28 March Thursday

അക്ഷരം മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ അഭിമാനം - ഡോ സി രാവുണ്ണി എഴുതുന്നു

ഡോ സി രാവുണ്ണിUpdated: Tuesday Feb 16, 2021

ലോകത്തിലെ എഴുത്തുകാരുടെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ സാഹിത്യപ്രവർത്തക സഹകരണസംഘം(എസ്‌പിസിഎസ്‌) അതിന്റെ ചരിത്രത്തിലെ അത്യുജ്വലമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പുസ്തകങ്ങൾ അച്ചടിക്കുകയും വിതരണം നടത്തുകയും എഴുത്തുകാരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിനപ്പുറത്തേക്ക് ഒരു കുതിപ്പ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും കലകളുടെയും സമഗ്രവും സമ്പൂർണവുമായ പുരാശേഖരങ്ങളുടെ നിറകലവറയായി അക്ഷരം മ്യൂസിയം ( Museum of letters, literature and culture) ഇപ്പോൾ ഇന്ത്യാ പ്രസ് സ്ഥിതി ചെയ്യുന്ന നാട്ടകം മറിയപ്പിള്ളിയിൽ എസ്‌പിസിഎസ്‌ വക സ്ഥലത്ത് രൂപം കൊള്ളുകയാണ്. ആയതിന്റെ ശിലാസ്ഥാപനം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന്‌ നിർവഹിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമാണ് ഇത്. അക്ഷരം മ്യൂസിയം എന്നാണ് പേരെങ്കിലും അക്ഷരത്തെ സാധ്യമാക്കിയ ഭാഷാ-സാഹിത്യ -കലാ-സാംസ്കാരിക ചരിത്രത്തെ മുഴുവൻ ഇവിടെ രേഖപ്പെടുത്തിയും രൂപപ്പെടുത്തിയും അവതരിപ്പിക്കും. സംസ്ഥാന സർക്കാർ ഒമ്പതര കോടി ചെലവഴിച്ചാണ് ഇത് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിലേക്കുള്ള ഒരു കോടി അനുവദിച്ചു കഴിഞ്ഞു. നാട്ടകത്തെ സ്ഥലത്തിനുണ്ട് ത്യാഗസുരഭിലമായ ഒരു കഥ. ആദ്യ സെക്രട്ടറിയായ കാരൂർ നീലകണ്ഠപ്പിള്ളയുടെ പുസ്തകത്തിന്‌ ലഭിച്ച റോയൽറ്റി ഉപയോഗിച്ച് അദ്ദേഹം വാങ്ങിച്ചു സംഘത്തിന് നൽകിയതാണ് ആ നാലേക്കർ വരുന്ന സ്ഥലം. എസ്‌പിസിഎസ്‌ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടാണ് ഇന്ത്യക്കുതന്നെ മാതൃകയായ അക്ഷരം മ്യൂസിയം രൂപകൽപ്പന ചെയ്തത്.

നാലു ഘട്ടമായിട്ടാണ് മ്യൂസിയത്തിന്റെ നിർമിതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാംഘട്ടം ‘വരയിൽനിന്ന് ശ്രേഷ്ഠതയിലേക്ക്‌' വാമൊഴി, ലിപി, അച്ചടി, സാക്ഷരത, ഭാഷ എന്നിവ ആവിർഭവിച്ചതും പരിണമിച്ച് ഇന്നത്തെ നിലയിൽ എത്തിയതുമായ ചരിത്രഘട്ടങ്ങളെ ആവിഷ്കരിക്കുന്നതാണ്. എസ്‌പിസിഎസ് കോർണർ, തിയറ്റർ എന്നിവയും ഉണ്ടാകും. ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ, എഴുത്ത്, ലിപി, വട്ടെഴുത്ത്, കോലെഴുത്ത്, ശിലാലിഖിതങ്ങൾ, ഗ്രന്ഥാക്ഷരം, കാലഗണന തുടങ്ങിയവയുടെ വിശദാംശങ്ങള ചാർട്ടുകളും ഡിജിറ്റൽ ബോർഡ് രൂപത്തിലുമാണ് പ്രദർശിപ്പിക്കുക. അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റി കോർണറുകളും ഉണ്ടാകും. സ്ഥലം, ജാതി, മതം, വർഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന വിവിധ മലയാളങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിൽ ക്രമീകരിക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ആവിർഭാവം, വളർച്ച തുടങ്ങിയവ ലോകം, ഇന്ത്യ, കേരളം എന്നിങ്ങനെ വേർതിരിച്ച് വിശദമായി പ്രദർശിപ്പിക്കും. ഇന്ത്യയിലെ ഭാഷാ കുടുംബങ്ങൾ - ഇന്തോ / യൂറോപ്യൻ / ദ്രവീഡിയൻ, ലിപി ഉള്ളത് / ഇല്ലാത്തത്, ഗോത്ര ഭാഷകൾ എന്നിവയും പ്രാധാന്യത്തോടെ ഇടം നൽകും. രംഗ-ദൃശ്യ പ്രകടനങ്ങൾക്കും സെമിനാറുകൾക്കും വേണ്ടിയുള്ള തിയറ്റർ, ഓഫീസ്, സെർവർ റൂം, സുവനീർ ഷോപ്പ്, കഫെറ്റീരിയ, മൊബൈൽ ആർക്കൈവിങ്‌ യൂണിറ്റ് എന്നിവയും ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നു. പുസ്തകങ്ങളുടെ ആദ്യ പതിപ്പിന്റെ ഡിജിറ്റലൈസേഷൻ പ്രവൃത്തികൾക്കും ഒന്നാം ഘട്ടത്തിൽ തുടക്കം കുറിക്കും.

ഈ പ്രാഥമികതലം കഴിഞ്ഞാൽ രണ്ടാംഘട്ടം കവിതയുടേതാണ്. നാടൻപാട്ട്, മൂവേന്തർ, അകനാനൂറ്, പുറനാനൂറ് എന്നിവ ഉൾപ്പെടെ സംഘകാലസാഹിത്യം, ഐങ്കുറനൂറ്, പതിറ്റുപ്പത്ത് എന്നിങ്ങനെ പ്രാചീന മലയാള കവിതയുടെ വിപുലമായ ശേഖരത്തോടെ വർത്തമാനകാലകവിത ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ സജ്ജീകരിക്കും. മൂന്നാം ഘട്ടം ഗദ്യസാഹിത്യത്തിന്റേതാണ്. കഥയുടെ വാമൊഴി പാരമ്പര്യം, കെട്ടുകഥകൾ, മൃഗകഥകൾ, യക്ഷിക്കഥകൾ, അന്യാപദേശ കഥകൾ, ദൃഷ്ടാന്തകഥകൾ, ഐതിഹ്യകഥകൾ, മിത്ത്, അനുഭവ കഥകൾ, മുത്തശ്ശിക്കഥകൾ എന്നിവയുടെ ചരിത്രംമുതൽ ഇതുവരെയുള്ളവ വീഡിയോ/അനിമേഷൻ ആയി പ്രദർശിപ്പിക്കും. നാലാംഘട്ടം വൈജ്ഞാനിക സാഹിത്യത്തിനും വിവർത്തനത്തിനും വേണ്ടിയുള്ളതാണ്. ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനങ്ങൾ, വൃത്തശാസ്ത്രം, അലങ്കാരശാസ്ത്രം, നിഘണ്ടുക്കൾ, വിജ്ഞാന കോശം, സാഹിത്യ ചരിത്ര വിജ്ഞാനീയം, ഭാഷാശാസ്ത്ര പഠനങ്ങൾ, നാട്ടറിവു പഠനം, ശാസമെഴുത്ത്, ചലച്ചിത്ര പഠനം, മനശ്ശാസ്ത്രം, മതം /തത്വചിന്ത, രാഷ്ട്രവിജ്ഞാനം, ധനതത്വശാസ്ത്രം, ഭൂമിശാസ്ത്രം, നിയമം, ചരിത്രം, വിവർത്തനം എന്നിങ്ങനെ വിപുലമായ വിജ്ഞാനരംഗങ്ങളിലേക്കാണ് നാലാംഘട്ടം പ്രവേശിക്കുക.
ആധുനിക ഭാഷാമ്യൂസിയങ്ങളുടെ തനിമയും പുതുമയും ഉൾക്കൊണ്ട് ശാസ്ത്രീയ സമീപനങ്ങളോടെയാണ് അക്ഷര മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. മൺമറഞ്ഞ എഴുത്തുകാരുടെ പ്രഭാഷണങ്ങൾ അവരുടെ ശബ്ദത്തിൽ കേൾക്കാനുള്ള സജ്ജീകരണവും ഉണ്ടാകും.

പ്രതിസന്ധികളിൽപ്പെട്ട്‌ വലഞ്ഞ കാലങ്ങളിൽ ഈ മഹാസ്ഥാപനത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴൊക്കെ മുന്തിയ പരിഗണന നൽകി പരിപാലിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെ എസ്‌പിസിഎസ് ഇന്ത്യയുടെ സംസ്കാര ടൂറിസത്തിന്റെ തലസ്ഥാനമായി മാറാൻ പോവുകയാണ്. "എസ്‌പിസിഎസ് എഴുത്തുകാർക്കുവേണ്ടി; മലയാളത്തിനുവേണ്ടി ; കേരളത്തിനുവേണ്ടി' എന്ന ദൃഢ ലക്ഷ്യത്തോടെ മുന്നേറുന്ന മലയാളത്തിന്റെ ഈ അഭിമാന സ്ഥാപനത്തിന്റെ അക്ഷരം മ്യൂസിയം എന്ന സ്വപ്നപദ്ധതി, ഇന്ത്യയുടെ മുമ്പിലേക്ക് കേരളം വയ്ക്കുന്ന അക്ഷരമാതൃകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top