25 April Thursday

പാട്ടഴകിന്റെ ഊർജപ്രവാഹം - ശ്രീകുമാരൻ തമ്പി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

അങ്കഗണിതത്തിൽ ഉത്തമസാധാരണ ഘടകം (ഉ സാ ഘ ) എന്നൊരു പാഠമുണ്ട്. ഇംഗ്ലീഷിൽ അതിന് HIGHEST COMMON FACTOR  എന്ന് പറയും. ഉദാഹരണത്തിന് അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത്, ഇരുപത്തഞ്ച് എന്നീ അഞ്ച്‌ സംഖ്യ എടുക്കാം. ഈ അഞ്ച് സംഖ്യയിൽ അടങ്ങുന്ന വലിയ സംഖ്യ "അഞ്ച്' ആണ്. അപ്പോൾ ഇവിടെ അഞ്ച് എന്ന അക്കം  ഉത്തമസാധാരണ ഘടകമായി മാറുന്നു. സിനിമയിൽ ആരോടും ചേർന്നുനിൽക്കാനും അവർക്കിടയിലെ പൊതുഘടകമായി വർത്തിക്കാനും കഴിവും പാടവവുമുള്ള ഗാനരചയിതാവായിരുന്നു ബിച്ചു തിരുമല എന്ന ശിവശങ്കരൻ നായർ. സിനിമയിൽ വന്നപ്പോൾ ബിച്ചു എന്ന പേര് സ്വീകരിച്ചതിൽപ്പോലും ഈ തിരിച്ചറിവ് പ്രകടമാകുന്നുണ്ട്.

കുട്ടിക്കാലംമുതൽതന്നെ സംഗീതവുമായും സാഹിത്യവുമായും അടുത്ത ബന്ധം ബിച്ചുവിന് ഉണ്ടായിരുന്നു. മലയാളഭാഷാ പണ്ഡിതനും മികച്ച അധ്യാപകനുമായിരുന്ന പ്രൊഫ. സി ഐ ഗോപാലപിള്ളയുടെ കൊച്ചുമകനാണ് ബിച്ചു. സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചിട്ടുള്ള ബിച്ചുവിന് നല്ല സംഗീതബോധവുമുണ്ടായിരുന്നു. അതുകൊണ്ട്, ഏതു പരിതഃസ്ഥിതിയിലും ഏതു സംഗീതസംവിധായകനോടൊപ്പവും ചേർന്നു പ്രവർത്തിക്കാനും നല്ല ഗാനങ്ങൾ സൃഷ്ടിക്കാനും ബിച്ചുവിന് കഴിയുമായിരുന്നു. കെ രാഘവൻ, വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, എം ബി ശ്രീനിവാസൻ, എം കെ അർജുനൻ, എ ടി ഉമ്മർ  തുടങ്ങിയ സംഗീതജ്ഞർ അവർ സൃഷ്ടിച്ച പാട്ടുകളിൽ കവിതയ്ക്കാണ് മുൻ‌തൂക്കം നൽകിയിരുന്നത്.

ഗാനരചയിതാവ് എഴുതിക്കൊടുക്കുന്ന വരികൾ വായിച്ചു പഠിച്ചതിനുശേഷം സാഹിത്യത്തിന് യോജിച്ച സംഗീതം കണ്ടുപിടിക്കുന്ന രീതിയാണ് അവർ അവലംബിച്ചിരുന്നത്. എന്നാൽ, ശ്യാം എന്ന പേരിൽ പ്രസിദ്ധനായ വയലിനിസ്റ്റ് സാമുവൽ ജോസഫ്, കെ ജെ ജോയ്, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയ സംഗീതസംവിധായകർ ആദ്യം ഈണം സൃഷ്ടിച്ചിട്ട്‌ അതിനനുസരിച്ച് ഗാനരചയിതാക്കളെക്കൊണ്ട് വരികൾ എഴുതിക്കുന്ന രീതി തുടങ്ങി. ബിച്ചു തിരുമല എന്ന ഗാനരചയിതാവ് ഈ രണ്ടു രീതിയിലും പാട്ടുകളെഴുതി. സംഗീതം അറിയാവുന്നതുകൊണ്ട് സംഗീതസംവിധായകൻ നൽകുന്ന ഈണങ്ങൾ ഹൃദിസ്ഥമാക്കി പെട്ടെന്നുതന്നെ വരികളെഴുതിയ ബിച്ചുവിനെ ശ്യാം, കെ ജെ ജോയ് തുടങ്ങിയവർക്ക് ഇഷ്ടമായി. എന്റെ ഓർമ ശരിയാണെങ്കിൽ ശ്യാമിനോടൊപ്പമാണ് ബിച്ചു ഏറ്റവും കൂടുതൽ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. "മൈനാകം കടലിൽ നിന്നുയരുന്നുവോ..., പാവാട വേണം മേലാട വേണം, കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കും ചോലയിൽ, നളദമയന്തിക്കഥയിലെ അരയന്നം പോലെ...' തുടങ്ങി എത്രയെത്ര മികച്ച ഗാനങ്ങൾ ബിച്ചുവും ശ്യാമും ചേർന്ന്‌ ഒരുക്കിയിരിക്കുന്നു.

ഫാസിൽ സംവിധാനം ചെയ്ത "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമ ബിച്ചുവിന്റെ ഗാനരചനാപഥത്തിലെ ഒരു നാഴികക്കല്ലാണ്. അതിലെ എല്ലാ പാട്ടും ജനപ്രീതി നേടി. ഈ ചിത്രത്തിലൂടെ ജെറി അമൽദേവ് എന്ന സംഗീതസംവിധായകന്റെ അരങ്ങേറ്റം നടന്നു. ഫാസിലിന്റെതന്നെ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കുവേണ്ടി എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ജന്മംകൊണ്ട "പഴംതമിഴ് പാട്ടിഴയും എന്ന പാട്ടിലെ രചനാകൗശലത്തെ എങ്ങനെ വാഴ്ത്താതിരിക്കും?

ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന കുളത്തുപ്പുഴ രവി സംഗീത സംവിധാനം തുടങ്ങിയപ്പോൾ തന്റെ പേര് രവീന്ദ്രൻ എന്ന് മാറ്റി. രവീന്ദ്രനും ആദ്യം ഈണമൊരുക്കുന്ന രീതിയോടായിരുന്നു പ്രിയം.

"ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..., തേനും വയമ്പും നാവിൽ തൂവും വാനമ്പാടി, ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ...' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഇങ്ങനെയുണ്ടായവയാണ്. ഇളയരാജയും ആദ്യം ട്യൂൺ ഒരുക്കുന്ന രീതിയാണ് അവലംബിക്കാറ്. അതുകൊണ്ട്‌, അദ്ദേഹത്തോടുചേർന്നും മനോഹരമായ പാട്ടുകളൊരുക്കാൻ ബിച്ചുവിന് സാധിച്ചു. "ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളി എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ...' എന്ന ഏറെ ലളിതവും ആകർഷകവുമായ ഗാനം കേൾക്കാത്തവരാരുണ്ട്?

ബിച്ചുവിന്റെ നിഘണ്ടുവിൽ "ഇല്ല', "വയ്യ' തുടങ്ങിയ പദങ്ങൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഏതു സംവിധായകനോടും അദ്ദേഹം ഇണങ്ങിപ്പോയിരുന്നു. ബിച്ചു അധികം കവിതകൾ എഴുതിയിട്ടില്ല. എന്നാൽ, നല്ല കവിതകളോട് ചേർന്നുനിൽക്കാൻ പാകത്തിലുള്ള പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. "ഹൃദയം ദേവാലയം (സംഗീതം: ജയവിജയ), നീലജലാശയത്തിൽ (സംഗീതം: എ ടി ഉമ്മർ), പ്രണയസരോവരതീരം (സംഗീതം: ജി ദേവരാജൻ), വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ, രാകേന്ദുകിരണങ്ങൾ ഒളിതൂകിയില്ല (സംഗീതം: എ ടി ഉമ്മർ) തുടങ്ങി അനേകം പാട്ടുകൾ ഈ ജനുസ്സിൽപ്പെടും. അതേസമയം, ശ്രോതാക്കൾ കേട്ടാലുടൻ കൈയടിച്ച് ഏറ്റുപാടുന്ന തരത്തിലുള്ള അനവധി ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. "യോദ്ധ'എന്ന ചിത്രത്തിനുവേണ്ടി എ ആർ റഹ്‌മാന്റെ ട്യൂണിനനുസരിച്ച് എഴുതിയ "പടകാളി..., ഏയ് ഓട്ടോ എന്ന സിനിമയിലെ സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ..., വേൽമുരുകാ ഹരോഹര...' എന്നിങ്ങനെ അനവധി ഗാനങ്ങൾ ഈ വിഭാഗത്തിലുണ്ട്. കവിതകൾ കൂടുതൽ എഴുതണമെന്ന്‌ ഞാൻ ബിച്ചുവിനോടെപ്പോഴും പറയുമായിരുന്നു. ഏതായാലും ഏതാനും മാസങ്ങൾക്കുമുമ്പ്‌ സ്വാതി പ്രസിദ്ധീകരിച്ച ബിച്ചുവിന്റെ കവിതാസമാഹാരം പ്രകാശിപ്പിക്കാൻ എനിക്കുതന്നെ അവസരം കിട്ടി.

ഏതു സന്ദർഭത്തിനും ഇണങ്ങുന്ന പാട്ടുകളെഴുതാൻ സമർഥനായിരുന്നു ബിച്ചു. "ഈ പാട്ട്‌ ഹിറ്റാകു'മെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പാട്ടെഴുതാനും ആ പ്രതിജ്ഞ യാഥാർഥ്യമാക്കാനും കഴിവുള്ള ഒരു പാട്ടെഴുത്തുകാരനേ മലയാളസിനിമയിൽ ഉണ്ടായിരുന്നുള്ളൂ. ആ ഗാനരചയിതാവിന്റെ പേരാണ് ബിച്ചു തിരുമല, മലയാള സിനിമാ ഗാനരചനയിലെ ഉത്തമസാധാരണ ഘടകം. പാട്ടഴകിന്റെ ഊർജപ്രവാഹം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top