06 October Thursday

പ്രളയത്തിലും ‘ജിഹാദ്’ കണ്ടെത്തുന്നവർ

എ എം ഷിനാസ്Updated: Thursday Jul 28, 2022

പ്രണയത്തിൽ മാത്രമല്ല പ്രളയത്തിലും ‘ജിഹാദ് കണ്ടെത്തുന്ന’വരാണ് സംഘപരിവാറും അതിനെ സമ്പൂർണമായി സേവിക്കുന്ന മാധ്യമ പരിവാറും. അസമിൽ ഈ വർഷം മേയിലും ജൂൺ മധ്യത്തിലും തുടങ്ങി ഇപ്പോൾ ഒട്ടൊക്കെ ശമിച്ചുകൊണ്ടിരിക്കുന്നതുമായ അഭൂതപൂർവമായ രണ്ടു മഹാപ്രളയമാണ് വിഷയം.  ബ്രഹ്മപുത്രാനദി അസമിന്റെ ദുഃഖം എന്നാണ് അറിയപ്പെടുന്നത്. പ്രളയം അവിടെ പതിവായ പ്രതിഭാസമാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്  ജൂണിൽ 109 ശതമാനം അധിക വർഷപാതമാണ് അസമിലുണ്ടായത്. മൺസൂൺ പൂർവമാസങ്ങളായ മാർച്ച് മുതൽ മെയ് വരെ  41 ശതമാനം അധികവൃഷ്ടി ഉണ്ടായി. 1961–- 2010 കാലഘട്ടത്തിൽ അസമിലെ മഴയുടെ വാർഷിക ശരാശരി 2239 മില്ലിമീറ്റർ ആണ്. എന്നാൽ, ഈ വർഷം ജൂൺ മധ്യംവരെ  1891 മില്ലിമീറ്റർ മഴ പെയ്തു. അസം കാർഷിക സർവകലാശാലയിലെ കൃഷിശാസ്‌ത്രവകുപ്പിലെ പ്രമുഖ ശാസ്‌ത്രജ്ഞനായ ആർ കെ തത്തൂരിയ മഹാപ്രളയങ്ങൾ മൂലമുണ്ടായ അതിവ്യാപകമായ കൃഷിനാശത്തെക്കുറിച്ച് പറയവെ ഈ വർഷത്തെ പ്രളയത്തിന്റെ സവിശേഷതയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘സാധാരണഗതിയിൽ ദീമാജി പോലുള്ള മേൽഅസമിലെ (അപ്പർ അസം) പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിക്കാറുള്ളത്. പക്ഷേ, ഈ വർഷം പ്രളയം, പൊതുവെ നാശം വിതയ്‌ക്കാത്ത  അസമിന്റെ കീഴ്ഭാഗങ്ങളെയും വെള്ളം വിഴുങ്ങി.’

പ്രളയം അപൂർവമായ ബരാക് താഴ്‌വര പോലുള്ള കുന്നും മേടുമായ പ്രദേശങ്ങളെയും ഇത്തവണ വെള്ളപ്പൊക്കം ബാധിച്ചു. തെക്കൻ അസമിലെ ഏറ്റവും വലിയ പട്ടണവും ബരാക് നദീതീരത്തുള്ള മൂന്നു ജില്ലയിലേക്കുള്ള പ്രവശന കവാടവുമായ സിൽച്ചാർ പട്ടണം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവിധം ദിവസങ്ങളോളം വെള്ളത്തിലായി. ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും ഗംഗയും മണിപ്പുർ മലനിരകളിൽനിന്ന് ഉത്ഭവിച്ച് മിസോറമിലൂടെ ഒഴുകി, സിൽച്ചാറിന്റെ പശ്ചിമഭാഗം വഴി കടന്നുപോയി, ബംഗ്ലാദേശിലെ പത്മനദിയിൽ (ഗംഗ) ചേരുന്ന ബരാക്,  സുർമ, കുശിനാര നദീശൃംഖലയും ഉൾപ്പെടുന്നതാണ് അസമിന് കുറുകെ കടന്നുപോകുന്ന പ്രധാന നദികൾ. ബ്രഹ്മപുത്രയിലും പോഷകനദികളിലും എക്കൽമണ്ണടിഞ്ഞ് നദികളുടെ അടിത്തട്ട് ഉയർന്നതും നദീതീരങ്ങളിലെ മണ്ണൊലിപ്പും വനനശീകരണവും കൈയേറ്റവുമെല്ലാം പ്രളയത്തിന്റെ തീവ്രത കൂട്ടി.

വസ്തുതകൾ ഇതായിരിക്കെ, 2015ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ സർമ സിൽച്ചാറിലെ പ്രളയം ‘മനുഷ്യനിർമിത’മാണെന്നു പ്രഖ്യാപിച്ച് വെള്ളപ്പൊക്കത്തിന്റെ വർഗീയവൽക്കരണത്തിനു തുടക്കമിട്ടു. സിൽച്ചാറിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ബെറ്റുകണ്ടിയിൽ വെള്ളപ്പൊക്കം തടയാനുള്ള ചിറയ്ക്ക് കേടുപാടുകൾ വരുത്തി തകർത്തു എന്ന്‌ ആരോപിച്ച് കാബൂൾ ഖാൻ, ഹുസൈൻ ലാസ്കർ, നസീർ ഹുസൈൻ, ലാസ്കർ റിപോൺ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഈ ‘മതഭ്രാന്തന്മാരുടെ’ ആസൂത്രിത അട്ടിമറിയുടെ പരിണതഫലമാണത്രെ സിൽച്ചാറിനെ വിഴുങ്ങിയ പ്രളയം.  അറസ്റ്റിലായവർ താന്താങ്ങളുടെ വീടുകളിൽ കയറിയ വെള്ളം പുഴയിലേക്കു തിരിച്ചുവിടാൻ ചെറിയ ചാലോ മറ്റോ ഉണ്ടാക്കിയതായിരുന്നു.  ബെറ്റുകണ്ടിയിലെ അണയെ തകർത്തത് സിൽച്ചാർ ഇന്നേവരെ കണ്ടിട്ടില്ലാത്ത അതിവൃഷ്ടിയായിരുന്നു എന്ന് വിദഗ്ധർ പറയുന്നു. തുടർന്ന് ബിജെപി അനുകൂല അച്ചടി–- ദൃശ്യമാധ്യമങ്ങൾ ‘പ്രളയ ജിഹാദ്’ എന്ന് നാമകരണം ചെയ്ത്  ഈ ‘ദേശദ്രോഹകൃത്യം’ പലപാട് ചർച്ചയ്‌ക്ക് വിധേയമാക്കി.

സിൽച്ചാറിലെ പ്രളയത്തെ അടിമുടി വർഗീയവൽക്കരിച്ച്  ‘ബാദ് ജിഹാദ്’ (പ്രളയ ജിഹാദ്) എന്ന ശീർഷകത്തിൽ ആർഎസ്എസ് വാരികയായ ‘പാഞ്ചജന്യ’യുടെ കഴിഞ്ഞ ലക്കത്തിൽ ലേഖനം വന്നു. ബെറ്റുകണ്ടിയിലെ അണ തകർത്ത കാബൂൾഖാന്റെ  നേതൃത്വത്തിലുള്ള മതോന്മാദികളുടെ കുത്സിത അട്ടിമറിയാണ് പ്രളയകാരണമെന്നും ഭൂരിപക്ഷ സമുദായത്തിന് ജനസംഖ്യയിൽ എണ്ണക്കൂടുതലുള്ള  പട്ടണത്തിൽ പ്രളയം സൃഷ്ടിച്ച് കൂട്ടഹത്യ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പാഞ്ചജന്യ  ലേഖനം തറപ്പിച്ചു വാദിക്കുന്നു.

ഇതിനു മുമ്പുതന്നെ അസമിലെ ഹിന്ദുത്വാഭിമുഖ്യമുള്ള ദൃശ്യമാധ്യമങ്ങൾ പ്രളയ ജിഹാദിനെക്കുറിച്ച് വിദ്വേഷ നിർഭരമായ ചർച്ചകൾ തുടങ്ങിയിരുന്നു. ന്യൂസ് എക്സ് സംഘടിപ്പിച്ച ഒരു പ്രൈം ടൈം ചർച്ചയിൽ അവതാരകയായ മീനാക്ഷി ഉപേത്രയ്‌ക്കു മാത്രമല്ല പാനലിസ്റ്റുകളായ മുൻ നയതന്ത്രജ്ഞൻ ബസ്വതി മുഖർജി, കേന്ദ്ര ആഭ്യന്തര  മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥൻ  ആർ വി എസ് മണി, ഐടിവി നെറ്റ്‌വർക്കിന്റെ എഡിറ്റോറിയൽ ഡയറക്ടർ മാധവ് നാലപ്പാട്, ഒറേലിയസ് കോർപറേറ്റ് സൊല്യൂഷൻസിന്റെ  സ്ഥാപകനായ  സുമിത് പീർ എന്നിവരെല്ലാം ‘പ്രളയ ജിഹാദ്’ തന്നെയാണ് നടന്നതെന്നും രാജ്യദ്രോഹപരമായ ആഭ്യന്തര അട്ടിമറിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും സംശയലേശമെന്യേ അഭിപ്രായപ്പെട്ടു. ബിജെപിക്കുവേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതമായ സുദർശൻ ന്യൂസും സമാനമായ ചർച്ച സംഘടിപ്പിക്കുകയും സമാന നിഗമനം ഊട്ടിയുറപ്പിക്കുകയും ചെയ്തു. പിന്നീട് ‘ദൈനിക് ജാഗരൺ’, ‘വൺ ഇന്ത്യ’, ‘ഇന്ത്യ ടുഡെ’, ‘ലൈവ് ഹിന്ദുസ്ഥാൻ’ ആർഎസ്എസിന്റെ ഇംഗ്ലീഷ് ജിഹ്വയായ ‘ഓർഗനൈസർ’ തുടങ്ങിയവയെല്ലാം പ്രളയ ജിഹാദ് ഏറ്റുപിടിച്ചു. സിൽച്ചാർ ഡബ്ല്യുആർ ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനിയർ കനത്ത മഴയും പ്രളയവും സിൽച്ചാർ പ്രദേശത്തെ ബെറ്റുകണ്ടിയിലെയും ബെരംഗിയിലെയും ബഗദഹാറിലെയും അണകൾ എളുപ്പത്തിൽ തകർക്കുമെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. പൗരത്വ നിയമത്തിന്റെ പേരിലും അല്ലാതെയും അങ്ങേയറ്റം അപരവൽക്കരിക്കപ്പെട്ട അസമിലെ  ന്യൂനപക്ഷസമുദായത്തെ വേട്ടയാടാൻ ഒരു പ്രകൃതിപ്രതിഭാസമായ  പ്രളയത്തെപ്പോലും സംഘപരിവാർ ഉപയോഗപ്പെടുത്തുമെങ്കിൽ ന്യൂനപക്ഷ വേട്ടയ്‌ക്ക് പരിവാർ പ്രഭൃതികൾ ഏതറ്റംവരെയും പോകും എന്നതിന്റെ നിദർശനമാണ് ജുഗുപ്സാവഹമായ പ്രളയ ജിഹാദ്.

(എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top