽ പരിശീലനത്തിന്‌ പ്രാധാന്യം കൊടുക്കണം. ജീവൻരക്ഷാ ഉപകരണങ്ങൾ ശരിയായി ഉപയോഗിക്കാനും പഠിച്ചിരിക്കണം.

ശരിയായി നീന്തൽ പഠിച്ചാൽ മുങ്ങി മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാം. സംസ്ഥാനത്ത്‌ നടക്കുന്ന ജലാശയ അപകടങ്ങളിൽ ഭൂരിഭാഗവും തീരത്തുനിന്ന്‌ അധികം അകലെയല്ല. നീന്തൽ അറിയാമെങ്കിൽ ഇത്രയും നീന്തി കരപിടിക്കാനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന്‌ ഉറപ്പാണ്‌. കുട്ടികളെ ചെറുപ്രായത്തിൽത്തന്നെ നീന്തൽ പരിശീലിപ്പിക്കേണ്ടത്‌ ഉത്തരവാദിത്വമായി രക്ഷിതാക്കളും സമൂഹവും ഏറ്റെടുക്കണം. ശാസ്‌ത്രീയമായിത്തന്നെയാണ്‌ നീന്തൽ പഠിപ്പിക്കേണ്ടത്‌. മനസ്സുവച്ചാൽ 16 ദിവസത്തിനുള്ളിൽ നീന്തൽ പഠിക്കാൻ കഴിയും. ജലാശയങ്ങളെക്കുറിച്ചുള്ള പേടി അകറ്റുകയെന്നതും പ്രധാനമാണ്‌.

നീന്തലിനൊപ്പം പ്രാധാന്യം കൊടുക്കേണ്ടതാണ്‌ ജലാശയങ്ങളെക്കുറിച്ചുള്ള അവബോധവും. ഒരിക്കലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്‌. അപകടങ്ങൾ പലരൂപത്തിലാണ്‌ പതിയിരിക്കുക. ചെളി, കയം, കല്ലുകൾ, ചുഴി, അടിയൊഴുക്ക്‌, പാറയിടുക്കുകൾ എന്നിങ്ങനെ നിരവധി ചതിക്കുഴികളുണ്ട്‌. ഇതൊന്നും കണക്കിലെടുക്കാതെ ജലാശയങ്ങളിൽ ഇറങ്ങിയാൽ അപകടംപിണയും. ബോട്ട്‌ അപകടങ്ങൾ പോലുള്ള സന്ദർഭങ്ങളിൽ അകത്ത്‌ കുടുങ്ങിപ്പോവുകയും ഒരു കാരണവശാലും നീന്താൻ കഴിയാത്ത സ്ഥിതിയുണ്ടാവുകയും ചെയ്‌താലും ദുരന്തത്തിൽ കലാശിക്കും. നീന്തൽ പഠിക്കുന്നതോടൊപ്പം ലൈഫ് ജാക്കറ്റ്‌ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്നും തീർച്ചയായും പഠിച്ചിരിക്കണം.

14 വർഷമാകുന്നു ഞാൻ നീന്തൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട്‌. ഇതിനകം 7000ൽ അധികം പേരെ പരിശീലിപ്പിച്ചു. ഇതിൽ രണ്ടായിരത്തിനടുത്ത്‌ പഠിതാക്കൾ പെരിയാർ ആലുവഭാഗത്ത്‌ കുറുകെ നീന്തി. ഇവരിൽ അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുണ്ട്‌. ഭിന്നശേഷിക്കാരുണ്ട്‌. പ്രായമായവരുണ്ട്‌. 70 വയസ്സുകാരി ആരിഫ കഴിഞ്ഞവർഷം പർദ ധരിച്ച്‌ കൈകൾ പിന്നിൽക്കെട്ടി നീന്തിയത്‌ വലിയ വാർത്തയായി. ഏത്‌ പ്രായത്തിലും ഏത്‌ വേഷത്തിലും പുഴകൾ നീന്തിക്കടക്കാം എന്നാണ്‌ ആരിഫ തെളിയിച്ചത്‌. ഇത്‌ എല്ലാവർക്കും പ്രചോദനമാകണം.

(നീന്തൽ പരിശീലകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top