27 April Saturday

സുകേഷിന്റെ തട്ടിപ്പുലോകം

സാജൻ എവുജിൻUpdated: Thursday Sep 22, 2022

മുൻ മുഖ്യമന്ത്രിയുടെ മകൻ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ, മുൻ സുപ്രീംകോടതി ജഡ്‌ജി, സിബിഐ ഉദ്യോഗസ്ഥൻ, കേന്ദ്ര നിയമസെക്രട്ടറി എന്നിങ്ങനെ സുകേഷ്‌ ചന്ദ്രശേഖർ കെട്ടാത്ത വേഷങ്ങളില്ല. 2017 മുതൽ ജയിലിലാണ്‌ സുകേഷ്‌. ജയിലിൽ കിടക്കുമ്പോഴും പ്രമുഖരെ കബളിപ്പിച്ച്‌ ശതകോടികൾ തട്ടിയ സുകേഷിന്റെ കഥ രാജ്യത്തെ  ഭരണ, നിയമപരിപാലന, അന്വേഷണ സംവിധാനങ്ങളിലെ പാളിച്ചകളും ദൗർബല്യങ്ങളും വെളിപ്പെടുത്തുന്നതാണ്‌. ബംഗളൂരുവിൽ ജനിച്ചുവളർന്ന, മുപ്പത്തിമൂന്നുകാരനായ സുകേഷ്‌ എന്ന ബാലാജി എന്ന ശേഖർ റെഡ്ഡി  മുപ്പതിൽപ്പരം ക്രിമിനൽ കേസിൽ പ്രതിയാണ്‌. ബോളിവുഡ്‌ നടിമാരടക്കം ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസിൽ ഡൽഹി പൊലീസ്‌ അറസ്റ്റുചെയ്‌തതോടെയാണ്‌ ഇയാളുടെ ഭൂതകാലം ശ്രദ്ധ നേടിയത്‌.

സാമ്പത്തിക തിരിമറി കേസുകളിൽ പ്രതിയായ ഫോർട്ടിസ്‌ ഹെൽത്ത്‌ കെയർ പ്രൊമോട്ടർ ശിവീന്ദർ സിങ്ങിനെ രക്ഷപ്പെടാൻ സഹായിക്കാമെന്നു ധരിപ്പിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യ ആദിതി സിങ്ങിൽനിന്ന്‌ 200 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ 2021ലാണ്‌ ഡൽഹി പൊലീസ്‌ ജയിലിൽ സുകേഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്‌.  താൻ നിയമ സെക്രട്ടറിയാണെന്നും പാർടിഫണ്ടിലേക്ക്‌ ഇത്രയും പണം നൽകിയാൽ ശിവീന്ദർ സിങ്ങിനെ കേസുകളിൽനിന്ന്‌ ഊരിയെടുക്കാമെന്നും സുകേഷ്‌ അദിതി സിങ്ങിനെ വിശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെയും  അന്നത്തെ നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെയും ഓഫീസുകളിൽനിന്നെന്ന പേരിൽ അദിതിക്ക്‌  ഫോൺ കോളുകൾ ലഭിച്ചു.  ഹവാല ശൃംഖലവഴി  പണം നൽകിയിട്ടും കാര്യം നടക്കാതെ വന്നപ്പോൾ അദിതി സിങ്‌ പൊലീസിനെ സമീപിച്ചു. ഈ കേസിൽ പൊലീസ്‌ സുകേഷിനെ അറസ്റ്റുചെയ്യുമ്പോൾ ഇയാൾ ഡൽഹി രോഹിണി ജയിലിലായിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക്‌ പ്രതിമാസം ഒരു കോടിയിൽപ്പരം രൂപ നൽകി  ‘സ്വതന്ത്രജീവിതമാണ്‌’ ഇയാൾ നയിച്ചുവന്നതെന്ന് പൊലീസ്‌ കണ്ടെത്തി. തന്റേതു മാത്രമായ സെല്ലിൽ സദാസമയവും മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഇയാൾക്ക്‌ കഴിഞ്ഞു. വിദേശ സിംകാർഡ്‌ നമ്പർ വഴിയാണ്‌ ഇത്‌ സാധിച്ചിരുന്നത്‌. ജയിലിലെ എല്ലാ ജീവനക്കാർക്കും കോഴപ്പണം ലഭിച്ചിരുന്നെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന്‌ സുകേഷിനും 82 ജയിൽ ജീവനക്കാർക്കും എതിരായി സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം (എംസിഒസിഎ) കേസെടുത്തിട്ടുണ്ട്‌. അദിതി സിങ്ങിൽനിന്ന്‌ തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയിലാണ്‌ നിക്ഷേപിച്ചതെന്ന്‌ സുകേഷ്‌ പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌. സുകേഷിന്റെ ഭാര്യ ലീന മരിയ പോൾ, ജാക്വിലിൻ ഫെർണാണ്ടസ്‌ എന്നീ നടിമാരും ഈ കേസിൽ പ്രതികളാണ്‌.

എഐഎഡിഎംകെ വിമതവിഭാഗം നേതാവ്‌ ടി ടി വി ദിനകരനിൽനിന്ന്‌ 50 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലും സുകേഷ്‌ ഉൾപ്പെട്ടത്‌ ജയിലിൽ കിടക്കുമ്പോഴാണ്‌. ചെന്നൈ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ദിനകരൻവിഭാഗത്തിന്‌ ‘രണ്ടില’ ചിഹ്നം നേടിക്കൊടുക്കാൻ തെരഞ്ഞെടുപ്പുകമീഷനെ സ്വാധീനിച്ച്‌ വേണ്ടതുചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ പണം തട്ടിയത്‌. ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവച്ചെങ്കിലും തട്ടിപ്പുകേസ്‌ രൂപംകൊണ്ടു. ഈ കേസിന്റെ  അന്വേഷണവുമായി ബന്ധപ്പെട്ട്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ സുകേഷിന്റെ ബംഗളൂരു വസതി റെയ്‌ഡ്‌ ചെയ്‌തപ്പോൾ ആഡംബര കാറുകളുടെ നിരയാണ്‌ ദൃശ്യമായത്‌. ലംബോർഗിനി, പോർഷെ, റോൾസ്‌ റോയിസ്‌, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിങ്ങനെ എട്ടോളം കാർ അവിടെ ഉണ്ടായിരുന്നു.

പന്ത്രണ്ടാം ക്ലാസോടെ  പഠനം നിർത്തിയ സുകേഷ്‌ താൻ ലക്ഷ്യമിടുന്ന ഇരകളെ നേരിൽ അധികം കാണാറില്ല. മൊബൈൽ ഫോൺ വഴിയാണ്‌ ഓപ്പറേഷൻ. വാട്‌സാപ്‌, ടെലഗ്രാം കോളുകളാണ്‌ ഉപയോഗിക്കുക.  എല്ലാ ദക്ഷിണേന്ത്യൻ ഭാഷയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വഴക്കത്തോടെ സംസാരിക്കുന്ന ഇയാൾ വിലയേറിയ സമ്മാനങ്ങൾ നൽകി ആളുകളെ വീഴ്‌ത്താനും സമർഥനാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 17–-ാം വയസ്സിൽ ബംഗളൂരുവിൽ കഴിയുമ്പോൾ സിറ്റി പൊലീസ്‌ കമീഷണറുടേതെന്ന പേരിൽ ഒരു കത്ത്‌ സുകേഷ്‌ കൈവശം വച്ചിരുന്നത്രെ. കർണാടകത്തിൽ  എവിടെയും കാറുകളും ബൈക്കുകളും ഓടിക്കാൻ കൗമാരക്കാരന്‌ അനുമതി നൽകുന്നുവെന്നാണ്‌ കത്തിൽ പറഞ്ഞിരുന്നത്‌. മുൻ കർണാടക മുഖ്യമന്ത്രിയുടെ  മകനെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സുബ്രഹ്മണി എന്നയാളിൽനിന്ന്‌ 1.14 കോടി രൂപ തട്ടിയെടുത്തതാണ്‌ സുകേഷിന്റെ പേരിൽ ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട  പ്രധാന കേസ്‌.  ബംഗളൂരു വികസന അതോറിറ്റിയിൽനിന്ന്‌ ഭൂമി തരപ്പെടുത്തിനൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌. തുടർന്ന്‌ ചെന്നൈ, കൊൽക്കത്ത, ഡൽഹി, കോയമ്പത്തൂർ, മുംബൈ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ വിപുലമായ തട്ടിപ്പുകളിലേക്ക്‌ നീങ്ങിയ സുകേഷ്‌ പലപ്രാവശ്യം  അറസ്റ്റിലായെങ്കിലും ഓരോ തവണയും വേഗത്തിൽ ജാമ്യത്തിലിറങ്ങി. 2012ൽ കുറച്ചുകാലം കൊച്ചിയിൽ തങ്ങിയ സുകേഷ്‌ ഒരു വസ്‌ത്രവ്യാപാരസ്ഥാപനത്തെ കബളിപ്പിച്ച്‌ 20 ലക്ഷം രൂപ തട്ടി. ബോളിവുഡ്‌ നടി കത്രീന കൈഫിനെ ഇവരുടെ പരിപാടിയിൽ പങ്കെടുപ്പിക്കാമെന്ന്‌ വാക്കുനൽകിയാണ്‌ തട്ടിപ്പുനടത്തിയത്‌.   ബിസിനസുകാരായ ദമ്പതികളെ കബളിപ്പിച്ച്‌ 19 കോടി രൂപ തട്ടിയെടുത്ത കേസിൽ 2013ൽ കൊൽക്കത്തയിൽനിന്ന്‌ സുകേഷിനെയും ഡൽഹിയിൽനിന്ന്‌ ലീനയെയും അറസ്റ്റുചെയ്‌തിരുന്നു.

ഇടത്തരം കുടുംബത്തിൽ ജനിച്ച സുകേഷ്‌ ആർഭാടജീവിതത്തിൽ കമ്പംകയറിയാണ്‌ തട്ടിപ്പുകളിലേക്ക്‌ നീങ്ങിയത്‌.  ഉന്നതബന്ധങ്ങളിൽനിന്ന്‌ വീണുകിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച്‌ ഇരകളെ പ്രലോഭിപ്പിച്ച്‌ ചതിക്കുഴിയിൽപ്പെടുത്തുകയാണ്‌ സുകേഷിന്റെ തന്ത്രം. രാജ്യത്തെ അഴിമതി നിറഞ്ഞ  സംവിധാനങ്ങൾ  ഇയാൾക്ക്‌ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. സുകേഷ്‌ ഉൾപ്പെട്ട കേസുകളുടെ അന്വേഷണം ഇപ്പോൾ തപ്പിത്തടയുകയാണ്‌. തട്ടിപ്പിന്റെ പല കണ്ണിയും കൂട്ടിച്ചേർക്കാൻ അന്വേഷക ഉദ്യോഗസ്ഥർക്ക്‌ കഴിയുന്നില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട്‌ ഇഡി റെയ്‌ഡുകൾ നടത്തുന്നുവെന്ന്‌ പറയുന്നുണ്ടെങ്കിലും ഉന്നതതല ബന്ധമുള്ള തട്ടിപ്പുകൾ ദുരൂഹമായി തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top