03 October Tuesday

ജനാധിപത്യത്തിന്റെ മരണം - സുനിൽ പി ഇളയിടം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023

സ്വാതന്ത്ര്യപ്രാപ്തിയുടെ 75–-ാം വർഷത്തിൽ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ സ്വഭാവവും സ്ഥിതിയും എന്താണ്. ഒറ്റവാക്യത്തിൽ പറഞ്ഞാൽ ഇന്ത്യൻ ജനാധിപത്യം മരണമടയുകയാണ്. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷംകൊണ്ട് പകരംവയ്ക്കാനാകുമെന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടാനിരിക്കുന്ന ഏറ്റവുംവലിയ ഭീഷണിയെന്ന് ഡോ. ബി ആർ അംബേദ്കർ ഭരണഘടനാ നിർമാണവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർത്തമാനകാലത്ത് അക്ഷരാർഥത്തിൽ അത് നടപ്പായിക്കൊണ്ടിരിക്കുന്നു. ഭരണാധികാരികൾ ഭരണഘടനാമൂല്യങ്ങളെ മാനിക്കുന്നില്ലെങ്കിൽ എത്ര മികവുറ്റ ഭരണഘടനകൊണ്ടും നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനാകില്ലെന്ന അദ്ദേഹത്തിന്റെ നിഗമനത്തെയും നമ്മുടെ കാലം ശരിവയ്ക്കുന്നു. രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഉൾപ്പെട്ട ഒരു തത്വമാണ് ജനാധിപത്യത്തിന്റെ ശരിയായ ഉള്ളടക്കമെന്ന ആശയത്തിൽനിന്ന്, രാഷ്ട്രീയ ജനാധിപത്യംപോലും ഒരു പുറന്തൊണ്ട് മാത്രമായി കഴിഞ്ഞ പതനത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നു. സാമ്പത്തികവും സാമൂഹ്യവുമായ ജനാധിപത്യമാകട്ടെ ജീവിതത്തിന്റെ വിദൂര ചക്രവാളത്തിൽനിന്നുപോലും മാഞ്ഞുപോയിരിക്കുന്നു.

പുറന്തൊണ്ടായി മാറുന്ന ജനാധിപത്യം
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനു പിന്നാലെ സഭാസമ്മേളനങ്ങളുടെ പ്രവർത്തന കാലയളവിനെക്കുറിച്ച് വിശദീകരിക്കുന്ന ചില വാർത്തകൾ പുറത്തുവന്നിരുന്നു (ഹിന്ദു ദിനപത്രം, 12.4.2023). അതനുസരിച്ച് സ്വതന്ത്ര ഇന്ത്യയിലെ അഞ്ചുവർഷം പൂർത്തിയാക്കിയ സഭകളിൽ ഏറ്റവും കുറവ് ദിവസം സമ്മേളിച്ചത് നിലവിലെ 17–-ാം ലോക്‌സഭയാണ്. കാലാവധി തീരാൻ ഒരുവർഷംമാത്രം ബാക്കിനിൽക്കെ ഇതുവരെ 230 ദിവസമാണ് സമ്മേളിച്ചത്. പ്രതിവർഷം ശരാശരി 58 ദിവസംമാത്രം. തൊട്ടുമുമ്പുള്ള 16–-ാം ലോക്‌സഭ സമ്മേളിച്ചത് 331 ദിവസമാണ്. 17–-ാം ലോക്‌സഭ അതിനെ മറികടക്കാൻ സാധ്യതയില്ലെന്ന് ആ റിപ്പോർട്ട് പറയുന്നു. അതനുസരിച്ച് ഏറ്റവും കുറച്ചു ദിവസം സമ്മേളിച്ച സഭയായി നിലവിലുള്ള  സഭ മാറിത്തീരുമെന്നും. 1952-–-1970ൽ ശരാശരി 120 ദിവസം സമ്മേളിച്ചിരുന്നതിൽനിന്ന് നേർപകുതിയിൽ താഴേക്ക് (58) സമ്മേളന ദിവസങ്ങൾ എത്തിയിരിക്കുന്നു. ഏറ്റവുമൊടുവിലെ സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടതിന്റെ 33 ശതമാനം സമയം മാത്രമാണ് ലോക്‌സഭ പ്രവർത്തിച്ചത്. രാജ്യസഭ 24 ശതമാനവും.

സഭ സമ്മേളിക്കുന്ന ദിവസങ്ങളിലെ ഈ കുറവ് ഒട്ടും യാദൃച്ഛികമല്ല. സമകാലിക ഇന്ത്യയിൽ ജനാധിപത്യം ഒരു പുറന്തൊണ്ട് മാത്രമായി എങ്ങനെ മാറിത്തീർന്നിരിക്കുന്നു എന്നതിന്റെ വിശദീകരണംകൂടിയാണ് അതിലുള്ളത്. സഭ സമ്മേളിക്കുമ്പോൾത്തന്നെ അത് ജനാധിപത്യത്തിന്റെ വിശാലമൂല്യങ്ങളെ ഉൾക്കൊള്ളുന്ന നിലയിലല്ലെന്ന കാര്യവും ഇവിടെ ശ്രദ്ധിക്കണം. കേവല ഭൂരിപക്ഷംമാത്രം മാനദണ്ഡമാകുന്ന ഇപ്പോഴുള്ള അതിന്റെ പ്രവർത്തനരീതിയെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാൻ ആകുകയുമില്ല. ‘വ്യത്യസ്തമായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശം' എന്നുമാണ് ജനാധിപത്യത്തെ അംബേദ്കർ വിശദീകരിച്ചത്. "മെജോറിറ്റേറിയനിസം' എന്ന് വിശദീകരിക്കപ്പെടുന്ന കേവല ഭൂരിപക്ഷവാദത്തിനെതിരെ, വിയോജിക്കാനുള്ള അവകാശത്തെ ജനാധിപത്യത്തിന്റെ ഹൃദയ തത്വമായി അവതരിപ്പിക്കുന്ന ഒരു സമീപനമാണ് അംബേദ്കർ മുന്നോട്ടുവച്ചത്.

ഫാസിസത്തിന്റെ മറ
കേവല ഭൂരിപക്ഷവാദമായി ചുരുക്കിയാൽ ജനാധിപത്യത്തെത്തന്നെ ഫാസിസത്തിന്റെ മറയായി ഉപയോഗിക്കാനാകും. ഇന്ത്യൻ പാർലമെന്റിന്റെ സമീപകാല പ്രവർത്തനരീതികൾ അതിലേക്ക്‌ വിരൽ ചൂണ്ടുന്നതാണ്. പാർലമെന്റിലെ കേവല ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനാ വ്യവസ്ഥകളെത്തന്നെ അട്ടിമറിക്കുന്നതിനടക്കം നാം സമീപകാലത്ത്‌ സാക്ഷ്യംവഹിക്കുകയുണ്ടായി. കശ്മീരിന്റെ സവിശേഷപദവി എത്രയോ വിപുലമായ ചർച്ചകളിലൂടെയാണ് ഭരണഘടനാ അസംബ്ലി തീരുമാനിച്ചത്. ആ ഭരണഘടനാ തത്ത്വം ഒരു ദിവസംകൊണ്ട് റദ്ദുചെയ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ബില്ലുകൾ കേവല ഭൂരിപക്ഷത്തിന്റെ മറവിൽ പാസാക്കിക്കൊണ്ടേയിരിക്കുന്നു. പിൻവലിക്കപ്പെട്ട കർഷക ബില്ലും പുത്തൻ വിദ്യാഭ്യാസനയവുമെല്ലാം ഇങ്ങനെയാണ് നിലവിൽവന്നത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഉറപ്പാക്കുന്ന ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തിനുമേലുള്ള കടന്നാക്രമണങ്ങൾ കൂടിയായിരുന്നു ആ നിയമങ്ങൾ. സംസ്ഥാനങ്ങളുടെ കാര്യനിർവഹണത്തിന്റെ പരിധിയിൽവരുന്ന കാര്യങ്ങളിൽ ഭരണപരമായ ഉത്തരവുകളിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സ്ഥിതിവരെ ഇന്നുണ്ടായിട്ടുണ്ട്. ഇനിയുള്ള ഒന്നോ രണ്ടോ പതിറ്റാണ്ടുകാലം ഇന്ത്യയിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കാകെ അടിത്തറയൊരുക്കുന്ന നയമാണ് 2020-ൽ പുത്തൻ വിദ്യാഭ്യാസനയം (എൻഇപി) എന്നപേരിൽ അവതരിപ്പിക്കപ്പെട്ടത്. അതെവിടെയും ചർച്ചചെയ്യപ്പെട്ടില്ല. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ ചർച്ചചെയ്തില്ല. അധ്യാപകരോടോ, വിദ്യാർഥികളോടോ, വിദ്യാഭ്യാസവിചക്ഷണരോടോ, പൊതുസമൂഹത്തോടോ അതുസംബന്ധിച്ചുള്ള കൂടിയാലോചനകൾ നടന്നില്ല. കേവല ഭൂരിപക്ഷം ഉപയോഗിച്ച് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ദീർഘകാല നയങ്ങൾവരെ അടിച്ചേൽപ്പിക്കാൻ തുനിയുമ്പോൾ പാർലമെന്റും പാർലമെന്ററി ജനാധിപത്യവും നോക്കുകുത്തിപോലുമല്ലാതാകും.

പരിശോധനകൾ റദ്ദാക്കി
പാർലമെന്റിന്റെ പ്രവർത്തനത്തിൽ സമീപകാലത്ത് പ്രകടമായ മറ്റൊരു പ്രവണത ചർച്ചകളുടെയും ഉപസമിതികളുടെ സൂക്ഷ്മപരിശോധനയെയും സമ്പൂർണമായി റദ്ദാക്കുന്ന രീതിയാണ്. ഓരോ ബില്ലിന്റെയും വിശദാംശം സൂക്ഷ്മമായി പരിശോധിച്ച് അന്തിമാംഗീകാരം നൽകുന്ന രീതി മിക്കവാറും അവസാനിച്ചിരിക്കുന്നു. പാർലമെന്ററി ഉപസമിതികളുടെ വിശദ പരിശോധനയ്ക്ക് പുതിയ നിയമനിർമാണങ്ങൾ വിധേയമാകുന്നില്ല. പാർലമെന്റിലാകട്ടെ കേവല ഭൂരിപക്ഷത്തിന്റെ ബലത്തിൽ എന്തും തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. പിൻവലിക്കപ്പെട്ട കർഷക ബിൽ രാജ്യസഭ പാസാക്കിയതായി പ്രഖ്യാപിച്ച സന്ദർഭത്തിലെന്നപോലെ, സഭയിൽ ഭൂരിപക്ഷമില്ലാത്തപ്പോൾ കൃത്രിമമായി ഭൂരിപക്ഷം ഉണ്ടെന്ന് നടിക്കാനും അതിന്റെ ബലത്തിൽ നിയമനിർമാണത്തിലേർപ്പെടാനും മടിയില്ലാത്ത സർക്കാരായി മാറിക്കഴിഞ്ഞു. ജനാധിപത്യം തങ്ങളുടെ ഇച്ഛയുടെ നിർവഹണം മാത്രമാണെന്ന് കരുതുകയും ഭരണഘടനാപരമായ സ്ഥാപന സംവിധാനങ്ങളെല്ലാം അപ്രസക്തമോ അനാവശ്യമോ ആയി വിലയിരുത്തി അവയെ എത്രയും ക്രമവിരുദ്ധമായി മറികടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇപ്പോൾ സ്വാഭാവികമായിത്തീർന്നിരിക്കുന്നു.


സാർവത്രികത്തകർച്ച
നമ്മുടെ ജനാധിപത്യപ്രക്രിയയിലെ ആധാരങ്ങൾ സ്വതന്ത്രവും സ്വയംപര്യാപ്തവും ഭരണഘടനാപരമായ സ്ഥാപന സംവിധാനങ്ങളാണ്. നിയമനിർമാണസഭ, കോടതി ഭരണനിർവഹണ വിഭാഗം എന്നീ സ്ഥാപനങ്ങളിൽ അവസാനത്തേതായ ഭരണനിർവഹണവിഭാഗം ഇതര വിഭാഗങ്ങളെ വിഴുങ്ങുന്നതിന്റെ ചിത്രമാണ് നമുക്കുമുന്നിൽ പടിപടിയായി ഇതൾ വിരിഞ്ഞുവരുന്നത്. നിയമനിർമാണാധികാരമുള്ള പാർലമെന്റിന്റെയും നീതിന്യായനിർവഹണത്തിന് ചുമതലപ്പെട്ട കോടതിയുടെയും അധികാരമേഖലകളിലേക്ക് ഭരണനിർവഹണവിഭാഗമായ എക്സിക്യൂട്ടീവ് കൂടുതൽ കൂടുതൽ കടന്നുകയറിക്കൊണ്ടിരിക്കുന്നു. സർവാധികാരിയായ നേതാവിന്റെ ഇംഗിതങ്ങൾ നടപ്പാക്കുന്ന ഭരണനിർഹണവിഭാഗംമാത്രം ബലിഷ്ഠമായി തുടരുകയും ഇതര ഘടകങ്ങൾ അത്യന്തം ദുർബലമായ അനുബന്ധങ്ങളായി മാറുകയും ചെയ്യുന്നതോടെ ജനാധിപത്യം ഫലത്തിൽ അമിതാധികാരത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കുമുള്ള വഴികൾ തുറക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ നാമിപ്പോൾ അഭിമുഖീകരിക്കുന്ന സ്ഥിതിവിശേഷം മറ്റൊന്നല്ല. കാലാവധി പൂർത്തിയാക്കിയ ന്യായാധിപന്മാർ തൊട്ടടുത്ത ദിവസംതന്നെ നാനാതരം പദവികൾക്കും ഭരണകൂടത്തിന്റെ ഔദാര്യത്തിനുമായി കാത്തുനിൽക്കുന്നതിന്റെ ചിത്രങ്ങൾ നമ്മോട് വിളിച്ചുപറയുന്നതും മറ്റൊന്നല്ല. ജനാധിപത്യത്തിന്റെ നാലാം തൂണായി വാഴ്ത്തപ്പെട്ട മാധ്യമലോകം മൂലധന താൽപ്പര്യങ്ങളുടെയും മത വർഗീയവാദികളുടെയും ദാസ്യവേലയിൽ എത്തിപ്പെട്ടതിന്റെ ചിത്രം എത്രയും പ്രകടവുമാണ്.

വിനാശകരമായ ഈ പ്രക്രിയയുടെ മറ്റൊരു രൂപമാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ സമ്പൂർണമായ തകർച്ചയും വിവിധ അന്വേഷണ ഏജൻസികളുടെ നഗ്നമായ ദുരുപയോഗവും. തെരഞ്ഞെടുപ്പുകമീഷനും സിഎജിയും മുതൽക്കിങ്ങോട്ടുള്ള ഒട്ടുമിക്കവാറും ഭരണഘടനാ സ്ഥാപനങ്ങൾ സർക്കാരിന്റെ കീഴ്‌ സ്ഥാപനങ്ങളുടെ നിലവാരത്തിലെത്തി കഴിഞ്ഞു. അന്വേഷണ ഏജൻസികൾ രാഷ്ട്രീയവേട്ടയുടെ ഉപകരണമായി തീർന്നതിന് ഇതിലും വലിയ ദൃഷ്ടാന്തങ്ങൾ ഒരുകാലത്തും ഉണ്ടായിട്ടില്ല. 2014 മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളിൽ 95 ശതമാനവും രാഷ്ട്രീയ എതിരാളികൾക്ക്‌ എതിരെയാണെന്ന് സമീപകാലത്ത് ചൂണ്ടിക്കാണിക്കപ്പെട്ടത് ഒരുദാഹരണം. "തെരഞ്ഞെടുപ്പ് വഴിയുള്ള സമഗ്രാധിപത്യം' നടപ്പാകുന്നത് ജനാധിപത്യത്തിലെ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടാണെന്ന രാഷ്ട്രീയ ചിന്തകർ ചൂണ്ടിക്കാണിച്ചിട്ടുള്ളതിന്റെ മികച്ച മാതൃകയാണ് ഇന്നത്തെ ഇന്ത്യ.

ജനാധിപത്യപ്രക്രിയയിലെ ഈ സാർവത്രികത്തകർച്ചയെ വെളിവാക്കുന്ന വിധത്തിൽ, സ്വാതന്ത്ര്യസൂചികയിലെ (ഹ്യൂമൻ ഫ്രീഡം ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം 2013-ൽ 90 ആയിരുന്നത് 2021-ൽ 119-ലേക്ക് നിലംപൊത്തി. ജനാധിപത്യത്തിന്റെ വ്യത്യസ്ത മാതൃകകൾ പഠനവിധേയമാക്കുന്ന സ്വീഡനിലെ പഠനസമിതി കഴിഞ്ഞ 10 വർഷത്തിനിടയിൽ "ഏറ്റവും ചീത്തയായ ജനാധിപത്യമാതൃക'യുടെ (Worst Democracy) ഗണത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമെന്ന വിഭാഗത്തിലാണ് ഇന്ത്യൻ ജനാധിപത്യത്തെ ആ പഠനം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ സമ്പൂർണ പതനത്തിന്റെ അടയാളമാണ് അനുദിനം നമുക്കുചുറ്റും പടരുന്ന വെറുപ്പും വിദ്വേഷവും. ആൾക്കൂട്ടക്കൊലകളും വ്യാജമായ ഏറ്റുമുട്ടൽക്കൊലകളുംമുതൽ മതത്തെ മുൻനിർത്തിയുള്ള വേട്ടയാടലുകൾവരെയായി നിയമവാഴ്ചയുടെ തകർച്ചയുടെ ചിത്രം ഓരോ ദിവസവും ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഗ്രാമ–- -നഗര ഭേദമില്ലാതെ, ഇന്ത്യൻ ജീവിതപരിസരത്തെ പതിവുകാഴ്ചയായി അത്‌ മാറിക്കൊണ്ടിരിക്കുന്നു. അരനൂറ്റാണ്ടുമുമ്പ്‌ ഒരൊറ്റ രാത്രിയിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം സ്തബ്ധമായിത്തീർന്നതെങ്കിൽ, ഇന്നത് അനുദിനം പടിപടിയായി മരിക്കുകയാണ്. നിത്യേന അരങ്ങേറുന്ന ഈ ജനാധിപത്യ ഹിംസയുടെ നാനാതരം അടയാളങ്ങളാണ് മുകളിൽ പറഞ്ഞതെല്ലാം. ഒരു നൂറ്റാണ്ടുനീണ്ട വിമോചനപ്പോരാട്ടങ്ങളിലൂടെ കൈവരിച്ച് ദേശീയ സ്വാതന്ത്ര്യത്തെയും ജനാധിപത്യസംവിധാനങ്ങളെയും സംരക്ഷിക്കാനുള്ള അന്തിമശ്രമങ്ങൾക്കുള്ള സമയമായി എന്നതാണ് ഇതെല്ലാം നമ്മോടു പറയുന്നത്. സാർവദേശീയഗാനം പറയുന്നതുപോലെ "ഒടുവിലത്തെ യുദ്ധമായ നിലയെടുത്തു നിൽക്കുവിൻ' എന്ന് ചരിത്രത്തിന്റെ ആഹ്വാനം ചുറ്റും മുഴങ്ങുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top