29 March Friday

രാഷ്‌ട്രശരീരത്തിന്റെ വർഗീയവൽക്കരണം - സുനിൽ പി ഇളയിടം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

മറ്റൊരു ബാബ്‌റി മസ്ജിദിന് അരങ്ങൊരുങ്ങുകയാണ്. കാശിയിലെ ജ്ഞാൻവാപി പള്ളിയിൽ നടത്തിയ സർവേയിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുവിഭാഗം അഭിഭാഷകന്റെ പ്രഖ്യാപനവും തുടർന്ന് ആ ഭാഗം അടച്ചുപൂട്ടാനുള്ള വാരാണസി കോടതിയുടെ ഉത്തരവും വിരൽചൂണ്ടുന്നത് മറ്റൊന്നിലേക്കുമല്ല. ജ്ഞാൻവാപി പള്ളിയുടെ മതിലിനോടു ചേർന്നുള്ള ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്ന ആവശ്യവും അതേത്തുടർന്ന് പള്ളിയിൽ സർവേ നടത്താനുള്ള കോടതിയുത്തരവും ശിവലിംഗത്തിന്റെ കണ്ടെത്തലും അടച്ചുപൂട്ടൽ ഉത്തരവുമെല്ലാംചേർന്ന് "അതേ കഥയുടെ പുനരാവർത്തനം' എന്നു പറയാവുന്നനിലയിൽ ബാബ്‌റി മസ്ജിദിന്റെ ചരിത്രത്തെ ആവർത്തിക്കുന്നുണ്ട്. കാശിയും മഥുരയും അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ്‌ ദേശീയരാഷ്ട്രീയത്തിലെ മുഖ്യവിഷയമായി ഉയർത്താനുള്ള വർഗീയവാദികളുടെ ആസൂത്രിതശ്രമമായി ഇതിനെ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉചിതമായ ഇടപെടൽ നടത്തിയില്ലെങ്കിൽ മാരകമായ മറ്റൊരു വർഗീയ വിഭജനത്തിലേക്കാകും രാഷ്ടം ചുവടുവയ്ക്കുക. ഇപ്പോൾ, കേസ്‌ സിവിൽ മജിസ്‌ട്രേട്ട്‌ കോടതിയിൽനിന്ന്‌ ജില്ലാ കോടതിയിലേക്ക്‌ മാറ്റണമെന്നും പള്ളിയിൽ നമസ്‌കാരം തുടരാമെന്നും പ്രവേശനം  തടയരുതെന്നും മാത്രമേ സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിട്ടുള്ളൂ. സർവേ അനുവദിച്ച കീഴ്‌ക്കോടതിയുടെ മുൻ ഉത്തരവ്‌  അസ്ഥിരപ്പെടുത്തിയില്ല.

ഇന്ത്യൻ ജനാധിപത്യം നേരിടാനിരിക്കുന്ന വലിയ വെല്ലുവിളികളിൽ ഒന്നിനെക്കുറിച്ച് ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളുടെ സന്ദർഭത്തിൽ ഡോ. ബി ആർ അംബേദ്കർ നൽകിയ സൂചന ഇവിടെ പ്രധാനമാണ്. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷംകൊണ്ട് പകരംവയ്ക്കാമെന്ന സാധ്യത ഇന്ത്യയിൽ നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭൂരിപക്ഷം തുറന്നതും അസ്ഥിര സ്വഭാവമുള്ളതുമാണ്. അതിലേക്ക് പുതിയ ആളുകൾക്ക് കടന്നുവരാനും അതിന്റെ പ്രകൃതത്തെ മാറ്റാനുംകഴിയും. വർഗീയ ഭൂരിപക്ഷമാകട്ടെ അടഞ്ഞതും സ്ഥിരസ്വഭാവമുള്ളതുമാണ്. പുറത്തുള്ളവർക്ക് അതിൽ കടക്കാനാകില്ല. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷം പകരംവയ്ക്കുമ്പോൾ ജനാധിപത്യം ഭൂരിപക്ഷവാദമായി (മെജോറിറ്റേറിയനിസം) പരിണമിക്കും. ജനാധിപത്യത്തെ പുറംതൊണ്ടു മാത്രമാക്കി മാറ്റുന്ന ഭൂരിപക്ഷവാദം ഫാസിസത്തിലേക്കുള്ള ചവിട്ടുപടിയാണ്.


 

ഭരണഘടനാപരമായ ധാർമികതയെന്ന തന്റെ സവിശേഷസങ്കൽപ്പം ഡോ. അംബേദ്കർ മുന്നോട്ടുവച്ചത് ഈ സന്ദർഭത്തിലാണ്. ഭരണഘടനാപരമായ അടിസ്ഥാനമൂല്യങ്ങൾ- –-ജനാധിപത്യം, നീതി, സാഹോദര്യം, സമത്വം, മതനിരപേക്ഷത തുടങ്ങിയവ -സമൂഹത്തിലാകെ വ്യാപിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ അടിസ്ഥാനമൂല്യങ്ങളെ മുൻനിർത്തി ഭരണനിർവഹണം നടക്കുകയെന്നത് രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് സാമൂഹ്യബോധത്തിൽ കാര്യമായ ഇടംകിട്ടാതെ വരികയും  ഭരണനിർവഹണം ഭരണഘടനാപരമായ മൂല്യങ്ങൾക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതോടെ ഫലത്തിൽ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന ഒന്നായി ഭരണം മാറിത്തീരും. ഇന്ത്യൻ ജനാധിപത്യം നേരിടാനിരിക്കുന്ന വലിയ പ്രതിസന്ധിയും ആപൽസാധ്യതയുമാണ് ഇതെന്ന് ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചു.

ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളി കൃത്യമായും ഇതുതന്നെയാണ്. ഹൈന്ദവ വർഗീയശക്തികൾ മേൽപ്പറഞ്ഞ രണ്ടു വഴിയിലൂടെയും ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുകയാണ്. ഒരുഭാഗത്ത് ആധുനിക ജനാധിപത്യസമൂഹമായി ഇന്ത്യയെ നിലനിൽക്കാൻ അനുവദിക്കാത്തവിധത്തിൽ തീവ്രവർഗീയതയുടെ ആശയങ്ങൾ സാമൂഹ്യാവബോധത്തിൽ ഉറപ്പിക്കുകയും സമൂഹത്തെ അപ്പാടെ വർഗീയമായി വിഭജിക്കുകയും ചെയ്യുക. മറുഭാഗത്ത് ഭരണനിർവഹണത്തിന്റെ എല്ലാ തലത്തിലും ഭരണഘടനാപരമായ അടിസ്ഥാനതത്ത്വങ്ങളെ നിർബാധം ലംഘിക്കുക. ഇരുതലത്തിലൂടെയുമുള്ള ഈ കടന്നാക്രമണം ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയുടെ അടിവേരുകൾവരെ പറിച്ചുമാറ്റുന്നതിനെയാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

ദേശീയപ്രസ്ഥാനത്തിന്റെ കാലംമുതൽത്തന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ സാമൂഹ്യാവബോധത്തിൽ ദുർബലമാക്കാനും തകർക്കാനുമുള്ള ശ്രമങ്ങളിലാണ് ഹിന്ദുത്വശക്തികൾ ഏർപ്പെട്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാനമൂല്യങ്ങൾക്കുപകരം മതാത്മകമായ ദേശീയതാ സങ്കൽപ്പത്തെ ഉയർത്തിക്കൊണ്ടുവന്ന് ജനാധിപത്യത്തെ തകർക്കാനാണ് അവർ അക്കാലത്ത് മുതിർന്നത്. ഇന്ത്യയെ പിതൃഭൂമിയും പുണ്യഭൂമിയുമായി കാണുന്നവർക്കാണ് ഇന്ത്യൻ പൗരത്വം സ്വാഭാവികമായി കൈവരികയെന്ന സവർക്കറുടെ വീക്ഷണത്തിന്റെ അടിസ്ഥാനം ഇതുതന്നെയാണ്. പിൽക്കാലത്ത് ഗോസംരക്ഷണവും ഹിന്ദിയും രാമക്ഷേത്രവും ദേശീയതയും ഉൾപ്പെടെയുള്ള നിരവധി വിഷയത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ അകമേ തകർക്കാൻ വർഗീയശക്തികൾ ശ്രമിക്കുകയും വലിയൊരളവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഉൾക്കൊള്ളലിൽ അധിഷ്ഠിതവും ബഹുഭാവനിഷ്ഠവുമായ സമൂഹമെന്ന, ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയത്തിനു പകരം വകഞ്ഞുമാറ്റലിലും പുറത്താക്കലിലും അധിഷ്ഠിതമായ മതരാഷ്ട്രസങ്കൽപ്പത്തെ മേൽപ്പറഞ്ഞ ഓരോ സന്ദർഭത്തിലും ശക്തിപ്പെടുത്താനും ഹൈന്ദവ വർഗീയവാദം ശ്രമിച്ചുപോന്നു.


 

ഈ മതരാഷ്‌ട്രബോധത്തെ ദൃഢീകരിക്കാനുള്ള ഹൈന്ദവവർഗീയതയുടെ ആസൂത്രിതശ്രമങ്ങളാണ് സമീപകാലത്ത് നാം കണ്ടത്. ഒരുഭാഗത്ത് രാമക്ഷേത്രനിർമാണത്തെ ഒരു ദേശീയസംഭവമായി അവതരിപ്പിക്കുക. മറുഭാഗത്ത് രാമനവമി മുതലുള്ള നാനാതരം ആഘോഷങ്ങളെ മുസ്ലിംവേട്ടയുടെ ഉപകരണമാക്കി മാറ്റുക. ഇതുരണ്ടും ഒരുമിച്ചുനടത്തിക്കൊണ്ട് ഹിന്ദുരാഷ്ട്രമെന്ന ആശയത്തെ പരമാവധി ശക്തിപ്പെടുത്തുകയും അതിനുതകുന്നവിധത്തിൽ മുസ്ലിം വിദ്വേഷത്തിന് തീപിടിപ്പിക്കലുമാണ് ഹൈന്ദവവർഗീയവാദം ചെയ്യുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ രാഷ്ട്രീയ കാര്യപരിപാടിയുടെ അടിത്തറയൊരുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹിന്ദിയെ ദേശീയ ഭാഷയായി അവതരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളെ ഇതിനു തുണയായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി തങ്ങളുടെ വർഗീയവിഭജനയുക്തിക്ക് ദേശീയതയുടെ പരിവേഷം നൽകാൻ കഴിയുമെന്നാണ് ഹിന്ദുത്വശക്തികൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള ധാരണകളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഹൈന്ദവവർഗീയവാദം എത്രയോ കാലമായി അവരുടെ രാഷ്ട്രീയ കാര്യപരിപാടി വികസിപ്പിച്ചുപോന്നിട്ടുള്ളത്. ‘സാംസ്കാരികദേശീയത' എന്ന ആശയത്തെ മുൻനിർത്തി കെട്ടിപ്പടുക്കുന്ന ദേശീയതാസങ്കൽപ്പമായാലും ഇന്ത്യൻ ഭൂതകാലത്തെ അപ്പാടെ മതവൽക്കരിക്കുന്ന സമീപനമായാലും മധ്യകാലത്തെ "ഇസ്ലാമിക അധിനിവേശ'ത്തിന്റെ കാലമായി അവതരിപ്പിക്കുന്നതിലായാലും പ്രൊഫ. ബിപൻചന്ദ് ചൂണ്ടിക്കാട്ടിയതുപോലെ വളച്ചൊടിക്കപ്പെട്ട ചരിത്രമാണ് ഹൈന്ദവ വർഗീയതയുടെ പ്രത്യയശാസ്ത്ര ഉപകരണം. ഈ വളച്ചൊടിക്കലുകൾക്ക് അത് ആശ്രയിക്കുന്നത് സാമ്രാജ്യത്വവാദികളായ ചരിത്രകാരൻമാർ ജന്മംനൽകിയ ധാരണകളെയാണുതാനും.

ബാബ്റി മസ്ജിദിനെ മുൻനിർത്തി അരങ്ങേറിയ വർഗീയവൽക്കരണത്തിനു പിന്നാലെ കാശിയെയും മഥുരയെയും മുൻനിർത്തി ഇപ്പോഴവർ ആസൂത്രണംചെയ്യാൻ ശ്രമിക്കുന്ന പുതിയ വർഗീയ അജൻഡകളുടെയും വേര് ചരിത്രത്തിൽത്തന്നെയാണ്. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രത്തിന് പകരംവയ്ക്കുക, ഭൂതകാലത്തിലെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രക്രിയകളെ അപ്പാടെ മതപരമായി മാത്രം അവതരിപ്പിക്കുക, ഭൂതകാലസംഭവങ്ങൾക്ക് വർത്തമാനത്തിൽ പകരംചോദിക്കാനും പകവീട്ടാനും ശ്രമിക്കുക എന്നിങ്ങനെ തലകീഴായ ചരിത്രബോധത്തിന്റെ അടിത്തറയായി മതത്തെ നിലനിർത്തിക്കൊണ്ടാണ് ഹൈന്ദവവർഗീയത എക്കാലത്തും അതിന്റെ രാഷ്‌ട്രീയോർജം സമാഹരിച്ചിട്ടുള്ളത്. ഇന്ത്യൻ ദേശീയതാസങ്കൽപ്പത്തെയും ഭരണകൂടത്തെയും മതവൽക്കരിക്കുന്നതിനു പിന്നിലെ പ്രധാന ആയുധവും മറ്റൊന്നല്ല.


 

ഇന്ത്യൻ ദേശീയപ്രസ്ഥാനം 1920-കൾ മുതൽ അതിന്റെ ദേശീയതാസങ്കൽപ്പത്തിന്റെ കാതലായി നിലനിർത്തിയത് മതനിരപേക്ഷവും ബഹുസ്വരവുമായ ഇന്ത്യൻ സമൂഹമെന്ന കാഴ്ചപ്പാടിനെയാണ്. "ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന ഇന്ത്യൻ ഭരണഘടനയിലെ ഒന്നാംഭാഗത്തിലെ ഒന്നാംവാക്യം ഈ ദേശീയതാസങ്കൽപ്പത്തെയാണ് ഉൾക്കൊള്ളുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയായിത്തീർന്നത് ഈ ദേശീയതാസങ്കൽപ്പമാണ്. 19–-ാം ശതകത്തിന്റെ രണ്ടാം പകുതിമുതൽ പല രൂപത്തിൽ വികസിച്ചുവന്ന ദേശീയതാ ഭാവനകളിൽ പ്രബലമായിരുന്ന മതാത്മക രാഷ്‌ട്രമെന്ന ആശയത്തെ പിന്തള്ളിക്കൊണ്ടാണ് 1920-കൾ മുതൽ മതനിരപേക്ഷ, ജനാധിപത്യ, ബഹുസ്വരസമൂഹമെന്ന ആശയം ഉയർന്നുവന്നതും അത് ഇന്ത്യൻ ദേശീയതയുടെയും ഭരണഘടനയുടെയും അടിത്തറയായി മാറിയതും. അതുകൊണ്ട്, മതപരമോ, ഭാഷാപരമോ, സാംസ്കാരികമോ ആയ ഏകത ഇന്ത്യൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ഏതു ശ്രമവും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനും ഭരണഘടനാദർശനത്തിനും എതിരാണ്. ഭരണ ഘടനാവിരുദ്ധമായ ഈ ഏകാത്മകതയെ ഇന്ത്യയുടെ ഔപചാരികഘടനയാക്കി മാറ്റാനുള്ള ആസൂത്രിതശ്രമങ്ങളാണ് ഹൈന്ദവവർഗീയവാദികൾ നടത്തിപ്പോരുന്നത്. ഒരു രാഷ്ടം, ഒരു ഭാഷ, ഒരു സംസ്കാരം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുടെ മറപറ്റിനിന്ന് അവർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മതപരമായ ഏകാത്മകതയെയും മതരാഷ്ട്രപരമായ ഭരണകൂട സങ്കൽപ്പത്തെയുമാണ്.

-ഇങ്ങനെ, ഒരുഭാഗത്ത് പൊതുസമൂഹത്തിന്റെ സാമാന്യബോധത്തെ ആഴത്തിൽ വർഗീയവൽക്കരിക്കുകയും ഭരണഘടനാപരമായ ധാർമികതയ്ക്ക് ഒരിടവുമില്ലാത്ത ഒന്നാക്കി അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുക; മറുഭാഗത്ത് ഭരണനിർവഹണം സമ്പൂർണമായി ഭരണഘടനാ തത്ത്വങ്ങൾക്കെതിരായി നടത്തുക. ഒരേസമയം ഈ ഇരുതലത്തിലുമുള്ള പ്രവർത്തനം ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനുമുള്ള ആസൂത്രിതശ്രമമാണ് ഹൈന്ദവവർഗീയവാദികളുടേത്.

ദ്വിമുഖമായ ഈ കടന്നാക്രമണത്തിനെതിരായ പ്രതിരോധം തീർക്കുകയെന്നതാണ് ഇന്ത്യയിലെ ജനാധിപത്യവാദികൾക്കു മുന്നിലെ ദൗത്യം. ഭരണഘടനാസ്ഥാപനങ്ങളെ അവയുടെ സവിശേഷാധികാരങ്ങളോടെ നിലനിർത്തുക, പൊതുസമൂഹത്തിൽ ആധുനികമായ ജനാധിപത്യാവബോധത്തിലേക്ക് ആനയിക്കുക. ഈ ഇരട്ടദൗത്യത്തിന്റെ നിർവഹണത്തിൽ ജനാധിപത്യശക്തികൾ നേടുന്ന വിജയമാണ് രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുക. സാമ്രാജ്യത്വവിരുദ്ധ ദേശീയപ്രസ്ഥാനം ആധുനിക ഇന്ത്യക്ക്‌ ജന്മം നൽകിയതുപോലെ പുതിയൊരു ഇന്ത്യയുടെ പിറവിക്ക് വഴിതുറക്കാൻ ഈ ബഹുജനപ്രസ്ഥാനത്തിനു കഴിയും. അതിനായുള്ള പരിശ്രമങ്ങളിലാണ് ഭാവി ഇന്ത്യ നിലകൊള്ളുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top