03 December Saturday

ഗുരു എന്ന ദീപപ്രതിഷ്ഠ

ഡോ. എം സത്യൻUpdated: Saturday Sep 10, 2022

 

‘അവനിവനെന്നറിയുന്നതൊക്കെയോർത്താ
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരന്നു സുഖത്തിനായ് വരേണം.'

അവൻ ഇവനെ അറിയണം. ഇവൻ അവനെയും. അപ്പോൾ അവ രണ്ടല്ല. ആദിമമായൊരു ആത്മരൂപത്തിന്റെ പ്രത്യക്ഷീകരണങ്ങളാണെന്നു സ്പഷ്ടമാകും. അങ്ങനെ അറിയുന്നതോടെ പരസ്പരം സ്നേഹവിശ്വാസങ്ങളുണ്ടാകും. അതോടെ ജീവിതത്തിൽ വെറുപ്പ് ഉണ്ടാകുകയില്ല. പിന്നെ, മറ്റുള്ളവർക്കുകൂടി സൗഖ്യമുണ്ടാകുന്ന തരത്തിൽ പെരുമാറാൻ ആർക്കും പ്രയാസമില്ലെന്നാകും. ഇവിടം ആത്മൈക്യത്തിന്റെ മറ്റൊരു ലോകമായി മാറും. ഇങ്ങനെ പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ലോകമായിരുന്നു ശ്രീനാരായണഗുരുവിന്റെ സ്വപ്നവും ജീവിതവും മുന്നോട്ടുവച്ചത്. ഗുരുവായിരുന്നു അദ്ദേഹം. സാക്ഷാൽ വെളിച്ചം. ഗുരു സകല മനുഷ്യരുടെയും നന്മയിലേക്കുള്ള വെളിപ്പെടൽ ലക്ഷ്യംവച്ചു. സകലരോടും സമത്വ സാഹോദര്യങ്ങളോടെ പെരുമാറി. തന്റെ കൃതികളിലൂടെയും പ്രവൃത്തികളിലൂടെയും അദ്ദേഹം വിശ്വമാനവികത, സാഹോദര്യം എന്നീ ആശയങ്ങൾ ഉദാഹരിച്ചു. സമൂഹത്തിൽ മനുഷ്യൻ അനുവർത്തിക്കേണ്ട ധർമം, നീതി, കാരുണ്യം ഇവയെയൊക്കെ അറിഞ്ഞാദരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ബോധ്യപ്പെടുത്തി. സമത്വത്തിലേക്കും സാഹോദര്യത്തിലേക്കും അറിവിലേക്കുമുള്ള കുതിപ്പിന് ഗുരു നിമിത്തമായിത്തീർന്നു. കേരളീയ നവോത്ഥാനത്തിന്റെ നായകരുടെ കൂട്ടത്തിൽ ഏറ്റവും പ്രമുഖമായ ഒരിടം അദ്ദേഹത്തിനു കൈവന്നത് ഇക്കാരണങ്ങളാലാണ്. ഗുരു എന്ന വാക്ക് അദ്ദേഹത്തിന്റെ പേരായി മാറിയതിനുള്ള കാരണവും മറ്റൊന്നല്ല.

ജാതിചിന്തയുടെയും അനാചാര ബന്ധനങ്ങളുടെയും നടുവിൽനിന്ന്‌ ഒരു ജനസമൂഹത്തെ മോചിപ്പിക്കുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് നിർവഹിച്ച ആധുനിക വിവേകികളിൽ ഒരാളാണ്  ശ്രീനാരായണഗുരു. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം നിരവധി സ്തോത്രങ്ങളും കീർത്തനങ്ങളും രചിച്ചിട്ടുണ്ട്. മലയാള കവിതാചരിത്രത്തിൽ കുമാരനാശാനെപ്പോലൊരു കവി ഉദിച്ചുവരുന്നത് ഗുരുവിന്റെ രചനകളുടെ പശ്ചാത്തലത്തിലുംകൂടിയാണ്. കവിതയെ മാനസികമായ ഒരു നവീകരണത്തിന് ഉപാധിയാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. സമൂഹത്തിന്റെ ഉൽക്കർഷത്തിന് ആളുകൾ സംഘടിച്ച് ശക്തരാകണമെന്ന ഉദ്‌ബോധനം ഇന്ന്‌ ലളിതമെന്നു തോന്നുമെങ്കിലും ചരിത്രപരമായ സാഹചര്യങ്ങളെ മുൻനിർത്തി പരിശോധിച്ചാൽ വിപ്ലവകരമായൊരു ആശയത്തിന്റെ സാക്ഷാൽക്കാരമായിരുന്നുവെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. അതുപോലെതന്നെ അറിവിന്റെയും ആധുനികമായ വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം തിരിച്ചറിയാനും അത് സാമാന്യ ജനതയെ ബോധ്യപ്പെടുത്താനും ഗുരുവിനു സാധിച്ചു. ബുദ്ധികൊണ്ട് മാത്രമേ സ്വതന്ത്രരാകാൻ സാധിക്കൂവെന്ന് അദ്ദേഹം ഗ്രഹിച്ചു. സമസ്ത മാനങ്ങളിലും വിമോചിതരാകുക. ചരിത്രത്തിലെ ചങ്ങലകളിൽനിന്നു മുക്തരാകുക – അതിനുള്ള ആസൂത്രണത്തിന് ആശയവും ആദർശവും ആവേശവും പകരാൻ ഗുരുവിനു സാധിച്ചു.

ആധ്യാത്മികതത്വങ്ങളിൽ അദ്വൈതദർശനത്തെ അദ്ദേഹം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തന്റെ ജീവിതദർശനം രൂപപ്പെടുത്തുകയും ചെയ്തു. ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും ആത്മീയമായിട്ടാണ് അദ്ദേഹം നേരിട്ടത്. അദ്ദേഹത്തിന്റെ കവിതകളിൽ ആധ്യാത്മികതയ്ക്കൊപ്പം പ്രബോധനാത്മകതയും കടന്നുവരുന്നത് ഈയൊരു തലത്തിലാണ്. ശിവശതകം, ആത്മോപദേശശതകം, ദർശനമാല, ദൈവദശകം തുടങ്ങി അറുപതോളം കൃതി അദ്ദേഹം മലയാളസാഹിത്യത്തിന് സംഭാവന ചെയ്തു.


 

കേരളീയസമൂഹത്തെ ഏറ്റവുമധികം ബാധിച്ച, ഇന്നും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയാണ് ജാതിവ്യവസ്ഥ. ജനിക്കുന്ന നിമിഷംമുതൽ ഒരുവനിൽ ജാതി അടിച്ചേൽപ്പിക്കപ്പെടുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും ജാതി വിധിക്കുന്ന പാതയിലൂടെ മാത്രമേ അയാൾക്ക് ചലിക്കാൻ സാധിക്കുന്നുള്ളൂ. അതിനെ മറികടക്കാൻ ശ്രമിച്ചാൽ ഭ്രഷ്ടനായി മാറുന്ന അവസ്ഥയായിരുന്നു. ഒരുഭാഗത്ത് തല്ലാനും കൊല്ലാനും അധികാരമുള്ള മേൽജാതിക്കാർ. മറുഭാഗത്ത് അതിനിരയാകുന്ന പീഡിത ജനസമൂഹങ്ങൾ. ദൃഷ്ടിയിൽപ്പെട്ടുകൂടാത്തവർ. പെട്ടാൽ കൊല്ലാൻ മടിക്കേണ്ടതില്ല. അങ്ങനെ കൊല്ലപ്പെട്ട എത്ര മനുഷ്യർ ഈ മണ്ണിന്റെ ഭാഗമായിരിക്കുന്നു. ഒരേസമയം പൊള്ളയും കഠിനവും ക്രൂരവുമായ ഈ മനുഷ്യവിരുദ്ധമായ വ്യവസ്ഥകൾക്കെതിരെയായിരുന്നു ഗുരുവിന്റെ സമരം. 

ജന്മനാ ലഭിച്ച സിദ്ധികളും ലോകസഞ്ചാരങ്ങളിൽനിന്നും പഠനത്തിൽനിന്നും ഉളവായ അറിവുകളും ധ്യാനനിഷ്ഠമായ ജീവിതത്തിൽനിന്നു കൈവരിച്ച ഉൾക്കാഴ്ചകളും നൽകിയ വെളിച്ചത്തോടെ അദ്ദേഹം ജനതയോട് സംസാരിച്ചു. അവരുടെ ജീവിതാന്തസ്സ് വളർത്താനായി കർമനിരതനായി. ക്ഷേത്രം വേണ്ടവർക്കായി ക്ഷേത്രങ്ങൾ സ്ഥാപിച്ചു. അറിവിന്റെ കേന്ദ്രങ്ങളായ വിദ്യാലയങ്ങൾക്ക് വഴികാട്ടി. വിദ്യാഭ്യാസമില്ലാതെ സമൂഹം വളരില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം കീഴാളർക്കുവേണ്ടിയാണ് പ്രധാനമായും പാഠശാലകളും ഗുരുകുലങ്ങളും ആരംഭിച്ചത്. മതങ്ങളെല്ലാം ഒരേ സത്യത്തിലേക്കാണ് എത്തുന്നതെന്ന് തിരിച്ചറിഞ്ഞു. ജീവന്റെ ഒരുമയും ജീവിതത്തിന്റെ പരമമായ അർഥവും വെളിപ്പെടുത്തുന്ന വിശ്വമാനവികതയുടെ വെളിച്ചം ഗുരുദർശനത്തെ ആധുനികമാക്കി.

ആധുനികരിൽ ആധുനികനായിരുന്നു ഗുരു. ജീർണമായി കഴിഞ്ഞ വ്യവസ്ഥകളുടെയും മതാചാരങ്ങളുടെയും ലോകത്തുനിന്ന് സ്വയം വിമോചിതമായി പുതിയ ലോകത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തന്റെ നാട്ടിലെ മനുഷ്യരെ സഹായിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ജനങ്ങളെ കരുതലോടെ കൈപിടിച്ചു നടത്തുകയായിരുന്നുവെന്നുവേണം പറയാൻ. ഉടുപ്പിലും നടപ്പിലും ചിന്തയിലും ഭാവനയിലും പുതിയ മനുഷ്യരാകാൻ അദ്ദേഹം പഠിപ്പിച്ചു. ദർശനങ്ങളും ആചാരപാരമ്പര്യങ്ങളും അതിനുതകുന്ന രീതിയിൽ പരിഷ്കരിച്ചെടുക്കാനും അവയ്ക്ക് പുതിയ ഉള്ളടക്കം നൽകി പുനഃസൃഷ്ടിക്കാൻ ഗുരുവിനു സാധിച്ചു. വസ്ത്രമില്ലാത്തവന് വസ്ത്രവും അന്തസ്സില്ലാത്തവർക്ക് അന്തസ്സും ആത്മാഭിമാനമില്ലാത്തവർക്ക് ആത്മാഭിമാനവും ഉളവാക്കാനാണ് ഗുരു പ്രയത്നിച്ചത്. ഏതൊരു കാര്യത്തെയും സൂക്ഷ്മമായി വിശകലനം ചെയ്തശേഷം വേണ്ടുന്ന നടപടികൾ സ്വീകരിച്ചു.

ദൈവം മൂർത്തശക്തിയായി നിലനിന്നിരുന്ന സമൂഹത്തിൽ അതിനെ ഫലപ്രദമായി മനുഷ്യനന്മയെ ലാക്കാക്കി പ്രയോജനപ്പെടുത്തുകയായിരുന്നു ഗുരു. മനുഷ്യന് ശാന്തത കൈവരിച്ച് ജീവിക്കാൻ അങ്ങനെയൊരു സങ്കൽപ്പമുണ്ടാകുന്നത് അദ്ദേഹം മനസ്സിലാക്കി

ദൈവസങ്കൽപ്പത്തിൽ അധിഷ്ഠിതമായ ആത്മീയദർശനമായിരുന്നു ശ്രീനാരായണഗുരു മുന്നോട്ടുവച്ചത്. ദൈവം മൂർത്തശക്തിയായി നിലനിന്നിരുന്ന സമൂഹത്തിൽ അതിനെ ഫലപ്രദമായി മനുഷ്യനന്മയെ ലാക്കാക്കി പ്രയോജനപ്പെടുത്തുകയായിരുന്നു ഗുരു. മനുഷ്യന് ശാന്തത കൈവരിച്ച് ജീവിക്കാൻ അങ്ങനെയൊരു സങ്കൽപ്പമുണ്ടാകുന്നത് അദ്ദേഹം മനസ്സിലാക്കി. കണ്ണാടിയിൽ തെളിയുന്ന ദൈവസങ്കൽപ്പമാണ്‌ അത്. ദൈവം അവനവനിൽത്തന്നെയാണ് കുടിയിരിക്കുന്നത്. തത്വമസിയെന്നത് അതുതന്നെയാണ്. പക്ഷേ, ഈ അദ്വൈതാവസ്ഥ പ്രാപഞ്ചികനായ ഒരാൾക്ക് ഉൾക്കൊള്ളാൻ സമയമെടുക്കും. അതിനാലാണ് അദ്ദേഹം അമ്പലങ്ങൾ സ്ഥാപിച്ചത്. അവനവനിലുള്ള ദൈവത്തെ അറിയാൻ കണ്ണാടിപ്രതിഷ്ഠ നടത്തുകയും ചെയ്തു. കണ്ണാടിയിലൂടെ നാം നമ്മെത്തന്നെ കാണുന്നു. അവനവന്റെ ആത്മസ്വരൂപത്തെ അറിയുന്നവന് അപരനെയും വേഗം അറിയാൻ കഴിയും. എന്നല്ല, തന്നെത്തന്നെ സൂക്ഷ്മമായി അറിയാത്തവന് അപരനെ അറിയാനാകുകയില്ല എന്നും മനസ്സിലാക്കണം. ആത്മസുഖം അനുഭവമായല്ല, അറിവായി മാറണം. അതാണ് അറിയൽ എന്നതിന്റെ വിവക്ഷ. അങ്ങനെ അറിയുന്നവന് പരസുഖവും പരദുഃഖവും അറിയാൻ സാധിക്കും. അവന് ജാതിമതവർണ വ്യത്യാസങ്ങൾ ഉണ്ടാകുകയില്ല.  സാധാരണ മനുഷ്യനെന്നോ പണക്കാരനെന്നോ പണ്ഡിതനെന്നോ ഭേദമില്ലാതെ സ്ഥലകാല വ്യത്യാസമില്ലാതെ എവിടേക്കും യോജിക്കുന്ന ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ഇവ മൂന്നുമുള്ള ഒരു ജനതയെ രൂപപ്പെടുത്തുക എന്നതായിരുന്നു ഗുരുവിന്റെ ദൗത്യം. തത്വചിന്താപരമായ അറിവായിരുന്നു അദ്ദേഹത്തിന്റെ ആയുധം.

‘മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്വം വേത്തി കോളപി ന'

(എപ്രകാരമാണോ ഗോക്കൾക്ക് ഗോത്വം അതുപോലെ മനുഷ്യർക്ക് മനുഷ്യത്വമെന്നത് ജാതിയായിരിക്കുന്നത്. ഗണിക്കാവുന്നതാണ്.  മനുഷ്യന് ജനനംകൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തി ഒന്നുമുള്ളതല്ല. കഷ്ടം ആരുംതന്നെ യാഥാർഥ്യം എന്തെന്നറിയുന്നതേയില്ല).
‘ജാതിനിർണയം' എന്ന കൃതിയിലെ ആദ്യ ശ്ലോകമാണ്‌ ഇത്.  ജാതിയെന്ന പദത്തിന് ജന്മനായുള്ളത് എന്നാണർഥം. അപ്പോൾ മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്. മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് അറിയുകയും ആ അറിവ്‌ പകരുകയുമായിരുന്നു ഗുരു. ആധുനിക കേരളത്തിന്റെ ദീപം തെളിഞ്ഞത് ഗുരുവിന്റെ ആധ്യാത്മിക ശക്തിനിർഭരമായ യുക്തിവിചാരത്തിലൂടെയായിരുന്നു.

വിദ്യകൊണ്ട് സ്വതന്ത്രരാകാമെന്ന് അദ്ദേഹം കണ്ടു. വിദ്യകൊണ്ട് സ്വതന്ത്രരാകണമെന്ന് ഗുരു പറയുമ്പോൾ എന്തിൽനിന്നാണ് സ്വതന്ത്രരാകേണ്ടതെന്ന് കാണേണ്ടതുണ്ട്. മനുഷ്യരെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും തടസ്സമായി നിൽക്കുന്നത് എന്തൊക്കെയാണോ അതിൽനിന്നെല്ലാം സ്വതന്ത്രരാകാൻ കഴിയണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അതായത്  ഭേദചിന്തകളിൽനിന്ന് മുക്തരാകണം. അതിന് മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്ന തിരിച്ചറിവുണ്ടാകണം. ഗുരുവിന്റെ ഈ ദർശനത്തെ ഉൾക്കൊള്ളാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ?  നമ്മുടെ അറിവ് വിവേകവും അനുകമ്പയും സോദരത്വവുമായി നമ്മിൽ പ്രയോഗക്ഷമമാകുന്നുണ്ടോ? നാം കണ്ണാടിയുടെ മുന്നിലേക്ക് ചെന്നുനിന്ന്‌ നോക്കേണ്ടതില്ലേ? 

‘അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
‘അരുളുള്ളവനാണ് ജീവി'യെ
ന്നുരുവിട്ടീടുകയീ നവാക്ഷരീ '
          (അനുകമ്പാദശകം)

(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top