06 June Tuesday

ശ്രീനാരായണ ദർശനവും സംഘപരിവാറും - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ആധുനിക കേരളത്തിന് അടിത്തറയിട്ട സാമൂഹ്യ മുന്നേറ്റത്തിൽ സുപ്രധാനമായ സ്ഥാനമാണ് നവോത്ഥാന പ്രസ്ഥാനങ്ങൾക്കുള്ളത്. അത്തരം നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് നിസ്സംശയം പറയാം. കേരളീയ സമൂഹത്തിൽ രൂപപ്പെട്ടുവന്ന നവോത്ഥാന ചലനങ്ങൾ ഒരു മഹാപ്രവാഹമാക്കി വികസിപ്പിച്ചുവെന്നതുകൊണ്ടാണ് നവോത്ഥാനത്തിന്റെ പതാകവാഹകനായി ശ്രീനാരായണ ഗുരുവിനെ ലോകം വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കേരളീയ സമൂഹത്തിന്റെ വികാസത്തെ സംബന്ധിച്ച ചർച്ചകളിൽ എന്നും ശ്രീനാരായണ ഗുരുവിന് സുപ്രധാന സ്ഥാനവും ലഭിച്ചു.

വരുന്ന റിപ്പബ്ലിക്ക് ദിനത്തിൽ കേരള സംസ്ഥാനം അവതരിപ്പിക്കാൻ നിശ്ചയിച്ച നിശ്ചല ദൃശ്യത്തിൽ, അതുകൊണ്ട് തന്നെ ശ്രീനാരായണ ഗുരുവിനെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യമാണ് കേരളം മുന്നോട്ടുവച്ചത്. ഈ നിശ്ചലദൃശ്യം സ്ക്രീനിങ്‌ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സർക്കാർ ഇടപെട്ട് ഇത്‌ അവതരിപ്പിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മനസ്സിലാകണമെങ്കിൽ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന രാഷ്‌ട്രീയവും ശ്രീനാരായണ ദർശനവും തമ്മിലുള്ള വ്യത്യസ്തത മനസ്സിലാക്കാനാകണം. സംഘപരിവാറിന്റെ രാഷ്ട്രീയം എന്തെന്ന് അവരുടെ താത്വിക ഗ്രന്ഥമായ വിചാരധാരയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജാതി ചാതുർവർണ്യ സമ്പ്രദായത്തെ സംബന്ധിച്ച കാഴ്ചപ്പാടാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ‘വിചാരധാര’യിൽ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. ‘ബ്രാഹ്മണൻ തലയാണ്. രാജാവ് ബാഹുക്കളും. വൈശ്യൻ ഊരുക്കളും ശൂദ്രൻ പാദങ്ങളുമാണ്' (പേജ് 44).
അതായത് ഓരോ വർണവും രൂപപ്പെട്ടത് വ്യത്യസ്തമായ രീതിയിലാണെന്ന് വ്യക്തമാക്കുന്നതിലൂടെ ചാതുർവർണ്യ വ്യവസ്ഥയെ ന്യായീകരിക്കുകയും അതിൽ ഒരോ വിഭാഗവും ഏതൊക്കെ വിഭാഗങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കണമെന്ന് പ്രഖ്യാപിക്കുകയുമാണ് ഇതിലൂടെ. അതോടൊപ്പം തന്നെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ മനുഷ്യരായിപ്പോലും അംഗീകരിക്കുന്നതിന് തയ്യാറാകാത്ത കാഴ്ചപ്പാടുമാണ് ഗോൾവാൾക്കർ പിൻപറ്റുന്നത്.

ചാതുർവർണ്യത്തെ സംബന്ധിച്ച ഈ കാഴ്ചപ്പാടിനെ പിൻപറ്റി പിന്നീട് രൂപം കൊണ്ട ജാതി വ്യവസ്ഥയെയും ന്യായീകരിക്കുന്നതിന് ‘വിചാരധാര’ തയ്യാറാകുന്നുണ്ട്. അതിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷ മേന്മ വർണവ്യവസ്ഥയാണ്. എന്നാൽ, അതിനെ ജാതീയത എന്ന് മുദ്രകുത്തി പുച്ഛിച്ചുതള്ളുകയാണ്. വർണവ്യവസ്ഥ എന്ന് പരാമർശിക്കുന്നതു തന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി അവർ പലപ്പോഴും തെറ്റിദ്ധരിക്കുന്നു' (പേജ് 127). ജാതീയമായ വിവേചനം സാമൂഹ്യമായ വിവേചനമാണെന്ന് അംഗീകരിക്കുന്നതിന് സംഘപരിവാർ തയ്യാറാകുന്നില്ല. മാത്രമല്ല, അത് ഇന്ത്യൻ സമൂഹത്തിന്റെ കരുത്തായിരുന്നുവെന്നും എടുത്തുപറയുന്നുണ്ട്. ഇത്തരമൊരു സമീപനം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി എന്നത് സ്വാഭാവികമായും കടന്നുവരില്ല. ജാതീയമായ അടിച്ചമർത്തലിന്റെയും പട്ടികജാതി, പട്ടികവർഗക്കാർ നിരന്തരം ആക്രമിക്കപ്പെടുന്ന സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലുമുള്ളത് ഈ രാഷ്ട്രീയ നിലപാടുകളാണ്.

രാജ്യത്തിന്റെ ‘ആഭ്യന്തര ഭീഷണികൾ’ എന്ന വിഭാഗത്തിലാണ് ‘വിചാരധാര’യിൽ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവർ ഉൾപ്പെടുന്നത്. ‘വിചാരധാര’യിൽ ഓരോ അധ്യായങ്ങൾ ഇതിനായി നീക്കിവച്ചിട്ടുമുണ്ട്. മറ്റു മതവിശ്വാസങ്ങളെ ഉൾക്കൊള്ളാതെ ഹിന്ദുവിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് ആക്രമിക്കുന്നതിനുള്ള സൈദ്ധാന്തിക അടിത്തറയാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിജിയെ ഉൾപ്പെടെ തീവ്രമായ ഭാഷയിലാണ് ഇതിൽ വിമർശിച്ചിട്ടുള്ളത്. ജനാധിപത്യവാദികളോടും ഇതേ സമീപനമാണ് ‘വിചാരധാര’ പുലർത്തുന്നത്. ന്യൂനപക്ഷ പീഡനത്തിന്റെയും കമ്യൂണിസ്റ്റുകാർക്കെതിരായ ആക്രമണത്തിന്റെയും ജനാധിപത്യവാദികളെ കൊന്നൊടുക്കുന്നതിന്റെയും പിന്നിലെ രാഷ്ട്രീയ അടിത്തറ ഇതാണ്. ഗാന്ധിജിയെ മാറ്റിനിർത്തി ഗോഡ്സയെ മുന്നോട്ടുകൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെയും പിന്നിലുള്ളത് ഇത് തന്നെയാണ്.

സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഈ രാഷ്ട്രീയവുമായി ശ്രീനാരായണ ദർശനം ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. തികച്ചും വ്യത്യസ്തമായ സമീപനമാണ് അതിനുള്ളത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ തുടങ്ങിയ കാഴ്ചപ്പാടാണല്ലോ ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാനം. ചാതുർവർണ്യവ്യവസ്ഥയെയും ജാതീയതയെയും തന്റെ ജീവിതം കൊണ്ട് പ്രതിരോധിച്ച ശ്രീനാരായണ ഗുരുവിനെ ചാതുർവർണ്യത്തിന്റെ വക്താക്കൾക്ക് അംഗീകരിക്കാനാകാത്തതിൽ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല.

‘സർവമത സമ്മേളന സന്ദേശം, എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാസമ്മേളനത്തിൽ നടന്ന പ്രസംഗത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളോടുംകൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു.’

ജാതീയതയും അടിമത്തവുമാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന ദൗർബല്യമെന്ന് 1857 ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ മാർക്സും നിരീക്ഷിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. ‘ജാതി വ്യത്യാസങ്ങളും അടിമത്തവും കൊച്ചുകൊച്ച് സമുദായങ്ങളുടെ തീരാശാപമായിരുന്നുവെന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിന് പകരം അവ അവനെ ബാഹ്യസാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്തതെന്നും സ്വയം വികസിതമായ ഒരു സാമൂഹ്യ അവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വാഭാവിക തലയിലെഴുത്താക്കി മാറ്റി.' എന്നും എടുത്ത് പറയുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ ശാപമായി ജാതി വ്യവസ്ഥയെയും അടിമത്തത്തെയും കാണുന്ന സമീപനമാണ് മാർക്സ് സ്വീകരിച്ചത് എന്ന് കാണാം.
ശ്രീനാരായണ ദർശനം മതസൗഹാർദ്ദത്തിന്റെ അടിത്തറയിൽ രൂപപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 1924 ൽ ആലുവയിൽ സർവമത സമ്മേളനം ശ്രീനാരായണ ഗുരു വിളിച്ച് ചേർക്കുന്നത്. അതിൽ ശ്രീനാരായണ ഗുരു നൽകിയ ആഹ്വാനം ഇങ്ങനെയാണ്.

‘സർവമത സമ്മേളന സന്ദേശം, എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാസമ്മേളനത്തിൽ നടന്ന പ്രസംഗത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളോടുംകൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു.’

എല്ലാ മതങ്ങളുടെയും സാരാംശങ്ങൾ ഉൾക്കൊള്ളണമെന്നുമുള്ള കാഴ്ചപ്പാടായിരുന്നു ശ്രീനാരായണ ഗുരുവിന്റേത് എന്ന് വ്യക്തം. ആരൊക്കെ ഏച്ചുകൂട്ടാൻ ശ്രമിച്ചാലും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നാണ് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദർശനവുമെന്ന് വെളിപ്പെടുത്തുന്നതാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമാചരിക്കുന്ന ഈ ഘട്ടത്തിൽ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചുവെന്നതിന്റെ പേരിൽ കേരളം മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. സംഘപരിവാർ ആശയങ്ങൾക്ക് കീഴ്പ്പെടാൻ തയ്യാറാകാത്ത കേരളത്തിനോടുള്ള പ്രതികാരംകൂടിയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ആഘോഷങ്ങളുടെ ചരിത്രത്തിൽ ഇതൊരു തീരാ കളങ്കമായി എന്നും അവശേഷിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top