29 March Friday

സിൽവർലൈൻ - കാലത്തിന്റെ ആവശ്യം - ഡോ. റോയി എം തോമസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

ഏതു കാര്യത്തെയും ആദ്യം എതിർക്കുകയെന്നത് ചിലരുടെ പൊതു സ്വഭാവമാണ്. ഇപ്പോൾ പുതുതായി വിഭാവനംചെയ്ത സെമി ഹൈസ്പീഡ് റെയിലിന്റെ കാര്യത്തിലും ഇത്‌ ആവർത്തിക്കുന്നുവെന്നത് തെല്ലും കൗതുകമില്ലാത്ത ഒരു വസ്തുതയാണ്. കേരളത്തെ മാറ്റത്തിന്റെ പാതയിലേക്ക് തെളിക്കുന്ന ഒരു പദ്ധതി എന്നനിലയിൽ സിൽവർലൈൻ അർധ അതിവേഗപാത കേരളത്തിൽ വരേണ്ടത് ഭാവിതലമുറയ്‌ക്കും നിലവിൽ നമ്മുടെ നാട് നേരിടുന്ന ഗതാഗതപ്രതിസന്ധികൾ പരിഹരിക്കുന്നതിനും ആവശ്യമാണ്. ഭാവിയിലേക്ക് നോക്കിയാൽ, നമ്മുടെ യാത്രാപ്രതിസന്ധികൾ കൂടുതൽ സങ്കീർണമാകുമെന്നുതന്നെയാണ് നിലവിലെ അവസ്ഥവച്ച് അനുമാനിക്കാൻ കഴിയുക. നമ്മൾ ഓരോരുത്തരും റോഡ്, റെയിൽ മാർഗം യാത്ര ചെയ്യുന്നവരാണ്. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമൊക്കെ യാത്ര ചെയ്യാൻ എടുക്കുന്ന സമയം വളരെ കൂടുതലാണ്. ഇതിന് ഒരു പരിഹാരമാകും സിൽവർലൈൻ. മേൽപ്പറഞ്ഞ എതിർപ്പുകൾ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ കാര്യത്തിലും കൊച്ചി മെട്രോയുടെ കാര്യത്തിലും സംഭവിച്ചതുപോലെ എരിഞ്ഞടങ്ങുമെന്ന് പ്രതീക്ഷിക്കാം.

കേരള സർക്കാരും കേന്ദ്ര സർക്കാരിന്റെ റെയിൽവേ മന്ത്രാലയവും സംയുക്തമായി ആരംഭിച്ച സംരംഭമാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ അഥവാ കെ-–-റെയിൽ). സംസ്ഥാനങ്ങളിലെ റെയിൽ വികസനം ഇന്ത്യൻ റെയിൽവേക്ക് ഒറ്റയ്ക്ക് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുണ്ടാകുന്ന കാലവിളംബം ഒഴിവാക്കുന്നതിനും അതത് സംസ്ഥാനത്തിന് അനുയോജ്യമായ റെയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി ഇന്ത്യൻ റെയിൽവേതന്നെ മുന്നോട്ടുവച്ച ആശയമാണ് ഈ സംയോജിത കമ്പനി. കേരളത്തിന് പുറമെ നിരവധി സംസ്ഥാനങ്ങളിൽ ഇത്തരം കമ്പനികൾ വിവിധങ്ങളായ റെയിൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നുണ്ട്. കെ-–-റെയിൽ എന്ന കമ്പനി രൂപീകരിച്ചിട്ടുള്ളത് കേരള സർക്കാരും കേന്ദ്ര സർക്കാരും 51 ശതമാനം 49 ശതമാനം അനുപാതത്തിൽ ഓഹരി പങ്കിട്ടുകൊണ്ടാണ്. റെയിൽവേയിൽനിന്നുള്ള ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കെ–-റെയിൽ ബോർഡ്. നിലവിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയ്‌ക്കൊപ്പം തലശേരി-, മൈസൂരു, വയനാട് -നഞ്ചൻഗോഡ് റെയിൽപ്പാതകളും ശബരി റെയിൽ പദ്ധതിയും അനവധി ആർഒബിയുടെ പ്രവൃത്തികളും കെ–--റെയിൽ ഏറ്റെടുത്തിട്ടുണ്ട്.

എന്താണ് സിൽവർലൈൻ
തിരുവനന്തപുരവും കാസർകോടും ബന്ധിപ്പിക്കുന്ന 530 കിലോമീറ്റർ നീളമുള്ള അംഗീകൃത അർധ അതിവേഗ റെയിൽപ്പാതയാണ് സിൽവർ ലൈൻ. ഈ ദൂരം കേവലം നാല്‌ മണിക്കൂറിൽ താഴെ സമയമെടുത്ത് എത്തിച്ചേരാൻ കഴിയുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രയോജനം. നിലവിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ വഴി ഈ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂറിൽ കൂടുതൽ വേണം.

നേട്ടങ്ങൾ
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സമയത്തിനാണ് വില. കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ യാത്ര ചെയ്യാനുള്ള സമയം മൂന്നിൽ ഒന്നായി കുറയുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. മാത്രമല്ല, റോഡ് വഴി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിനൊപ്പം നിരത്തുകളിൽ ട്രാഫിക് കുറയ്‌ക്കാനും അതുവഴി അപകടങ്ങളുടെ എണ്ണം താഴേക്ക് കൊണ്ടുവരാനും കഴിയും. ജനങ്ങളെ പൊതുഗതാഗത സംവിധാനത്തിലേക്ക് പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു പദ്ധതിയാണ് സിൽവർലൈൻ.

പദ്ധതിയുടെ ചുരുക്കം
തിരുവനന്തപുരം – കാസർകോട്‌ സിൽവർലൈൻ ഇടനാഴി 63,941 കോടി രൂപ ചെലവ് കണക്കാക്കുന്ന 11 സ്റ്റേഷൻവഴി തിരുവനന്തപുരവും കാസർകോടും ബന്ധിപ്പിക്കുന്ന 530.6 കിലോമീറ്റർ നീളത്തിലുള്ള അർധ അതിവേഗ റെയിൽപ്പാതയാണ്. പദ്ധതിയുടെ അലൈൻമെന്റ് 11 ജില്ലയെ ബന്ധിപ്പിക്കും, വടക്കുതെക്ക് ദൈർഘ്യത്തിൽ ഗതാഗതം സുഗമമാക്കാനും മൊത്തം യാത്രാസമയം നാല്‌ മണിക്കൂറിൽ താഴെയാക്കാനും ലക്ഷ്യമിടുന്നു. കേരള സർക്കാരും കേന്ദ്ര സർക്കാരിന്റെ റെയിൽവേ മന്ത്രാലയവും സംയുക്തമായാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ അഥവാ കെ-–-റെയിൽ) ആണ് പദ്ധതി നടപ്പാക്കുക. കെആർഡിസിഎൽ കണ്ടെത്തിയ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ അഞ്ച്‌ പുതിയ ടൗൺഷിപ് നിർമിക്കാൻ പദ്ധതിയുണ്ട്.

നിലവിലുള്ള ഗതാഗതമാർഗങ്ങളിൽ അപകടരഹിതവും പരിസ്ഥിതിമലിനീകരണം കുറഞ്ഞതുമായ ഒന്നാണ് റെയിൽവേ ഗതാഗതം. അതിനാൽതന്നെ ഒരുവിധത്തിലും എതിർക്കപ്പെടേണ്ട ഒന്നല്ല സിൽവർലൈൻ സംരംഭം. നിർമാണഘട്ടത്തിൽ അമ്പതിനായിരത്തിൽപ്പരം തൊഴിലവസരവും അതു കഴിഞ്ഞാൽ പതിനായിരം സ്ഥിരംതൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന ഈ സംരംഭത്തെ എതിർക്കുന്നവർ ഈ നാട്ടിലെ തൊഴിൽരഹിതരുടെ അന്നമാണ് മുട്ടിക്കുന്നത്. ഒരാൾ കാസർകോട്‌നിന്ന്‌ തിരുവനന്തപുരംവരെ കാർ യാത്ര നടത്തുമ്പോൾ ഒരു കിലോമീറ്ററിന്‌ പത്തു രൂപ ചെലവാകുമ്പോൾ അതേ സൗകര്യത്തോടെയോ അതിൽ കൂടുതൽ സൗകര്യത്തോടെയോ സിൽവർലൈനിൽ യാത്ര ചെയ്യാൻ ചെലവാക്കേണ്ടത് കേവലം മൂന്നു രൂപയിൽ താഴെയാണ്. വിദേശ രാജ്യങ്ങളുടെ സംവിധാനങ്ങളോട് കിടപിടിക്കുന്ന സ്റ്റാൻഡേർഡ് ഗേജ്ട്രാക് ടെക്നോളജി ഉപയോഗിക്കുന്നതിലൂടെ കണ്ടെയ്നറുകളും വാഹനങ്ങളുംവരെ ട്രാൻസ്‌പോർട്ട്‌ ചെയ്യാൻ സിൽവർലൈനിനാകും.

പ്രോജക്ടിന്റെ ഇപ്പോഴത്തെ സ്ഥിതി
പദ്ധതി വിജയകരമായി നടപ്പാക്കാനാകുമെന്ന് കെആർഡിസിഎൽ ഒരുവർഷത്തോളം നീണ്ടു നടത്തിയ പ്രാഥമിക സാധ്യതാ പഠനത്തിൽ കണ്ടെത്തിയിരുന്നു, തുടർന്ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് ഇപ്പോൾ റെയിൽ മന്ത്രാലയവും അംഗീകാരം നൽകിയിട്ടുണ്ട്‌. കേരളത്തിന്റെ വികസനത്തിന് പുതിയ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന ഈ പദ്ധതിയെ മുട്ടാത്താപ്പു ന്യായങ്ങൾ നിരത്തി തടസ്സപ്പെടുത്താതിരുന്നാൽ അതായിരിക്കും ഈ പദ്ധതിക്ക് നൽകുന്ന ഏറ്റവും വലിയ സഹായം.

എതിർവാദങ്ങളും വിശദീകരണങ്ങളും
(1) നിരവധി ആളുകൾക്ക് സ്ഥലം നഷ്ടപ്പെടും–-കഴിയുന്നതും വാസസ്ഥലങ്ങൾ ഒഴിവാക്കിയാണ് സിൽവർലൈന്‌ സർവേ നടത്തിയത്‌, ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്ക്‌ മാർക്കറ്റ് വില കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്

(2)ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല–-
കിലോമീറ്ററിന് മൂന്ന്‌ രൂപയിൽതാഴെ മാത്രമേ ചെലവുവരൂ എന്ന് വ്യക്‌തമായി പറഞ്ഞിട്ടുണ്ട്

(3)പാസഞ്ചർ കപ്പാസിറ്റി കുറവാണ്‌–-ഡിമാൻഡ് അനുസരിച്ച്‌ ട്രിപ്പുകൾ കൂട്ടാവുന്നതാണ്‌.

(4)പദ്ധതി പ്രദേശത്ത്‌ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കും
ഏറ്റവും കുറവ് മലിനീകരണം ഉണ്ടാക്കുന്ന ഒന്നാണ് റെയിൽ ഗതാഗതം

(5)കേരളത്തിലെ പ്രധാന പല സ്ഥലങ്ങളും ഒഴിവാക്കിയാണ് റെയിൽ അലൈൻമെന്റ്-
11 ജില്ലയിൽക്കൂടി കടന്നുപോകുന്നതും മറ്റു മൂന്നു ജില്ലയ്‌ക്ക് കണക്ടിവിറ്റി ഉള്ളതുമാണ്‌ സിൽവർ ലൈൻ

(6)സ്പീഡ് കുറവാണ്‌–-നിലവിൽ പറഞ്ഞിട്ടുള്ളത് 200 കിലോമീറ്റർ ഒരുമണിക്കൂറിൽ കവർ ചെയ്യുമെന്നാണ്, ഇപ്പോഴുള്ള ട്രെയിൻ വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മികവുറ്റതാണ്

പണി തുടങ്ങി അഞ്ച് വർഷത്തിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ട്‌ വിവാദങ്ങളിൽപ്പെട്ട് വൈകുന്ന ഓരോ ദിവസവും നഷ്ടപ്പെടുന്നത് കോടികളായിരിക്കും. മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും എന്ന ചൊല്ലുപോലെ സിൽവർലൈൻ ആദ്യ എതിർപ്പുകൾ കെട്ടടങ്ങി നിശ്ചിത സമയത്തുതന്നെ ഒരു മധുരതരമായ യാഥാർഥ്യമായിത്തീരുമെന്ന് പ്രത്യാശിക്കാം.

(കൊച്ചി സർവകലാശാല സിവിൽ വിഭാഗം പ്രൊഫസറും കോളമിസ്റ്റുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top