18 April Thursday

ഇടതുപക്ഷം ഊന്നുന്ന
 സുസ്ഥിര വികസനം - പ്രൊഫ. സി രവീന്ദ്രനാഥ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023

മുതലാളിത്ത വികസനം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുന്നതിന്റെ തിക്തഫലങ്ങൾ മനുഷ്യസമൂഹം നിരന്തരമായി അനുഭവിക്കുകയാണ്. അസമത്വം ക്രമാതീതമായി വർധിക്കുന്നു. വിഭവദാരിദ്ര്യം അതിരൂക്ഷമാകുന്നു. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ഇതരജീവികളും പ്രകൃതിയും തമ്മിലുമുള്ള നൈസർഗിക പാരസ്പര്യം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്നു. വിചിത്രമായ വികസന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പാരസ്പര്യത്തിനു പകരം സംഘർഷം വളരുന്നതിന്റെ സർവലക്ഷണങ്ങളും അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ്‌ ഈ ദുരവസ്ഥ ഉണ്ടാകുന്നതെന്ന് ആഴത്തിൽ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പലപ്പോഴും ഈ ദിശയിലുള്ള യുക്തിഭദ്രമായ ചിന്ത ഉണരുന്നില്ല എന്നതാണ് വർത്തമാനകാല ദുഃഖം. ഈ പ്രശ്നം പുതിയ തലമുറയുടെ ബോധ, അബോധ മനസ്സുകളിൽ സൃഷ്ടിക്കുന്ന സ്വാഭാവിക പ്രതികരണങ്ങൾ സൂക്ഷ്മതയോടെ വായിച്ചെടുക്കേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു.

നവോത്ഥാനവും ആധുനികതയും മാനവികതയുടെ ജ്വലനമാണെന്ന്‌ ആരും തിരിച്ചറിയുന്നില്ല. സമസ്ത പ്രകൃതിമൂല്യങ്ങളെയും മുതലാളിത്ത ആധുനികത തല്ലിക്കെടുത്തുമെന്ന് ഗൗരവമായി വിലയിരുത്തപ്പെടുന്നില്ല. സ്വൈരജീവിതം അസാധ്യമാകുന്ന കാലഘട്ടത്തിലൂടെ നാം കടന്നുപോകുകയാണ്. മേൽപ്പറഞ്ഞ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമിയിലെ വിഭവങ്ങളുടെ സാന്ദ്രത തളർച്ച/വളർച്ച നിരക്ക്, ഗുണനിലവാരം പ്രത്യുൽപ്പാദനപരത, ജൈവബന്ധങ്ങൾ, വൈവിധ്യം തുടങ്ങിയവ വളരെ ശ്രദ്ധയോടെ പഠിക്കേണ്ടതാണ്. അതുപോലെതന്നെ മണ്ണിന്റെ ഘടന, ജൈവസാന്നിധ്യം, മലിനീകരണം, രാസഗുണനിലവാരം, സുഷിരത, വേരുകളുടെയും സൂക്ഷ്മജീവികളുടെയും സാന്ദ്രത എന്നിവയും നിരീക്ഷിക്കപ്പെടണം. ജലത്തിന്റെ ശുദ്ധി, മലനീകരണം, ജൈവസാന്നിധ്യം ലവണങ്ങളുടെയും സൂക്ഷ്മജീവികളുടെയും ജൈവസസ്യത്തിന്റെയും അവസ്ഥ, സാന്ദ്രത, പിഎച്ച് ലയിച്ചുചേർന്ന ഓക്സിജന്റെ അളവ് എന്നിവയും കാലാവസ്ഥാ വ്യതിയാനവും ബന്ധപ്പെടുത്തി വിലയിരുത്തണം. സ്വാഭാവിക വനത്തിന്റെ സാന്ദ്രത, നൈസർഗികവന വിസ്തീർണം, ജൈവവൈവിധ്യ സാധ്യത, മണ്ണിന്റെ ഗുണങ്ങൾ, സൂര്യരശ്മി പതനം, വനനാശം, പാറ, മണ്ണ് തുടങ്ങിയവയുടെ നഷ്ടക്കണക്കുകൾ പ്രകൃതിവിഭവþജീവിപാരസ്പര്യത്തിലെ പ്രശ്നങ്ങൾ, വനസന്തുലനം, ജലലഭ്യത, ജൈവസമ്പത്തിന്റെയും ഉപയോഗത്തിന്റെയും ക്രിയാത്മകമായ ബന്ധം, ഖനന പ്രശ്നങ്ങൾ, ഖനന സാധ്യതയുടെ ഭാവി എന്നിവയും ആഴത്തിൽ പഠിക്കണം.

നീല സമ്പദ്‌വ്യവസ്ഥയായ കടലിന്റെ ജൈവപ്രശ്നങ്ങൾ, മലിനീകരണ പ്രശ്നങ്ങൾ, ലവണ, വൈവിധ്യ പ്രശ്നങ്ങൾ, ആഴക്കടൽ ഖനനം, മത്സ്യബന്ധനത്തിന്റെ കൃത്രിമത്വവും അശാസ്ത്രീയതയും, കണ്ടൽക്കാടുകളുടെ ക്ഷയം, താപനിലയുടെ വർധന, ജലവിതാന പ്രശ്നങ്ങൾ എന്നിവയിലും ശ്രദ്ധേയപഠനവും വേണം. ഇത്തരം പഠനങ്ങളുടെ കണക്കുകളെ ആസ്പദമാക്കി മാത്രമേ വികസന പ്ലാനുകൾ ഉണ്ടാക്കാവൂ.

മുതലാളിത്ത വികസനരീതിയിലെ വളർച്ചയുടെ വിസ്മയിപ്പിക്കുന്ന ഗതിവേഗം, അതിന് ആവശ്യമായ അമിതമായ വിഭവങ്ങൾ, അത്‌ ഉൽപ്പാദിപ്പിക്കുന്ന ഭീകരമായ മാലിന്യം എന്നിവയെക്കുറിച്ച് പഠിക്കുമ്പോൾ കമ്പോളത്തിന്റെ ആർത്തിയും അമാനവികതയും മൂല്യച്യുതിയും അശാസ്ത്രീയതയും എന്തുകൊണ്ട്‌ ഉണ്ടാകുന്നുവെന്ന് ബോധ്യം വരും. അസന്തുലിതവും സുസ്ഥിരമല്ലാത്തതുമായ ‘വളർച്ച’ ഭൂമുഖത്തിന്റെ അന്തകനാകുമെന്ന്‌ ഉറപ്പാണ്. ഇതോടൊപ്പം ജ്ഞാനോൽപ്പാദന കാലവും കടന്നുവരുന്നു. പ്രകൃതിയുടെ സർഗചേതനയായ അറിവിനെപ്പോലും ചരക്കാക്കി മാറ്റുന്ന വികൃതവികസനമാണ് നാം മുന്നിൽ കാണുന്നത്. അറിവും സർഗാത്മകതയും മാനവികതയും പരസ്പരപൂരകവും സ്നിഗ്ധവുമാണ്. പക്ഷേ, അവയെപ്പോലും പരസ്പര വിരുദ്ധമാക്കുന്നതാണ് മുതലാളിത്തവും കമ്പോളവും. കൃത്രിമബുദ്ധിയും സോഷ്യൽ മീഡിയയും ചേർന്നുവരുന്ന ആധുനിക സങ്കേതങ്ങൾ സർഗാത്മകതയെപ്പോലും വെല്ലുവിളിക്കുന്ന അവസ്ഥയിലെത്തുന്നു. ചാറ്റ് ജിപിടിയും ബാർഡും ഡാൽഇയും ഉദാഹരണങ്ങൾമാത്രം. മനുഷ്യ അധ്വാനത്തിന്റെ പരിപാവനതയെ പുച്ഛിക്കുകയും ഇകഴ്ത്തുയും ചെയ്ത് അധ്വാനവർഗത്തിന്റെ പ്രതീക്ഷയുടെ ചിറകൊടിക്കുകയാണ്. ധനമൂലധനം നോളേജ് കാപിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. ജീവജാലങ്ങളുടെ സ്വൈരജീവിതത്തെയും സ്വസ്ഥതയെയും തകർത്താൽപ്പോലും ധനമൂലധനം വളരണമെന്ന് മുതലാളിത്തം കരുതുന്നു. ഈ ചതിയറിയാത്ത ജീവജാലങ്ങൾ പരസ്പരം പഴിചാരിയും ആക്രമിച്ചും ജീവിക്കാൻവേണ്ടി വൃഥാ ശ്രമിക്കുകയാണ്. വർത്തമാനകാലത്തെ ശാസ്ത്രയുഗത്തിൽ സൂക്ഷ്മതലത്തിലേക്കുള്ള അന്വേഷണങ്ങൾക്ക് പ്രകാശവേഗതയാണ്. മൗലികമായ ഈ വളർച്ച നല്ലതാണ്. അതുകൊണ്ടാണ് നാനോടെക്നോളജിയും ജനറ്റിക് എൻജിനിയറിങ്ങും കംപ്യൂട്ടർ ശാസ്ത്രവും കൃത്രിമബുദ്ധിയും റോബോട്ടിക്സും ക്രയോ സാങ്കേതികവിദ്യകളും അതിവേഗം വളരുന്നത്. ഇതെല്ലാം പ്രയോജനപ്പെടുത്തി മാനവികതയെയും മനുഷ്യ–- മനുഷ്യബന്ധങ്ങളെയും മനുഷ്യ ഇതര ജീവിബന്ധങ്ങളെയും ശാക്തീകരിച്ച് പ്രകൃതിയോടടുപ്പിക്കാം.

ആധുനിക സാങ്കേതികവിദ്യക്ക് ഈ മാസ്മരികതയുണ്ട് എന്നതുറപ്പാണ്. പക്ഷേ, അതിനുവേണ്ടിയല്ല ശ്രമം നടക്കുന്നത്. കാരണം ഈ അമാനുഷശേഷികളെയെല്ലാം നിയന്ത്രിക്കുന്നത് ആർത്തിയിലും ചൂഷണത്തിലും അധിഷ്ഠിതമായ മുതലാളിത്ത കമ്പോളമാണ് എന്നതാണ് പ്രശ്നം. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ഇതരജീവികളും തമ്മിലും പോരടിക്കുകയല്ല വേണ്ടത്. എല്ലാ ജൈവചേതനകളും ചേർന്ന് ആർത്തിക്കും ചൂഷണത്തിനും എതിരെയാണ് പോരടിക്കേണ്ടത്. സ്വസ്ഥമായ വളർച്ചയുടെ ശത്രു ആർത്തിയും ചൂഷണവുമാണ്. നശിപ്പിക്കപ്പെടുന്ന നീർത്തടങ്ങൾ സ്വസ്ഥതയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നു. നീർത്തടങ്ങൾ ജീവന്റെ അടിത്തറയാണ്. എന്നാൽ, നീർത്തടാധിഷ്ഠിത വികസനം പുച്ഛിക്കപ്പെടുകയാണ്.

പ്രകൃതിയെയും മൂല്യങ്ങളെയും നശിപ്പിക്കുമെന്ന് ജനം തിരിച്ചറിയുന്നു എന്നതിനാൽ മുതലാളിത്തംതന്നെ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച സുസ്ഥിരവികസനം. ഇതിലൂടെ മുതലാളിത്ത വികസനത്തിന്റെ സുസ്ഥിരതയാണ് ഉദ്ദേശിക്കുന്നത്. ഇത് ബോധപൂർവമായ ഒരു കെണിയാണ്. കമ്പോള ഫോർമുലകൾ വച്ചുകൊണ്ട് സുസ്ഥിര അസാധ്യമാണ്. ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് മുതലാളിത്ത സുസ്ഥിരത പറയുമ്പോൾ സ്വകാര്യവൽക്കരണമെന്ന സമ്പത്തിന്റെ കേന്ദ്രീകരണമാണ് അവർ ലക്ഷ്യമിടുന്നതെന്നുകൂടി ചേർത്തുവായിക്കണം. രണ്ടും ഇഴുകിച്ചേർന്ന് പോകുന്നതല്ല. അമിതമായ പ്രകൃതിവിഭവ ഉപയോഗവും കേന്ദ്രീകരണവും മലിനീകരണനിയന്ത്രണവും മാലിന്യ നിർമാർജനവും ചേർന്നുപോകില്ല. നിയന്ത്രണമില്ലാതെ ഉൽപ്പാദനത്തെ പരമാവധി വർധിപ്പിച്ച്  ജിഡിപി  വളർത്തുകയെന്ന ലക്ഷ്യമുള്ള മുതലാളിത്തവികസനം സുസ്ഥിരമാകില്ല എന്നതാണ് ശാസ്ത്രവും അനുഭവവും.

ഇവിടെയാണ് ഇടതുപക്ഷ ബദൽ വികസനമായ സുസ്ഥിരവികസനത്തിന്റെ പ്രസക്തി വരുന്നത്. സർവസന്തുലനമാണ് പ്രകൃതിയുടെ നിലനിൽപ്പിന്‌ ആധാരം. സന്തുലനം നിലനിർത്താൻവേണ്ടിയാണ് ഏതൊരു ചെറിയ പ്രക്രിയയും പ്രകൃതി വിഭാവനം ചെയ്യുന്നത്. വികസനം നടപ്പാക്കുന്നവർ ഇതുമാത്രം ശ്രദ്ധിച്ചാൽമതി. കാലാവസ്ഥയെന്നത് പ്രകൃതിയെ നിലനിർത്താനുള്ള സന്തുലിതമായ പ്രകൃതി പ്രതിഭാസമാണ്. വിഭവ കേന്ദ്രീകരണമെന്നത് പ്രകൃതി അജൻഡയിൽ ഇല്ല. അനാവശ്യമായ ഒരു സ്പീഷിസും പ്രകൃതിയിൽ ഇല്ല. ആവശ്യത്തിലധികമായ ഒന്നും പ്രകൃതിയിലില്ല. അനാവശ്യമായി ഒന്നിനെ ഉപയോഗിക്കുമ്പോൾ ചിലത് കൂടുന്നതായി തോന്നുന്നതാണ്. മൊത്തം പ്രകൃതി മാത്രമല്ല, ഓരോ ആവാസവ്യവസ്ഥയും സന്തുലിതമാണ്. അതിനാൽ സുസ്ഥിരവികസനത്തിൽ ആവാസ വ്യവസ്ഥാധിഷ്ഠിതമായ സുസ്ഥിരവികസന സങ്കൽപ്പമാണുള്ളത്. വന്യമൃഗ പ്രശ്നങ്ങളോ, സമുദ്രജീവി അധിഷ്ഠിത പ്രശ്നങ്ങളോ സമതലാധിഷ്ഠിത പ്രശ്നങ്ങളോ പ്രത്യേകം പ്രത്യേകം ഉണ്ടാകുകയില്ല. ചൂഷണ, ആർത്തി അധിഷ്ഠിതമല്ല സന്തുലനാധിഷ്ഠിത സങ്കൽപ്പം. അതിനാൽ പാർശ്വവൽക്കരണത്തിന്റെയോ പുറംതള്ളലിന്റെയോ പ്രശ്നമില്ല. പ്രകൃതി നാശവും വൈവിധ്യനാശവും സുസ്ഥിര വികസനത്തിൽ ഉണ്ടായിരിക്കില്ല.

മാനവികതയുടെ വികസനമാണ് സുസ്ഥിരതയുടെ ലക്ഷ്യം. അതുകൊണ്ട്  ജിഡിപി ഉപയോഗിച്ചുകൊണ്ടല്ല ഈ വികസനം അളക്കുക. പുതിയൊരു അളവുകോൽ നിർദേശിക്കുന്നു. അതാണ് ജിഎൻഎച്ച്‌പി (ഗ്രോ നാച്വർ ആൻഡ്‌ ഹ്യൂമൻ പ്രോഡക്ട്‌). ഇത് വികസനത്തിന്റെ നവ അളവുകോലാണ്. സുസ്ഥിര വികസനത്തിൽ നാല് ഘടകമുണ്ട്. (1) ഉൽപ്പാദന വർധന, (2) സമ്പത്തിന്റെ നീതിപൂർവകമായ വിതരണം, (3) പാരിസ്ഥിക സന്തുലനം, (4) സാമൂഹിക സ്വസ്ഥത. ഒരു മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ യഥാർഥ വികസനമുണ്ടാകൂ. വായനശാലകളും ക്ലബ്ബുകളും സാമൂഹിക പരിപാടികളും സജീവമായ സന്തുലിത ആവാസവ്യവസ്ഥയ്‌ക്കുമാത്രമേ സ്വസ്ഥതയുള്ള ജീവിതത്തെ സ്വപ്നം കാണാൻ കഴിയൂ. നാളെയുടെ വികസനസങ്കൽപ്പം സുസ്ഥിരവികസനമാകണമെന്ന് ആഗ്രഹിക്കൂ. അതിനുവേണ്ടി നിലനിൽക്കൂ.

ലോകത്തിനുവേണ്ടി പ്രബുദ്ധകേരളത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും സുസ്ഥിര വികസനം. ജൈവബന്ധകളിലെ സംഘർഷങ്ങളും വിഭവദാരിദ്ര്യവും അസമത്വവും തൊഴിലില്ലായ്മയും വർഗീയതയും കാലാവസ്ഥാ നിയന്ത്രണഘടകങ്ങളിലെ സംഘർഷങ്ങളും സൃഷ്ടിക്കുന്ന ഭീകരത ഇല്ലാതാക്കുന്നതാണ് സുസ്ഥിര വികസനം. ജനാധിപത്യത്തിന്റെ നൈസർഗികവും സ്വതസിദ്ധവുമായ സൗന്ദര്യത്തെ വളർത്തിക്കൊണ്ടുമാത്രമേ സോഷ്യലിസ്റ്റ് ജനാധിപത്യത്തിലേക്ക് മാറാൻ കഴിയൂ. അതാണ് നവകേരളം.

നിലനിൽക്കുന്ന വികസനപ്രശ്നങ്ങൾക്ക് ഹ്രസ്വവും ദീർഘവുമായ പരിഹാരമാർഗങ്ങൾ അനിവാര്യമാണ്. ഇവ രണ്ടും സുസ്ഥിര സങ്കൽപ്പത്തിൽ ഊന്നുന്നതായിരിക്കുകയും വേണം. ഇടതുപക്ഷ കാഴ്ചപ്പാടുള്ള സുസ്ഥിര വികസനത്തിനുവേണ്ടി പ്രതീക്ഷയോടെ കാതോർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top