08 December Friday
ഇന്ന്‌ 
ശ്രീനാരായണഗുരു 
ജയന്തി

ഗുരുവിന്റെ ചരിത്രദൗത്യം - ഡോ. ധർമരാജ് അടാട്ട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023

ബ്രാഹ്മണ അധിനിവേശവും ആര്യവൽക്കരണവും ചെറിയ ചെറിയ നാട്ടുരാജാക്കന്മാരുടെയും ഭൂപ്രഭുക്കളുടെയും അധികാരത്തണലിൽ അതിന്റെ ഉച്ചസ്ഥായിയിൽ ജീർണതയുടെ പടുകുഴിയിൽ അഭിരമിച്ച ഒരു കാലം. ചാതുർവർണ്യാധിഷ്ഠിതമായ സ്മൃതി സംസ്കാരത്തെ കൂടുതൽ മലീമസമാക്കിയ നാളുകൾ. മലയാള മണ്ണിനെ അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും ഈറ്റില്ലമാക്കി പരുവപ്പെടുത്തിയ കാലം. തീണ്ടൽ, തൊടീൽ തുടങ്ങിയ ദുരാചാരങ്ങളാലും പൈശാചികമായ ശിക്ഷാ വിധികളാലും ദുർഗന്ധമലീമസമായ കേരളമെന്ന ഈ ഭ്രാന്താലയത്തിലാണ് 1854ൽ ഒരു ഈഴവകുടുംബത്തിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ശ്രീ നാരായണൻ ജനിച്ചത്.

പ്രാഥമിക വിദ്യാഭ്യാസം, വൈദ്യപഠനം എന്നിവ പൂർത്തിയാക്കിയതിനുശേഷം സംസ്‌കൃതത്തിൽ ഉപരിപഠനം, ചട്ടമ്പിസ്വാമികൾ, തൈക്കാട്ട് അയ്യാവ് തുടങ്ങിയ സമകാലികരുമായി സംവാദങ്ങൾ; അവധൂതനെപ്പോലുള്ള സഞ്ചാരം, ഏകാന്തമായ തപസ്സ് എന്നിങ്ങനെ സംഭവബഹുലമായ ജീവിതചര്യകൾ. അവധൂതനെപ്പോലുള്ള ഗുരുവിന്റെ സഞ്ചാരം കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും വ്യാപിച്ചു. അദ്ദേഹം തമിഴ്‌നാട്ടിലെ മധുര, തിരുനെൽവേലി, നാഗർകോവിൽ, മരുത്വാമല എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലും ചെന്നു. അതിൽ മരുത്വാമലയിലെ ഏകാന്തമായ ഗുഹയിൽ ഗുരു ഏറെക്കാലം തപസ്സനുഷ്ഠിക്കുകയും ചെയ്തു. മരുത്വാമലയിലെ തപസ്സിനുശേഷം അരുവിപ്പുറത്തെത്തിയ നാരായണഗുരു തുടർന്ന് തന്റെ ജന്മദൗത്യം സഫലമാക്കുന്നതിനുള്ള കർമപഥത്തിലേക്ക് ആണ്ടിറങ്ങി. അത് അരുവിപ്പുറം പ്രതിഷ്ഠയോടുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടു.

അതെ, അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠ ഒരു പുതിയ യുഗത്തിന്റെ പിറവികുറിച്ച സന്ദർഭം തന്നെയായിരുന്നു. അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠയോടെ നാരായണഗുരു അടിമുടി അജ്ഞാനാന്ധകാരം കുമിഞ്ഞുകൂടിയിരുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ സൂര്യപ്രഭയായി ഉദിച്ചുയർന്നു.  എങ്കിലും അദ്ദേഹത്തിന്റെ ആ ക്രിയയുടെ പ്രക്ഷോഭജനകത്വം, അതിനു സാക്ഷ്യം വഹിച്ച ജനത മനസ്സിലാക്കിയില്ലെന്നുവേണം പറയാൻ. അത്ഭുതകരവും അലൗകികവുമായ ഒരു സംഭവം നോക്കിക്കാണുന്ന ആരാധനാഭാവത്തോടെ നിൽക്കാൻ മാത്രമെ അവർക്കു കഴിഞ്ഞുള്ളു. എന്നാൽ, അതു മനസ്സിലാക്കാൻ കഴിവുള്ളവർ അന്നില്ലായിരുന്നു എന്നു പറഞ്ഞുകൂടാ. അവർ ഹൈന്ദവപൗരോഹിത്യത്തിന്റെ കുത്തകക്കാരായ ഭൂസുരന്മാർ തന്നെയായിരുന്നു. അവരുടെ കൂട്ടത്തിൽനിന്ന് മഹാപണ്ഡിതനായ ഒരു വേദാന്തി സ്വാമിയെ സന്ദർശിച്ച് ഈ കർമത്തിന്റെ നീതിയുക്തതയെ ചോദ്യം ചെയ്യാതെയുമിരുന്നില്ല. ഒരു ശാസ്ത്രത്തിലുമില്ലല്ലോ, ഈഴവന് പ്രതിഷ്ഠാകർമം നിർവഹിക്കാനുള്ള അവകാശം. ഇല്ല, ഒരു ശാസ്ത്രത്തിലുമില്ല; സ്മൃതിയിലുമില്ല. പിന്നെന്തുകൊണ്ടാണ് ശാസ്ത്രത്തിനും സ്മൃതിക്കുമെതിരായി നാണുഗുരു എന്ന ഈഴവൻ ശിവലിംഗം പ്രതിഷ്ഠിക്കാൻ മുതിർന്നത്? ഈ ചോദ്യത്തിന് നാണുഗുരു നൽകിയ ഉത്തരം വളരെ പ്രസിദ്ധമാണ്. എന്താണെന്നോ ആ ഉത്തരം?  ഞാൻ ഈഴവശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്! ഈ ഉത്തരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സൗമ്യമെങ്കിലും അത്യന്തം പ്രക്ഷോഭകരമായ മനോഭാവത്തിന് വ്യാഖ്യാനം ആവശ്യമില്ല. ഗുരു ഉയർത്തിയ മുദ്രാവാക്യങ്ങൾ, ഗുരുവിന്റെ പ്രതിഷ്ഠാരീതികൾ അതിലും ശക്തമായ രീതിയിൽ ഗുരുവിനു മുമ്പു തന്നെ പലരും ഉയർത്തിയതും സ്വീകരിച്ചതുമാകാം. എന്നാൽ അത്തരം മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളാനുള്ള മാനസികമായ തയ്യാറെടുപ്പ് ആ സമൂഹത്തിനുണ്ടായില്ല എന്നതാണ് അവ ശ്രദ്ധിക്കാതെ പോയതിന്റെ ഒരു പ്രധാന കാരണം.


 

ഇവിടെ കേരളത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന് വിവിധ കൈവഴികളുണ്ടായിരുന്നെങ്കിലും അതിന്റെയെല്ലാം നെടുനായകത്വം ശ്രീ നാരായണഗുരുവിനായിരുന്നു. നരന് നരൻ അശുദ്ധവസ്തുവായി വർത്തിച്ച ചരിത്രത്തിന്റെ നാൽക്കവലയിൽ നിന്നുകൊണ്ട് കെട്ടകാലത്തിന്റെ കെടുതികളിൽനിന്നും മനുഷ്യ മോചനത്തിന്റെ ശംഖൊലി ഇത്രയും ഉച്ചത്തിൽ മറ്റൊരാത്മീയാചാര്യനും ഉയർത്തിയിട്ടില്ലെന്നും പറയാം.  ‘വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക, വ്യവസായംകൊണ്ട് അഭിവൃദ്ധി നേടുക, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി, പലമതസാരവുമേകമാം’, എന്നിങ്ങനെ കാലഘട്ടത്തിന്റെ ചുവരുകളെ ഭേദിച്ച എത്രയെത്ര മഹാവാക്യങ്ങളാണ് ഗുരുവിന്റെ കണ്ഠത്തിൽനിന്നും ഉതിർന്നുവീണത്. ഇവയുടെയെല്ലാം ആത്യന്തികമായ പൊരുൾ സ്വാതന്ത്ര്യമാണ്, സമത്വമാണ്, സാഹോദര്യമാണ്.

ഗുരു തന്റെ പ്രവർത്തനങ്ങൾക്ക് ഇന്ധനമായി സ്വീകരിച്ചത് ഭാരതീയ പൈതൃകം മുന്നോട്ടുവച്ച അദ്വൈത പാരമ്പര്യത്തെയായിരുന്നു. അദ്വൈത ദർശനത്തെ അദ്ദേഹം സാമൂഹ്യ തലത്തിലേക്ക് ഇറക്കിക്കൊണ്ടു വന്നു. സാമൂഹ്യ തലം എന്നു പറഞ്ഞാൽ വ്യാവഹാരിക തലം എന്നാണർഥം. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലും ഉള്ള പരസ്പര ബന്ധത്തിലും അദ്വൈത ദർശനത്തിന് പ്രസക്തിയുണ്ടെന്ന് ഗുരു തെളിയിച്ചു. എല്ലാവരും തുല്യർ; എല്ലാം എല്ലാവർക്കും തുല്യം എന്ന മഹത്തായ ആശയത്തിന്റെ അടിസ്ഥാനമായി ഗുരു അദ്വൈതദർശനത്തെ പ്രതിഷ്ഠിച്ചു. സമ്പത്തും അധികാരവും മേൽക്കോയ്മയും ഒരു വിഭാഗത്തിനുമാത്രമെന്ന ചൂഷണവ്യവസ്ഥിതിക്കെതിരെ ശക്തമായ പ്രതിരോധം പടുത്തുയർത്തി പൊരുതാനുള്ള കരുത്ത് കേരളീയ മനസ്സുകളിൽ നിക്ഷേപിച്ചത് നാരായണ ഗുരുവായിരുന്നു.

‘‘മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതങ്ങൾ കൊണ്ടും തത്വദർശനം കൊണ്ടും എന്തു പ്രയോജനം?'' എന്നാണ് ഗുരു ചോദിച്ചത്. അതുകൊണ്ടുതന്നെ ‘‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി'' എന്നതിലാണ് ഗുരു ഊന്നൽ നൽകിയത്.

സമൂഹത്തിന്റെ എല്ലാ തട്ടുകളിൽനിന്നും മനുഷ്യരെ വാർത്തെടുക്കുക എന്നതായിരുന്നു ഗുരുവിന്റെ കർമപരിപാടി ലക്ഷ്യമിട്ടത്. എങ്കിലും ഗുരുവിന്റെ പ്രവർത്തനം കേന്ദ്രീകരിച്ചത് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപ്പെട്ടാൽ ദോഷമുള്ളവരുമായ അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങൾക്കിടയിലും അവർക്കു വേണ്ടിയുമായിരുന്നു. പണിയെടുക്കുന്നവരെ നിശ്ശബ്ദീകൃത സംസ്‌കാരത്തിനുടമകളാക്കി മാറ്റുക എന്നതായിരുന്നില്ല, വിദ്യ നിഷേധിക്കപ്പെട്ട അവർക്ക് വിദ്യ നൽകി, നാക്കു നൽകി, അവരെ സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് ആനയിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. അതുകൊണ്ടാണ് വിദ്യകൊണ്ട് സ്വതന്ത്രരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരു ആഹ്വാനം ചെയ്തത്. അധികാരത്തിന്റെ പടവുകളിലേക്ക് കയറി നിൽക്കാൻ മറ്റൊരു മാർഗമില്ലെന്ന് ഗുരു ജനങ്ങളെ ബോധ്യപ്പെടുത്തി. ഗുരുവാകട്ടെ ജാതിമതവർണലിംഗ വ്യത്യാസമില്ലാതെ ആർക്കും വിദ്യ ഉപദേശിക്കണം എന്നാണ് ആഹ്വാനം ചെയ്തത് ‘‘അറിവിതിങ്ങനെ ആർക്കുമോതിടേണം''. ‘അധികാരം അധഃസ്ഥിതരിലേക്ക്' എന്ന മുദ്രാവാക്യമുയർത്തി സവർണ മേധാവിത്വത്തിന്റെ അറവുശാലകളിലേക്ക് അധഃസ്ഥിതരെ നയിച്ചുകൊണ്ടു പോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യയുടെ അവകാശം സമ്പന്നർക്കു മാത്രമാക്കി ചുരുക്കുന്നതിൽ ഒരുതരം നിർവൃതി കൊള്ളുന്ന ആധുനിക അപ്പോസ്തലന്മാരെ തിരിച്ചറിയാനും ഗുരുവിന്റെ സ്മരണ നമുക്ക് കരുത്തു നൽകുന്നത് അതുകൊണ്ടുകൂടിയാണ്. മേൽ ജാതിയെന്നും കീഴ് ജാതിയെന്നും ഉള്ള വിചാരം ജനങ്ങളിലില്ലാതാക്കാൻ മിശ്രവിവാഹവും പന്തിഭോജനവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ‘‘ജാതികൊണ്ട് ഒരു ഗുണവുമില്ല. അത് സ്വാതന്ത്ര്യം തടുക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു'' അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല ‘‘ജാതി മനുഷ്യരിൽക്കയറി മൂത്തുപോയി, ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്, ശൂദ്രജാതിയിൽ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുവൻ വേദം പഠിച്ചുകൂടാ എന്ന് ഏത് ഭഗവാൻ പറഞ്ഞാലും അത് ഇന്നാരും വകവച്ച് കൊടുക്കുകയില്ല. ഒരു വിധത്തിലും നീതീകരിക്കാൻ വയ്യാത്ത ഒരു വ്യവസ്ഥയാണത്'' എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അദ്വൈത ദർശനത്തെ ഊഷരവും ബൗദ്ധികവുമായ വ്യായാമം എന്ന നിലയിൽനിന്നും ഉർവ്വരവും മാനുഷികവുമാക്കി വഴിതിരിച്ചു വിട്ടത് നാരായണ ഗുരുവായിരുന്നു ‘‘മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതങ്ങൾ കൊണ്ടും തത്വദർശനം കൊണ്ടും എന്തു പ്രയോജനം?'' എന്നാണ് ഗുരു ചോദിച്ചത്. അതുകൊണ്ടുതന്നെ ‘‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി'' എന്നതിലാണ് ഗുരു ഊന്നൽ നൽകിയത്. ഇങ്ങനെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ, മനുഷ്യവിരുദ്ധമായ എല്ലാ നിലപാടുകൾക്കുമെതിരെ മാനവ സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശവുമായി ഉയിരെടുത്ത ഗുരുദർശനം നിലനിൽക്കുന്ന ജീർണിച്ച ഫ്യൂഡൽ വ്യവസ്ഥയുടെ കടയ്ക്കൽ കത്തിവയ്ക്കാനും ഉദിച്ചുയരുന്ന പുതിയ സാമൂഹ്യ വ്യവസ്ഥയെ വരവേൽക്കാനും ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനം പ്രാവർത്തികമാക്കാൻ ശ്രമിച്ചതും മറ്റൊരു ദൗത്യമായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top