20 April Saturday
സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചിട്ട് ഇന്ന് ഒരു വർഷം

ഫാദർ സ്റ്റാൻ സ്വാമിമാർ ഉയർത്തുന്ന രാഷ്‌ട്രീയം

ടി എം ജോർജ്Updated: Tuesday Jul 5, 2022

ഭരണകൂട ഭീകരതയുടെ ഇരയായി ഫാദർ സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ മരണമടഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ജാർഖണ്ഡിലെ ആദിവാസി ഗോത്രവർഗ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി. നീതിക്കുവേണ്ടി പോരാടുന്നവരെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ ഭരണത്തിൻ കീഴിൽ രാജ്യത്ത് നടമാടുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് ഗുജറാത്ത് വംശഹത്യ കേസിൽ ഇരകളുടെ സംരക്ഷകരായി നിന്ന ടീസ്റ്റ സെതൽവാദിന്റെയും മുൻ ഡിജിപി ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റ്. യുഎൻ മനുഷ്യാവകാശ കൗൺസിലിനുപോലും ഞെട്ടലുണ്ടാക്കിയതാണ് ആ നടപടി. അനീതി നിയമമായി മാറുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്.

ധാതുക്കൾകൊണ്ട് സമ്പുഷ്ടമായ ജാർഖണ്ഡിൽ ഖനി കുത്തകകൾക്കുവേണ്ടി കുടിയിറക്കപ്പെട്ട ആദിവാസികളുടെ സംരക്ഷകനായി നിന്നുവെന്നതാണ് സ്റ്റാൻ സ്വാമി ചെയ്ത തെറ്റ്. ആദിവാസികൾക്ക് നീതി ലഭിക്കാൻ പോരാടി. അന്യായമായ കുടിയിറക്കലിനെ എതിർക്കുന്നതിനുവേണ്ടി ബഗൈവ്വ എന്ന പേരിൽ ഒരു സംഘടന അദ്ദേഹം രൂപീകരിച്ചു. ഭീകരവാദികളെന്ന് ചിത്രീകരിച്ച് ജയിലിലടയ്ക്കപ്പെട്ട ഓരോ ആദിവാസിയുടെയും ജീവിതം അദ്ദേഹം മനസ്സിലാക്കി. 97 ശതമാനവും വ്യാജ കേസുകളാണെന്നും ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കവരാൻ കരുതിക്കൂട്ടി കെട്ടിച്ചമച്ച കേസുകളാണെന്നും അദ്ദേഹം കണ്ടെത്തി. അന്യായമായി തടങ്കലിലടച്ചിരുന്ന അയ്യായിരത്തിലധികം വരുന്ന ആദിവാസികളിൽ ഒട്ടുമിക്കവരെയും ജയിൽമുക്തരാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഖനിമാഫിയകളുടെ താൽപ്പര്യങ്ങൾക്കായി നിലകൊള്ളുന്ന കേന്ദ്രസർക്കാരും സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാരും ചേർന്ന് മഹാരാഷ്ട്രയിലെ ഭീമകൊറേഗാവ് കേസിൽ സ്റ്റാൻ സ്വാമിയെ പ്രതിയാക്കിയാണ് പ്രതികാരം ചെയ്തത്.

ജാർഖണ്ഡിൽ ബിജെപി സർക്കാരിന്റെ കാലത്താണ് ആദിവാസികളുടെ ഭൂമി ഏറെയും -കൈയേറിയത്. സർക്കാർ പിന്തുണയോടെയായിരുന്നു ഇത്‌. എതിർക്കുന്നവരെ ഭീകരവാദികളാക്കി കരിനിയമങ്ങൾ ചുമത്തി ജാമ്യമോ വിചാരണയോ ഇല്ലാതെ തുറുങ്കിലടയ്ക്കുകയാണുണ്ടായത്.
ഇന്ത്യയിൽ ആദിവാസി ഗോത്രവിഭാഗ ജനത ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ജാർഖണ്ഡ് (ജനസംഖ്യയിൽ 26.21 ശതമാനം). അവർ അനുഭവിക്കുന്ന ദുരിതവും ചൂഷണവും ആരിലും അനുകമ്പയും അമർഷവും ഉളവാക്കുന്നതാണ്. ആദിവാസി മേഖലയിൽ ഏറ്റവും കൂടുതൽ ഭൂമി കൈയേറ്റങ്ങൾ നടന്നിട്ടുള്ളതും അവിടെയാണ്. ഖനിമാഫിയകളുടെ ഭൂമി കൈയേറ്റം ഏറ്റവും കൂടുതൽ നടന്ന 2014–-19 കാലഘട്ടം ജാർഖണ്ഡ് ഭരിച്ചത് ബിജെപിക്കാരനായ മുഖ്യമന്ത്രി രഘുബർദാസിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. ആദിവാസി ജനതയുടെ സംരക്ഷണത്തിന്റെ കുത്തക തങ്ങൾക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് ജാർഖണ്ഡ് സംസ്ഥാനത്തെ മുൻ ഗവർണറായിരുന്ന ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബിജെപി പ്രചാരണം നടത്തുകയാണ്. എന്നാൽ, അവർ സൗകര്യപൂർവം മറയ്ക്കുന്ന ഒരു കാര്യമുണ്ട്, 2015 മുതൽ 2021 വരെയുള്ള ആറ്‌ വർഷം അവർ റാഞ്ചിയിലെ രാജ് ഭവനിലുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2015 മെയ് മുതൽ 2021 ജൂലൈ 12 വരെ.

ആദിവാസികളുടെ രക്ഷയ്ക്ക് ഒരു ചെറുവിരലനക്കാൻപോലും അവർ ഒരുമ്പെട്ടിട്ടില്ല. ഒരുപക്ഷേ അതുതന്നെയായിരിക്കും രാഷ്ട്രപതി സ്ഥാനത്തേക്ക്‌ ബിജെപി കണ്ട അവരുടെ യോഗ്യത. ബിജെപി നിർദേശിച്ച് പ്രസിഡന്റായി മത്സരിച്ചു വിജയിച്ച ദളിത് നേതാവ് രാംനാഥ് കോവിന്ദ് അഞ്ച്‌ വർഷത്തെ കാലാവധി തികച്ച് പടിയിറങ്ങുകയാണ്. അതിക്രൂരമായ ദളിത് പീഡനവും ലൈംഗിക അതിക്രമവും ബലാത്സംഗവും വടക്കേ ഇന്ത്യയിൽ നടന്നിട്ട് ഒന്നും പ്രതികരിക്കാൻ കഴിയാതെ മിണ്ടാതിരിക്കാനല്ലെ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. സംഘപരിവാറിന് രാംനാഥ് കോവിന്ദിനെയും ദ്രൗപതി മുർമുവിനെയും പോലുള്ളവർ ഒരു മുഖംമൂടി മാത്രമാണ്. യഥാർഥ മുഖം മറ്റൊന്നാണ്. വംശശുദ്ധിയുടെയും മനുവാദത്തിന്റെയും സവർണമുഖം.

ആർഎസ്എസിന്റെ സർവസംഘ് ചാലകനായിരുന്ന ബാലാസാഹിബ് ദേവരശ് വർഷങ്ങൾക്കുമുമ്പ്‌ പറഞ്ഞ ഒരു കാര്യമുണ്ട്. ‘ആർഎസ്എസിന്‌ രണ്ടു മുഖമുണ്ട്, ഒന്ന് സൗമ്യമുഖം, രണ്ടാമത്തേത് യഥാർഥ മുഖം. വാജ്പേയിയെപ്പോലുള്ളവർ ബിജെപിയുടെയും ആർഎസ്എസിന്റെയും സൗമ്യമുഖമാണ്. യഥാർഥമുഖം മറ്റൊന്നാണ്.’ മോദി സർക്കാരിന്റെ രണ്ടാമൂഴം കാട്ടിത്തരുന്നത് സംഘപരിവാറിന്റെ യഥാർഥ മുഖമാണ്. പകയുടെയും വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും യഥാർഥമുഖം. ആ മുഖമാണ് സ്റ്റാൻ സ്വാമിക്ക്‌ കാണിച്ചുകൊടുത്തത്.

‘എന്റെ ആരോഗ്യനില അറുവഷളായ കാര്യം പരിഗണിക്കണം. ഇക്കണക്കിനു പോയാൽ ഞാൻ വൈകാതെ മരിക്കും. ജാമ്യം ലഭിക്കുന്നില്ലെങ്കിൽ ഇനിയും എന്നെ ആശുപത്രിയിലേക്കു കെട്ടിയെടുക്കേണ്ട. ജയിലിൽ കിടന്നു മരിച്ചുകൊള്ളാം’.

കണ്ണിന്റെ കാഴ്ച മങ്ങി, പാർകിസൺസ് രോഗവും അർബുധവും ബാധിച്ച് പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാൻ പ്രാപ്തിയില്ലാതെ പലവട്ടം ജയിലിൽ കുഴഞ്ഞുവീണ എൺപത്തിനാലുകാരനായ വന്ദ്യവയോധികനായ ഫാദർ സ്റ്റാൻ സ്വാമി നീതിപീഠത്തിനു മുമ്പിൽ നടത്തിയ അപേക്ഷയാണ് മുകളിൽ ഉദ്ധരിച്ചത്. രാജ്യദ്രോഹ കുറ്റത്തിന്റെ പേരിൽ കേസ് എടുത്തിട്ടുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പാടില്ലെന്നുള്ള എൻഐഎയുടെ കടുത്ത നിലപാടുമൂലം അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ല. കത്തോലിക്ക ജസട്ട് സഭയിലെ വൈദികനായ അദ്ദേഹത്തിന് ജാമ്യത്തിനായി അപേക്ഷിക്കുമ്പോൾ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. റാഞ്ചിയിലെ കുഗ്രാമത്തിൽ താൻ താമസിച്ച ഒറ്റമുറി വീട്ടിൽ ആദിവാസി സഹോദരങ്ങളോടൊപ്പം ഒരു ദിവസമെങ്കിലും താമസിക്കാനൊരവസരം. അതിന് അധികാരികൾ അനുവദിച്ചില്ല. എന്നാൽ, ആരുടെയും ഔദാര്യത്തിനും കാത്തുനിൽക്കാതെ അദ്ദേഹം കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന്‌ വിട പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലെ ജ്വലിക്കുന്ന ഒരു അധ്യായമായി സ്റ്റാൻ സ്വാമിയുടെ സ്മരണ എന്നും നിലനിൽക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top