20 August Saturday

മികവോടെ മുന്നോട്ട് - പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

 

എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികൾക്ക് വിജയം നേടാനാകും. ജീവിതവിജയം ആണ്‌ വലുത്. പരീക്ഷയും മൂല്യനിർണയവും കൃത്യസമയത്ത് നടത്താൻ പിന്തുണ നൽകിയ ഏവർക്കും അഭിനന്ദനങ്ങൾ.

മഹാമാരിമൂലം സംസ്ഥാനത്ത് പൂർണതോതിലുള്ള നേരിട്ടുള്ള അധ്യയനം നടത്തുവാൻ സാധിച്ചിരുന്നില്ല. എന്നാൽ 2021 ജൂൺ ഒന്നു മുതൽത്തന്നെ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകളും 2021 നവംബർ ഒന്നുമുതൽ  നേരിട്ട്‌ അധ്യയനവും ആരംഭിച്ചിരുന്നു. എങ്കിലും സ്കൂളുകളിൽ പൂർണതോതിൽ നേരിട്ടുള്ള അധ്യയനം സാധിച്ചിരുന്നില്ല. പാഠഭാഗങ്ങളുടെ ആപേക്ഷിക പ്രാധാന്യത്തിൽ ഊന്നൽ നൽകി പുനക്രമീകരിച്ച ഫോക്കസ് ഏരിയാരീതി അവലംബിച്ച് ഫോക്കസ് ഏരിയയിൽനിന്ന്‌ 70ശതമാനം ചോദ്യവും പുറത്തുനിന്ന്‌ 30ശതമാനം ചോദ്യവും ഉൾപ്പെടുത്തി എസ്എസ്എൽസി ചോദ്യപേപ്പറിന്റെ ഘടനയിൽ മാറ്റം വരുത്തി. കോവിഡിൽ  നിന്ന് നാം പൂർണമായും മുക്തി നേടിയിട്ടില്ലെങ്കിലും കരുതലോടെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടരുന്നു.

നമ്മുടെ പൊതുവിദ്യാലയങ്ങൾ പല തലങ്ങളിൽ രാജ്യത്തിന് മാതൃകയാണ്. അതിൽ സുപ്രധാനം പൊതുസമൂഹത്തിന്റെ ഇടപെടൽ ആണ്. വിദ്യാലയങ്ങൾ നാടിന്റെ പൊതുസ്വത്ത് ആയാണ് കണക്കാക്കപ്പെടുന്നത്. വിദ്യാർഥികളുടെ സുഗമവും ഗുണാത്മകവുമായ പഠനത്തിനായി പള്ളിക്കൂടങ്ങളും വിദ്യാഭ്യാസവകുപ്പും അക്കാദമിക്‌ ഘടകങ്ങളും സജ്ജമായിക്കഴിഞ്ഞു. വിദ്യാലയങ്ങൾ ഇന്ന് വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനത്തിൽ പൊതുജനങ്ങളുടെ ഇടപെടലിനു വലിയ സാധ്യതകളാണുള്ളത്. ഓരോവർഷവും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണംവർധിച്ചുവരുന്നു.  ഈ വർഷവും അതു തുടരുകയാണെന്നാണ്  കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്കൂളുകളിലെ കുട്ടികൾക്ക് മതിയായ സുരക്ഷയും അക്കാദമിക് മുന്നേറ്റവും ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമലക്ഷ്യം. ഓരോ കുട്ടിയെയും ഒറ്റയായെടുത്തുകൊണ്ടുള്ള പഠനസമ്പ്രദായത്തിലേക്കാണു നാം പോകുന്നത്. സിലബസ് അധിഷ്ഠിത പാഠപുസ്തക പഠനത്തോടൊപ്പം  നൈസർഗികവും വാസനാപരവും ഭാവനാപരവും കായികവുമായ എല്ലാ വികാസങ്ങളെയും പഠനമെന്ന സങ്കൽപ്പത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സാമൂഹ്യനീതിവകുപ്പ്, മോട്ടോർവാഹനവകുപ്പ്, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ   സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

പ്രവേശനോത്സവം
വിദ്യാലയങ്ങളിലെ ഭൗതികാന്തരീക്ഷം സുരക്ഷിതവും കമനീയവുമായിട്ടുണ്ട്. കുട്ടിയെ സ്വാഗതം ചെയ്യുന്നത് ആകർഷകമായ അന്തരീക്ഷമായിരിക്കണം. കുട്ടിയെ ഹാർദവവും ഉന്മേഷഭരിതവുമായ പഠനോത്സവാന്തരീക്ഷത്തിലേക്കു സ്വീകരിക്കുക എന്നതിലാണ് പ്രവേശനോത്സവങ്ങളുടെ പ്രസക്തിയുള്ളത്. ഈ വർഷം എല്ലാ വിദ്യാലയങ്ങളിലും ലളിതവും ഹൃദ്യവുമായി പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ആദ്യദിനം 42.9 ലക്ഷം വിദ്യാർഥികളാണ് എത്തിയത്. ഒന്നാംക്ലാസിൽ നാലുലക്ഷം പേരെത്തി. വിദ്യാഭ്യാസപ്രക്രിയയുടെ പ്രഥമഘടകമെന്നനിലയിൽ സ്കൂളുകൾക്കു വലിയ പ്രാധാന്യമാണുള്ളത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പ്രാദേശികജനതയും ഭരണകൂടവുമെല്ലാം ഉൾക്കൊള്ളുന്ന സ്കൂളുകൾ ഇന്ന് ഉത്സവാന്തരീക്ഷത്തിലാണ്‌. കേരളത്തിൽ വിവിധവിഭാഗങ്ങളിലായി പതിനയ്യായിരത്തിൽപ്പരം സ്കൂളുകളുണ്ട്. ഏകീകൃത പ്രവർത്തനരീതി കൈവരിക്കുന്നതിനും  സുഗമമായ ഏകോപനത്തിനും വേണ്ടി ഈ വർഷം മുതൽ സ്കൂൾമാന്വൽ പുറത്തിറക്കുകയാണ്.   പാഠപുസ്തകങ്ങളുടെ അച്ചടി മെയ്‌ മാസം തന്നെ പൂർത്തിയാക്കി  എത്തിച്ചിട്ടുണ്ട്. 

പഠനാനുബന്ധ പ്രവർത്തനങ്ങൾ
പഠനമെന്നത് സിലബസ് അധിഷ്ഠിതമായ പരീക്ഷാവിജയം മാത്രമല്ല. വിദ്യാർഥികളുടെ കലാകായിക മികവുകൾ അംഗീകരിക്കപ്പെടുകയും അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വേണം. പഠനത്തോടൊപ്പംതന്നെ  സർഗാത്മക വളർച്ചയ്ക്കായി നിരവധി പദ്ധതികൾ  ആവിഷ്കരിച്ചിട്ടുണ്ട്. അവയെല്ലാം ഈ വർഷം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. കലോത്സവവും ശാസ്ത്രോത്സവവും കായികമേളയും വിദ്യാരംഗം സർഗോത്സവവുമെല്ലാം സമയബന്ധിതമായിത്തന്നെ സംഘടിപ്പിക്കേണ്ടതുണ്ട്.

സ്കൂൾകെട്ടിടങ്ങളുടെയും സ്കൂൾവാഹനങ്ങളുടെയും കാര്യത്തിൽ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിർദിഷ്ടയോഗ്യതകളും കാര്യക്ഷമതയുമുള്ള മികച്ച ഒരധ്യാപകസമൂഹമാണ് നമുക്കുള്ളത്. മാറിവരുന്ന പഠനസാഹചര്യങ്ങളെ ഉൾക്കൊള്ളാനും കാലികമായി സ്വയം നവീകരിക്കാനും അവർക്കു കഴിയുന്നുണ്ട്.  ഈ വർഷം അധ്യാപകസംഗമമെന്ന നിലയിലാണ് അധ്യാപകപരിശീലനം സംഘടിപ്പിച്ചത്.

ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിലും സർക്കാരിന് ജാഗ്രതയുണ്ട്. എല്ലാ അഭിപ്രായങ്ങളും മാനിച്ചുകൊണ്ടും ആശങ്കകൾ പരിഹരിച്ചുകൊണ്ടുമാകും ഏകീകരണം നടപ്പിലാക്കുക.  വരുന്ന അക്കാദമിക്‌ വർഷം മികവുറ്റ പഠനവർഷമാക്കി മാറ്റാൻ സർക്കാർ പരിശ്രമിക്കുകയാണ്. അതിന് ഇച്ഛാശക്തി മാത്രം പോരാ, വിദ്യാഭ്യാസപ്രവർത്തകരിലും പൊതുജനങ്ങളിലുംനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top