21 October Thursday

മൈക്രോ പ്ലാനുകളുടെ കാലം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Aug 11, 2021

വളർച്ച ഏത് ദിശയിലേക്കും ആകാം. പക്ഷേ, സാമ്പത്തികവളർച്ച എപ്പോഴും മേലോട്ടാണ്. മൊത്തം സംഖ്യയായോ ശതമാനമായോ ആണ്‌ വളർച്ച അളക്കുന്നത്‌. അത് ആകെ നിക്ഷേപം, ആകെ തൊഴിൽ, വരുമാനം എന്നിങ്ങനെ. ആ രീതിക്ക്‌ വലിയൊരു പരിമിതിയുണ്ട്. ഏതേതു വ്യക്തിക്ക്, കുടുംബത്തിന്‌, അല്ലെങ്കിൽ പ്രദേശത്തിന്‌ വളർച്ചയുടെ ഗുണഫലം കിട്ടിയില്ല എന്നും അവ വെളിപ്പെടുത്തുന്നില്ല. പല പ്രദേശവും അവഗണിക്കപ്പെടാം. എല്ലാവർക്കും വികസനഫലങ്ങൾ ലഭ്യമാകുമ്പോഴാണ് വളർച്ച സർവാശ്ലേഷിയാകുന്നത്‌. അതുപക്ഷേ സ്വയമേവ സംഭവിക്കുന്നതല്ല. മനഃപൂർവമായ സാമ്പത്തിക, ഭരണ നടപടികളിലൂടെ സാക്ഷാൽക്കരിക്കാനാകുന്നതാണ്‌.

ഉയർന്നതോതിലുള്ള ജീവിതക്ലേശങ്ങൾ അനുഭവിക്കുന്നവരാണ് പട്ടികജാതി-–-പട്ടികവർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ തുടങ്ങിയവർ. അവഗണന പേറുന്ന പ്രദേശങ്ങളുമുണ്ട്. ആദിവാസി മേഖലകൾ, പട്ടികജാതി–-പട്ടികവർഗ കുടുംബങ്ങൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ, തീരപ്രദേശങ്ങൾ തുടങ്ങിയവ. നൂറ്റാണ്ടുകളായി ജാതീയവും മതപരവുമായ വിവേചനം നേരിടുന്നവരുമുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ വയോജനങ്ങൾ, മാറാരോഗം പിടിപെട്ട് അവശരായി ജോലിയും കൂലിയും ഇല്ലാതെയായവർ, മാനസികരോഗികൾ, ശാരീരികദൗർബല്യം ഉള്ളവർ, വിധവകൾ, അവിവാഹിതരായ അമ്മമാർ, വിവാഹമോചനം നേടിയ സ്ത്രീകൾ തുടങ്ങിയവരെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ജീവിതക്ലേശങ്ങൾ അനുഭവിക്കുന്നവരാണ്. തൊഴിലോ ഭൂമിയോ വീടോ ഇല്ലാത്തവർ, ശുദ്ധജലവും ശുചിമുറിയും ഇല്ലാത്തവർ, നിരന്തരമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കടലോരങ്ങളിലും മലഞ്ചെരിവുകളിലും കഴിയുന്നവർ. നിരന്തരം ജീവിതക്ലേശങ്ങൾ നേരിടുന്നവരാണ് അവർ.

സംസ്ഥാന ആസൂത്രണ ബോർഡ് കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർവേ (2015)യും 2011ലെ അഖിലേന്ത്യാ സെൻസസും 22 ക്ലേശ ഘടകം അടയാളപ്പെടുത്തിയിട്ടുണ്ട്. ചുരുക്കരൂപം താഴെച്ചേർക്കുന്നു.വിവിധങ്ങളായ ക്ലേശം നേരിടുന്നവർ  : 7,93,937
2011 ലെ ജനസംഖ്യയുടെ അനുപാതം : 2.32 ശതമാനം
പട്ടികജാതി വിഭാഗക്കാർ  :     30,39,573
പട്ടികവർഗ വിഭാഗക്കാർ  :     4,84,837
അവരിൽ അതീവ ക്ലേശം നേരിടുന്നവർ  :  26,273
മത്സ്യത്തൊഴിലാളികൾ   : 10,44,000
മാനസിക ദൗർബല്യമുള്ളവർ  : 66,915
ബുദ്ധിമാന്ദ്യമുള്ളവർ    :  65,703
കേൾവി പരിമിതർ    :  1,05,366
കാഴ്‌ച പരിമിതർ    :    1,15,513
ചലന വൈകല്യമുള്ളവർ  : 1,71,630
സംസാരശേഷി ഇല്ലാത്തവർ  : 41,346
ഭിന്നശേഷിക്കാർ   :  7.9 ലക്ഷം
അൽഷിമേഴ്‌സ്‌ ബാധിതർ   :  2 ലക്ഷം
വിധവകൾ :  2,84,550
വിവാഹമോചിതർ–-വേറിട്ടവർ  :  1,46,649
ദുർബല വിഭാഗം കുട്ടികൾ    :   1,20,457
60 വയസ്സ്‌ കഴിഞ്ഞവർ    :  48 ലക്ഷം
80 കഴിഞ്ഞവർ    :    7.2 ലക്ഷം

ഇവരെല്ലാം ഉൾപ്പെടുന്നതാണ് കേരളജനത. തുല്യ അവകാശികൾ. അക്കാദമിക് ചിന്തകളിലും മധ്യവർഗ വിചാരങ്ങളിലും മാധ്യമ ചർച്ചകളിലും ഇടം കിട്ടാത്തവർ. പക്ഷേ, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാമത് മന്ത്രിസഭായോഗത്തിന് ആദ്യത്തെ അജൻഡയും തീരുമാനവും ക്ലേശഘടകങ്ങൾ അടയാളപ്പെടുത്തി അവയ്‌ക്കു പരിഹാരം കാണുക എന്നതായിരുന്നു. ഒന്നാം തരംഗം വന്നപ്പോൾത്തന്നെ തെരുവുനായ്ക്കളും ക്ഷേത്രങ്ങളിലെ കുരങ്ങന്മാരും പക്ഷികളും വരാന്തകളിൽ ഉറങ്ങുന്ന പാവങ്ങളും പട്ടിണി കിടക്കരുത് എന്നുപറയാൻ കേരളത്തിൽ ഒരു മുന്നണിയും മുഖ്യമന്ത്രിയും ഉണ്ടായി. പറയുക മാത്രമല്ല, നാട്ടിലെമ്പാടും നൂറുകണക്കിന് സാമൂഹ്യ അടുക്കള ആരംഭിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനപ്പുറമുള്ള ഹൃദയവിശാലതയുള്ളവർക്കു മാത്രമേ അങ്ങനെ പറയാൻ കഴിയൂ. ഇടതുപക്ഷ വീക്ഷണത്തിന്റെ അടിത്തറയാണ്‌ സാധാരണക്കാരോടുള്ള പരിഗണന. വലതുപക്ഷത്തിന്റെ വികസന വീക്ഷണം തികച്ചും വ്യത്യസ്തമാണ്. അവർക്ക് സാമ്പത്തികവികസനം എന്നാൽ പരമാവധി ഉൽപ്പാദനവും വിൽപ്പനയുമാണ്‌. പരമാവധി ലാഭവും. അതിന്റെ ഭാഗമായി വരുന്ന പ്രത്യാഘാതങ്ങൾ എല്ലാം സമൂഹം പൊതുവേയും ബന്ധപ്പെട്ട വ്യക്തികളും വിഭാഗങ്ങളും പ്രദേശങ്ങളും സഹിച്ചുകൊള്ളണം. ഫാക്‌ടറികൾ പ്രവർത്തിക്കുമ്പോൾ പൊടിപടലങ്ങൾ ഉണ്ടാകും. സമീപത്തെ ജലസ്രോതസ്സുകൾ മലിനപ്പെടും. അവയെല്ലാം വികസനത്തിന്റെ അനിവാര്യതകളായി വ്യാഖ്യാനിക്കപ്പെടുന്നു. എല്ലാവർക്കും തൊഴിൽ ലഭിച്ചാൽപിന്നെ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുന്നതെങ്ങനെ എന്നത് മുതലാളിത്ത ന്യായീകരണമാണ്. കുറച്ചുപേർ സമ്പന്നരാകാൻ മറ്റു കുറേപ്പേർ ദരിദ്രരാകണമെന്നതും.

വ്യത്യസ്തമാണ് ഇടതുപക്ഷ വികസനതന്ത്രം. സാമൂഹ്യനീതിയിലധിഷ്ഠിതമായ സാമ്പത്തികവളർച്ചയാണ് ഇടതുപക്ഷത്തിന്റെ വികസനതന്ത്രത്തിന്റെ കാതൽ. പ്രസ്തുത തന്ത്രത്തിന്റെ ഗുണഫലമാണ് കേരളത്തിലെ കുറഞ്ഞ ദാരിദ്ര്യനിരക്ക്. 1973–-74ൽ 56. 4ശതമാനം പേർ ദാരിദ്ര്യരേഖയ്‌ക്ക് താഴെ കഴിയുന്നവർ ആയിരുന്നു. അഖിലേന്ത്യാതലത്തിൽ 54.88 ശതമാനമായിരുന്നു. അതായത്, അഖിലേന്ത്യാ അനുപാതത്തേക്കാൾ കൂടുതലായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്‌. 2011–-12ൽ കേരളം ദരിദ്രരുടെ അനുപാതം 11. 3 ശതമാനമായി കുറച്ചു. പക്ഷേ, അഖിലേന്ത്യാ അനുപാതം 21.92 ശതമാനത്തിലേക്കേ എത്തിക്കാനായുള്ളൂ. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരമദയനീയമാണ്. ഉത്തർപ്രദേശ് 29.4 ശതമാനം, ബിഹാർ 33.74 ശതമാനം, മധ്യപ്രദേശ് 31.65 ശതമാനം എന്നിങ്ങനെ. (ആളോഹരി ഉപഭോഗച്ചെലവ് അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര്യം കണക്കാക്കുന്നത്. 2011 –-12നുശേഷം കേന്ദ്ര സർക്കാർ തൽസംബന്ധമായ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല)


 

കേരളം ദാരിദ്ര്യ ലഘൂകരണത്തിന്റെ കാര്യത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നത് തർക്കമറ്റ സംഗതിയാണ്. നിലവിൽ നാലോ അഞ്ചോ ലക്ഷം കുടുംബമേ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരായിട്ടുള്ളൂ. അത്തരം കുടുംബങ്ങളെ സമൂഹത്തിന്റെ പൊതുധാരയിൽ എത്തിക്കുന്നതിന് കുടുംബ അധിഷ്‌ഠിത മൈക്രോ പ്ലാനുകൾ വേണം. ഏറ്റവും ദരിദ്രരായ കുടുംബങ്ങളെ പ്രത്യേകമായി എടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച്, അവ പരിഹരിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളും അവയ്‌ക്കു വേണ്ടുന്ന ചെലവും രേഖയാക്കുന്നതാണ് മൈക്രോ പ്ലാനിങ് എന്ന് ബജറ്റ് നിർവചിക്കുന്നു. വികസനത്തിന്റെ സാമ്പ്രദായിക ശൈലിയും സങ്കേതങ്ങളും ഉപയോഗിച്ച് പരിഹാരം കാണാനാകുന്നതിനേക്കാൾ വൈവിധ്യവും തീവ്രതയും ഉള്ളതാണ്‌ പ്രശ്‌നത്തിന്റെ സ്വഭാവം. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാർഷിക–-വ്യവസായ–-സേവന–-ഉൽപ്പാദനം വർധിപ്പിച്ച്‌ പരിഹരിക്കാവുന്നവയല്ല. ഉൽപ്പാദനവർധന തൊഴിലില്ലായ്മ പരിഹരിച്ചു കൊള്ളുമെന്ന വാദത്തിന്‌ അനുഭവത്തിന്റെ പിൻബലമില്ല. തൊഴിൽ ചെയ്യാൻ പ്രാപ്‌തിയുള്ള വ്യക്തികൾക്ക് അനുയോജ്യമായ തൊഴിൽ സൃഷ്ടിക്കുകയാണ് കരണീയമായിട്ടുള്ളത്. അതിന്‌ അനുയോജ്യമായ ഉൽപ്പാദനസങ്കേതങ്ങളും തൊഴിൽരീതികളും ആവിഷ്‌കരിക്കണം. തൊഴിലെടുക്കാൻ കഴിയാത്തവരായി ധാരാളം പേരുണ്ട്. ജീവിതച്ചെലവ്‌ നിർവഹിക്കാനാവശ്യമായ കൃത്യമായ വരുമാനം മാസംതോറും കൈമാറുകയാണ് മറ്റൊരു മാർഗം. ക്ഷേമ പെൻഷനുകളും കിറ്റുകളും തീർച്ചയായും പ്രധാനങ്ങളാണ്. ദാരിദ്ര്യനിർമാർജനത്തിനുള്ള സുപ്രധാന ഇടപെടലുകളാണവ. മാത്രവുമല്ല, കോവിഡ്‌മൂലം സ്‌തംഭനത്തിലായ സാമ്പത്തികപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും അവ സഹായിക്കുന്നു. കഴിഞ്ഞ പത്തുമാസത്തെ കിറ്റ്‌ വിതരണത്തിലൂടെ 4050 കോടി രൂപയുടെ നേട്ടമാണ് 88 ലക്ഷം കാർഡുടമകൾക്ക് കൈവന്നത്. 50.59 ലക്ഷം ഗുണഭോക്താക്കൾക്ക് 32697. 43 കോടിരൂപ ക്ഷേമപെൻഷനുകളായി ലഭിച്ചു. അവരത്‌ മിച്ചം വയ്‌ക്കുകയല്ല ചെയ്തത്, ചെലവാക്കുകയാണ്. അങ്ങനെ കോവിഡ്‌മൂലം വിൽപ്പനയ്ക്ക് ഊർജം പകർന്നു.

പക്ഷേ, ക്ഷേമപെൻഷനുകളും കിറ്റും സ്ഥിരമായ പരിഹാരമാർഗങ്ങളല്ല. ആയതിന് ആദ്യപടി തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. സാമ്പ്രദായിക രീതിയിലുള്ള സാമ്പത്തികവളർച്ചാ രീതി തൊഴിൽ സൃഷ്ടിക്കുകയില്ലെന്ന്‌ അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്‌. പ്രത്യേക തൊഴിൽപദ്ധതിക്ക്‌ രൂപം നൽകുകയാണ് സ്വീകാര്യമായ മാർഗം. അപ്പോഴും ഒരു തൊഴിലും ചെയ്യാൻ പ്രാപ്തരല്ലാത്ത പതിനായിരങ്ങൾ അവശേഷിക്കും. ജീവിതച്ചെലവ് നിർവഹിക്കാൻ ആവശ്യമായ നിശ്ചിത തുക പ്രതിമാസം അവരുടെ കൈകളിൽ നേരിട്ട് എത്തിക്കുകയാണ് കരണീയമായ മാർഗം. പലകാരണത്താൽ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ തള്ളിമാറ്റപ്പെട്ടവരുടെ ജീവിതത്തിൽ വെളിച്ചം പകരുന്നതാണ്‌ മൈക്രോ പ്ലാൻ എന്ന് നിസ്സംശയം പറയാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top