29 March Friday

ഗുരുസ്മരണ വീണ്ടെടുപ്പിന്‌ - അശോകൻ ചരുവിൽ എഴുതുന്നു

അശോകൻ ചരുവിൽUpdated: Tuesday Sep 21, 2021

"സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതറിയാതെ സാഹോദര്യമാണ് ശ്രേഷ്‌ഠം, അതല്ല സ്നേഹമാണ് ശ്രേഷ്‌ഠം എന്നു വിവാദം ഉണ്ടാക്കുന്നുവെങ്കിൽ അതിനെ വൃഥാ വിവാദമെന്നല്ലാതെ പറയാൻ തരമുണ്ടോ? സനാതന ധർമ്മങ്ങൾ തുല്യ പ്രധാനങ്ങളാണ്.

ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങൾ അനുസരിച്ച് അവയിൽ ഏതെങ്കിലും ഒന്നിന് മുഖ്യത കൽപ്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളിൽ അഹിംസാ ധർമ്മത്തിന് ജഗത്‌ ഗുരുക്കന്മാർ മറ്റു ധർമ്മങ്ങളേക്കാൾ മുഖ്യത കൽപ്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് ബുദ്ധൻ മുഖ്യത കൽപ്പിച്ചു. നബിയുടെ കാലത്ത് സാഹോദര്യത്തിന് മുഖ്യത കാണുന്നു. സമബുദ്ധിയോടും സമഭക്തിയോടും കൂടെ എല്ലാ മതങ്ങളേയും എല്ലാവരും പഠിച്ചറിവാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല; മദം നിമിത്തമാണെന്ന് അപ്പോൾ മനസ്സിലാവും.’

(ശ്രീനാരായണഗുരു സി വി കുഞ്ഞുരാമനോട് പറഞ്ഞത്. 1101 കന്നി 23ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച സംവാദത്തിൽനിന്ന്.)

എവിടെ കുഞ്ഞുങ്ങൾ വിശപ്പകറ്റാനുള്ള ഭക്ഷണവും തണുപ്പകറ്റാനുള്ള വസ്ത്രവും ഇല്ലാതെ കരയുന്നുവോ അവിടെയെല്ലാം തന്റെ നോവൽ (പാവങ്ങൾ) വാതിലിൽ ചെന്ന്‌ മുട്ടിവിളിക്കുമെന്ന് വിക്ടർ ഹ്യൂഗോ സുഹൃത്തിനെഴുതിയ കത്തിൽ പറയുന്നുണ്ട്. ലോകത്തിന്റെ നിർഭാഗ്യം എന്നു പറയട്ടെ ‘പാവങ്ങൾ' എന്ന നോവലിന് ചെന്നുമുട്ടാനുള്ള വാതിലുകൾ ഇന്നും അസംഖ്യമാണ്. സമാനമാണ് ശ്രീനാരായണ ഗുരുദർശനത്തിന്റെ ഗതിയും. നൂറുവർഷങ്ങൾക്കുശേഷവും ആ ദിവ്യൗഷധം അത്യന്തം ആവശ്യമായ രീതിയിൽ സമൂഹശരീരം ഇപ്പോൾ മുറിവേറ്റ്‌ കിടക്കുകയാണ്. മതത്തെ രാഷ്ട്രീയായുധമാക്കി ജനാധിപത്യത്തെ കശാപ്പ്‌ ചെയ്യാനുള്ള തീവ്രശ്രമങ്ങൾ ലോകമെങ്ങും നടക്കുന്നു. വിഭജനങ്ങൾ, അതിന്റെ ഭാഗമായ കൂട്ടപ്പലായനങ്ങൾ. കുഞ്ഞുങ്ങളുടെ കരച്ചിൽ. വാർധക്യത്തിന്റെ അമ്പരപ്പ്.

മാനവികതയ്‌ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള നവീനാശയങ്ങളും സമരങ്ങളും രൂപപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങൾ കടന്നുവന്നത്. മഹത്തായ ഗുരുദർശനം അതിന്റെ ഭാഗമായിരുന്നു. മനുഷ്യൻ നവീകരിക്കപ്പെട്ടു. മനുഷ്യബന്ധങ്ങൾ സ്നേഹസമ്പന്നമായി. നേർവിപരീതമായ ഒരു ദിശയിലേക്കാണ് പുതിയ നൂറ്റാണ്ടിന്റെ തുടക്കകാലം കടന്നുപോകുന്നത്. മതരാഷ്ട്രവാദി ഭീകരതയും വലതുപക്ഷവൽക്കരണവും ശക്തമായി അരങ്ങേറുന്നു. ഇതൊരു രാഷ്ട്രീയപ്രശ്നം മാത്രമല്ല എന്ന് ശിഥിലമായ മനുഷ്യബന്ധങ്ങൾ തെളിവ്‌ തരുന്നു. സമൂഹത്തെയും അതിന്റെ ഏറ്റവും ദൃഢ ഘടനയായ കുടുംബ ജീവിതത്തെയും അത്‌ ബാധിക്കുന്നു. മനുഷ്യഭാവനയ്ക്കും സ്ത്രീസ്വാതന്ത്ര്യത്തിനും വിരാമമിട്ടുകൊണ്ട് അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിലോ ജോർജ് ഫ്ലോയിഡുമാരെ തെരുവിൽ ഞെരിച്ചുകൊണ്ട് വംശീയത അമേരിക്കയിൽ പുനരവതരിക്കുന്നതിലോ അത്ഭുതത്തിന് അവകാശമില്ല. എന്തിന്, ഒന്നിനൊന്നു ഭിന്നമായ ആശയങ്ങളെയും ജീവിതരീതികളെയും സംവാദാത്മകമായ സമന്വയസംസ്കാരംകൊണ്ട് സംരക്ഷിച്ചതിന്റെ ഖ്യാതിയിൽ തിളങ്ങുന്ന ചരിത്രമുള്ള ഇന്ത്യയിൽ ഒരു മതഭീകരരാഷ്ട്രീയ കക്ഷി അധികാരത്തിൽ വന്നിരിക്കുന്നു! അതിൽപ്പരം അത്ഭുതം വേറെന്തുണ്ട്?

തൊണ്ണൂറ്റിയാറ് വർഷംമുമ്പാണ് ഗുരു സി വി കുഞ്ഞുരാമനാട് ചോദിച്ചത്. "ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്?’ ഗുരുതന്നെ ഉത്തരം പറയുന്നു: "മതങ്ങൾ തമ്മിലും ജാതികൾ തമ്മിലുമുള്ള മത്സരത്തിൽനിന്നുള്ള മോചനം.’ അക്കാലത്ത് വർഗീയലഹളകളുടെ ഭീകരതാണ്ഡവങ്ങൾ ഇന്ത്യയിൽ അത്രകണ്ട് ആരംഭിച്ചിട്ടില്ല. കബന്ധങ്ങൾ നിറഞ്ഞ തീവണ്ടി ഉത്തരേന്ത്യയിലെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിയിട്ടില്ല. പഞ്ചനദികൾ ചോരകൊണ്ട് കലങ്ങാൻ ഇനിയും സമയമെടുക്കും. അൽഖായ്‌ദയും താലിബാനും ലോകത്തിന് മുഖം കാണിച്ചിട്ടില്ല. ഹിന്ദുമഹാസഭ ഉണ്ട്. മഹാത്മജി കൊല്ലപ്പെട്ടിട്ടില്ല. ആർഎസ് എസ് രൂപീകരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പക്ഷേ, 1857ൽ നിന്ന്‌ പാഠം പഠിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കാരെ മതപരമായി ഭിന്നിപ്പിച്ച്‌ നശിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. ജ്ഞാനദൃഷ്ടികൊണ്ട് ഗുരു വിഭജനത്തിന്റെ അതിസൂക്ഷ്മമായ മുറിവുകൾ അപ്പോൾത്തന്നെ തിരിച്ചറിയുന്നു.

ഈ തിരിച്ചറിവാണ് നാരായണ ഗുരുവിനെ മറ്റു ഋഷിമാരിൽനിന്നും നവോത്ഥാന നായകന്മാരിൽനിന്നും വ്യത്യസ്തനാക്കുന്നത്. തീർച്ചയായും കേരളത്തിന്റെ സാമൂഹ്യപരിവർത്തന പ്രക്രിയയുടെ ചരിത്രം ഗുരുവിൽനിന്നല്ല ആരംഭിക്കുന്നത്. എത്രയോ മഹാത്മാക്കൾ, കർമനിരതമായ ജീവിതം നയിച്ചവർ അതിനു മുന്നേ ഉണ്ട്. ആദ്യമായി വിഗ്രഹം പ്രതിഷ്‌ഠിക്കപ്പെട്ടത് അരുവിപ്പുറത്തല്ല എന്ന് എല്ലാവർക്കും അറിയാം. കണ്ണാടിയും ദീപവും മുദ്രാവാക്യവുമെല്ലാം അതിനു മുമ്പും പ്രതിഷ്‌ഠിക്കപ്പെട്ടു കാണും. പക്ഷേ, കാലത്തെ തിരിച്ചറിഞ്ഞ് ചെയ്യേണ്ടത് ക്രമാനുഗതമായി ചെയ്തു എന്നതാണ് ഗുരുവിന്റെ പ്രസക്തി. രോഗാതുരമായ സമൂഹശരീരത്തെ നിരന്തരം നിരീക്ഷിച്ച് ഓരോ ഘട്ടത്തിനും ആവശ്യമായ മരുന്നുകൾ നൽകുന്ന മഹാവൈദ്യനെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. അതുകൊണ്ടാണ് പുഴയിൽ മുങ്ങിയെടുത്ത്‌ പാറമേൽ പ്രതിഷ്‌ഠിക്കപ്പെട്ട രൂപമില്ലാത്ത ഒരു കല്ല് കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റുണ്ടാക്കിയത്.

1888ലാണ് അരുവിപ്പുറം പ്രതിഷ്ഠ.1927 ജൂണിലാണ് കളവങ്കോടത്തെ നവീകരണ പ്രതിഷ്ഠയ്‌ക്കായി ഗുരു എത്തുന്നത്. ഇതിനിടയിൽ പിന്നിട്ട 39 വർഷം എന്ന കാലയളവ് കേരളചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഗുരുവിന്റെ ദശകങ്ങൾ എന്ന് അതിനെ വിശേഷിപ്പിക്കാം. ആ ഘട്ടത്തിൽ കേരളം എത്രകണ്ട് ജനാധിപത്യവൽക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവ് കളവങ്കോടം ക്ഷേത്രപരിസരത്ത് ആശയസംവാദ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. വിഗ്രഹപ്രതിഷ്ഠ ഇനി ആവശ്യമില്ലെന്ന് ഒരു സംഘം യുവാക്കൾ ഗുരുവിനോട് അഭ്യർഥിച്ചു. തികഞ്ഞ മന്ദഹാസത്തോടെയാണ് ഗുരു അഭ്യർഥന സ്വീകരിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തന്റെ സ്വപ്നമായിരുന്ന ആധുനിക ജനാധിപത്യ കേരളത്തിന്റെ അരുണോദയം കണ്ടായിരുന്നു ആ മന്ദഹാസം എന്നതിൽ സംശയമില്ല. പ്രതിഷ്ഠിക്കാൻ തയ്യാറാക്കിവച്ചിരുന്ന അർധനാരീശ്വര വിഗ്രഹം മാറ്റിവച്ച് ഗുരു അവിടെ നിലക്കണ്ണാടി പ്രതിഷ്ഠിച്ചു.


 

എത്രമാത്രം ആത്മസംഘർഷങ്ങളോടെയാണ് ഗുരു തന്റെ കാലത്തെ നോക്കിക്കണ്ടിരിക്കുക എന്ന് ഇപ്പോൾ ഓർക്കേണ്ടതുണ്ട്. പണിയെടുത്ത് ലോകത്തെ തീറ്റിപ്പോറ്റുന്ന മനുഷ്യൻ .കീട സമാനനായി സൂര്യവെളിച്ചംപോലും വിലക്കപ്പെട്ട് ജീവിക്കുന്നതിന്റെ ദൃശ്യങ്ങൾ ആ മനസ്സിനെ വല്ലാതെ ഉലച്ചുകാണും. മതം പ്രദാനം ചെയ്യുന്ന ദൈവം ആശ നഷ്ടപ്പെട്ട മനുഷ്യന്റെ പ്രത്യാശയാണെന്നും അത് മർദിതന്റെ നെടുവീർപ്പാണെന്നും കാൾ മാർക്സ് എഴുതിയിട്ടുണ്ടല്ലോ. കേരളത്തിൽ അടിമയ്‌ക്ക് നെടുവീർപ്പിടാനുള്ള അവകാശംപോലും ഉണ്ടായിരുന്നില്ല. അരുവിപ്പുറത്തെ പ്രതിഷ്ഠയിലൂടെ മർദിതന് പ്രത്യാശയും വിലക്കപ്പെട്ട നെടുവീർപ്പും നൽകുകയായിരുന്നു ഗുരു. അതിന്റെ കരുത്തിൽ അവൻ തന്നെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകൾ വലിച്ചുപൊട്ടിച്ചു.

മനുഷ്യനെ ചവിട്ടിയരയ്‌ക്കുന്ന, അവനെ സഹജീവിയിൽനിന്ന്‌ അകറ്റുന്ന പൗരോഹിത്യ മേധാവിത്വ വ്യവസ്ഥയ്‌ക്കെതിരായ അതിസൂക്ഷ്മമമായ നീക്കങ്ങളായിരുന്നു ഗുരുവിന്റെ ഓരോ വാക്കും പ്രവൃത്തിയും. ശിഷ്യന്മാരുമായി സാന്ദർഭികമായി നടത്തുന്ന സംഭാഷണങ്ങളിൽ മാത്രമല്ല, പ്രഭാഷണങ്ങളിലും അമൂല്യങ്ങളായ സാഹിത്യകൃതികളിലും ഈ സന്ദേശംതന്നെയാണ് ഉള്ളടങ്ങുന്നത്. തിരിച്ചറിവിന്റെ ഉദ്ഘോഷമാണ് ആ ജീവിതം. കൃതികളും പ്രവൃത്തികളും ഒന്നിനൊന്നു ബന്ധമാണ്. "ആത്മോപദേശശതകം’തന്നെ അതിനു മുഖ്യസാക്ഷി. എവിടെയോ ഇരിക്കുന്ന ദൈവത്തോടല്ല; തന്റെ മനസ്സിനോടുള്ള സംവാദമായിട്ടാണ് എല്ലാം എഴുതപ്പെട്ടിട്ടുള്ളത്.

"പൊരുതി ജയിപ്പതസാധ്യമൊന്നിനോടൊ–
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.’

സാമ്രാജ്യത്വം മതരാഷ്ട്രവാദമായും പൗരോഹിത്യ മേധാവിത്വമായും രൂപംമാറി നിൽക്കുകയാണ്. പണിയെടുക്കുന്ന മനുഷ്യൻ സാമ്പത്തികമായും സാമൂഹ്യമായും പിൻതള്ളപ്പെടുന്നു. ചൂഷണത്തെ സാംസ്കാരിക വ്യവസ്ഥയാക്കി ധാർമികമൂല്യമാക്കി പുനരവതരിപ്പിക്കാനാണ് ശ്രമം. ഇതിനെതിരെ സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് ഗുരുസ്മരണ വലിയ ആവേശമാണ് നൽകുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top