29 March Friday

എസ്‌വി ബാങ്ക് തകർച്ച 
2008ന്റെ തനിയാവർത്തനമോ

ജോർജ് ജോസഫ്Updated: Monday Mar 13, 2023

അമേരിക്കയുടെ ബാങ്കിങ് ചരിത്രത്തിൽ മറ്റൊരു ദുഃഖവെള്ളികൂടി. മാർച്ച് പത്തിനാണ് അമേരിക്കയിലെ ചെറുകിട,  ഇടത്തരം സംരംഭങ്ങളുടെയും ഐടി, ലൈഫ് സയൻസ് മേഖലയിലെ സ്റ്റാർട്ടപ്‌ കമ്പനികളുടെയും ബിസിനസ് രംഗത്തെ പ്രമുഖ ബാങ്കായ സിലിക്കൺവാലി ബാങ്കിന്റെ (എസ്‌വിബി) ഷട്ടറുകൾ താഴ്ത്താൻ  ബാങ്കിങ് റെഗുലേറ്ററായ ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ (എഫ്ഡിഐസി) നിർദേശം നൽകിയത്. 2008ൽ സംഭവിച്ച വമ്പൻ  സാമ്പത്തികത്തകർച്ചയ്‌ക്കു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകർച്ചയാണ് എസ്‌വിബിയുടേത്. അതുകൊണ്ടുതന്നെ 2008ന്റെ തനിയാവർത്തനം ആഗോള ബാങ്കിങ് മേഖലയിൽ ഉണ്ടാകുമോ എന്ന തരത്തിലുള്ള ചർച്ചകൾ ലോകസാമ്പത്തിക രംഗത്ത് ഇന്ന് സജീവമാണ്. ചെറുകിട,  സ്റ്റാർട്ടപ്‌  ഐടി കമ്പനികളും ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരും ബാങ്കിന്റെ മോശം സ്ഥിതി മനസ്സിലാക്കി നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങിയതോടെയാണ് ബാങ്ക് തകർച്ചയിലേക്ക് നീങ്ങിയത്. ബാങ്കിന്റെ പേരന്റ് കമ്പനിയായ എസ്‌വിബി ഫിനാൻഷ്യൽ എന്ന സ്ഥാപനത്തിന്റെ ഓഹരിമൂല്യം 60 ശതമാനംകണ്ട്  ഇടിഞ്ഞതോടെയാണ്  ബാങ്ക് പൂട്ടാൻ പൊടുന്നനെയുള്ള തീരുമാനം വന്നത്.  ഇതേത്തുടർന്ന് നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഡിപ്പോസിറ്റ് ഇൻഷുറൻസ് നാഷണൽ ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  തകർച്ചയ്‌ക്ക് ഏതാനും ദിവസം മുമ്പുമാത്രമാണ് എസ്‌വി ബാങ്ക്,  ഫോബ്‌സ് മാസികയുടെ അമേരിക്കയിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചതെന്നതാണ് വിചിത്രമായ കാര്യം.

17, 500 കോടി ഡോളറിന്റെ നിക്ഷേപമാണ്  പൂട്ടാനുള്ള തീരുമാനം വന്നപ്പോൾ ബാങ്കിലുള്ളത്.  എന്നാൽ, 250, 000 ഡോളറിന് താഴെ വരുന്ന നിക്ഷേപത്തുകയ്‌ക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ എന്നതാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന കാര്യം. 21, 000 കോടി ഡോളറിന്റെ ആസ്തികളുള്ള ബാങ്ക് അമേരിക്കയിലെതന്നെ ഏറ്റവും വലിയ 16–-ാമത്തെ ബാങ്കാണ്.  കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തികത്തകർച്ചയാണ് എസ്‌വിബിയുടെ പതനത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്താം.  അമേരിക്കൻ സമ്പദ്ഘടന നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പക്കുരുക്ക് പരിഹരിക്കുന്നതിന് ഒരു വർഷത്തോളമായി യുഎസ് ഫെഡറൽ റിസർവ് നിരന്തരമെന്നോണം പലിശനിരക്ക് ഉയർത്തിവരികയാണ്.  ഇത് ടെക്‌ മേഖലയിൽ കൂടുതൽ വായ്പകൾ നൽകിയിരുന്ന ബാങ്കിന്റെ തിരിച്ചടവ് പ്രതിസന്ധിയിലാക്കി.  ഇതാണ് കഴിഞ്ഞ 18 മാസത്തിനിടയിൽ ബാങ്കിന്റെ നില പരുങ്ങലിലാകാൻ കാരണമായത്.  എസ്‌വി ബാങ്കിന്റെ പ്രതിസന്ധി അമേരിക്കൻ ബാങ്കിങ് മേഖലയിൽ കാര്യമായ ആഘാതം ഉളവാക്കില്ലെന്ന ആത്മവിശ്വാസം ഫെഡറൽ റിസർവും ബാങ്കിങ് വിദഗ്ധരും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് മൂലധനവിപണയിൽനിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത് .  കഴിഞ്ഞ 10 ദിവസത്തിനിടയിൽമാത്രം പ്രധാനപ്പെട്ട യുഎസ് ബാങ്കുകളുടെ ഓഹരിമൂല്യം ഏഴുമുതൽ 12 ശതമാനംവരെ ഇടിഞ്ഞിട്ടുണ്ട്. 8000 കോടി ഡോളറിന്റെ വിപണിമൂല്യമാണ് ഏതാനും ദിവസംകൊണ്ട് ഒലിച്ചുപോയത്.  എസ്‌വി ബാങ്ക് ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്‌ സംരംഭങ്ങൾക്ക് വായ്‌പകൾ നൽകിയിട്ടുള്ള പശ്ചാലത്തിൽ പ്രതിസന്ധിക്ക് ആഗോളമാനവും കൈവരുന്നുണ്ട്. എഫ്ഡിഐസി അധികൃതർ വ്യക്തമാക്കുന്നത് ബാങ്ക്  ഈയാഴ്ച തന്നെ തുറക്കുമെന്നാണ്.  പക്ഷേ, പ്രശ്നം അതല്ല  2. 5 ലക്ഷം ഡോളർ വരെയുള്ള നിക്ഷേപം മാത്രമേ ഇടപാടുകാർക്ക് പിൻവലിക്കാൻ കഴിയൂ. ബാക്കി തുകയ്‌ക്ക്  തൽക്കാലം ഡിപ്പോസിറ്റ്  രേഖ മാത്രമേ നൽകാൻ കഴിയൂവെന്നതാണ് അവരുടെ നിലപാട്.

അതിനിടെ, ബാങ്കിന്റെ ബ്രിട്ടനിലെ ശാഖയും പ്രവർത്തനം നിർത്തിവച്ചതായി അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി ഐടി വ്യവസായമേഖലയെ അതിഗുരുതരമായി ബാധിക്കുമെന്ന സ്ഥിതിയുണ്ട്. പല സ്ഥാപനത്തിന്റെയും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്നതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്.  പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നു കാണിച്ച് 180 ടെക് കമ്പനികൾ ബ്രിട്ടീഷ് ധന മന്ത്രി ജെറമി ഹണ്ടിന് കത്തുനൽകിയിട്ടുണ്ട്.  ഇന്ത്യ,  ചൈന,  ക്യാനഡ,  ഡെന്മാർക്ക്,  സ്വീഡൻ,  ഇസ്രയേൽ,  ജർമനി തുടങ്ങിയ രാജ്യങ്ങളിലും ബാങ്കിന് ശാഖകളും ആയിരക്കണക്കിന് ഇടപാടുകാരുമുണ്ട് എന്നത്  ഈ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്.  പ്രശ്നം വിലയിരുത്തുന്നതിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സ്റ്റാർട്ടപ്‌ കമ്പനികളുടെ യോഗം ഈയാഴ്ച വിളിച്ചിട്ടുണ്ട്.

2008ൽ ബാങ്കിങ് മേഖലയിൽ സംഭവിച്ച വമ്പൻ തകർച്ചയ്‌ക്കുശേഷം അമേരിക്കൻ ബാങ്കുകൾ നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധിയാണ് എസ്‌വിബിയുടേത്.  അന്ന് അമേരിക്കയിൽ സംഭവിച്ച തകർച്ച പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്ന് ഒരു വൻ ബാങ്കിങ് പ്രതിസന്ധിയായി പരിണമിക്കുകയുണ്ടായി. വാഷിങ്‌ടൺ മ്യൂച്വൽ എന്ന സ്ഥാപനത്തിൽനിന്ന് തുടങ്ങിയ തകർച്ച പിന്നീട് ലെമാൻ ബ്രദേഴ്‌സ്,  ബെയർ സ്റ്റെൻസ് തുടങ്ങിയ കൂറ്റൻ നിക്ഷേപ ബാങ്കുകളെയും നിരവധി ഇടത്തരം ബാങ്കുകളെയും കടപുഴക്കി.  150ൽപ്പരം ബാങ്കുകൾ ഒന്നൊന്നായി  പൊളിഞ്ഞപ്പോൾ അത് അമേരിക്കൻ ബാങ്കിങ് വ്യവസ്ഥയുടെ സമ്പൂർണ തകർച്ചയ്‌ക്ക് വഴിമരുന്നിട്ടു.  മൊത്തം സാമ്പത്തിക സംവിധാനങ്ങളാകെ കൂപ്പുകുത്തുമെന്നതായതോടെ സിസ്റ്റത്തെ രക്ഷപ്പെടുത്തുന്നതിന്  അന്ന്  ജനങ്ങളുടെ നികുതിപ്പണം ബാങ്കുകളിലേക്കും ഇൻഷുറൻസ് കമ്പനികളിലേക്കും യുഎസ് സർക്കാർ ഒഴുക്കുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി കടമെടുക്കുന്നതിനുള്ള പരിധി ഉയർത്തുന്നതിന് ഭരണഘടനാ ഭേദഗതിപോലും വേണ്ടിവന്നു. പൊതുസമൂഹത്തിൽനിന്ന്‌ കടുത്ത എതിർപ്പുകൾ ഉയർന്നെങ്കിലും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിനെത്തന്നെ ഇത് ചോദ്യം ചെയ്യുമെന്നായപ്പോൾ യുഎസ് ഭരണകൂടം പൊതുഖജനാവിൽ കടുംവെട്ട് വെട്ടുകയായിരുന്നു. അമേരിക്കൻ ഓഹരിവിപണി ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടപ്പോൾ മാർക്സിയൻ സാമ്പത്തിക ദർശനങ്ങളുടെ പുനർവായനയിലേക്ക് അത് ലോകത്തെ നയിച്ചെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ സ്ഥിതിസമാനമായ സ്ഥിതിയിലേക്ക് നയിക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ഫെഡറൽ റിസർവ് അധികൃതരും വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഏതുരൂപത്തിൽ പരിണമിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.  മുതലാളിത്ത സാമ്പത്തിക സമീപനങ്ങളുടെ മറ്റൊരു കടുത്ത പരീക്ഷണഘട്ടംകൂടിയാണ് സിലിക്കൺവാലി ബാങ്കിന്റെ തകർച്ച തുറന്നിടുന്നത്.

(സാമ്പത്തികകാര്യ മാധ്യമ പ്രവർത്തകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top