28 May Saturday

കെ റെയിലിനെ ആർക്കാണ്‌ പേടി

കെ ശ്രീകണ്‌ഠൻUpdated: Thursday Jan 6, 2022

സിൽവർ ലൈൻ പദ്ധതിയെ നേരിടാൻ കോൺഗ്രസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌ ‘മൂന്നാംമുറ’ രാഷ്‌ട്രീയത്തിന്റെ വെടിയൊച്ചയാണ്‌. പദ്ധതിയെക്കുറിച്ച്‌ ജനങ്ങളോട്‌ നേരിട്ട്‌ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ട ദിവസമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കൂട്ടരും അതിനെതിരെ രംഗത്ത്‌ വന്നത്‌.

സർക്കാർ പ്രഖ്യാപിച്ച ഉദാരമായ പുനരധിവാസ പാക്കേജും നഷ്‌ടപരിഹാരനിർണയ രീതിയുമായിരിക്കണം കോൺഗ്രസിന്റെ പ്രകോപനത്തിന്‌ കാരണം. കെ–-റെയിൽ പദ്ധതിയെക്കുറിച്ച്‌ സർക്കാരോ മുഖ്യമന്ത്രിയോ ജനങ്ങളോട്‌ ഒന്നും പറയുന്നില്ലെന്നായിരുന്നു ഇതുവരെ ഉന്നയിച്ച പരാതി. എന്നാൽ, ആശങ്കകൾക്കും ആരോപണങ്ങൾക്കും മുഖ്യമന്ത്രി അക്കമിട്ട്‌ നൽകിയ മറുപടി വിമർശത്തിന്റെ മുനയൊടിച്ചു. ഒരു എതിർപ്പിനും വഴങ്ങില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കാലത്തിനനുസരിച്ചുള്ള വികസനം എന്നതാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാടെന്നും മുഖ്യമന്ത്രി അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കി.

തിണ്ണമിടുക്ക്‌ കാട്ടി പദ്ധതിയെ തടയാമെന്ന മിഥ്യാധാരണയാണ്‌ കോൺഗ്രസ്‌ നേതൃത്വത്തെ പിടികൂടിയിരിക്കുന്നത്‌. യുദ്ധസന്നാഹത്തോടെ നേരിടും സർവേ കല്ല്‌ പിഴുതെറിയും എന്നൊക്കെയുള്ള കെ സുധാകരന്റെ വീരവാദം ഇതിന്‌ തെളിവാണ്‌. കെപിസിസി പ്രസിഡന്റിന്റെ വെല്ലുവിളി യുഡിഎഫ്‌ കക്ഷി നേതാക്കളുടെ യോഗത്തിനുശേഷം കൺവീനർ എം എം ഹസനും ആവർത്തിച്ചു. കെ–-റെയിൽ വിരുദ്ധ സമിതിയെ തട്ടിക്കൂട്ടിയെടുക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും സ്വയം സന്നദ്ധനായി മുന്നോട്ടുവന്നിട്ടുണ്ട്‌. കേരളത്തിന്റെ വികസനത്തിനെതിരെ മുക്കൂട്ട്‌ സമരവേദിയുടെ അരങ്ങാണ്‌ ഒരുങ്ങുന്നത്‌. കെ–-റെയിലിനെ പേടിക്കുന്നത്‌ ആരാണ്‌? എന്തുകൊണ്ട്‌? എന്നീ ചോദ്യങ്ങളാണ്‌ ഇവിടെ പ്രസക്തമാകുന്നത്‌.

കേരളം പണ്ട്‌ നേടിയ വികസനത്തിന്റെ മേന്മ പറഞ്ഞുനിന്നാൽ കാലത്തിനനുസരിച്ച്‌ മുന്നോട്ടുപോകാനാകില്ലെന്നും അക്കാര്യം തിരിച്ചറിഞ്ഞ്‌ പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടത്‌ സർക്കാരിന്റെ ധർമമാണെന്നുമാണ്‌ മുഖ്യമന്ത്രി ‘ജനസമക്ഷം’ പരിപാടിയിൽ അടിവരയിട്ട്‌ പറഞ്ഞത്‌. ഇത്‌ സാക്ഷാൽക്കരിക്കപ്പെട്ടാൽ തങ്ങൾക്കുനേരെ പതിയിരിക്കുന്ന അപകടം എത്ര ആഴത്തിലുള്ളതാണെന്ന്‌ പ്രതിപക്ഷം തിരിച്ചറിയുന്നു. അതുതന്നെയാണ്‌ കെ–-റെയിലിനെ കണ്ണടച്ച്‌ അവർ എതിർക്കുന്നത്‌.


 

പ്രതിപക്ഷം പദ്ധതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്ന്‌ വ്യാഖ്യാനിക്കുന്നവരുണ്ട്‌. സർവേക്കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പ്രഖ്യാപനം തമാശയായി കണക്കിലെടുക്കുന്നവരും ഏറെയാണ്‌. യുദ്ധസന്നാഹം മുഴക്കാനും കല്ല്‌ പിഴുതെറിയാനും ശേഷിയൊക്കെയുണ്ടോയെന്ന്‌ ശങ്കിച്ച്‌ നിൽക്കുന്നവർ കോൺഗ്രസിൽ ധാരാളമുണ്ട്‌. കെ സുധാകരൻ ഒരാവേശത്തിൽ പറഞ്ഞതാണെന്ന്‌ കരുതിയാൽപ്പോലും ‘പ്രതികാര രാഷ്‌ട്രീയം’ കേരളത്തിന്റെ വികസനത്തെ വിഴുങ്ങാൻ ഒരുങ്ങുന്നൂവെന്ന്‌ കാണാതിരുന്നു കൂടാ.

മുഖ്യമന്ത്രിയുടെ യോഗത്തിനെത്തിയ പൗരപ്രമുഖർക്ക്‌ കോർപറേറ്റ്‌ മുഖംമൂടി ചാർത്തിക്കൊടുക്കാനാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ശ്രമിച്ചത്‌. സർക്കാരിന്റെ കോർപറേറ്റ്‌ ചായ്‌വിന് ഇത്‌ തെളി വാണെന്ന്‌ വരെ സതീശൻ വ്യാഖ്യാനിച്ചു. തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിൽ പങ്കെടുത്തവർ ആരൊക്കെയായിരുന്നുവെന്ന്‌ കേരളീയരാകെ കണ്ടതാണ്‌. ആർച്ച്‌ ബിഷപ് കർദിനാൾ മാർ ബസേലിയോസ്‌ ക്ലീമിസ്‌ ബാവ, പാളയം ഇമാം വി പി സുഹൈബ്‌ മൗലവി, മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാർ, എസ്‌എൻ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ, മുൻ ഡിജിപി ജേക്കബ്‌ പുന്നൂസ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്‌ പെരിങ്ങമ്മല രാമചന്ദ്രൻ, നർത്തകി നീന പ്രസാദ്‌, ഡോ. മോഹൻ റോയ്‌ തുടങ്ങിയവരെയാണ്‌ വി ഡി സതീശൻ കോർപറേറ്റുകളുടെ പ്രതീകങ്ങളാക്കിയത്‌. കെ–-റെയിലിനെതിരെ പ്രതിപക്ഷം സൃഷ്‌ടിക്കുന്നതും ഇത്തരത്തിലുള്ള നുണപ്രചാരണങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top