20 April Saturday

എസ്എസ്എൽസി: ചരിത്രമെഴുതുന്ന ഫലപ്രഖ്യാപനം

ഡോ. രതീഷ് കാളിയാടൻUpdated: Tuesday Jun 30, 2020
ഡോ. രതീഷ്‌ കാളിയാടന്‍

ഡോ. രതീഷ്‌ കാളിയാടന്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്ന ഘട്ടത്തിൽ പത്താംതരം പരീക്ഷാ ഫലം ഒരു സൂചികയായി ഗണിക്കാവുന്നതാണ്. ഒന്നാം തരത്തിൽ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്ന എല്ലാ കുട്ടികളും ആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷ എന്ന നിലയിലാണ് എസ്എസ്എൽസി റിസൾട്ട് പ്രധാനമാകുന്നത്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇതുവരെ നടന്ന പരീക്ഷകൾക്ക് അവകാശപ്പെടാനില്ലാത്ത ചില സവിശേഷതകളുണ്ട്. 
 
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, സെക്കണ്ടറി ഡയറക്ടറേറ്റുകൾ ഏകോപിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്ന ഒരു കുടക്കീഴിൽ നടത്തപ്പെട്ട ആദ്യ പരീക്ഷയാണിത്. മൂന്ന് വിഭാഗത്തിൻ്റെയും പരീക്ഷകൾ ഒരേ സമയം സംഘടിപ്പിക്കപ്പെട്ടു എന്നതും ഈ വർഷത്തെ  പ്രത്യേകതയാണ്. കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടമായി പരീക്ഷ നടത്തേണ്ടി വന്നതും മറ്റൊരു സവിശേഷത തന്നെ. പരീക്ഷ നടക്കുമോ എന്ന ആശങ്ക വ്യാപകമാവുകയും പരീക്ഷ നടത്തിപ്പിന് പലവിധ തടസ്സവാദങ്ങൾ ഉയരുകയും ചെയ്തു. 
 
പരീക്ഷാർത്ഥികൾക്കൊപ്പം രക്ഷിതാക്കളെയും അധ്യാപകരെയും സംഘാടകരെയും ഈ സാഹചര്യം ചെറിയ തോതിലൊന്നുമല്ല സമ്മർദ്ദത്തിലാക്കിയത്. പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് വട്ടാണെന്ന് പോലും രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചു. ആരോപണങ്ങൾ തുടരെത്തുടരെ ഉന്നയിക്കപ്പെട്ടു. അങ്ങനെ അക്കാദമിക താൽപര്യത്തിനപ്പുറം ഇതൊരു രാഷ്ട്രീയ വിഷയവുമായി. ഗ്രേസ് മാർക്കുകൾ ഇക്കുറി പ്രത്യേകമായാണ് രേഖപ്പെടുത്തുക.
 
സംസ്ഥാനത്ത് ആദ്യമായി ഒരു വിദ്യാർത്ഥി എല്ലാ വിഷയവും കമ്പ്യൂട്ടർ സഹായത്തോടെ എഴുതി എന്നതും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയെ വ്യത്യസ്തമാക്കുന്നു. എല്ലാ വിഷയത്തിലും എ+ ഗ്രേഡ് നേടി ജി എച്ച് എസ് എസ് മങ്കടയിലെ ടി.കെ ഹാറൂൺ കരീം ഈ വ്യത്യസ്തതയെ മധുരതരമാക്കി. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പരിപാടികൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഹൃദയപൂർവം ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതാണ് ഈ വർഷത്തെ പത്താംതരം പരീക്ഷാ ഫലം. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2945 സെൻററുകളിലായി ആകെ 4, 22,,092 കുട്ടികളാണ് സ്കൂൾ ഗോയിംഗ് വിഭാഗത്തിൽഇക്കുറി പരീക്ഷ എഴുതിയത്. ഇതിൽ 4,17,101 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ശതമാന കണക്കിൽ 98.82% പേർ. എല്ലാ വിഷയങ്ങളിലും എ+ ഗ്രേഡ് നേടിയവരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രകടമായിരിക്കുന്നത്. ഈ വർഷം 41,906 പേർക്ക് എല്ലാ വിഷയത്തിലും എ+ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ വർഷമിത് 37,334 ആയിരുന്നു. എല്ലാ വിഷയത്തിലും എ+ ഗ്രേഡ് നേടിയവരുടെ എണ്ണത്തിൽ ഇക്കുറി 4572പേരുടെ വർധനവുണ്ടായിരിക്കുന്നു എന്നത് പരീക്ഷാ ഫലത്തിന്റെ മാറ്റ് കൂട്ടുന്നു.

ശതമാന കണക്കെടുത്താൽ ഏറ്റവും കൂടുതൽ കുട്ടികളെ ഉപരിപഠനത്തിന് യോഗ്യരാക്കിയ റവന്യു ജില്ല പത്തനംതിട്ടയും ( 99.71%) വിദ്യാഭ്യാസ ജില്ല കുട്ടനാടും (100%)‌ ആണ്. കഴിഞ്ഞ വർഷവും പത്തനംതിട്ട 99.33%വും കുട്ടനാട്  99.90%വും കരസ്ഥമാക്കി  ഒന്നാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനം നിലനിർത്തുന്നതിനൊപ്പം മെച്ചപ്പെട്ട റിസൾട്ടുണ്ടാക്കാൻ പത്തനംതിട്ടയ്ക്കും കുട്ടനാടിനും കഴിഞ്ഞിട്ടുണ്ട്. പ്രളയം നക്കിയെടുത്ത കുട്ടനാട്ടിലെ ചുണക്കുട്ടികൾ പകരുന്ന ഊർജം അതുല്യമാണ്.

ഉപരിപഠന യോഗ്യത നേടിയവരുടെ കാര്യത്തിൽ പിറകിൽ നിൽക്കുന്ന റവന്യൂജില്ലയും വിദ്യാഭ്യാസ ജില്ലയും 95.04 % പേരുടെ ഉപരിപഠന യോഗ്യതയോടെ വയനാടാണ്. കഴിഞ്ഞ വർഷത്തെ 93.22 ശതമാനത്തോട് താരതമ്യം ചെയ്താൽ വയനാടും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വയനാട് നേടിയ മികവ് താരതമ്യമില്ലാത്തതാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ+ ഗ്രേഡ് നേടിക്കൊടുത്ത ജില്ല മലപ്പുറമാണ്. ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 6447  പേരാണ് ഈ ഔന്നത്യത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. കഴിഞ്ഞ വർഷം 5970 കുട്ടികളാണ് മലപ്പുറം ജില്ലയിൽ നിന്നും എല്ലാ വിഷയത്തിലും എ+ ഗ്രേഡ് നേടി സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരായത്.

മലപ്പുറം ജില്ലയിലെ പി കെ എം എച്ച് എസ് എസ് എടരിക്കോട് 2327 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെന്ററായി മാറിയപ്പോൾ ആലപ്പുഴ ജില്ലയിലെ ജി എച്ച് എസ് തെക്കേ കരയും കണ്ണൂർ  ജില്ലയിലെ ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇൻ്റർനാഷണൽ എച്ച് എസ് തലശ്ശേരിയും 2 കുട്ടികളെ മാത്രം പരീക്ഷ എഴുതിച്ച് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ സെൻ്ററുകളായി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ അക്കാദമിക പ്രവർത്തനങ്ങളും പരീക്ഷാ സമ്പ്രദായത്തിൽ വരുത്തിയ ശാസ്ത്രീയമായ ചിട്ടപ്പെടുത്തലുമാണ് ഗംഭീരമായ ഈ പരീക്ഷാ ഫലത്തിന് നിദാനമായിരിക്കുന്നത്. അഭിമാനകരമായ നേട്ടം കൈവരിച്ച മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

അതേസമയം കഠിനാദ്ധ്വാനം നടത്തിയിട്ടും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാതെ പോയവർ ഒരു കാരണവശാലും നിരാശപ്പെടേണ്ടതില്ല. അടുത്ത അവസരത്തിനായി വർധിതോത്സാഹത്തോടെ തയ്യാറെടുക്കൂ. കുട്ടികൾ കാഴ്ചവെച്ച ഈ ഗംഭീരനേട്ടത്തിനു പിന്നിൽ  പ്രവർത്തിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിങ്ങനെ പൊതുവിദ്യാഭ്യാസത്തിൽ തൽപരരായ മുഴുവൻ പേരെയും അഭിവാദ്യം ചെയ്യുന്നു.

(ലേഖകൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വിദ്യാഭ്യാസ വിദഗ്ധനാണ്‌.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top