24 April Wednesday

ശ്രീലങ്കയിലെ കാറ്റ്‌ ഇന്ത്യയിലേക്കോ

സാജൻ എവുജിൻUpdated: Saturday May 14, 2022

ശ്രീലങ്കയിലെ സാമ്പത്തികത്തകർച്ച നേപ്പാളിന്‌ പാഠമാണെന്ന്‌ ഇന്ത്യയിലെ നേപ്പാൾ സ്ഥാനപതി ശങ്കർ പി ശർമ പറയുന്നു. ലോകത്തെ 107 രാജ്യത്തെ സമ്പദ്‌ഘടന പ്രതിസന്ധിയിലാണെന്ന്‌ ഐക്യരാഷ്‌ട്രസംഘടനയുടെ അൺക്ടാഡ്‌ (യുണൈറ്റഡ്‌ നേഷൻസ്‌ കോൺഫറൻസ്‌ ഓൺ ട്രേഡ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌)റിപ്പോർട്ട്‌   ഈയിടെ മുന്നറിയിപ്പുനൽകി. ഇതിൽത്തന്നെ 69 രാജ്യം കടക്കെണിയിലും വിലക്കയറ്റത്തിലും കുടുങ്ങിയിരിക്കയാണ്‌. ശ്രീലങ്ക ആദ്യം വീണുവെന്നേയുള്ളൂവെന്നാണ്‌ ലോകബാങ്കും ഐഎംഎഫും ചൂണ്ടിക്കാണിക്കുന്നത്‌. അതിരൂക്ഷമായ വിലക്കയറ്റം, പണപ്പെരുപ്പം, രൂപയുടെ വിനിമയമൂല്യത്തകർച്ച, ഓഹരിവിപണികളിലെ പതനം, വിദേശനിക്ഷേപകരുടെ വൻതോതിലുള്ള പിന്മാറ്റം എന്നീ ലക്ഷണങ്ങൾ ശ്രീലങ്കയിലെ കാറ്റ്‌ ഇന്ത്യയിലേക്കും എത്താമെന്നതിന്റെ ശക്തമായ സൂചനകളാണ്‌. എന്നാൽ, നേപ്പാൾ സ്ഥാനപതി  അവരുടെ രാജ്യത്തോടു കാട്ടുന്ന കരുതൽ ഇന്ത്യയിലെ ഭരണനേതൃത്വം നമ്മുടെ രാജ്യത്തോട്‌ പ്രകടിപ്പിക്കുന്നില്ല. പൊള്ളയായ മുദ്രാവാക്യങ്ങളും അവകാശവാദങ്ങളും മുഴക്കുന്ന തിരക്കിലാണ്‌ അവർ.

രാജ്യത്ത്‌ പണപ്പെരുപ്പം എട്ടുവർഷത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്‌. 2014 മേയിൽ രണ്ടാം യുപിഎ സർക്കാർ പരാജയത്തിലേക്ക്‌ നീങ്ങവെ രാജ്യത്ത്‌ അനുഭവപ്പെട്ട വിലക്കയറ്റത്തേക്കാൾ രൂക്ഷമായ സ്ഥിതിയാണ്‌. കഴിഞ്ഞമാസം പണപ്പെരുപ്പം 7.8 ശതമാനമായി പെരുകിയെന്ന്‌ കേന്ദ്ര സർക്കാർ സ്ഥിതിവിവരക്കണക്ക്‌ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ ഭക്ഷ്യപണപ്പെരുപ്പമാണ്‌ ഏറ്റവും കടുപ്പം. ഉപഭോക്തൃഭക്ഷ്യ വിലസൂചിക ഏപ്രിലിൽ 8.38 ശതമാനം വർധിച്ചു. തൊട്ടുമുൻമാസം വർധന 7.68 ശതമാനമായിരുന്നു. പച്ചക്കറി, ധാന്യങ്ങൾ, ഭക്ഷ്യഎണ്ണ എന്നിവയുടെ വില കുത്തനെ ഉയരുകയാണ്‌. ഭക്ഷണം ഒഴികെയുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രണാതീതമാണ്‌. ഇന്ധനവില വർധനയാണ്‌ സർവമേഖലയിലും സ്ഥിതി വഷളാക്കിയത്‌. റഷ്യ–-ഉക്രയ്‌ൻ യുദ്ധത്തെ പഴിച്ച്‌ ഇക്കാര്യത്തിൽ മോദിസർക്കാരിന്റെ പങ്ക്‌ മറച്ചുവയ്‌ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. ഇന്ധനങ്ങൾക്ക്‌ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ഉയർന്ന എക്‌സൈസ്‌  തീരുവ ചുമത്തി വർഷങ്ങളായി ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ മോദിസർക്കാർ. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്‌ രാജ്യാന്തരവിപണിയിൽ എണ്ണവില താഴ്‌ന്നുനിന്നതിനാൽ തീരുവ വഴിയുള്ള ചൂഷണത്തിന്റെ കെടുതി പൊതുവെ തിരിച്ചറിഞ്ഞില്ലെന്നു മാത്രം. സമ്പദ്‌ഘടനയ്‌ക്കും ജനങ്ങൾക്കും താങ്ങാൻ കഴിയാത്ത ആഘാതമാണ്‌ ഇന്ധനവിലക്കയറ്റം സൃഷ്ടിച്ചത്‌. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടി  ഉണ്ടാകാത്ത സാഹചര്യത്തിൽ റിസർവ്‌ബാങ്ക്‌ കഴിഞ്ഞയാഴ്‌ച റിപ്പോനിരക്ക്‌ ഉയർത്തിയപ്പോൾ അതൃപ്‌തി പ്രകടിപ്പിക്കുകയാണ്‌ ധനമന്ത്രി നിർമല സീതാരാമൻ ചെയ്‌തത്‌.


 

ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപ നേരിടുന്ന തകർച്ചയും സമ്പദ്‌ഘടനയെ ഉലയ്‌ക്കുകയാണ്‌. ഡോളറിന്‌ 77.59  രൂപയെന്ന നിലയിൽ ചരിത്രത്തിലെ ഏറ്റവുംവലിയ ഇടിവിലേക്ക്‌ ഇന്ത്യൻ കറൻസി കൂപ്പുകുത്തി. മുമ്പ്‌ രൂപയുടെ മൂല്യം ഡോളറിന്‌ 64 എന്നനിലയിൽ ഇടിഞ്ഞപ്പോൾ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പരിഹസിച്ചത്‌ രാജ്യം ഭരിക്കുന്നവരുടെ കഴിവുകേടാണ്‌ കറൻസിയെ തകർക്കുന്നതെന്നാണ്‌. ഇപ്പോൾ രൂപ അനുദിനം നിലംപതിക്കുമ്പോൾ മോദിക്ക്‌ വിശദീകരിക്കാൻ വാക്കുകളില്ല. രൂപയുടെ മൂല്യത്തകർച്ച തുടരാനാണ്‌ സാധ്യത. രൂപയുടെ  തകർച്ച  പണപ്പെരുപ്പം വീണ്ടും ഉയർത്തും. സർക്കാർ കൊട്ടിഘോഷിച്ച്‌ ആനയിക്കുന്ന വിദേശസ്ഥാപന നിക്ഷേപകർ ഓഹരിവിപണിയിൽനിന്ന്‌ വൻതോതിൽ പിന്മാറുന്നതും ആഭ്യന്തരവിപണിയിലെ ആവശ്യക്കുറവുമാണ്‌ രൂപയെ ദുർബലപ്പെടുത്തുന്നത്‌. ഏപ്രിൽ 29നു ശേഷം വിദേശനാണ്യശേഖരത്തിൽ 300 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്‌. രണ്ടു മാസമായി വിദേശനാണ്യശേഖരം കുറഞ്ഞുവരികയാണ്‌. 2021 മെയ്‌ മാസത്തിനുശേഷം ആദ്യമായാണ്‌ വിദേശനാണ്യശേഖരം 60,000 കോടി ഡോളറിൽ താഴെയാകുന്നത്‌. മേയിലെ ആദ്യത്തെ നാല്‌ പ്രവൃത്തിദിവസംമാത്രം വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന്‌ 6,400 കോടി രൂപയാണ്‌ പിൻവലിച്ചത്‌.

വിദേശത്തുനിന്ന്‌ ഇന്ത്യയിലേക്ക്‌ പണം അയക്കുന്ന പ്രവാസികൾക്ക്‌  രൂപയുടെ തകർച്ച താൽക്കാലികനേട്ടമായി അനുഭവപ്പെടാം. എന്നാൽ, രൂപയുടെ തകർച്ച സൃഷ്ടിക്കുന്ന പണപ്പെരുപ്പം പ്രവാസികളുടെ ഈ നേട്ടം ചോർത്തിക്കളയും. എല്ലാ സാധനത്തിനും വിലകയറുമ്പോൾ കുറച്ച്‌ അധികം ഇന്ത്യൻ രൂപ കിട്ടിയിട്ട്‌ എന്താണ്‌ പ്രയോജനം. ഇറക്കുമതിയെ ആശ്രയിച്ചുള്ള വ്യവസായങ്ങൾക്ക്‌ രൂപയുടെ തകർച്ച കനത്ത പ്രഹരമാണ്‌. ഡോളറിന്‌ 72 രൂപയായിരുന്നപ്പോൾ 10 ഡോളറിന്റെ സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ 720 രൂപ നൽകേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ 775 രൂപയിൽ കൂടുതൽ ചെലവിടണം. കയറ്റുമതി വർധിപ്പിക്കാൻ കഴിഞ്ഞാൽ ഡോളറിനെതിരെ രൂപ ശക്തിയാർജിക്കും. കോവിഡ്‌, രാജ്യാന്തരസംഘർഷങ്ങൾ എന്നിവ കാരണം കയറ്റുമതിയിൽ വേണ്ടത്ര വളർച്ച നേടാൻ കഴിയുന്നില്ല.  രാജ്യത്തിന്റെ വ്യാപാരക്കമ്മി കഴിഞ്ഞ സാമ്പത്തികവർഷം 1,92,41 കോടി ഡോളറായി പെരുകി. 2020–-21ൽ 1,02,63 കോടി ഡോളറായിരുന്ന സ്ഥാനത്താണ്‌ ഇത്‌. എണ്ണവില ഉയർന്നുനിൽക്കുന്നതിനാൽ വ്യാപാരമിച്ചം നേടാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കാൻപോലും കഴിയില്ല.

നരസിംഹ റാവു സർക്കാർ 1991ൽ രാജ്യത്ത്‌ നവഉദാര പരിഷ്‌കാരങ്ങൾക്ക്‌ തുടക്കമിട്ടത്‌ സാമ്പത്തികപ്രതിസന്ധിയിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാനെന്ന പേരിലാണ്‌. 30 വർഷം പിന്നിടുമ്പോൾ രാജ്യം കൂടുതൽ ഗുരുതരമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു. ഈ സ്ഥിതി കൈകാര്യംചെയ്യുന്നതു സംബന്ധിച്ച്‌ വലതുപക്ഷ സാമ്പത്തിക വിദഗ്‌ധർ തമ്മിൽ തർക്കത്തിലാണ്‌. ഇതേക്കുറിച്ച്‌ ഫിദൽ കാസ്‌ട്രോ 1999ൽ പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്‌. ‘‘നവഉദാര ആഗോളവൽക്കരണ പണ്ഡിതന്മാരുടെ സൃഷ്ടികൾ വായിക്കുന്നത്‌ രസകരമാണ്‌. യഥാർഥത്തിൽ സിനിമകളോ വീഡിയോകളോ കാണാൻ–-എത്ര നല്ലതാണെങ്കിലും–-എനിക്ക്‌ സമയം കിട്ടാറില്ല. പകരം ഈ മാന്യന്മാരുടെ സൃഷ്ടികൾ വായിക്കുന്നതിലാണ്‌ ഞാൻ രസം കണ്ടെത്തുന്നത്‌.  എന്നാൽ, ഏറ്റവും ബുദ്ധിയും ധാരണയുമുള്ള അവരുടെ എഴുത്തുകാർ പോലും വൈരുധ്യങ്ങളിലും ആശയക്കുഴപ്പങ്ങളിലും നിരാശയിലും മുങ്ങിത്തപ്പുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അവർ വൃത്തത്തെ ചതുരമാക്കാൻ ആഗ്രഹിക്കുന്നു’’–-കറാക്കസിൽ നടത്തിയ പ്രഭാഷണത്തിൽ കാസ്‌ട്രോ പറഞ്ഞത്‌ ശ്രീലങ്കയ്‌ക്കും ഇന്ത്യക്കും നേപ്പാളിനുമൊക്കെ പാഠമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top