18 April Thursday

സാമൂഹ്യക്ഷേമ ബോർഡും കേന്ദ്രത്തിന്‌ വേണ്ട - സൂസൻ കോടി എഴുതുന്നു

സൂസൻ കോടിUpdated: Friday Jul 30, 2021

ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കപ്പെട്ടതും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ സ്വയംഭരണ സംവിധാനമാണ്‌ കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ്. 1953ൽ പാർലമെന്റ്‌ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ബോർഡിന്റെ സംസ്ഥാനതല പ്രവർത്തനത്തിനും പദ്ധതികൾ നടപ്പിൽ വരുത്താനും 1954ൽ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകളും രൂപീകരിച്ചു. ഇവ സംയുക്തമായി വിവിധ ക്ഷേമ ശാക്തീകരണ പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്‌. സംസ്ഥാന ബോർഡുകളുടെ പ്രവർത്തനച്ചെലവിന്റെ പകുതിവീതം സംസ്ഥാന സർക്കാരും കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡും വഹിച്ചുവരികയാണ്‌. കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ്‌ പിരിച്ചുവിട്ടതോടെ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകൾക്കുള്ള സാമ്പത്തിക സഹായവും ഇനി നിർത്തലാക്കും.

മനഃസാക്ഷിയെ ഞെട്ടിച്ച പല സംഭവങ്ങളിലും സ്ത്രീപീഡന കേസുകളിലും മറ്റും ഇരകളാകുന്നവരെ സുരക്ഷിതമായി പാർപ്പിക്കുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സ്ത്രീകളാൽ നടത്തുന്ന സ്ത്രീ സൗഹൃദകേന്ദ്രങ്ങൾ കേരളത്തിലെ എല്ലാ ജില്ലയിലും സംസ്ഥാന ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്‌. ഇത്തരം സംരക്ഷണകേന്ദ്രങ്ങൾക്ക്‌ കാലികപ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിൽ ബദൽ സംവിധാനങ്ങൾ ഒന്നും ഇല്ലാതെയാണ്‌ ഈ രൂപത്തിലുള്ള പദ്ധതികൾ കേന്ദ്രം നിർത്തലാക്കുന്നത്‌. 100 ശതമാനം സംസ്ഥാന സർക്കാർ വിഹിതത്തോടെ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിങ് സെന്റർ, ഷെൽട്ടർ ഹോം, സമ്പൂർണ കേന്ദ്രവിഹിതത്തോടെ പ്രവർത്തിക്കുന്ന ഫാമിലി കൗൺസലിങ് സെന്റർ, 60 ശതമാനം കേന്ദ്രവിഹിതത്തോടെയും ബാക്കി സംസ്ഥാന വിഹിതത്തോടെയും പ്രവർത്തിക്കുന്ന സ്വാധാർ ഗ്രഹ്‌ എന്നിവ ഏറ്റവും മികച്ച രീതിയിലാണ് സംസ്ഥാനം കൊണ്ടുപോകുന്നത്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജെൻഡറുകൾക്ക് ആവിഷ്കരിച്ച പ്രോജക്ടുകളും സംസ്ഥാന ബോർഡിന്റെ സംഭാവനകളിൽ ഒന്നാണ്.

സംസ്ഥാന ബോർഡ് തയ്യാറാക്കുന്ന ബജറ്റ് കേന്ദ്ര ബോർഡ് അംഗീകരിക്കുകയും ആ തുകയുടെ 50 ശതമാനം കേന്ദ്രവിഹിതമായി നൽകുകയും ചെയ്യുന്നു. കേന്ദ്ര ഉദ്യോഗസ്ഥരുടെ നിയമനം കേന്ദ്ര ബോർഡാണ്‌ നടത്തുക. സംസ്ഥാനത്തെ നിയമനം കേന്ദ്ര ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരത്തിന് വിധേയമായി നടക്കുന്നു.

1954ൽ ആരംഭിച്ച ബോർഡിന്റെ ആദ്യ പദ്ധതികൾ വെൽഫെയർ എക്സ്റ്റൻഷൻ പ്രോജക്ടുകളും കോ-–- ഓർഡിനേറ്റഡ്‌ പ്രോജക്ടുകളുമായിരുന്നു. സംസ്ഥാന ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. പദ്ധതികളിൽ പ്രധാനം ബാലവാടികൾ, പോഷകാഹാരം, സ്ത്രീകൾക്കായുള്ള കൈത്തൊഴിൽ പരിശീലനം എന്നിവയായിരുന്നു. 1966-–- 68ൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന 33 എക്സ്റ്റൻഷൻ പ്രോജക്ടുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് മഹിളാ മണ്ഡൽ പ്രോജക്ടുകൾക്കു കീഴിൽ സ്വയംതൊഴിൽ പരിശീലനം, ബാലവാടി, സാക്ഷരത എന്നിവയ്‌ക്ക്‌- തുടക്കമിട്ടു. ബോർഡിന്റെ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും കാലികപ്രാധാന്യം കണക്കിലെടുത്ത് 1978-ൽ പുതിയ പ്രോജക്ടുകളും ആരംഭിച്ചു.

ബോർഡിന്റെ പ്രധാന പദ്ധതികൾ-
1) പത്താം ക്ലാസ് പാസാകാത്ത പെൺകുട്ടികളെ പരീക്ഷ പാസാക്കാനുള്ള കോഴ്സ്
2) വിവിധ തൊഴിൽ പരിശീലന പദ്ധതികൾ-
3) കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പുകൾ
4) സ്ത്രീകൾക്കുള്ള ബോധവൽക്കരണ ക്യാമ്പുകൾ
5) പ്രൊഡക്‌ഷൻ യൂണിറ്റ്
6) ഡെയ്‌റി സ്കീം
7) സ്വയംതൊഴിൽ സംരംഭം
8) ഫാമിലി കൗൺസലിങ്‌ സെന്റർ
9) ഷോർട്ട്സ്റ്റേ ഹോം
10) മഹിളാ മണ്ഡൽ പ്രോജക്ട്
11) ക്രഷ് പ്രോഗ്രാം
12) ജനറൽ ഗ്രാൻഡ് ഇൻ എയ്‌ഡ്‌
13) ന്യൂട്രീഷ്യൻ പ്രോഗ്രാം


ഈ പദ്ധതികളിലൂടെ കേരളത്തിൽത്തന്നെ ലക്ഷക്കണക്കിനു സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ സഹായം നൽകാനും അവരുടെ സാമൂഹ്യനിലവാരം ഉയർത്തുന്നതിനും സാധിച്ചു. ഒരു വർഷം 50 മുതൽ 100 വരെ കോഴ്സ്‌ നടത്തി. 3000 മുതൽ 4000 പെൺകുട്ടികൾക്കുവരെ പത്താം ക്ലാസ് പാസാകാൻ കഴിഞ്ഞു. പരിശീലനംവഴി 3000 മുതൽ 5000 വരെ സ്ത്രീകൾക്ക് തൊഴിൽ നേടാൻ കഴിഞ്ഞു. ജനറൽ ഗ്രാന്റ് ഇൻ എയ്‌ഡ് പ്രകാരം എല്ലാ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾ നടപ്പാക്കി.

ക്രഷ് പദ്ധതിപോലെയുള്ള മാതൃകാ പദ്ധതികൾ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാന സർക്കാരിന് കൈമാറുകയുണ്ടായി. അഞ്ചു വർഷം പിന്നിടുമ്പോഴും അത് നടത്തുന്ന സന്നദ്ധ സംഘടനകൾ പ്രശ്നപരിഹാരത്തിനായി ഇപ്പോഴും ബോർഡിനെ സമീപിക്കുന്നുണ്ട്. വളരെയധികം ഉത്തരവാദിത്തങ്ങൾ ഉള്ള സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന് ഇങ്ങനെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പരിമിതി ഉണ്ട്. അതുകൊണ്ട്‌, പ്രോജക്ടുകളുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് ഡിപ്പാർട്ട്മെന്റിനും സന്നദ്ധസംഘടനകൾക്കും ഇടയിലെ ഏകോപനത്തിനായി സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡാണ്‌ പ്രവർത്തിക്കുന്നത്‌.

സാമൂഹ്യസേവന രംഗത്തുള്ള സംഘടനകളോടും പൊതുമേഖലയോടുമുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടും ജനദ്രോഹ സമീപനവും സ്വകാര്യവൽക്കരണ നയവുമാണ് കേന്ദ്ര ബോർഡ്‌ പിരിച്ചുവിടുന്നതടക്കമുള്ള തീരുമാനങ്ങളിൽ പ്രകടമാകുന്നത്. കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് പിരിച്ചുവിടുന്നതിലൂടെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദുർബലരായ, വിവിധ കേസുകളാൽ കഷ്ടപ്പെടുന്ന ആയിരക്കണക്കിനു സ്ത്രീകളെ തെരുവിലേക്ക്‌ വലിച്ചെറിയുന്നതിനു സമാനമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്ത് സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർഭയ കേസും തുടർന്നുള്ള വർമ കമീഷൻ രൂപീകരണവും മറക്കാറായിട്ടില്ല. ഇന്നും വർമ കമീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ മുൻകൈ ഉണ്ടാകുന്നില്ല. അതോടൊപ്പം നിർഭയ ഫണ്ടുപോലും കേന്ദ്ര അനാസ്ഥമൂലം യഥാസമയം ചെലവഴിക്കപ്പെടുന്നില്ല.

കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡിനെ കാര്യക്ഷമമാക്കി രാജ്യത്തെ എല്ലാ സംസ്ഥാന ബോർഡുകൾക്കും കൂടുതൽ പ്രോജക്ടും സമ്പത്തും നൽകിയാൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വലിയ ആശ്വാസം നൽകാൻ കഴിയും. എന്നാൽ, വളരെ നിഷേധ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ബോർഡിലെ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യങ്ങളും കേന്ദ്രവും സംസ്ഥാനവും തുല്യമായി നൽകുന്ന സ്ഥിതിയാണ്‌. കൂടിയാലോചന ഇല്ലാതെ കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് പിരിച്ചുവിട്ട് ഉത്തരവിറക്കിയപ്പോൾ എന്ത് ന്യായീകരണമാണ് കേന്ദ്രത്തിന് മുന്നോട്ട് വയ്‌ക്കാനുള്ളത്. നരേന്ദ്ര മോഡി സർക്കാർ ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടാണ് ഒന്നൊന്നായി നടപ്പാക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷക–- തൊഴിലാളി ദ്രോഹ നയങ്ങളും എല്ലാം സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലാക്കി. രാജ്യത്ത്‌ കുത്തകകളുടെ താൽപ്പര്യങ്ങൾമാത്രം സംരക്ഷിക്കപ്പെടുന്ന കാലഘട്ടമാണ് ഇത്‌. നിരാലംബർക്ക്‌ ജീവിക്കാൻ ആവശ്യമായ സാഹചര്യമൊരുക്കുന്ന സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്ര നടപടി അങ്ങേയറ്റം അപലപനീയമാണ്.

(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖിക)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top