24 April Wednesday

സ്പോർട്സ് സ്കൂളുകളുടെ കുതിപ്പിനായി കാലം കാത്തിരിക്കുന്നു

ഡോ.അജീഷ് പി ടിUpdated: Monday Mar 20, 2023

ഡോ.അജീഷ് പി ടി

ഡോ.അജീഷ് പി ടി

കേരളത്തിൻറെ കായിക പുരോഗതിയുടെ അടിത്തറയായി സ്കൂൾതലത്തിൽനിന്നും  മികച്ച പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സംസ്ഥാനത്ത് സ്പോർട്സ് സ്കൂളുകൾ ആരംഭിച്ചത്. എന്നാൽ ഈ സ്കൂളുകളുടെ ആരംഭഘട്ടത്തിൽ പുലർത്തിയിരുന്ന മികവ് പിന്നീട് പടിപടിയായി പിന്നാക്കം പോയി കായിക ശോഷണത്തിലേക്ക് വഴിവച്ചു. 1975ൽ ആരംഭിച്ച ഗവ. ജി.വി.രാജ സ്പോർട്സ് സ്കൂൾ ഉൾപ്പെടെയുള്ളവയിൽ നിന്നും വിരലിലെണ്ണാവുന്ന രാജ്യാന്തര താരങ്ങൾ മാത്രമാണ് നാളിതുവരെയായിട്ടും ഉയർന്നുവന്നിട്ടുള്ളത്. നിലവിൽ കേരളത്തിലുള്ള 5 കായിക വിദ്യാലയങ്ങളിൽ  മൂന്നെണ്ണം കായിക വകുപ്പിന് കീഴിലും രണ്ടെണ്ണം യഥാക്രമം പട്ടികജാതി,പട്ടിക വർഗ്ഗ വകുപ്പുകളുടെ കീഴിലുമാണ് പ്രവർത്തിക്കുന്നത്. കായിക വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളെല്ലാം നേരത്തെ വിദ്യാഭ്യാസവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിച്ചിരുന്നത്. കായികവകുപ്പ് ഏറ്റെടുത്തതിനുശേഷം കോടിക്കണക്കിന് രൂപയുടെ അത്യന്താധുനിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നിലവിൽ ഗവ.ജി.വി.രാജ സ്പോർട്സ് സ്കൂളിനെ കേന്ദ്രകായികയുവജന കാര്യമന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ സെൻറർ ഓഫ് എക്സലൻസ് എന്ന പദ്ധതിയുടെ കീഴിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.  

അത്ലറ്റിക്സ് പരിശീലനത്തിന് വേണ്ടിയുള്ള സിന്തറ്റിക് ട്രാക്ക്, ആർട്ടിഫിഷ്യൽ ഫുട്ബോൾ മൈതാനം, ലോകോത്തര നിലവാരമുള്ള ഫിറ്റ്നസ് സെന്റർ ,കായിക താരങ്ങൾക്ക് താമസിക്കുവാൻ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ,ഇൻറർ ആക്റ്റീവ് ഡിജിറ്റൽ ബോർഡുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാസംവിധാനങ്ങൾ തുടങ്ങിയ ക്രമീകരണങ്ങളാണ്  സ്കൂളുകളിൽ  സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. ഓരോ കുട്ടിക്കും ഏറ്റവും നൂതനമായ കായിക ഉപകാരണങ്ങളോടുകൂടിയ  സ്പോർട്സ്കിറ്റുകൾ  അധികമായി നൽകുന്നു.മോഡുലാർ സ്റ്റെയിൻലെസ് സ്റ്റീൽ സംവിധാനമുള്ള അടുക്കളകളാണ് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി സജ്ജീകരിച്ചിട്ടുള്ളത്. ഓരോ കുട്ടിക്കും അവരുടെ കായിക ഇനങ്ങൾക്ക് അനുസൃതമായ രീതിയിലുള്ള ഭക്ഷണ വിതരണമാണ് നടന്നുവരുന്നത്. ഇത്രയും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ നൽകിയിട്ടും പ്രതീക്ഷയാർന്ന കായിക പ്രകടനങ്ങൾ ഇത്തരം വിദ്യാലയങ്ങളിൽ നിന്നും ഉണ്ടാകാത്തത് പഠനവിധേയമാക്കേണ്ടതുണ്ട്.

സെലക്ഷൻ രീതിയിൽ സ്വീകരിക്കാവുന്ന നൂതനത്വം
 

ജില്ലയിലെ  ഏതെങ്കിലും ഒരു പ്രത്യേക കേന്ദ്രത്തിൽ കുട്ടികളെ വിളിച്ചുവരുത്തി സെലക്ഷൻ നടത്തുന്ന കേന്ദ്രികൃത രീതിയാണ് നിലവിൽ നടന്നുവരുന്നത്. ഇതിനു പകരമായി ശാസ്ത്രീയമായ സെലക്ഷൻ രീതിശാസ്ത്രം രൂപപ്പെടുത്തി വികേന്ദ്രീകൃത രീതിയിൽ സെലക്ഷൻ നടത്തുവാൻ തയ്യാറാകണം .പ്രതിഭകളെ കണ്ടെത്തുവാൻ കൂടുതൽ വിശാലമായ പ്രതിഭാ നിർണയ രീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകളിൽ നേരിട്ട് പോയി കുട്ടികളെ കണ്ടെത്തുന്ന സംവിധാനം രൂപപ്പെടുത്തണം.അടിസ്ഥാന കായിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തിക ഇടപെടൽകൂടി പ്രാഥമികമായി നിർവഹിക്കേണ്ടതും അത്യാവശ്യമാണ്.പ്രതിഭാ നിർണയം നടത്തുന്നതിനായി(ടാലന്റ് ഹണ്ട്) പ്രത്യേകം പരിശീലനം നൽകിയ ഒരു സ്ഥിരം സ്ക്വാഡ് രൂപപ്പെടുത്തി സജ്ജരായിരിക്കുവാനുള്ള നിർദേശവും നൽകണം.ദീർഘകാലമായി കായിക ശോഷണം ഈ വിദ്യാലയങ്ങളിൽ തുടരുന്നതിനാൽ കഴിവും  കാര്യപ്രാപ്തിയുമുള്ള താരങ്ങൾ സ്പോർട്സ് ഹോസ്റ്റലുകൾ, സ്വകാര്യ കായിക അക്കാദമികൾ എന്നിവിടങ്ങളിലേക്ക് ചേക്കേറുന്നത് പതിവായി. ഈ സമീപനം   പരിഹരിക്കുവാൻ ആവശ്യമായ പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കണം.

സ്പോർട്സ് സ്കൂളുകൾക്കും വേണം പ്രത്യേക പാഠ്യപദ്ധതി

സ്പോർട്സ് സ്കൂളുകളിലെ കുട്ടികൾ അക്കാദമികപഠനത്തോടൊപ്പം ഓരോ ദിവസവും രാവിലെയും വൈകുന്നേരവുമായി 5 മുതൽ 6 മണിക്കൂർ വരെ കഠിനമായ കായിക പരിശീലനത്തിൽ ഏർപ്പെടുന്നവരാണ്. കായിക പരിശീലനത്തിന് ശേഷം അക്കാദമിക ക്ലാസുകളിൽ എത്തുമ്പോൾ  യഥാവിധം  ശ്രദ്ധപുലർത്താൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്നു .കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ പഠിക്കുന്ന സമാന പാഠ്യപദ്ധതിയാണ് സ്പോർട്സ് സ്കൂളിലെയും വിദ്യാർത്ഥികൾ പഠിക്കുന്നത്. കായിക കേന്ദ്രീകൃതമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഇവർക്ക് പൊതുപാഠ്യപദ്ധതിയും കായിക പരിശീലനവും ഒരുപോലെ കൈകാര്യം ചെയ്യുവാൻ പ്രയാസം നേരിടുന്നു. ഇത് കായിക പ്രകടനത്തെയും സാരമായി ബാധിക്കുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലും  സ്പോർട്സ് സ്കൂൾ കുട്ടികൾക്ക് കായിക ബന്ധിതമായ പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കായിക പരിശീലനവും അക്കാദമിക പഠനവും പരസ്പര പൂരിതമായി  ഉൾചേർത്തുകൊണ്ടുള്ള  പഠന രീതിയാണ് ഇവിടെ ആവിഷ്കരിക്കേണ്ടത് .അക്കാദമിക പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ സ്വാംശീകരിക്കുമ്പോൾ കായികമായ അനുഭവങ്ങൾ കൂടി ഉൾച്ചേർക്കുന്നത് പഠനം  കൂടുതൽ ലളിതമാവുകയും  അറിവ് നിർമ്മാണത്തിന്റെ വിശാലമായ തലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. ഭാഷ, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളെ കായിക കേന്ദ്രീകൃതമായ ഉള്ളടക്ക മേഖലകളുമായി  ഉൾച്ചേർത്തുകൊണ്ട് പഠനം കൂടുതൽ അനായാസമാക്കുവാൻ സാധിക്കും.ആറാം ക്ലാസിൽ പ്രവേശനം നേടുന്ന ഒരു കായിക വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വർഷത്തിൽ പരിമിതമായ  ദിവസങ്ങൾ മാത്രമാണ് പൊതുസമൂഹവുമായി ആശയവിനിമയത്തിനുള്ള അവസരം ലഭിക്കുന്നത്. അതിനാൽ കായിക വിദ്യാലയവും പരിശീലന  അന്തരീക്ഷവും മത്സരാത്മക ലോകവും പരസ്പരപൂരിതമായ പഠന തന്ത്രരീതിയാണ് ഇവിടെ രൂപപ്പെടുത്തേണ്ടത്. അക്കാദമിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകനും കായിക പരിശീലനം നൽകുന്ന കോച്ചും തമ്മിൽ ഓരോ കുട്ടിയുടെയും വളർച്ച വികാസത്തിന്റെ ഘട്ടങ്ങൾ  കൃത്യമായി വിലയിരുത്തി നിരന്തരവും സമഗ്രവുമായ പിന്തുണ സംവിധാനം  ഒരുക്കി കൊടുക്കണം.

കായിക പരിശീലനത്തിനും ഏകീകൃത പഠനരീതി

അക്കാദമികമായ പാഠ്യപദ്ധതിക്ക് സമാനമായ രീതിയിൽ കുട്ടികളുടെ പ്രായം,ശാരീരിക നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ കായിക ഇനങ്ങളുടെ പരിശീലനരീതി സംബന്ധിച്ച  പ്രത്യേക പാഠ്യപദ്ധതിയും  രൂപീകരിക്കണം. പരിശീലകനെ മാത്രം  കേന്ദ്രീകരിക്കുന്ന (ഠൃമശിലൃ ഇലിലേൃലറ) പഠന വിനിമയ രീതിയാണ് കേരളത്തിലെ കായിക കോച്ചിംഗ് മേഖലയിൽ നിലനിൽക്കുന്നത്. കായിക പരിശീലകന്റെ അറിവും  അനുഭവവും  അടിസ്ഥാനപ്പെടുത്തിയുള്ള ഈ  പരിശീലന രീതിയിൽ  എല്ലാത്തരം കുട്ടികൾക്കും അർഹമായ  പരിഗണന  ലഭിക്കുന്നില്ല . സംസ്ഥാനത്തെ മൊത്തമായി  പരിഗണിക്കുമ്പോൾ ഒരേ  പ്രായത്തിലുള്ള കുട്ടികൾക്ക്  വിവിധ പരിശീലന കേന്ദ്രങ്ങളിൽ വിവിധതരത്തിലുള്ള പരിശീലന രീതിയാണ് പിന്തുടരുന്നത്. ഇത് ശാസ്ത്രീയവും ഗുണമേന്മയേറിയതുമായ കായിക പഠനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനാകാത്ത സാഹചര്യത്തിലേക്ക് നയിക്കുന്നു. ഒരു പരിശീലകൻ മാറി മറ്റൊരു പരിശീലകൻ വരുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടാകുന്നു. ഇത്തരത്തിൽ പരിശീലന തുടർച്ചയില്ലായ്മയും അശാസ്ത്രീയമായ കായിക പരിശീലന രീതിശാസ്ത്രവും കായികപ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും കായിക യുവജന കാര്യാലയവും സംയുക്തമായി മേൽനോട്ടം വഹിച്ച് ആദ്യഘട്ടത്തിൽ  സംസ്ഥാനത്തെ തെരഞ്ഞെടുത്ത കായിക പരിശീലന കേന്ദ്രങ്ങളിൽ ഏകീകൃത കായിക പരിശീലന പഠന സമ്പ്രദായം നടപ്പിലാക്കണം. കേരളത്തിലെ കായിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുവാൻ ഈ രീതി അവലംബിക്കുന്നതിലൂടെ സാധിക്കും. വിദ്യാലയങ്ങളിൽ അധ്യാപകരെ വിവിധ തലങ്ങളിൽ യോഗ്യതയുടെ  അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയിൽ കായിക പരിശീലകരെ കുട്ടികളുടെ പ്രായം, കായിക നിലവാരം,പരിശീലകന്റെ  പ്രായോഗിക പരിജ്ഞാനം എന്നിവയുടെ  അടിസ്ഥാനത്തിൽ നിയമിക്കേണ്ടതുണ്ട്. ഓരോ കായിക പരിശീലകർക്കും നിശ്ചിത ഇടവേളകളിൽ കായിക വിദഗ്ധരുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ കോഴ്സുകൾ നൽകണം. ഓരോ പരിശീലകന്റെയും പ്രകടനം കൃത്യമായി വിലയിരുത്തി പ്രതീക്ഷിത ഫലം നൽകാത്തവരെ ഒഴിവാക്കി യോഗ്യരായ പുതിയ ആളുകളെ നിയമിക്കണം.

സുസജ്ജമായ സ്കൂൾ ഭരണ സംവിധാനം

റസിഡൻഷ്യൽ രീതിയിൽ  പ്രവർത്തിച്ചുവരുന്ന സ്പോർട്സ് സ്കൂളുകളുടെ ഭരണ സംവിധാനം കേവലം സാധാരണ ഒരു അക്കാദമിക വിദ്യാലയത്തിന് തുല്യമായ രീതിയിലാണ് നടന്നുവരുന്നത് . ഈ രീതി മാറി മുഴുവൻ സമയവും പ്രവർത്തന നിരതമായ ഭരണസംവിധാനവും കായിക മേഖലയിൽ ശാസ്ത്രീയ ധാരണയുള്ള ജീവനക്കാരുടെ വിന്യാസവും ഉറപ്പുവരുത്തണം. കുട്ടികളുടെ  കായിക പരിശീലന സംവിധാനങ്ങൾ, അക്കാദമിക പഠന സൗകര്യങ്ങൾ, കായിക പരിശീലകരുടെയും അധ്യാപകരുടെയും നിയന്ത്രണം,ഭക്ഷണം, താമസം,കായിക സൗകര്യങ്ങളുടെ പരിപാലനം,കായിക വിദ്യാർത്ഥികളുടെ  സംരക്ഷണം ,വിവിധ  കായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഉള്ള സംവിധാനമൊരുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ കഴിവും കാര്യപ്രാപ്തിയുമുള്ള വ്യക്തികൾ സ്പോർട്സ് സ്കൂളുകളുടെ തലവനായി എത്തിച്ചേരാത്തതും പുരോഗതിക്ക് വിഘാതമായി നിൽക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.

പ്രവർത്തന മാന്വൽ  രൂപീകരണം

ആഴ്ചയിൽ ഏഴു ദിവസവും റസിഡൻഷ്യൽ സ്വഭാവത്തോടുകൂടി പ്രവർത്തിക്കേണ്ട സ്ഥാപനത്തിൽ ജീവനക്കാരുടെ വിന്യാസം കേവലം ഒരു പൊതു വിദ്യാലയത്തിന് സമാനമായ രീതിയിലാണ്. ദിവസത്തിൽ മുഴുവൻ സമയവും പ്രവർത്തനനിരതരായ ജീവനക്കാരുടെ സാന്നിധ്യം സ്കൂളിൽ ഉറപ്പുവരുത്തേണ്ടതുണ്ട് .ഓരോ ജീവനക്കാരനും ചെയ്യേണ്ട ജോലികൾ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുന്ന പ്രവർത്തന മാന്വൽ തയ്യാറാക്കി ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ പ്രത്യേകം ചിട്ടപ്പെടുത്തണം.ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ കുട്ടികളെ ഊർജ്ജസ്വലരും കർമ്മനിരതരുമായി നിലനിർത്തുവാൻ ആവശ്യമുള്ള പ്രത്യേക  പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം. വീടുകളിൽ നിന്നും ദീർഘകാലം മാറി നിൽക്കേണ്ടി വരുന്ന കുട്ടികളിൽ ഉണ്ടാകുന്ന ഗൃഹവിരഹദുഖം ഒഴിവാക്കുവാൻ കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ സംവിധാനങ്ങൾ ഉണ്ടാകണം. കായിക പ്രകടന മികവ് എന്നത് കേവലം ശാരീരികമായ വികാസത്തിലൂടെ മാത്രം ഉണ്ടാകുന്നതല്ല. മാനസികവും സാമൂഹികവും വൈകാരികവുമായ വികാസം കൂടി ഉൾച്ചേർന്നുവന്നാൽ മാത്രമേ ആത്യന്തികമായ  പ്രകടന മികവിലേക്ക് താരങ്ങൾക്ക് എത്തിച്ചേരുവാൻ കഴിയുകയുള്ളൂ. ഇത്തരത്തിൽ എല്ലാ തലങ്ങളിലുമുള്ള വികാസത്തിന് ഉതകുന്ന രീതിയിലേക്കുള്ള അന്തരീക്ഷമാണ്  സ്പോർട്സ് സ്കൂളുകളിൽ  ഉണ്ടായിരിക്കേണ്ടത്.

നമ്മുടെ സംസ്ഥാനത്ത് ആദ്യത്തെ സ്പോർട്സ് സ്കൂൾ രൂപീകൃതമായിട്ട് 50 വർഷത്തോളമാകുന്നു. എന്നാൽ ഒളിമ്പ്യൻ പി.ആർ ശ്രീജേഷ്  2020ലെ ടോക്കിയോയിൽ നേടിയ വെങ്കല മെഡൽ  മാത്രമാണ് സ്പോർട്സ് സ്കൂളുകളുടെ ഏക സംഭാവനയായി ഒളിമ്പിക്സ് വിജയികളുടെ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. സർക്കാർ ഖജനാവിൽ നിന്നും കോടികളുടെ നിക്ഷേപം കായിക പുരോഗതിക്കുവേണ്ടി ചിലവഴിക്കുമ്പോഴും പ്രതീക്ഷിതമായ കായിക നേട്ടങ്ങൾ കൈവരിക്കുവാൻ സ്പോർട്സ് സ്കൂളുകൾക്ക് കഴിയുന്നില്ല. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യന്തര മേളകളിൽ നേട്ടങ്ങൾ കൈവരിക്കുവാൻ സാധ്യതയുള്ള  ഇനങ്ങൾക്ക് മുൻഗണന നൽകിയുള്ള തെരഞ്ഞെടുപ്പും പരിശീലനവും സ്പോർട്സ് സ്കൂളുകളുടെ നേതൃത്വത്തിൽ  ഉണ്ടാകണം. ഓരോ വർഷവും തെരഞ്ഞെടുക്കുന്ന കുട്ടികളിൽ ഏറ്റവും മികവുള്ള ടാലന്റുകളെ മാത്രം നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി  മാത്രം പിന്തുടരണം. പ്രവേശിപ്പിക്കേണ്ട കുട്ടികളുടെ ആകെ എണ്ണം പരിഗണിക്കുന്നതിനു പകരമായി ഉയർന്ന കായിക  നിലവാരമുള്ള കുട്ടികൾക്ക്  മാത്രം പ്രവേശനം നൽകുന്ന രീതി അവലംബിക്കുമ്പോൾ ഘട്ടം ഘട്ടമായി  രാജ്യത്തിന്റെ കായിക പുരോഗതിയുടെ അടിത്തറയായി കേരളത്തിലെ സ്പോർട്സ് സ്കൂളുകൾക്ക് മാറുവാൻ സാധിക്കും.

എസ്‌സിഇആർടി റിസർച്ച് ഓഫീസറാണ്‌ ലേഖകൻ
(ഫോൺ:9846024102)



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top