25 April Thursday

സുഡാനിൽ സംഭവിക്കുന്നത്‌

വി ബി പരമേശ്വരൻUpdated: Tuesday Apr 25, 2023

സുഡാൻ വീണ്ടും അശാന്തമായിരിക്കുന്നു. 70 ലക്ഷം പേർ വസിക്കുന്ന തലസ്ഥാനമായ ഖാർത്തൂം ‘പിശാചുക്കളുടെ നഗരമായി’ മാറിയെന്നാണ്‌ ‘മിഡിൽ ഈസ്റ്റ്‌ ഐ’ റിപ്പോർട്ട്‌ ചെയ്യുന്നത്‌. നിലവിലെ ഭരണാധികാരിയും സൈനിക മേധാവിയുമായ അബ്‌ദേൽ ഫത്തഹ്‌ ബുർഹാനും ഉപ ഭരണാധികാരിയും അർധ സൈനിക സംഘമായ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സ്‌ (ആർഎസ്‌എഫ്‌) മേധാവി ജനറൽ മുഹമ്മദ്‌ ഹംദാൻ ദഗാലോ എന്ന ഹമേത്തിയും തമ്മിലുള്ള അധികാരവടംവലിയാണ്‌ ആഭ്യന്തരയുദ്ധത്തിന്‌ വഴിമരുന്നിട്ടത്‌. ഇതിനു പിന്നിൽ പ്രത്യയശാസ്‌ത്രപരമായ തർക്കങ്ങളോ മതപരമോ ഭൂമിശാസ്‌ത്രപരമോ ആയ ഭിന്നതകളോ ഇല്ലെന്നർഥം. എന്നാൽ, പാശ്ചാത്യ ശക്തികളുടെ ഇടങ്കോലിടൽ നയം ഇതിനു പിന്നിലുണ്ട്‌.

ഏപ്രിൽ 15ന്‌ ആരംഭിച്ച പോര്‌ ഇതെഴുതുമ്പോഴും തുടരുകയാണ്‌. 424 പേർ മരിച്ചെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. നാലായിരത്തോളം പേർക്ക്‌ പരിക്കേറ്റു. പതിനായിരക്കണക്കിന്‌ ജനങ്ങൾ സുഡാനിൽനിന്ന്‌ പലായനം ചെയ്യുകയാണിപ്പോൾ. ഈദിനുപോലും വെടിനിർത്താൻ ഇരുവിഭാഗവും തയ്യാറായില്ല. ഖാർത്തൂം കേന്ദ്രീകരിച്ചാണ്‌ പ്രധാന പോരാട്ടം നടക്കുന്നത്‌. വിമാനത്താവളവും പ്രധാന യുദ്ധകേന്ദ്രമാണ്‌. വിദേശപൗരന്മാരെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നത്‌ മാത്രമാണ്‌ പ്രതീക്ഷ നൽകുന്ന കാര്യം.

2018 ഡിസംബറിലാണ്‌ സുഡാനിൽ ജനാധിപത്യപ്രക്ഷോഭം ആരംഭിച്ചത്‌. റൊട്ടിക്കും പെട്രോളിനും വില വർധിപ്പിച്ച ഒമർ അൽ ബഷീർ സർക്കാരിന്റെ നടപടിയാണ്‌ ജനങ്ങളെ പ്രകോപിപ്പിച്ചത്‌. സുഡാൻ കമ്യൂണിസ്റ്റ്‌ പാർടി ഉൾപ്പെടെ 22 രാഷ്ട്രീയ പാർടിയുടെ കൂട്ടായ്‌മ നടത്തിയ സമരത്തിന്റെ ഫലമായി 2019 ഏപ്രിൽ 19ന്‌ മൂന്ന്‌ പതിറ്റാണ്ടു നീണ്ട ഒമർ അൽ ബഷീറിന്റെ സ്വേച്ഛാധിപത്യവാഴ്‌ചയ്‌ക്ക്‌ അന്ത്യമായി. എന്നിട്ടും അധികാരം ജനങ്ങളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടില്ല. 2021ൽ ബുർഹാനും ഹമേത്തിയും കൈകോർത്താണ്‌ അബ്‌ദല്ല ഹംദോക്കിന്റെ സിവിലിയൻ സർക്കാരിനെ അട്ടിമറിച്ച്‌ അധികാരം കൈക്കലാക്കിയത്‌. സൈനിക നേതൃത്വത്തിന്റെ കൈകളിൽത്തന്നെ അധികാരത്തിന്റെ കടിഞ്ഞാൺ ലഭിച്ചു. അതിപ്പോഴും തുടരുന്നു.

ജനാധിപത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത യാഥാസ്ഥിതിക വലതുപക്ഷ കക്ഷികൾ ഫോഴ്‌സ്‌സ്‌ ഓഫ്‌ ഫ്രീഡം ആൻഡ്‌ ചെയിഞ്ച്‌ (എഫ്‌എഫ്‌സി)എന്ന പേരിൽ ഇതേ സൈന്യവുമായി അനുരഞ്ജനത്തിൽ ഏർപ്പെടുകയും അതിന്റെ ഭാഗമായി ഒരു ഇടക്കാല സർക്കാരിന്‌ ഏപ്രിലിൽ രൂപം നൽകാനും ധാരണയായിരുന്നു. എഫ്‌എഫ്‌സിയുടെ ഈ കീഴടങ്ങൽ നയത്തിൽ പ്രതിഷേധിച്ച്‌ സുഡാൻ കമ്യൂണിസ്റ്റ്‌ പാർടിയും മറ്റ്‌ ഇടതുപക്ഷ കക്ഷികളും സഖ്യത്തിൽനിന്ന്‌ പുറത്തുവന്നിരിക്കുകയാണ്‌. ജനാധിപത്യ സർക്കാരിനായുള്ള തുടർച്ചയായ പ്രക്ഷോഭത്തിലാണ്‌ സുഡാൻ ഇടതുപക്ഷം.


 

ഇടക്കാല സർക്കാരിൽ എന്തിനാണ്‌ രണ്ട്‌ സൈന്യമെന്ന ബുർഹാന്റെ ചിന്താഗതിയാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണമായതെന്ന്‌ പറയാം. അർധ സൈനിക സേനയായ ആർഎസ്‌എഫിനെ സൈന്യത്തിന്റെ ഭാഗമാക്കിയാൽ സമ്പൂർണാധികാരം നേടാൻ കഴിയുമെന്ന്‌ ബുർഹാൻ മനസ്സിലാക്കി. അതിന്റെ ഭാഗമായി ആർഎസ്‌എഫിനെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യാനുള്ള പദ്ധതിയും തയ്യാറാക്കപ്പെട്ടു. നാലരക്കോടിയിലധികം ജനസംഖ്യയുള്ള സുഡാനിൽ നാല്‌ ലക്ഷത്തോളം പേരാണ്‌ സൈന്യത്തിലുള്ളത്‌. ആർഎസ്‌എഫിൽ രണ്ട്‌ ലക്ഷത്തിൽ താഴെയും. രണ്ട്‌ വർഷത്തിനകം എല്ലാ ആർഎസ്‌എഫുകാരെയും സൈന്യത്തിന്റെ ഭാഗമാക്കണമെന്നാണ്‌  ബുർഹാന്റെ വാദം.

എന്നാൽ, ആർഎസ്‌എഫ്‌ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ തന്റെ സ്ഥിതിയെന്താകുമെന്ന ആകുലത ഹമേത്തിയെ വേട്ടയാടി. കുറെക്കാലമായി രാജ്യത്തെ നമ്പർ ടു ആയി എണ്ണപ്പെടുന്നയാളാണ്‌ ഹമേത്തി. തന്റെ കീഴിലുള്ള അർധ സൈനിക സേന മുഴുവൻ സൈന്യത്തിന്റെ ഭാഗമായാൽ നിലവിലുള്ള അധികാരവും പണസ്രോതസ്സും ഇല്ലാതാകുമെന്ന്‌ ഹമേത്തി തിരിച്ചറിഞ്ഞു. തന്റെ ചിറകരിയാനാണ്‌ ബുർഹാന്റെ പദ്ധതിയെന്ന്‌ മനസ്സിലാക്കിയതോടെയാണ്‌ പരസ്യമായ ഏറ്റുമുട്ടലിന്‌ ഹമേത്തി തയ്യാറായത്‌.

ബ്രിട്ടനിൽനിന്ന്‌ 1956ൽ സ്വാതന്ത്ര്യം നേടിയ സുഡാനിൽ അട്ടിമറികൾ പുത്തരിയല്ല. 2021ലേതടക്കം അരഡസനിലധികം അട്ടിമറികൾ ഇതിനകം നടന്നിട്ടുണ്ട്‌. 1989ൽ അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന്‌ മുപ്പത്‌ വർഷത്തോളം സ്വേച്ഛാധിപതിയായി രാജ്യം ഭരിച്ച ഒമർ അൽ ബഷീറിന്റെ ഇടംകൈയും വലംകൈയുമായി പ്രവർത്തിച്ചവരാണ്‌ ബുർഹാനിയും ഹമേത്തിയും. പശ്‌ചിമ സുഡാനിലെ ഡാർഫുർ പ്രവിശ്യയിൽ ന്യൂനപക്ഷത്തെ കീഴടക്കുന്നതിന്‌ ബഷീറും ബുർഹാനും ആശ്രയിച്ചത്‌ ഹമേത്തിയെയായിരുന്നു. ജനങ്ങളെ ഏറ്റവും ക്രൂരമായി നേരിടുന്നതിൽ പ്രത്യേക വൈദഗ്ധ്യംതന്നെ ഹമേത്തിക്കുണ്ടായിരുന്നു. മൂന്നു ലക്ഷം പേരാണ്‌ ഡാർഫുറിൽ വധിക്കപ്പെട്ടത്‌. 25 ലക്ഷത്തോളം പേർ അഭയാർഥികളായി. ‘എന്റെ സംരക്ഷകൻ’ എന്നാണ്‌ ഹമേത്തിയെ ബഷീർ ഒരു വേള വിശേഷിപ്പിച്ചിരുന്നത്‌. ഡാർഫുർ കലാപം അടിച്ചമർത്താൻ ഹമേത്തി നൽകിയ സേവനത്തിന്‌ പ്രത്യുപകാരമെന്ന നിലയിലാണ്‌ 2013ൽ ആർഎസ്‌എഫിന്‌ ഔദ്യോഗിക രൂപം നൽകാൻ ഒമർ അൽ ബഷീർ തയ്യാറായത്‌. അതുവരെ ഈ സേന അറിയപ്പെട്ടിരുന്നത്‌ ‘ജൻജാവിദ്‌’ എന്ന പേരിലായിരുന്നു.  സൈന്യം തനിക്കെതിരെ തിരിയുന്നുണ്ടോയെന്ന സംശയവും ഹമേത്തിയെ കൂടെ നിർത്താൻ ഒമർ അൽ ബഷീറിനെ പ്രേരിപ്പിച്ചു. ബഷീറിനെ അധികാരഭ്രഷ്‌ടനാക്കിയതിനുശേഷം സൈന്യം അധികാരത്തിൽ കടിച്ചുതൂങ്ങിയപ്പോൾ സൈനിക ആസ്ഥാനത്തിനു മുമ്പിൽ പ്രതിഷേധിച്ച 128 പേരെ വെടിവച്ചിട്ട്‌ നൈൽ നദിയിലേക്ക്‌ തള്ളിയതും ഹമേത്തിയുടെ ആർഎസ്‌എഫ്‌ തന്നെയായിരുന്നു.

വിദേശരാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങളിൽ കൂലിപ്പട്ടാളമായും ആർഎസ്‌എഫ്‌ പ്രവർത്തിക്കാറുണ്ട്‌. യമനിൽ സൗദിക്കും യുഎഇക്കും പതിനായിരക്കണക്കിന്‌  കൂലിപ്പട്ടാളത്തെ നൽകിയതും ഹമേത്തിയായിരുന്നു. ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും സൗദിയുടെ സഹായത്തിന്‌ എത്തുകയുണ്ടായി. അതായത്‌ ബഷീറിന്റെ കീഴിൽ ഒന്നിച്ച്‌ പ്രവർത്തിച്ചവർ, സൗദിക്കും യുഎഇക്കും ഈജിപ്‌തിനും അരുമകളായവരാണ്‌ ഇപ്പോൾ അധികാരത്തിനായി ഏറ്റുമുട്ടുന്നത്‌. അതുകൊണ്ടുതന്നെ ഈ പോര്‌ എപ്പോൾ എങ്ങനെ അവസാനിക്കുമെന്നു പറയുക വിഷമമായിരിക്കും.

എന്നാൽ, ഇരുവർക്കും യോജിപ്പുള്ള ഏകകാര്യം ജനാധിപത്യ സർക്കാരിനെ സുഡാനിൽ അധികാരത്തിൽ വാഴിക്കാൻ പാടില്ല എന്നതിലാണ്‌. നിലവിൽ ഏറ്റുമുട്ടൽ കടുപ്പിക്കുന്നത്‌ സിവിലിയൻ സർക്കാരിന്‌ അധികാരം കൈമാറാതിരിക്കാനാണെന്ന്‌ സുഡാൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ വിദേശബന്ധ സെക്രട്ടറി സലേഹ്‌ മുഹ്മ്ദ്‌ ‘പീപ്പിൾസ്‌ ഡസ്‌പാച്ചി’നോട്‌ പ്രതികരിക്കുകയുണ്ടായി. പട്ടാള ജനറൽമാർ മാത്രമല്ല, അവരുമായി അടുത്ത ബന്ധമുള്ള യുഎഇയും ഈജിപ്‌തും സൗദിയും അമേരിക്കയും സുഡാനിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുന്നതിന്‌ എതിരാണ്‌. സുധാനിലേത്‌ രണ്ട്‌ ജനറൽമാർ തമ്മിലുള്ള പോര്‌ എന്നതിലപ്പുറം ജനാധിപത്യഭരണം തടയുന്നതിനു വേണ്ടിയുള്ള നീക്കംകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top