26 April Friday

സ്വയംവര ജീവിതം - അടൂരിന്റെ ആദ്യ സിനിമ
 സ്വയംവരത്തിന്‌ ഇന്ന് അമ്പതാണ്ട്‌

ഗിരീഷ്‌ ബാലകൃഷ്‌ണൻUpdated: Thursday Nov 24, 2022


ഇന്ത്യൻ സിനിമയ്ക്ക് പഥേർ പാഞ്ചാലി എന്താണോ അതുതന്നെയാണ് സ്വയംവരം മലയാള സിനിമയ്ക്ക്. 1972 നവംബർ 24ന് റിലീസായ ചിത്രം അരനൂറ്റാണ്ടിനിപ്പുറവും അനുവാചക മനസ്സിൽ ജ്വലിച്ചുനിൽക്കുന്നു. ചലച്ചിത്രകാരൻ ആദ്യ സിനിമ 50 വർഷം പിന്നിടുന്നതിന് സാക്ഷിയാകുകയെന്നത് ലോകത്തുതന്നെ അപൂർവമാണ്. സത്യജിത്ത് റേയ്ക്കും ഋത്വിക്ഘട്ടക്കിനുമൊന്നും അതിനു സാധിച്ചില്ല. സ്വയംവരത്തിനൊപ്പം അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര സംവിധായകനെന്ന നിലയിലുള്ള യാത്രയ്ക്കും അരനൂറ്റാണ്ട് പിന്നിടുകയാണ്. ചലച്ചിത്രപഠനം കഴിഞ്ഞെത്തി അടൂർ സുഹൃത്തുകളുമായി ചേർന്ന് 1965-ൽ സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസെറ്റിയാണ് ലോക സിനിമയെ കേരളത്തിന്റെ നാട്ടുമൂലകളിൽപ്പോലും എത്തിച്ചത്. മുഖ്യധാരാ സിനിമകൾക്കൊപ്പം ഇടവേള ഷോയായി സാമാന്തര സിനിമകൾ പ്രദർശനം നടത്താൻ കേരളത്തിന്റെ മുക്കിലുംമൂലയിലും കാണികളെ സൃഷ്ടിച്ചത് ഇതേത്തുടർന്ന് സജീവമായ ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്.

മലയാള സിനിമയുടെ നവീകരണത്തിനുവേണ്ടിയുള്ള യുവതലമുറയുടെ മുറവിളിയുടെ ഫലമായിരുന്നു അടൂർ 31–-ാം വയസ്സിൽ ഒരുക്കിയ ന്യൂജനറേഷൻ സിനിമ. അതിനിശിതമായ ഇകഴ്ത്തലുകളാണ് അടൂരും സംഘവും ആദ്യകാലത്ത് നേരിട്ടത്. വാണിജ്യ സിനിമയും അതിന്റെ ആനുകൂല്യം പറ്റുന്നവരും ഒരുപക്ഷത്തും ലോകസിനിമയുടെ വെളിച്ചം ഉള്ളിൽപ്പേറിയ അന്നത്തെ യുവതലമുറയും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടൽത്തന്നെയായിരുന്നു അത്. ആശയാവിഷ്കരണത്തിനും പാത്രസൃ-ഷ്ടിയിലും ചലച്ചിത്ര നിർമാണത്തിലും വിതരണത്തിലും സാമ്പ്രദായിക രീതികളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ടാണ് സ്വയംവരം എത്തിയത്.

സിനിമ സംവിധാനം ചെയ്യുകയെന്ന ദൗത്യവുമായി ഇറങ്ങിപ്പുറപ്പെട്ട അടൂർ ഡോക്യുമെന്ററികൾ കൂടാതെ മറ്റു ചില സിനിമാ സംരംഭങ്ങളിലും പങ്കാളിയായി. ഫിലിം ഫിനാൻസ് കോർപറേഷന് മുന്നിൽ നിർമാണസഹായം തേടി സ്വയംവരം സമർപ്പിക്കുന്നതിനുംമുമ്പ് അടൂർ സമർപ്പിച്ചത് കാമുകി എന്ന തിരക്കഥയാണ്. നിരസിക്കപ്പെട്ടു. മറ്റൊരു നിർമാതാവിനെ കണ്ടെത്തി ചിത്രീകരണം തുടങ്ങി. തിരക്കഥ സി എൻ ശ്രീകണ്ഠൻ നായരുടേത്. മധു, ശാരദ, പി ജെ ആന്റണി, അടൂർ ഭവാനി എന്നിങ്ങനെ നീളുന്ന താരനിര. ഏറ്റുമാനൂർ സോമദാസനും വി കെ ശശിധരനും ചേർന്ന് ചിട്ടപ്പെടുത്തി യേശുദാസ് പാടിയ ഗാനങ്ങളടക്കം റെക്കോഡ്‌ ചെയ്ത് ഷൂട്ടിങ് ആരംഭിച്ചു. ഒരാഴ്ച മാത്രമേ ചിത്രീകരണം നീണ്ടുള്ളൂ. നിർമാതാവ് മുങ്ങി.
പ്രതിസന്ധിയെന്ന ഒരു മണിക്കൂർ സിനിമ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ഹാസ്യ ചിത്രീകരണമായിരുന്നു. എസ് പി പിള്ള, അടൂർ ഭാസി, കരമന ജനാർദനൻ തുടങ്ങിയവരുണ്ട്. പിന്നീട് തെന്നിന്ത്യയിൽ ജനപ്രീതി നേടിയ നടി സുജാതയും മലയാളത്തിന്റെ പ്രിയതാരം ജനാർദനനും ആദ്യം അഭിനയിച്ച സിനിമ. അതിലുമുണ്ട് പാട്ട്. സ്വയംവരത്തിന്റെ പിറവിക്കുമുമ്പ് കേരളത്തിലെ ചലച്ചിത്രനിർമാണത്തിനുള്ള അടൂരിന്റെ പ്രായോഗിക പരീക്ഷകളായിരുന്നു രണ്ടു ചിത്രവും. സ്വയംവരം നിർമിക്കാൻ ലഭിച്ച വായ്പ കഴിച്ച് ബാക്കി വേണ്ടിവന്ന ഒന്നരലക്ഷം രൂപ ലഭിച്ചത് പ്രതിസന്ധിയിൽ നിന്നായിരുന്നു.




പുതുവഴി 
വെട്ടിയുണ്ടാക്കൽ
വിവാഹിതർ ആയതാണോയെന്ന് വ്യക്തമല്ലാത്ത ഒരാണും പെണ്ണും-, വിശ്വവും സീതയും നാട്ടിൽനിന്നും ന​ഗരത്തിലേക്ക് എത്തുന്നു. ന​ഗരം അവരെ അതിന്റെ അരികുകളിലേക്ക് തള്ളിമാറ്റുന്നു എന്നുമാത്രമാണ് സിനിമ കാട്ടിത്തരുന്നത്. നെഹ്‌റുവിന്റെ ഭരണശേഷം രാജ്യത്ത് മൂല്യങ്ങൾക്ക് സംഭവിച്ച പ്രതിസന്ധിയാണ് സിനിമ ആഴത്തിൽ അടയാളപ്പെടുത്തിയത്. ഗുരുതരമായ തൊഴിലില്ലായ്മ, അസമത്വം, അനീതി, അഴിമതി, കുറ്റകൃത്യങ്ങൾ, പെരുകുന്ന തൊഴിലാളിരോഷം എന്നിവ നിറഞ്ഞ സമൂഹമനസ്സിനെയാണ് സിനിമ പ്രതിസ്ഥാനത്ത് നിർത്തി ചോദ്യംചെയ്യുന്നത്. ദൃഷ്ടാന്തങ്ങളും (മെറ്റഫർ) പ്രതീകാത്മകമായുമുള്ള (സിമ്പൽ) കാഴ്ചകളിലൂടെയുള്ള കാവ്യാത്മകമായ റിയലിസ്റ്റിക് കഥ പറച്ചിൽ ദക്ഷിണേന്ത്യൻ സിനിമയിൽ അന്നോളം കാണാനാകില്ല.

റിലീസ് ചെയ്തപ്പോൾ ആദ്യ സീൻതന്നെ കല്ലുകടിയായി. നായകനെയും നായികയെയും പരിചയപ്പെടുത്താൻ ഏഴു മിനിറ്റ് നീളുന്ന ബസ് യാത്ര. അന്നോളമുള്ള ആസ്വാദന ശീലത്തിനുമേൽ വൈദ്യുതാഘാതം ഏറ്റതുപോലെയായി. നിലയ വിദ്വാന്മാരായ നിരൂപകർ പ്രകോപിതരായി, സിനിമയ്‌ക്ക് മാത്രമല്ല, ചിത്രലേഖയെന്ന പ്രസ്ഥാനത്തിനുതന്നെ അവർ ചരമക്കുറിപ്പ്‌ എഴുതി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിലും സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കെ എസ് സേതുമാധവന്റെ പണിതീരാത്തവീട് ആയിരുന്നു മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രം ചെമ്പരത്തി (പി എൻ മേനോൻ). മൂന്നാമത്തെ ചിത്രമായി കുഞ്ചാക്കോയുടെ ആരോമലുണ്ണിയും ജൂറി തെരഞ്ഞെടുത്തു.

സംസ്ഥാന പുരസ്‌കാരനിർണയ സമിതിയിൽ ഉണ്ടായിരുന്നവരിൽ കോൺ​ഗ്രസ്  ബന്ധമുള്ള രണ്ടുപേർ ദേശീയ പുരസ്‌കാരത്തിനുള്ള സിനിമകൾ തെരഞ്ഞെടുക്കുന്ന തെന്നിന്ത്യൻ റീജണൽ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. അവിടെയും സ്വയംവരത്തെ വെട്ടി. കേരളത്തിൽനിന്ന്‌ ദേശീയതലത്തിൽ മത്സരിക്കാൻ സ്വയംവരം തെരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ, ഈ അനീതിക്കെതിരെ ശക്തമായിത്തന്നെ അടൂർ പടനയിച്ചു. ഒടുവിൽ മന്ത്രാലയം ഇടപെട്ട് സിനിമ ജൂറിയുടെ മുന്നിലെത്തിച്ചു. സ്വയംവരം മികച്ച സിനിമയ്‌ക്കും സംവിധാനത്തിനും നടിക്കും ഛായാഗ്രഹണത്തിനുമടക്കം നാല്‌ ദേശീയ പുരസ്‌കാരം നേടി. കമ്യൂണിസ്റ്റ് നേതാവും പ്രമുഖ മാധ്യമപ്രവർത്തനുമായ രമേഷ് ഥാപ്പർ ആയിരുന്നു ദേശീയ ജൂറി അധ്യക്ഷൻ. കേരളത്തിൽനിന്ന്‌ തകഴി ശിവശങ്കരപ്പിള്ളയും ജൂറിയിൽ ഉണ്ടായിരുന്നു.

ആദ്യ ആധുനിക മലയാള സിനിമ
എന്തുകൊണ്ടും മുമ്പേ പറന്ന പക്ഷിയായിരുന്നു സ്വയംവരം. പിന്നെയും കുറെ വർഷത്തിനുശേഷം ഇന്ത്യയിലാകെ പൂത്തുലഞ്ഞ നവതരംഗ സിനിമയുടെ മുഖമുദ്രകളായി മാറിയ പ്രവണതകളിൽ ഏറെയും സ്വയംവരത്തിൽ കാണാം. മലയാളത്തിൽ ആധുനികത അടയാളപ്പെടുത്തിയ ആദ്യ ചലച്ചിത്രമായി സിനിമയെ തീർച്ചയായും വിലയിരുത്താം. പ്രമേയത്തിലും ചലച്ചിത്രമാധ്യമ പരിചരണത്തിലും അന്നോളം പുലർത്തിവന്ന കീഴ്‌വഴക്കങ്ങളെയെല്ലാം സിനിമ തച്ചുടച്ചു. ഉത്തമ നായകനുപകരം നിസ്സഹായനായ സാധാരണക്കാരനായ മുഖ്യകഥാപാത്രം. ഒറ്റപ്പെടുന്ന പെണ്ണുങ്ങളുടെ നിസ്സഹായതയിലേക്ക് ഫോക്കസ് ചെയ്ത് അഗാധമായ സ്ത്രീപക്ഷപാതിത്വം തുറന്നുകാട്ടി. ഒരുപക്ഷേ ചലച്ചിത്ര വ്യാകരണം ഇത്ര ചിട്ടയോടെ പാലിക്കപ്പെട്ട മറ്റൊരു സിനിമ മുമ്പ് മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടാകില്ല. വിൻസെന്റ്‌ മാഷിന്റെ ഭാർഗവീനിലയവും പി എൻ മേനോന്റെ ഓളവും തീരവുമെല്ലാം ദൃശ്യഭാഷ ഉപയോഗിച്ച സിനിമകൾ തന്നെ. എന്നാൽ, കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥ വെളിപ്പെടുത്തുംവിധം ദൃശ്യഭാഷ വിനിയോഗിച്ച ആദ്യസിനിമ സ്വയംവരമാണെന്ന് നിസ്സംശയം പറയാം. പാട്ടും സംഭാഷണവും അല്ലാതെ സിനിമയിൽ മറ്റു ശബ്ദങ്ങൾ ആദ്യം കേട്ടതും ഈ സിനിമയിൽ. ട്രെയിനും ബസും പോകുന്നതും മരക്കഷണത്തിൽ ഈർച്ചവാൾ കയറുന്നതും ചായയിൽ പഞ്ചസാര വീഴുന്നതുമെല്ലാം പ്രേക്ഷകർ ആദ്യമായി കേട്ടു. ശബ്ദത്തെ ലൈറ്റ് മൗട്ടിഫായി ഇന്ത്യൻ സിനിമയിൽ ആദ്യമായി ഉപയോഗിച്ച് സ്വയംവരത്തിലാണെന്ന് പിന്നീട് വിലയിരുത്തലുണ്ടായി. പ്രത്യേകതരം ശബ്ദങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷം വെളിപ്പെടുത്തുന്ന രീതിയാണത്. ചലച്ചിത്രത്തിൽ സ്വന്തമായി ഭാഷയുണ്ടെന്നും സാഹിത്യംപോലെ സിനിമയും ​ഗൗരവമായ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും മലയാളി ആദ്യം തിരിച്ചറിഞ്ഞത് സ്വയംവരത്തിലൂടെ ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top