20 April Saturday

സ്റ്റാലിനെ ചൂണ്ടി ഹിറ്റ്‌ലറെ വെള്ളപൂശുന്നവർ

കെ ടി കുഞ്ഞിക്കണ്ണൻUpdated: Friday Sep 3, 2021

 കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

ഹിറ്റ്‌ലറുടെ നാസിസേനയെ പരാജയപ്പെടുത്തുകയും ലോകത്തെ ആര്യവംശ മേധാവിത്വത്തിലധിഷ്ഠിതമായ ഫാസിസത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്ത സോവിയറ്റ് യൂണിയനും സ്റ്റാലിനും പുകഴ്ത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റാലിൻ ക്രൂരതകളുടെ നിറംപിടിപ്പിച്ച കഥകളുമായി അമേരിക്കൻ ജൂത കൂട്ടുകെട്ട് രംഗത്തുവന്നത്... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു. 

ഉക്രൈനെ പ്രേതഭൂമിയാക്കിയ നവലിബറലിസ്റ്റുകളും വംശീയവാദികളും മാധ്യമരാക്ഷസന്മാരും രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസികളും കൊന്നുകൂട്ടിയ ജൂതന്മാരുടെ അസ്ഥിക്കൂടങ്ങൾ ചൂണ്ടി വീണ്ടും സ്റ്റാലിനും കമ്യൂണിസ്റ്റുകാർക്കുമെതിരെ നുണപ്രചരണങ്ങൾ തുടങ്ങിയിരിക്കുകയാണ്. കേരളത്തിലും കമ്യൂണിസ്റ്റ്‌വിരോധത്തിന്റെ അന്ധകൂപങ്ങളിൽ കഴിയുന്ന ചില കോൺഗ്രസ് നേതാക്കൾ ഈ നുണപ്രചരണങ്ങൾ ഏറ്റുപിടിക്കുന്നുണ്ട്. ഹിറ്റ്‌ലറുടെ ഇന്ത്യൻ ചാർച്ചക്കാരായ സംഘികളോടൊപ്പം ചേർന്ന് സ്റ്റാലിനും സിപിഐ(എം)നുമൊക്കെ എതിരായി മുരളുന്നുണ്ട്. സ്റ്റാലിന്റെ ചരിത്രത്തിലെ സംഭാവനകളെയെന്നപോലെ തെറ്റുകളെയും വിമർശനവിധേയമാക്കുന്നതിനോട് കമ്യൂണിസ്റ്റുകാർക്ക് എതിർപ്പൊന്നുമില്ല. സ്റ്റാലിന്റെ തെറ്റുകളെ ഹിറ്റ്‌ലറുമായി സമീകരിക്കാനും ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങൾക്കു പിറകിലെന്നും സാമ്രാജ്യത്വ രഹസ്യാനേ്വഷണ ഏജൻസികളും നവനാസികളുമായിരുന്നു വെന്നകാര്യം കാണാതിരിക്കാനാവില്ലല്ലോ.
 
ഹിറ്റ്‌ലറുടെ നാസിസേനയെ പരാജയപ്പെടുത്തുകയും ലോകത്തെ ആര്യവംശ മേധാവിത്വത്തിലധിഷ്ഠിതമായ ഫാസിസത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്ത സോവിയറ്റ് യൂണിയനും സ്റ്റാലിനും പുകഴ്ത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റാലിൻ ക്രൂരതകളുടെ നിറംപിടിപ്പിച്ച കഥകളുമായി അമേരിക്കൻ ജൂത കൂട്ടുകെട്ട് രംഗത്തുവന്നത്. അമേരിക്കൻ ജൂയിഷ് മാധ്യമങ്ങളായിരുന്നു അതിന് മുൻകൈയെടുത്തത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവകൂട്ടക്കൊലകൾ അമേരിക്കക്കും സാമ്രാജ്യത്വശക്തികൾക്കുമെതിരെ ഉയർത്തിയ ജനരോഷത്തെ വഴിതിരിച്ചുവിടാനുള്ള പ്രചാരണതന്ത്രമെന്ന നിലയിൽ കൂടിയാണ് സ്റ്റാലിൻ ക്രൂരതകളും കൂട്ടക്കൊലകളും എല്ലാമടങ്ങുന്ന നിറംപിടിപ്പിച്ച നുണകൾ സി.ഐ.എയുടെ ആശയപ്പുരകൾ മെനഞ്ഞെടുത്തത്. പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് മുതലക്കൂപ്പ് നടത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്തം അതിന്റെ പരാജയത്തെ മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് എന്നും സോഷ്യലിസത്തിനും തൊഴിലാളിവർഗപ്രസ്ഥാനങ്ങൾക്കുമെതിരെ പ്രചണ്ഡമായ നുണപ്രചരണങ്ങൾ അഴിച്ചുവിടുന്നത്. ഇത് ചരിത്രത്തിൽ എല്ലാകാലത്തും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്.

1990-കളിൽ സോവിയറ്റ്‌യൂണിയന്റെ തകർച്ചക്കുശേഷം ഉക്രൈനെ കടുത്ത വംശീയ ദേശീയവാദമുയർത്തി സ്വതന്ത്രരാഷ്ട്രമാക്കി അമേരിക്കൻ മൂലധനത്തിന്റെ കോളനിയാക്കുകയാണ് ചെയ്തത്. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിൽ കാർഷിക വ്യാവസായിക വളർച്ചയിൽ ഏറെ മുന്നിട്ടുനിന്നിരുന്ന റിപ്പബ്ലിക്കായിരുന്നു ഉക്രൈൻ. റഷ്യൻ വിപ്ലവത്തിന്റെ ഇതിഹാസകേന്ദ്രമായി വിശേഷിപ്പിക്കുന്ന ഒഡേസ പടവുകളും പൊതംകിൻ പടക്കപ്പലിലെ കലാപവുമെല്ലാം ദക്ഷിണ ഉക്രൈന്റെ ചരിത്രത്തെ ജ്വലിപ്പിച്ചുനിർത്തുന്ന സ്മരണകളാണ്. ആ സ്മരണകളെ അനശ്വരമാക്കിക്കൊണ്ടാണ് സോവിയറ്റ് സർക്കാർ ലോകത്തിലെ തന്നെ ഒന്നാംനിര കപ്പൽനിർമ്മാണശാല ഒഡേസയിൽ സ്ഥാപിച്ചത്.

'ഒക്ടോബർ റവല്യൂഷൻ' എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പൽ നിർമ്മാണശാല 1980-ൽ ആഗോള ബഹുമതിയായ 'ഗോൾഡൻമെർക്കുറി' വരെ നേടിയിട്ടുണ്ട്. പ്രതിവർഷം 1400-ഓളം കപ്പലുകൾക്ക് വേണ്ട എഞ്ചിനുകൾ നിർമ്മിക്കുകയും 17 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്ത കപ്പൽനിർമ്മാണശാലയായിരുന്നു ഇത്. എന്നാൽ 2000-ന്റെ ആരംഭത്തിലെ ഒരു പഠനം കാണിക്കുന്നത്. കടുത്ത സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായി ഈ കപ്പൽശാലയുടെ 80% ഓഹരികളും വിദേശ കമ്പനികൾക്കും 20% ഓഹരികളും നാടൻ മുതലാളിമാർക്കും കൈമാറിയതോടെ നേരത്തെ 10000-ഓളം തൊഴിലാളികൾ പണിയെടുത്തിരുന്ന പൊതുമേഖലകമ്പനി ഇല്ലാതായി. തൊഴിലാളികൾ വഴിയാധാരമായി. തൊഴിലില്ലായ്മ ഉക്രൈനെ വേട്ടയാടുകയാണ്.
 
സോവിയറ്റ് റിപ്പബ്ലിക്കുകളിൽ കൽക്കരി, ഉരുക്ക്, ഇരുമ്പ് ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ഉക്രൈൻ. ഗ്യാസ്, എണ്ണ തുടങ്ങിയ ഫോസിൽ ഇന്ധന ഉൽപാദനരംഗത്ത് യൂറോപ്പിൽ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്. ലോകത്തിലെ മൈനിംഗ് സാമഗ്രികൾ നിർമ്മിക്കുന്ന ഒന്നാംകിട കമ്പനികൾ നിലനിന്നിരുന്നതും ഇവിടെയായിരുന്നു. ഗോതമ്പ്, പഞ്ചസാര, പാൽ, വെണ്ണ ഇവയുടെ ഉൽപാദനത്തിലും യൂറോപ്പിലെ മുൻനിരയിലായിരുന്നു ഉക്രൈൻ. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ മുതലാളിത്തഭരണം ഉക്രൈനെ കാർഷികവ്യാവസായിക തകർച്ചയിലേക്കും പട്ടിണിമരണങ്ങളിലേക്കുമാണ് തള്ളിവിട്ടത്.
 
ചില പഠനങ്ങൾ പട്ടിണിയും കുടിയേറ്റവും ഉക്രൈന്റെ ജനസംഖ്യയെതന്നെ ചുരുക്കികളഞ്ഞിരിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 1991-ൽ 5.21 കോടി ജനങ്ങളുണ്ടായിരുന്ന ഉക്രൈനിൽ ഇപ്പോൾ 4 കോടി ജനസംഖ്യയേയുള്ളൂ. കൂട്ടുകൃഷിക്കളങ്ങൾ സ്വകാര്യവൽക്കരിക്കുകയും കൃഷി വൻകിട അഗ്രിബിസിനസ്സ് കമ്പനികൾ കയ്യടക്കുകയും ചെയ്തതോടെ പട്ടിണിയും ക്ഷാമവും ഉക്രൈനെ പിടികൂടി എന്നതാണ് യാഥാർത്ഥ്യം. പട്ടിണി മരണങ്ങൾ ജനസംഖ്യയെതന്നെ ചുരുക്കിക്കളയുന്ന നിലയിലേക്കെത്തിനിൽക്കുന്ന ഭീകരമായ അവസ്ഥയാണ് ഉക്രൈനിലുള്ളത്. ദുരിതങ്ങളും പട്ടിണിയുമനുഭവിക്കുന്ന ഉക്രൈൻ ജനത ഇപ്പോൾ കൂട്ടുകൃഷി കളങ്ങളും വ്യവസായശാലകളും പടുത്തുയർത്തപ്പെട്ട സ്റ്റാലിൻ കാലഘട്ടം തിരിച്ചുവന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നാണ് പല സർവ്വെകളും പറയുന്നത്. ഉക്രൈൻ ഉൾപ്പെടെ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നടന്ന സർവ്വെ പഠനങ്ങൾ ഈ മേഖലകളിലെ 70% ജനങ്ങളും സ്റ്റാലിൻ രാജ്യത്തിന് നൽകിയ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നവരാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ദക്ഷിണ ഉക്രൈനിലെ ഒഡേസ കൂട്ടക്കൊല എന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് പതിനായിരക്കണക്കിന് ജൂതരെ നാസികൾ പിടികൂടി നടത്തിയ സാർവ്വദേശീയപാതകങ്ങളിൽ ഒന്നുമാത്രമാണ്. റഷ്യൻ റിപ്പബ്ലിക്കുകളെ കൊള്ളയടിക്കാനും ജൂതരെയും കമ്യൂണിസ്റ്റുകാരെയും വേട്ടയാടാനും ഹിറ്റ്‌ലറും ഗോറിങ്ങും നടത്തിയ സൈനികാക്രമണങ്ങൾ കുപ്രസിദ്ധമാണ്. മരണവണ്ടികൾ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. പിടിക്കപ്പെടുന്ന ജൂതന്മാരെയും കമ്യൂണിസ്റ്റുകാരെയും വണ്ടികളിൽ കയറ്റി വിഷവാതകമടിച്ചുകയറ്റി കൊല്ലുകയായിരുന്നു. കൂട്ടത്തോടെ ജൂതരെ പിടിച്ചുകൊണ്ടുവന്ന് ഒഡേസ പോലുള്ള നിരവധി സ്ഥലങ്ങളിൽ കുഴികൾ കുഴിച്ച് അതിലിട്ട് ചുറ്റും യന്ത്രത്തോക്കുകൾ വെച്ച് വെടിവെച്ചുകൊല്ലുക, ഗ്യാസ്‌ചേമ്പറുകളിലിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുക തുടങ്ങിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണ് നാസികൾ നടത്തിയത്.

1942-ൽ ഒഡേസയിൽ ഹിറ്റ്‌ലർ നടത്തിയ ജൂതഹത്യയുടെ അസ്ഥിക്കൂടങ്ങൾക്കുമുമ്പിൽ സ്റ്റാലിനും കമ്യൂണിസ്റ്റുകാർക്കും നേരെ ആക്ഷേപങ്ങളുന്നയിക്കുന്നവർ ഫാസിസത്തെ വെള്ളപൂശാൻ നടക്കുന്നവരാണ്. ഹിറ്റ്‌ലറെയും സ്റ്റാലിനെയും സമീകരിക്കാനായി നുണക്കഥകൾ മെനയുന്നവർ മാപ്പർഹിക്കാത്ത ചരിത്രത്തിലെ ഫാസിസ്റ്റ് കൂട്ടക്കൊലകളെ ലഘൂകരിച്ചുകാണിക്കാനോ മൂടിവെക്കാനോ മിനക്കെടുന്നവരാണ്. നാസി പട്ടാളം കസ്റ്റഡിയിലെടുത്ത 50000-ലേറെ സോവിയറ്റ് പൗരന്മാരിൽ 10000 പേരെ മാത്രമാണ് യുദ്ധം അവസാനിച്ചതിനുശേഷം കണ്ടെത്തിയത്. ബാക്കി 40000-ഓളം മനുഷ്യരെ നാസി പട്ടാളം കൊന്നുകൂട്ടുകയായിരുന്നു. ഫാസിസ്റ്റുകൾ കൊന്ന അവരുടെ അസ്ഥിക്കൂടങ്ങൾ ചൂണ്ടിയാണ് സ്റ്റാലിനെതിരെ കമ്യൂണിസ്റ്റ് വിരോധികൾ ആക്രോശിക്കുന്നത്. ചരിത്രത്തെയും ഹിറ്റ്‌ലറുടെ മഹാപാതകങ്ങളെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ച് കമ്യൂണിസ്റ്റ് വിരോധം പടർത്തുകയെന്ന ഫാസിസ്റ്റ് തന്ത്രത്തെ തിരിച്ചറിയുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top