19 April Friday
ഇന്ന്‌ ശ്രീനാരായണഗുരു സമാധി

വിളക്കും കണ്ണാടിയും - ഡോ. എൻ ആർ ഗ്രാമപ്രകാശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

‘ഗുരു'വെന്ന വാക്കിന്റെ അർഥവും പൊരുളും എക്കാലവും ഓർമിക്കാൻ മലയാളികളെ പ്രാപ്തരാക്കിയ മഹിത ജീവിതത്തിന്റെ ഉടമയാണ് ശ്രീനാരായണഗുരു. ‘ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം' എന്ന കുമാരനാശാന്റെ കാവ്യവചനത്തിൽ ആ കർമചൈതന്യത്തിന്റെ സത്ത കുടികൊള്ളുന്നു. 1922 നവംബറിൽ മഹാകവി രബീന്ദ്രനാഥടാഗോർ ശിവഗിരിയിൽ നാരായണഗുരുവിനെ സന്ദർശിച്ചു. ടാഗോർ പിന്നീട് ഗുരുവിനെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടു. ‘‘ഞാൻ ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ചു വരികയാണ്. ഇതിനിടയ്ക്ക് പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ, മലയാളത്തിലെ നാരായണഗുരുസ്വാമികളേക്കാൾ മികച്ച, -അദ്ദേഹത്തിനോടു തുല്യനായ - ഒരു മഹാപുരുഷനെയും കാണാൻ എനിക്ക്‌ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരിക്കലും മറക്കുന്നതല്ല!''

സന്യാസിയും പരിഷ്‌കർത്താവും
ആധ്യാത്മികാചാര്യൻ, സാമൂഹ്യപരിഷ്‌കർത്താവ് എന്നിങ്ങനെ രണ്ട് അറയിലായി തിരിച്ച് ഗുരുവിനെ വായിക്കുന്ന പ്രവണത തുടരുന്നു. വസ്തുവിന്റെ ഒരു ഭാഗത്ത്‌ വെളിച്ചം വീഴുമ്പോൾ മറുഭാഗം ഇരുളിലാകുംപോലെ ഈ അറകൾ ഗുരുചിന്തയെ സമഗ്രതയിൽ മനസ്സിലാക്കുന്നതിനെ പരാജയപ്പെടുത്തുന്നു. ഗുരുവിന് സന്യാസജീവിതവും സാമൂഹ്യജീവിതവും പരസ്പരപൂരകമായിരുന്നു. എല്ലാത്തിലും ഏകാത്മകത ദർശിച്ച ഗുരുവിന്റെ ജീവിതംതന്നെ ഇതിന്‌ ഉത്തമനിദർശനമാണ്. ആധ്യാത്മികവും ലൗകികവുമായ മനുഷ്യജീവിതം ഒന്നിച്ചിണങ്ങി പോകുന്നതാണെന്ന് ഗുരു പ്രസ്താവിച്ചിട്ടുണ്ട്.

മതാനുഷ്ഠാനങ്ങളും ആരാധനാലയങ്ങളും ജാത്യാചാരങ്ങളുമല്ല ആത്മീയപ്രവർത്തനം. യഥാർഥ ആത്മീയത അവനവനെത്തന്നെ കണ്ടെത്താനുള്ള അന്വേഷണമാണ്. മതങ്ങളുടെ പിറവിക്കു മുമ്പുതന്നെ മനുഷ്യർ ഈ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  മതങ്ങളുടെ രക്ഷാകർതൃത്വത്തിൽ നാട്ടിലാകെ നടക്കുന്ന വ്യത്യസ്ത സംഘടിത ആഘോഷങ്ങൾ ആധ്യാത്മികതയുടെ യഥാർഥമൂല്യം ഉൾക്കൊള്ളുന്നവയല്ല. "ആനന്ദാ നീയാണ് നിന്റെ വിളക്ക് ഞാൻ പോലുമല്ല' എന്ന ബുദ്ധവചനം ആത്മാന്വേഷണത്തിന്റെ ഏകാന്തമൂല്യം വെളിവാക്കുന്നു. സ്വയം മനസ്സിലാക്കുന്ന മനുഷ്യർക്കേ തന്നെയും സമൂഹത്തെയും മാറ്റാനുള്ള കർമത്തിൽ ഏർപ്പെടാനാകൂ. സമൂഹത്തിലേക്കു വ്യാപിക്കുന്ന ആവിഷ്‌കാരപദ്ധതിയായി ഇതു മാറുന്നു. ഗുരുവിന്റെ ആത്മീയാന്വേഷണങ്ങൾ മതങ്ങളുടെ സ്ഥാപനവൽകൃത സ്വഭാവങ്ങളുമായി ഇടഞ്ഞുനിന്നവയാണ്. മതാതീതമായിരുന്നു ഗുരുവിന്റെ ആത്മീയത. സത്യാന്വേഷണത്തിന്റെ ആത്മീയപാതയെന്നോ മലയാളികളുടെ ആത്മോപനിഷത്തെന്നോ വിശേഷിപ്പിക്കാവുന്ന ‘‘ആത്മോപദേശശതക''ത്തിന്റെ നൂറ്‌ അറിവിലൂടെയുള്ള ജ്ഞാനസഞ്ചാരം എന്താണ് മതാതീത ആത്മീയതയെന്ന് വെളിപ്പെടുത്തും. "പ്രിയമൊരു ജാതിയിതെൻ', പ്രിയമപരന്റെയതെൻ പ്രിയം', "അപരനുവേണ്ടിയഹർനിശം', "അവനവനാത്മസുഖത്തിനാചരിക്കുന്നവ', "പല മതസാരവുമേകമാം', "ഒരു മതമന്യനു നിന്ദ്യം', "പൊരുതുജയിപ്പതസാദ്ധ്യം', "അഖിലരുമാത്മസുഖത്തിനായ്', "സകലവുമുള്ളതുതന്നെ' തുടങ്ങി പൊതുവെ പരിചിതമായ മേൽ പ്രയോഗങ്ങളടങ്ങിയ ചതുഷ്പദികൾ, ആത്മോപദേശ ശതകത്തിൽ കാണാം. ഇവ സാമൂഹ്യജീവിതത്തിന്റെ ഭൗതികാസ്തിത്വത്തെ അംഗീകരിക്കുന്നു. വിശ്വമാകെ നടന്നുകൊണ്ടിരുന്ന ശാസ്ത്ര- വ്യാവസായിക മാറ്റങ്ങൾ അറിഞ്ഞിരുന്ന മഹാതപസ്വിയാണ് നാരായണഗുരു.

സംഘടിച്ച്‌ ശക്തരാകുക
സംഘടനകൊണ്ട് ശക്തരാകാനും വിദ്യകൊണ്ട് സ്വതന്ത്രരാകാനും പഠിപ്പിച്ച ഗുരു അധ്വാനിക്കുന്ന വർഗം സംഘടിക്കുന്നതിലും അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിലും അനുകൂല മനഃസ്ഥിതി കാണിച്ചിരുന്നു. ഒരിക്കൽ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ചുകേട്ട ഗുരു ഇതിനു തന്നെയാണല്ലോ നാമും പ്രവർത്തിക്കുന്നതെന്ന് പ്രസ്താവിക്കയുണ്ടായത്രെ! ആധുനികശാസ്ത്ര സാങ്കേതിക വളർച്ചയുടെ വിവിധ വശങ്ങൾ അതീവജ്ഞാനതൃഷ്ണയോടെ അറിയാനും സംവദിക്കാനും ഗുരു സമയം കണ്ടെത്തിയിരുന്നു. ലോകമഹായുദ്ധമടക്കമുള്ള അന്തർദേശീയ ചലനങ്ങൾ മനസ്സിലാക്കിയിരുന്നു.

തിരുവിതാംകൂറിലെ കയർ ഫാക്ടറികളിൽ അമിത അധ്വാനവും കുറഞ്ഞ കൂലിയുമായി നരകിക്കുന്ന തൊഴിലാളികളുടെ ജീവിതഗതിയിൽ മാറ്റമുണ്ടാക്കാനുള്ള ഉപദേശമാരാഞ്ഞുകൊണ്ട് വാടപ്പുറം ബാവയെന്ന തൊഴിലാളി നേതാവ് നാരായണഗുരുവിനെ സന്ദർശിച്ചിരുന്നു. ഗുരു നൽകിയ ഉപദേശം തൊഴിലാളികളുടെ സംഘടനയുണ്ടാക്കാനായിരുന്നു. അതിലൂടെ അവർ ശക്തരും സ്വതന്ത്രരുമാകുമെന്ന് ആശംസിച്ചു. തുടർന്ന്‌, തൊഴിലാളി സംഘടന രൂപീകരിക്കുന്ന യോഗത്തിലേക്ക് തന്റെ പ്രിയ ശിഷ്യനായ സ്വാമി സത്യവ്രതനെ  അയച്ച് ആശീർവാദം അറിയിച്ചു.

കാലികപ്രസക്തി
ഇന്ത്യയുടെ ഇതരപ്രദേശങ്ങളിൽനിന്ന്‌ വിഭിന്നമായി കേരളീയർക്ക് നവോത്ഥാനം, ദേശീയ പ്രസ്ഥാനം ഇവയുടെ തുടർച്ചയെന്നോണം മാർക്‌സിസ്റ്റ്‌ പ്രത്യയശാസ്ത്ര പ്രവേശനം സ്വാഭാവികമായിരുന്നു. മാർക്‌സിസത്തിന്റെ മുദ്രാഗീതം നിന്ദിതരുടെയും പീഡിതരുടെയും മോചനമായിരുന്നു. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും സവിശേഷായുധമെന്ന നിലയിൽ പ്രയോഗിക്കപ്പെട്ട ജാതിവ്യവസ്ഥയ്‌ക്കെതിരെ നിലകൊണ്ടവർക്ക് പുതിയ പോരാട്ടങ്ങൾക്ക്‌ അഗ്നിച്ചിറകുകൾ നൽകാനായി. മാനസിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചവർക്ക് ഇനി തകർക്കാനുള്ളത്‌  ലൗകികമായ അടിമത്തത്തിന്റെ ചങ്ങലകളാണെന്നത് തർക്കരഹിതമായ ലക്ഷ്യമായിരുന്നു. ഗുരുവിന്റെയും ശിഷ്യന്മാരുടെയും സാമൂഹ്യപ്രവൃത്തികൾ ഈ പോരാട്ടത്തിന്റെ പശ്ചാത്തലമായി ഭവിച്ചു.


 

അടിത്തട്ടിലെ ജനതയെ ഒന്നിച്ചിണക്കി സ്വതന്ത്രസമുദായം വാർത്തെടുക്കാനുള്ള ഗുരുവിന്റെ പരിശ്രമങ്ങളെ മുന്നോട്ടു നയിച്ചത് കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്. അഖിലേന്ത്യാതലത്തിൽ രൂപംകൊണ്ടിരുന്ന ആര്യസമാജം, ബ്രഹ്മസമാജം പോലുള്ളവ സ്വയം മതമായി മാറുകയും യാഥാസ്ഥിതികതയിലേക്കു പതിക്കുകയും ജാത്യാധിഷ്ഠിതവിചാരങ്ങൾ അതിൽ രൂപംകൊള്ളുകയും ചെയ്തു. മുപ്പതുകളോടെ മാനവികതയുടെ പതാക പാറിച്ചുകൊണ്ട്‌  ഇടതുപക്ഷ - കർഷകപ്രസ്ഥാനം രൂപംകൊണ്ടു. അതിലൂടെയാണ് ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസംമുതൽ മൂല്യങ്ങൾ അംഗീകരിക്കുന്ന  സമൂഹമായി മലയാളികൾ മാറുന്നത്. ഈ വ്യതിരിക്ത സമൂഹത്തെയാണ് വീണ്ടും ജാതി മത രാഷ്ട്രീയത്തിന്റെ അഴുക്കുചാലിലേക്ക്‌ നയിക്കാൻ സംഘപരിവാർ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും ആയാസപ്പെടുന്നത്.

ഹിന്ദുമതത്തിന്റെ നട്ടെല്ലാണ് ജാതി. ജാതിക്കെതിരെ നിരന്തരം ശബ്ദമുയർത്തുകയും താൻ പ്രത്യേകിച്ച് ഒരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ലെന്ന്‌ വിളംബരപ്പെടുത്തുകയും ചെയ്ത നാരായണഗുരുവിനെ ഹിന്ദുസന്യാസിയായും ഇനി നമുക്കു വേണ്ടത്‌ ദേവാലയങ്ങളല്ല; വിദ്യാലയങ്ങളാണെന്നു പ്രഖ്യാപിച്ച ഗുരുവിനെ, താൻ ജനങ്ങൾക്കായി നടത്തിയ ആദ്യകാല പ്രതിഷ്ഠകളുടെയും സ്‌തോത്രങ്ങളുടെയും അടിസ്ഥാനത്തിൽ ഹിന്ദു ആൾദൈവമായും പ്രചരിപ്പിക്കുന്ന കാപട്യത്തെ തുറന്നുകാണിക്കേണ്ടിയിരിക്കുന്നു. ഫാസിസ്റ്റ്‌ ശക്തികൾ  വളർന്നിട്ടുള്ളത് അസത്യ പ്രസ്‌താവങ്ങളുടെ അകമ്പടിയോടെയാണ്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും വക്രീകരിക്കുകയും മറച്ചുവയ്‌ക്കുകയും ചെയ്യുന്ന പശ്ചാത്ഗമനശക്തികളെ എതിരിടാനുള്ള ഏറ്റവും മൂർച്ചയുള്ള ആയുധം ഗുരുവിന്റെ അവസാനകാല പ്രതിഷ്ഠകളായ വിളക്കും കണ്ണാടിയുമാണ്. ദാർശനികദൃഷ്ടിയിൽ അവ അറിവും തിരിച്ചറിവുംതന്നെ.

(കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ രജിസ്ട്രാറും വിവിധ ശ്രീനാരായണ കോളേജുകളിൽ മലയാളം അധ്യാപകനും വകുപ്പു മേധാവിയുമായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top