26 September Tuesday

കാലവർഷം കര തൊടുമ്പോൾ - ഡോ. എം ജി മനോജ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

പതിവിൽ നിന്ന്  അൽപ്പം വൈകി ഒരാഴ്‌ചയ്ക്കു ശേഷം തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളതീരം തൊട്ടിരിക്കുകയാണല്ലോ. സാധാരണയായി ഇടവപ്പാതി കേരളത്തിലെത്തുന്നത്‌ ജൂൺ ഒന്നിനാണെങ്കിലും ഇതിൽ ചില വർഷങ്ങളിൽ  ഒന്നു മുതൽ രണ്ടാഴ്‌ചവരെ മാറ്റമുണ്ടാകാറുണ്ട്‌. എന്നാൽ ഇക്കൊല്ലത്തെ കാലവർഷത്തിന്റെ പ്രയാണത്തെ പതിവിൽക്കവിഞ്ഞ ഗൗരവത്തോടെയാണ്‌ നാം സമീപിച്ചത്‌. പ്രത്യേകിച്ചും പല പാരിസ്ഥിതിക പ്രതിസന്ധികളും അഭിമുഖീകരിച്ച പശ്‌ചാത്തലത്തിൽ. സമീപവർഷങ്ങളെ അപേക്ഷിച്ച്‌ ഇക്കൊല്ലം ഉഷ്‌ണ തരംഗമോ സമാനമായ സാഹചര്യമോ മാർച്ച്‌ ആദ്യവാരം തന്നെ സംജാതമാവുകയും രാജ്യവിസ്‌തൃതിയുടെ അറുപതു ശതമാനത്തിനു മുകളിൽ (22 സംസ്ഥാനങ്ങളിൽ ) ബാധിക്കുകയും ചെയ്‌തു. നമ്മുടെ സംസ്ഥാനവും പതിവില്ലാത്ത വിധം ചൂടും ഉഷ്‌ണവും മൂലമുള്ള അസ്വസ്ഥതകൾ ഏറ്റുവാങ്ങുകയും മുമ്പെങ്ങുമില്ലാത്ത വിധം വരൾച്ചയും കൃഷിനാശവും അഭിമുഖീകരിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ കാലവർഷത്തിൻെറ വൈകൽ ചർച്ചയായത്‌.

കാലവർഷം 
വൈകിയതെന്തു കൊണ്ട്‌
ദക്ഷിണാർധ ഗോളത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലുള്ള അതിമർദ്ദ മേഖലയിൽ നിന്ന്‌ ഭൂമധ്യരേഖ മുറിച്ചു കടന്ന്‌ അറബിക്കടലിലൂടെ തെക്കു പടിഞ്ഞാറൻ ദിശയിലൂടെ വരുന്ന ബാഷ്‌പപൂരിതവും ശക്‌തവുമായ കാറ്റാണ്‌ മൺസൂണിന്‌ കാരണമാവുന്നത്‌. ഈ കാറ്റിന്റെ ദിശയെയും വേഗതയെയും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌. അതിലൊരു പ്രധാന ഘടകമാണ്‌ പസഫിക്‌ സമുദ്രത്തിൽ രൂപം കൊള്ളുന്ന എൽനിനോ പ്രതിഭാസം. പസഫിക്‌ സമുദ്രത്തിന്റെ മധ്യകിഴക്കൻ സമുദ്രതാപനില അസാധാരണമായി വർധിക്കുന്നതാണ്‌ എൽനിനോ. അന്തരീക്ഷ സമുദ്ര സംയോജിത പ്രവർത്തനത്തിന്റെ  ഭാഗമായി ആഗോളാടിസ്ഥാനത്തിൽ കാലാവസ്ഥയെ ബാധിക്കുന്ന ഈ പ്രതിഭാസം പൊതുവിൽ ഇന്ത്യൻ മൺസൂണിനെ ദോഷകരമായാണ്‌ ബാധിക്കുന്നത്‌. ഈ വർഷം അവസാനത്തോടെ എൽനിനോ ശക്‌തമാകുമെന്നും ഇന്ത്യൻ മൺസൂണിൽ അതിൻെറ അലയൊലികളുണ്ടാവുമെന്നുമാണ്‌ പൊതുവിലുള്ള അനുമാനം. മൺസൂണിന്റെ ആരംഭം വൈകിപ്പിക്കുന്നതിലും രാജ്യത്തു നിന്നുള്ള അതിന്റെ പിൻവാങ്ങൽ നേരെത്തെയാക്കുന്നതിലും എൻനിനോയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു.

എൽനിനോ കൂടാതെ, മൺസൂൺ വൈകുന്നതിൽ രണ്ടാമത്തെ ഘടകമാണ് അറബിക്കടലിലുണ്ടാവുന്ന ചുഴലിക്കാറ്റുകൾ. അറബിക്കടലിൽ പതിവിൽക്കവിഞ്ഞ ചൂടാണ്‌ ഇപ്പോൾ. മധ്യഅറബിക്കടലിൽ 32 ഡിഗ്രി സെൽഷ്യസ്‌ വരെ ചൂടെത്തി നിൽക്കുന്നു. കേരള തീരത്ത്‌ ഒന്നരമുതൽ രണ്ടു ഡിഗ്രി വരെ സാധരണ നിലയേക്കാൾ സമുദ്രതാപം കൂടുതലാണ്‌. ‘ബിപർജോയ്‌’ ചുഴലിക്കാറ്റ്‌ ഈ ചൂടിന്റെ ബഹിർസ്‌ഫുരണമാണ്‌. ഈ ചുഴലിക്കാറ്റിന്റെ  രൂപീകരണവും സഞ്ചാരദിശയുമാണ്‌ മൺസൂൺ ഇത്രയേറെ വൈകുന്നതിനു കാരണമായത്. ‘ബിപർജോയ്‌’ ചുഴലിക്കാറ്റിന്റെ സഞ്ചാര പാത പ്രവചിക്കുന്നതിൽ ആഗോളാടിസ്ഥാനത്തിൽ വലിയ വെല്ലുവിളികളാണ്‌ ഉണ്ടായത്‌. ചില കാലാവസ്ഥ പ്രവചന മോഡലുകൾ ചുഴലിയുടെ സഞ്ചാരപഥം വടക്കു–- കിഴക്ക്‌ ദിശയിൽ മുംബൈ–- ഗുജറാത്ത്‌ തീരങ്ങളിലേക്ക്‌ എന്നു കണക്കുകൂട്ടിയപ്പോൾ, ചില മോഡലുകൾ വടക്ക്‌ പടിഞ്ഞാറ്‌ എന്നും, മറ്റു ചില മോഡലുകൾ നേരെ വടക്കോട്ട്‌ സഞ്ചരിച്ച്‌ പിന്നീട്‌ കിഴക്കോട്‌ ഗതിമാറുമെന്നും പ്രവചിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം, അതിൻെറ തീവ്രത, കടലിലെ അതിന്റെ കാലയളവ്‌ എന്നിവ ആശ്രയിച്ചാണ്‌ മൺസൂണിന്റെ ശക്‌തി നിർണയിക്കപ്പെടുക. ഈ ചുഴലി മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊള്ളുകയും മൺസൂൺ കാറ്റിനെ  അങ്ങോട്ട് വലിച്ചടുപ്പിക്കുകയും ചെയ്‌തത്‌ കാലവർഷം വൈകിപ്പിക്കാൻ കാരണമായി. കൂടുതൽ അസ്ഥിരമാവുന്ന കാലാവസ്ഥവ്യതിയാന പശ്‌ചാത്തലത്തിൽ ചുഴലികളുടെയും മൺസൂണിന്റെയുമൊക്കെ കൃത്യമായ പ്രവചനം വെല്ലുവിളി നിറഞ്ഞതാവുന്നു.

ബംഗാൾ ഉൾക്കടലിലും തെക്കൻ ചൈനാക്കടലിലും പടിഞ്ഞാറൻ ശാന്തസമുദ്രത്തിലുമൊക്കെ ഉണ്ടാകുന്ന ചക്രവാത ചുഴികളും ടൈഫൂണുകളും മൺസൂണിന്റെ തുടർന്നുള്ള പ്രയാണം ശക്‌തിപ്പെടുത്തുമെന്നാണ്‌ പ്രതീക്ഷ. ആയതിനാൽ ‘ബിപർജോയ്‌’ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലെ മൺസൂണിനെ അത്ര കണ്ട്‌ ബാധിക്കില്ലെന്നു വേണം കരുതാൻ. അതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്‌ ‘മാഡൻ–-ജൂലിയൻ ആന്ദോളനം (എംജെഒ )’എന്നറിയപ്പെടുന്ന ആഗോള മഴപ്പാത്തികൾ.  എം ജെ ഒ ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തി നിൽക്കുന്നത്‌ മൺസൂണിന്റെ ശക്‌തിപ്പെടലിന്‌ കാരണമാവും.

മൺസൂൺ –- സീസൺ പ്രവചനവും വിന്യാസവും
എൽനിനോ ശക്‌തിപ്പെടുമെന്നുള്ളതു കൊണ്ടു തന്നെ ഈ വർഷം മൺസൂൺഘട്ടത്തിൽ അതിന്റെ ദീർഘകാല ശരാശരിയിൽ ചെറിയ കുറവ്‌( 96+-–4 ശതമാനം) ആണ്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  പ്രവചിച്ചിരിക്കുന്നത്‌. എന്നാൽ ഈ വ്യത്യാസം എല്ലായിടത്തും ഒരു പോലെയായിരിക്കില്ല. ഇന്ത്യയിൽ പൊതുവേ ശരാശാരി കുറവ്‌ മഴയ്‌ക്കും കേരളം ഉൾപ്പടെയുള്ള തെക്കു പടിഞ്ഞാറൻ ഭാഗത്ത്‌ ശരാശരിയിൽ കൂടുതൽ മഴയുമാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌. ശരാശരിയിൽ കൂടുതൽ എന്നു പറയുമ്പോഴും അത്‌ നമുക്ക്‌ ഉപകാരപ്പെടുന്ന രീതിയിലായിരിക്കില്ല പലപ്പോഴും സംഭവിക്കുക. മുമ്പ്‌ നാം കണ്ടിട്ടുള്ള പോലെ ദീർഘനാൾ പെയ്യാതിരിക്കുകയും എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രമായി പെയ്യുകയും ചെയ്യുന്ന രീതിയാണിപ്പോൾ. അതിനാൽ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ജൂൺ–-ജൂലൈ മാസങ്ങളിൽ മഴക്കുറവും തുടർന്ന്‌ ഒക്‌ടോബർ വരെ ഇടവിട്ട്‌ തീവ്രതയോടെ പെയ്‌ത്‌ മുൻമാസങ്ങളിലെ കുറവ്‌ നികത്തുകയും ചെയ്യുന്ന മഴയുടെ വിന്യാസമാണ് കവളപ്പാറ, പെട്ടിമുടി, പുത്തുമല, കൂട്ടിക്കൽ, കുടയത്തൂർ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനും ജീവഹാനിക്കും നാശനഷ്‌ടങ്ങൾക്കും പ്രധാന കാരണമായത്‌. അറബിക്കടലിൽ വർധിച്ചു വരുന്ന ചൂട്‌ ഭീമാകാരമായ കൂമ്പാര മേഘങ്ങളുടെ രൂപവൽക്കരണത്തിനും ഇടിമിന്നലിനും ചിലപ്പോൾ മേഘവിസ്‌ഫോടനത്തിന്‌ സമാനമായ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളിലേക്കും നയിക്കുന്നു. കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിന്റെ മറ്റൊരു ഫലമാണ്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ പ്രാദേശികമായി ഉണ്ടാകുന്ന വൻനാശനഷ്‌ടം വരുത്തുന്ന മിന്നൽചുഴലികൾ. രണ്ടോ മൂന്നോ മിനിറ്റ്‌ മുതൽ പത്തു മിനിറ്റിൽ താഴെ മാത്രമാണ്‌ ഇവയുടെ വിളയാട്ടം. ആളപായം, വൻകൃഷിനാശം, കെട്ടിടങ്ങൾക്കും മറ്റും വൻകേടുപാട്‌ എന്നിവ ഇതിന്റെ  അനന്തരഫലമാണ്‌. ചുരുങ്ങിയ സമയത്ത്‌ ചെറിയ പ്രദേശത്ത്‌ ഉണ്ടാകുന്നതിനാൽ ഇവയുടെ പ്രവചനം അസാധ്യമാണ്‌. ഇത്തരത്തിലുള്ള തീവ്രകാലാവസ്ഥ പ്രവചിക്കുന്നത്‌ കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത്‌ വൻവെല്ലുവിളിയാണ്‌.

മൺസൂണും സുരക്ഷയും
മാറുന്ന അന്തരീക്ഷാവസ്ഥയിൽ തെളിഞ്ഞ ആകാശം കനത്ത ഇരുൾമൂടി ‘തുള്ളിക്കൊരു കുടം പോലെ’ പെയ്‌തൊഴിയാൻ അധികനേരം വേണ്ട. അതിനാൽത്തന്നെ നല്ല കരുതൽ ആവശ്യമുണ്ട്‌. മണ്ണിടിച്ചിൽ, മരം കടപുഴകൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സജ്ജമാകണം. അടുപ്പിച്ച്‌ മഴ പെയ്‌തതിനു തൊട്ടടുത്ത ദിവസം വേണമെങ്കിലും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന്‌ ഓർക്കുക. വീട്ടു മുറ്റത്തും സ്കൂൾ ഗ്രൗണ്ടുകളിലുമുള്ള അപകടകരമായ മരങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം , തീരദേശങ്ങളിൽ താമസിക്കുന്നവർ നല്ല ജാഗ്രത പുലർത്തണം. കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക.

( കൊച്ചി ശാസ്‌ത്രസാങ്കേതിക 
സർവകലാശാലയിലെ റഡാർ ഗവേഷണ കേന്ദ്രം 
ശാസ്ത്രജ്ഞനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top