26 April Friday

ശ്രീലങ്കയെ 
പ്രതിസന്ധിയിലാക്കിയതാര്‌ - ഡോ. പി ജെ വിൻസെന്റ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

ശ്രീലങ്ക ആളിക്കത്താൻ തുടങ്ങിയിട്ട് മൂന്നുമാസമായി. അധികാരത്തിന്റെ സുഖം വിട്ടൊഴിയാൻ വിസമ്മതിക്കുന്ന രജപക്‌സെമാർ പിൻവാതിൽ ഭരണത്തിന് കളമൊരുക്കാനുള്ള തത്രപ്പാടിലാണ്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഭരണകൂടം സമ്പൂർണമായി നിഷ്കാസിതമാകുംവരെ പിൻമടക്കമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങൾ തെരുവിലാണ്. തെറ്റായ സാമ്പത്തികനയവും തലതിരിഞ്ഞ ഭരണപരിഷ്കാരങ്ങളും കുടുംബാധിപത്യവും ചേർന്ന് സൃഷ്ടിച്ച ശ്രീലങ്കൻ ദുരന്തം പക്ഷേ ചെെനയുടെ കണക്കിൽപ്പെടുത്തി കമ്യൂണിസ്റ്റ് വിരുദ്ധ ഭൂതത്തെ കെട്ടഴിച്ചുവിടാനാണ് സാമ്രാജ്യത്വ മാധ്യമശൃംഖലകൾ പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ജനാഭിലാഷത്തിനുവിരുദ്ധമായി പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ രജപക്‌സെ കുടുംബത്തിന്റെ വിശ്വസ്തനായ റനിൽ വിക്രമസിംഗയെ പ്രസിഡന്റ്‌ ആക്കാൻ അവർക്കു കഴിഞ്ഞു.

2013ൽ ആരംഭിച്ച ചെെനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ്‌ റോഡ് ഇനിഷ്യേറ്റീവ്‌ (ബിആർഐ)ആണ് ശ്രീലങ്കൻ സാമ്പത്തികപ്രതിസന്ധിയുടെ മൂലകാരണം എന്നാണ് വാദം. വോയ്സ് ഓഫ് അമേരിക്ക "China's Global Image Under Strain as Srilankan faces debt'' എന്ന തലക്കെട്ടിൽ ലേഖനമെഴുതി. കടംകൊടുത്ത് കെണിയിലാക്കുന്ന ചെെനയുടെ ഇരപിടിയൻ നയമാണ് ഇപ്പോഴത്തെ സമ്പൂർണ സാമ്പത്തികത്തകർച്ചയ്‌ക്കു കാരണമെന്നാണ് ലേഖനം സമർഥിക്കുന്നത്. സമാനമായ ലേഖനങ്ങൾ അസോസിയേറ്റഡ് പ്രസ്, എബിസി ന്യൂസ്, അൽ–അറബിയ, നിക്കെ (ജപ്പാൻ) തുടങ്ങിയ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ന്യൂ ഇന്ത്യ എക്സ്പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ്, ഇന്ത്യാ ടുഡെ, ദി പ്രിന്റ് അടക്കമുള്ള ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ തനിപ്പകർപ്പുകൾ ഗവേഷണ പ്രബന്ധങ്ങളുടെ രൂപഭാവങ്ങളിൽ  പ്രസിദ്ധീകരിച്ചു. കേരള മാധ്യമങ്ങൾ ശ്രീലങ്കയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് കേരള സർക്കാരിനെ സൗജന്യമായി ഉപദേശിക്കുകയും ചെയ്തു . ഈ പ്രഘോഷണങ്ങൾ എല്ലാംതന്നെ യഥാർഥ സാമ്രാജ്യത്വ കടക്കെണിയുടെ വികൃതമായ മുഖം മൂടിവച്ചു എന്നതാണ് വസ്തുത.

ലങ്കയുടെ വിദേശകടം
5100 കോടി അമേരിക്കൻ ഡോളറാണ് ശ്രീലങ്കയുടെ വിദേശകടം. അടിയന്തരമായി പലിശയും മുതലുമായി തിരിച്ചടവിന് 700 കോടി ഡോളർ അനിവാര്യമാണ്. 2017 മുതൽ തിരിച്ചടവ് മുടങ്ങുന്നുണ്ട്. 2019ലെ ഈസ്റ്റർ ഭീകരാക്രമണവും കോവിഡ് മഹാമാരിയും ചേർന്ന് തളർന്ന സമ്പദ്ഘടനയെ തരിപ്പണമാക്കി. റഷ്യ–- ഉക്രയ്‌ൻ യുദ്ധംകൂടി ആയപ്പോൾ പതനം സമ്പൂർണമായി. 2022 ജനുവരിയിൽ 300 കോടി ഡോളറിന്റെ ധനസഹായം ഇന്ത്യ പ്രഖ്യാപിച്ചു. സാധ്യമായ മാനുഷിക സഹായങ്ങൾ നൽകി. തമിഴ്നാട് സ്വന്തം നിലയ്ക്ക് സഹായങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ, വികസിത രാജ്യങ്ങൾ ഇതുവരെ നിർണായകമായ നീക്കങ്ങൾ നടത്തിയിട്ടില്ല.

2021ലെ കണക്കുപ്രകാരം ശ്രീലങ്കയുടെ വിദേശകടത്തിന്റെ 79ശതമാനം അമേരിക്ക, യൂറോപ്യൻ ധനസ്ഥാപനങ്ങൾ, ജപ്പാൻ എന്നിവയിൽനിന്നുള്ളതാണ്. ചെെനയുടേത് 10 ശതമാനവും ഇന്ത്യയുടേത് രണ്ടു ശതമാനവുമാണ്. മറ്റു രാജ്യങ്ങളിൽനിന്നും ഏജൻസികളിൽനിന്നുമുള്ള കടം ഒമ്പതു ശതമാനം വരും. പ്രസിഡന്റ് ജയവർധനയുടെ കാലത്ത് (1977–89) സ്വകാര്യവൽക്കരണനയങ്ങൾ നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. 1983ൽ ആരംഭിച്ച എൽടിടിഇ ഭീകരതയും 1987–90 കാലത്തെ ജനതാവിമുക്തി പെരമുനയുടെ സായുധ ഉയിർപ്പുമെല്ലാം സാമ്പത്തികരംഗത്തെ തളർത്തിയെങ്കിലും കൃഷി– ടൂറിസം മേഖലകളിലെ ക്രമാനുഗതമായ വളർച്ച സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. ലോകബാങ്കിന്റെ പട്ടികയിൽ താഴ്‌ന്ന വരുമാനമുള്ള രാജ്യം എന്ന പദവിയിൽനിന്ന് ഇടത്തരം വരുമാനമുള്ള രാജ്യം എന്ന നിലയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 21–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിവിധ അന്താരാഷ്ട്ര ധനഏജൻസികളിൽനിന്ന് താഴ്ന്ന നിരക്കിൽ (ഒരു ശതമാനമോ അതിൽ താഴെയോ) ശ്രീലങ്ക കടമെടുത്തു. ഇവയുടെ തിരിച്ചടവ് കാലാവധി 25 മുതൽ 40 വർഷംവരെയായിരുന്നു. 2005ൽ അധികാരത്തിൽവന്ന മഹിന്ദ രജപക്സെ എൽടിടിഇക്കെതിരായ അന്തിമയുദ്ധത്തിന് ദേശീയ വിഭവങ്ങളെല്ലാം വിനിയോഗിച്ചു. 2009ൽ യുദ്ധവിജയത്തിനുശേഷം രാഷ്ട്രപുനർനിർമാണത്തിന് വൻതുക ആവശ്യമായി വന്നു. ഈ ഘട്ടത്തിലാണ് ഉയർന്ന പലിശ നിരക്കിൽ വൻതോതിൽ കൊമേഴ്സ്യൽ ലോണുകൾ സ്വീകരിക്കുന്നത്. അന്താരാഷ്ട്ര മൂലധന മാർക്കറ്റിൽനിന്ന് ബോണ്ടുകൾ വഴി പണം സമാഹരിച്ചു. അന്താരാഷ്ട്ര സോവറിൻ ബോണ്ടുകൾ വഴിയുള്ള ധനസമാഹരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. അഞ്ചുമുതൽ 10 വർഷം  വരെ തിരിച്ചടവ് കാലാവധിയും ആറുശതമാനത്തിനുമുകളിൽ പലിശ നിരക്കുമാണ് ഈ കടപ്പത്രങ്ങൾക്കുള്ളത്. 2004നും 2019നുമിടയിൽ വാണിജ്യ വായ്‌പകൾ 2.5 ശതമാനത്തിൽനിന്ന് 56 ശതമാനമായി ഉയർന്നു. നിലവിൽ ശ്രീലങ്കയുടെ വിദേശകടത്തിന്റെ 47 ശതമാനം വാണിജ്യ വായ്‌പകളാണ്. അന്താരാഷ്ട്ര സോവറിൻ ബോണ്ടുകൾ വാങ്ങിയിട്ടുള്ള പ്രമുഖസ്ഥാപനങ്ങൾ ഇവയാണ്. ബ്ലാക്ക് റോക്ക് (യുഎസ്‌എ), ആഷ്‌മോർ ഗ്രൂപ്പ് (ബ്രിട്ടൻ), അലയൻസ് (ജർമനി), യുബിഎസ് (സ്വിറ്റ്സർലൻഡ്), എച്ച്‌ബിസി (ബ്രിട്ടൻ), ജെ പി മോർഗൻ (യുഎസ്‌എ), പ്രുഡൻഷ്യൽ (യുഎസ്‌എ). കടപ്പത്രങ്ങളിൽ പലതും കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ തിരിച്ചടവ് അനിവാര്യമായിരിക്കുന്നു. വിദേശനാണ്യശേഖര ശോഷണം സമ്പൂർണമായതോടെ തിരിച്ചടവ് മുടങ്ങിയെന്നുമാത്രമല്ല എണ്ണയും പാചകവാതകവും മരുന്നും പാൽപ്പൊടിയുമടക്കമുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയും നിലച്ചു. നിലവിലുള്ള സാഹചര്യത്തിൽ യൂറോ– അമേരിക്കൻ ധനസ്ഥാപനങ്ങൾ തിരിച്ചടവിന് ഇളവ് അനുവദിക്കുകയും അവശ്യസാധനങ്ങളുടെ ഇറക്കുമതിക്ക് മിതമായ നിരക്കിൽ ധനസഹായം അനുവദിക്കുകയും ചെയ്യുകയാണ് അടിയന്തര പരിഹാരം.

സ്വപ്‌ന പദ്ധതികൾക്കുവേണ്ടി 
വൻതുക
2021ലെ കണക്കുപ്രകാരം ശ്രീലങ്കയുടെ മൊത്തം വിദേശകടത്തിന്റെ 13 ശതമാനം ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിലാണ് (എഡിബി). ജപ്പാൻ 10 ശതമാനം, ലോകബാങ്ക്  10 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന സ്ഥാപനങ്ങൾ. അമേരിക്കയുടെ ഏഷ്യൻമേഖലയിലെ ലോലശക്തിയുടെ പ്രതീകമാണ് എഡിബി. ജപ്പാനും അമേരിക്കയ്ക്കുമാണ് എഡിബിയുടെ നിയന്ത്രണം. ലോകബാങ്കിൽ വീറ്റോ അധികാരമുള്ള ഏക ഓഹരി ഉടമ അമേരിക്കയാണ്. 2021 ൽ മൊത്തം കടത്തിന്റെ 64.6 ശതമാനം അമേരിക്കൻ ഡോളറിലും 10ശതമാനം ജപ്പാന്റെ യെന്നിലുമാണ് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്‌. ഇത് സൂചിപ്പിക്കുന്നത് അമേരിക്കയും ജപ്പാനും വിചാരിച്ചാൽ ശ്രീലങ്കൻ സാമ്പത്തികപ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ്. ശ്രീലങ്കയുടെ വിദേശകാര്യ വിഭവ വിഭാഗം നൽകുന്ന വിവരമനുസരിച്ച് 2019ൽ ശ്രീലങ്കൻ വിദേശകടത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് ചെെനയുടെ യുവാനിൽ നൽകേണ്ടത്. 


 

ചെെനയുടെ വൻ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ശ്രീലങ്കയുടെ സാമ്പത്തികത്തകർച്ചയ്ക്ക് ആക്കംകൂട്ടി എന്നത് വസ്‌തുതയാണ്. എന്നാൽ, പാശ്ചാത്യമാധ്യമങ്ങൾ പറയുന്നതുപോലെ ചെെനയുടെ നൽകിയ കടമല്ല  പ്രശ്നത്തിന്റെ മൂലകാരണം. ഹമ്പൻ ടോട്ട തുറമുഖം, വിമാനത്താവളം, കൊളംബോ പോർട്ട് സിറ്റി, 104.3 മില്യൺ ഡോളറിന്റെ കൊളംബോ  ലോട്ടസ് ടവർ തുടങ്ങിയ ചെെനയുടെ ധനസഹായം സ്വീകരിച്ചു നടപ്പാക്കിയ വൻപദ്ധതികളെല്ലാം ബാധ്യതയായി മാറി. ലോകത്തിലെ ഏറ്റവും കുറവ് യാത്രക്കാരുള്ള വിമാനത്താവളങ്ങളിലൊന്നാണ് ഹമ്പൻടോട്ട എയർപോർട്ട്. ഇവയൊന്നും പ്രതീക്ഷിച്ച വരുമാനം കൊണ്ടുവന്നില്ല. 140 കോടി ഡോളർ കടത്തിന്റെ തിരിച്ചടവ്‌ മുടങ്ങിയതോടെ 2017ൽ ഹമ്പൻടോട്ട തുറമുഖം 99 വർഷത്തേക്ക്‌ ചൈനയ്‌ക്കു കൈമാറി. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യത്തിനും വികസനത്തിനും വേണ്ടി വിദേശകടം സ്വീകരിക്കുന്നതിനു പകരം സ്വപ്‌ന പദ്ധതികൾക്കുവേണ്ടി വൻതുക ചെലവഴിച്ച ശ്രീലങ്കൻ ഭരണാധികാരികളാണ്‌ ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്‌.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീലങ്കൻ പ്രതിസന്ധിയിൽ ചൈനയെ പ്രതിസ്ഥാനത്ത്‌ നിർത്തി ചൈന ഫോബിയയും കമ്യൂണിസ്റ്റ്‌ വിരുദ്ധതയും ആഗോളവ്യാപകമായി വളർത്താനാണ്‌ അമേരിക്കയും സഖ്യശക്തികളും ശ്രമിക്കുന്നത്‌. ഏതു തരത്തിലുള്ള വിദേശകടവും  ശാസ്‌ത്രീയമായി വിനിയോഗിച്ചില്ലെങ്കിൽ സമ്പദ്‌ഘടനകളെ തകർച്ചയിലേക്കു നയിക്കും. ശ്രീലങ്കയുടെ കാര്യത്തിൽ ഘടനാപരമായ ദൗർബല്യവും അതിരുകടന്ന വിദേശകടവും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളും ഒന്നു ചേർന്നപ്പോൾ സമ്പദ്‌ഘടന മുതലക്കൂപ്പ്‌ കുത്തി. ജൂലൈ ഒമ്പതിന്‌ ബിബിസി ഇക്കാര്യം വിശദമായി റിപ്പോർട്ട്‌ നൽകി. ചൈനയെ മാത്രം പ്രതിസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നത്‌ യുക്തിസഹമല്ല എന്നവർ വ്യക്തമാക്കി. ചൈനയിലെ ഗ്ലോബൽ ടൈംസ്‌ ശ്രീലങ്കയുടെ വിദേശകടം സംബന്ധിച്ച യഥാർഥ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. പാശ്‌ചാത്യ മാധ്യമങ്ങൾ ഇക്കാര്യങ്ങൾ നിഷേധിച്ചിട്ടില്ല. ദേശീയ മാധ്യമങ്ങൾ  ‘ചൈനപ്പേടി’ക്കു ചുറ്റും കറങ്ങുകയാണ്‌. നോം ചോംസ്‌കി വിശദമാക്കിയ കമ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ അരിപ്പയിലൂടെയാണ്‌ ദേശീയ മാധ്യമങ്ങളുടെ വാർത്തകൾ ഇപ്പോഴും കടന്നുവരുന്നതെന്ന്‌ സാരം.

(പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top