27 April Saturday

വേണം, ഒരു സിറാസ് ആക്ട് - സി കെ ഫെെസൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 30, 2021

ഇന്ത്യൻ പീനൽ കോഡിലെ 377–-ാം വകുപ്പുപ്രകാരം, ഭിന്നലൈംഗികാഭിമുഖ്യത്തിന്റെ പേരിൽ മാത്രം ശിക്ഷിക്കപ്പെട്ടവർക്ക് മുൻകാല പ്രാബല്യത്തോടെ മാപ്പുനൽകാനുള്ള ഒരു ‘സിറാസ് ആക്ട്' ലൈംഗിക ന്യൂനപക്ഷത്തോടും പ്രൊഫ. രാമചന്ദ്ര സിറാസിനോടും ചെയ്യുന്നൊരു കാവ്യനീതിയായിരിക്കും. ഇന്ത്യയിലെ എൽജിബിടിക്യു സമൂഹം നേരിടുന്ന പീഡനത്തിന്റെ നേർച്ചിത്രമാണ് പ്രൊഫ. രാമചന്ദ്ര സിറാസിന്റെ ജീവിതം. അലിഗഢ്‌ മുസ്ലിം സർവകലാശാലയിലെ  ആധുനിക ഇന്ത്യൻ ഭാഷാവകുപ്പ്  തലവനായിരുന്നു അദ്ദേഹം. 2010ൽ രണ്ടുപേർ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ പരിക്കേൽപ്പിച്ചു. ഉഭയകക്ഷിസമ്മതത്തോടെ ഒരു റിക്ഷാക്കാരനുമായി സ്വവർഗലൈംഗികതയിൽ ഏർപ്പെട്ടു എന്നതായിരുന്നു അദ്ദേഹം ചെയ്ത അപരാധം. വൈകാതെ ‘ഗുരുതരമായ പെരുമാറ്റച്ചട്ടലംഘന’ത്തിന് പ്രൊഫസറെ സർവകലാശാല സസ്പെൻഡ് ചെയ്തു.

ഏറെ നിരൂപക പ്രശംസ നേടിയ ഹൻസൽ മേത്ത സംവിധാനംചെയ്ത ‘അലിഗഢ്‌' (2015) എന്ന ജീവചരിത്ര സിനിമ, പ്രൊഫ. സിറാസ് അനുഭവിച്ച  സാമൂഹ്യഭ്രഷ്ടും  മാനസികസംഘർഷവും വരച്ചിട്ട കലാസൃഷ്ടിയാണ്. അലഹബാദ് ഹൈക്കോടതിയിൽനിന്ന്  കേസ് ജയിച്ച്‌ ജോലി തിരികെ നേടിയെങ്കിലും 2010ൽ  ദുരൂഹസാഹചര്യത്തിൽ അദ്ദേഹം മരിച്ചു.

ഓസ്കർ വൈൽഡ് മുതൽ അലൻ ട്യൂറിങ്‌ വരെ  പ്രശസ്തരും അപ്രശസ്തരുമായ നിരവധി മനുഷ്യരാണ് ലൈംഗികന്യൂനപക്ഷ  വിരുദ്ധനിയമങ്ങളാൽ വേട്ടയാടപ്പെട്ടത്. പിന്നീട് പല നീതിന്യായവ്യവസ്ഥയും ഈ നിയമങ്ങൾ പിൻവലിച്ചെങ്കിലും  നിയമക്കുരുക്കിൽ പൊറുതിമുട്ടിയവർ കുറച്ചൊന്നുമല്ല. നാസി ജർമനിയിൽ ജീവിതം മുഴുക്കെ ഇരകളാകേണ്ടിവന്ന സ്വവർഗാനുരാഗികളുടെ സ്മരണാർഥം കൊളോൺ സിറ്റിയിൽ സ്മാരകംപോലും ഉയർന്നു. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധത്തിന് ശിക്ഷ വിധിക്കപ്പെട്ടവർക്ക്  മുൻകാല പ്രാബല്യത്തോടെ പൊതുമാപ്പ് ഉറപ്പുനൽകുന്ന അലൻ ട്യൂറിങ്‌ നിയമം ബ്രിട്ടൻ 2017ൽ പാസാക്കി. ഇതിൽ മരണാനന്തര മാപ്പും ഉൾപ്പെടുന്നു.

രണ്ടാം ലോകയുദ്ധസമയത്ത് ജർമനിയുടെ രഹസ്യ ഇലക്ട്രോണിക്  കോഡ് സന്ദേശങ്ങൾ ഡീകോഡ് ചെയ്യുന്നതിൽ  പ്രധാന പങ്കുവഹിച്ച, കൃത്രിമബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാപ്രതിഭ, അലൻ ട്യൂറിങ്ങിന്റെ പേരിലാണ്‌ ഈ നിയമം. പക്ഷേ, 1952ൽ സ്വവർഗബന്ധത്തിന്റെ പേരിൽ കടുത്ത ശിക്ഷകൾ അദ്ദേഹത്തിനും ഏറ്റുവാങ്ങേണ്ടിവന്നു. അദ്ദേഹം ജയിലിൽ ആത്മഹത്യ ചെയ്തു. (ഒരു ആപ്പിളിൽ സയനൈഡ് കുത്തിവച്ച് അതുകഴിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും ആ ദുരന്തനായകന്റെ സ്മരണാർഥമാണ് ആപ്പിൾ കംപ്യൂട്ടേഴ്സിന്റെ പേരും ലോഗോയും ഉണ്ടായതെന്നും കഥയുണ്ട്).

പ്രൊഫ. ആർ  രാജ് റാവു തന്റെ ‘ക്രിമിനൽ ലൗ–- ക്വീർ  തിയറി, കൾച്ചർ ആൻഡ് പൊളിറ്റിക്സ് ഇൻ ഇന്ത്യ' (2017) എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു. ‘എക്കാലത്തും മതം, നിയമം, വൈദ്യശാസ്ത്രം  എന്നീ മൂന്ന് സർവത്രിക  ഏജൻസികൾ അതൃപ്തിയോടും  നിരാകരണ മനോഭാവത്തോടെയും മാത്രമാണ് സ്വവർഗലൈംഗികതയെ കണ്ടത്. പക്ഷേ, നിയമവ്യവസ്ഥയേക്കാൾ നിഷ്കരുണം പെരുമാറിയ മറ്റൊരു സ്ഥാപനമില്ല. 1862ൽ ഐപിസി സെക്‌ഷൻ 377 പ്രാബല്യത്തിൽ വന്നതുമുതൽ 2018 സെപ്തംബർ ആറുവരെ (മുതിർന്നവർക്കിടയിലെ സ്വമേധയായുള്ള സ്വവർഗബന്ധത്തെ  കുറ്റകരമാക്കുന്ന  ഐപിസി 377 സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതുവരെ) ഇന്ത്യയിലെ  ക്വീർ സമൂഹം ഒരു കുറ്റവാളിഗോത്രം ആയിരുന്നു.’

2009ൽ ഡൽഹി  സർക്കാരും നാസ് ഫൗണ്ടേഷനും തമ്മിലുള്ള  കേസിൽ വിധി പ്രസ്താവിച്ച ഡൽഹി  ഹൈക്കോടതി പരസ്പര സമ്മതത്തോടെ സ്വവർഗബന്ധത്തിൽ ഏർപ്പെടുന്ന മുതിർന്നവർ വിവേചനത്തിന്  ഇരയാകുന്നുവെന്ന് നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന  സമത്വാവകാശത്തിന്റെ നേർലംഘനമാണ് 377–-ാം വകുപ്പ് എന്നാണ് കോടതി വിലയിരുത്തിയത്. കാരണം, യുക്തിരഹിതമായ വർഗീകരണം  സൃഷ്ടിച്ചുകൊണ്ട് സ്വവർഗാനുരാഗികളുടെ സമൂഹത്തെത്തന്നെ സമൂഹം കാലങ്ങളായി വ്യവസ്ഥാപിതമായ വിവേചനത്തിന്‌  വിധേയമാക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഐപിസി സെക്‌ഷൻ 377 ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി തീർപ്പുകൽപ്പിച്ചു.

അവസരങ്ങൾ നിഷേധിക്കപ്പെട്ടും  പാർശ്വവൽക്കരണം നേരിട്ടും ജീവിക്കേണ്ടിവരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ക്രമേണ വ്യവസ്ഥാപിതമായും  ഭരണഘടനാപരമായും അംഗീകരിക്കപ്പെടുന്നുവെന്നതിന് ഉദാഹരണമായിരുന്നു നാസ് ഫൗണ്ടേഷൻ വിധി.  എന്നാൽ, 2013ൽ സുരേഷ് കുമാർ കൗഷലും നാസ്  ഫൗണ്ടേഷനും തമ്മിലുള്ള കേസിൽ സുപ്രീംകോടതി 377–-ാം വകുപ്പ്  പുനഃസ്ഥാപിക്കണമെന്ന പിന്തിരിപ്പൻ തീരുമാനം കൈക്കൊണ്ടു. നവതേജ്  സിങ്‌ ജോഹറും മറ്റും ഇന്ത്യൻ യൂണിയനെതിരെ ഫയൽ ചെയ്ത കേസിലുണ്ടായ 2018ലെ ഐതിഹാസികമായ സുപ്രീംകോടതി വിധിയിലൂടെ ഭാഗ്യവശാൽ  നാസ് ഫൗണ്ടേഷൻ വിധി ഉയിർത്തെഴുന്നേറ്റു.

നവതേജ് സിങ്‌ ജോഹർ കേസിലെ വിധിന്യായത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം മുന്നോട്ടുപോകേണ്ട അവസരമാണ്‌ ഇത്.  ചരിത്രത്തിലും വർത്തമാനത്തിലും എൽജിബിടിക്യു സമൂഹം പിന്നിട്ട അനീതിയുടെ മുൾവഴികൾക്ക് വിരാമമിടാനും പശ്ചാത്തപിക്കാനും  ഇന്ത്യൻ ഭരണകൂടം അലൻ ട്യൂറിങ്‌ നിയമത്തെ മാതൃകയാക്കി  ഒരു ‘സിറാസ് ആക്ട്' പാസാക്കണം. സ്വവർഗലൈംഗികാഭിമുഖ്യത്തിന്റെ പേരിൽ കാലങ്ങളോളം  ഇന്ത്യൻ ജയിലറകളിൽ ജീവിതം ഹോമിച്ച ലൈംഗിക മനഃസാക്ഷിയുടെ തടവുകാരോടും  ഭരണകൂടവും  നിയമവ്യവസ്ഥയും വൈകി ചെയ്യുന്ന പ്രായശ്ചിത്തമായിരിക്കും അത്.
(കേരള നിയമവകുപ്പിൽ *അണ്ടർ സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top