29 March Friday

ആഘോഷങ്ങളിൽ 
പടരുന്ന ചോരക്കറ

ഡോ. ഷിജൂഖാൻUpdated: Tuesday Apr 26, 2022

വൈവിധ്യപൂർണമായ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമാണ് ഉത്സവങ്ങളും ആഘോഷങ്ങളും. സഹിഷ്ണുതയുടെ സന്ദേശമാണ് അതിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. എന്നാൽ, ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. ബിജെപി  സർക്കാരുകളുടെ പിന്തുണയോടെ സംഘപരിവാർ  നടത്തുന്ന ആക്രോശങ്ങളും അതിക്രമങ്ങളും ബഹുസ്വരതയുടെ ആഘോഷവേളകളെ അരക്ഷിതമാക്കുകയാണ്‌.  ഇതരമതസ്ഥരെ വേട്ടയാടാനും കലാപങ്ങൾ സംഘടിപ്പിക്കാനുമാണവർ ശ്രമിക്കുന്നത്‌. രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും വിജയദശമിയുടെയും ദിനരാത്രങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ജനവിഭാഗത്തിന് നേരെ വ്യാപക അതിക്രമം നടന്നു. രാജ്യതലസ്ഥാനംമുതൽ ഗ്രാമാന്തരങ്ങളിൽവരെ സമാനരീതിയിൽ നടന്ന കലാപശ്രമം മറനീക്കി.

ഡൽഹിയിൽ  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ച കനത്ത തിരിച്ചടിയാണ് വർഗീയ ധ്രുവീകരണത്തിലൂടെ കാര്യങ്ങൾ വരുതിയിലാക്കാനുള്ള ശ്രമത്തിന് ആധാരം. 2020ലെ ഡൽഹി കലാപത്തിനുശേഷം ഇപ്പോൾ ജഹാംഗിർപുരിയിൽ വർഗീയകലാപം അഴിച്ചുവിടുന്നതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്. പൊലീസിന്റെ നിശ്ശബ്ദ പിന്തുണയോടെയാണ് കൊലവിളിയും അതിക്രമവും  നടന്നത്. അത്യന്തം പ്രകോപനപരമായ നടപടികളിലൂടെ രംഗം വഷളാക്കിയ ശേഷമായിരുന്നു ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സ്വത്തുവകകൾക്ക് നേരെയുള്ള അതിക്രമവും  കുടിയൊഴിപ്പിക്കലും നടപ്പാക്കിയത്. ബുൾഡോസറുകളുടെ യന്ത്രക്കൈകൾ ഫാസിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ പ്രയോഗവൽക്കരണമാണ്. മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും  സംരക്ഷണത്തിന് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സിപിഐ എം നടത്തിയ ധീരോജ്വലമായ ചെറുത്തുനിൽപ്പാണ് സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. വിഎച്ച്പി–-ബജ്റംഗദൾ നേതാക്കളാണ് പള്ളി ആക്രമണത്തിനും നേതൃത്വം നൽകിയതെന്ന് വെളിവായിട്ടുണ്ട്. അസഹിഷ്ണുതയുടെ കാർമേഘങ്ങൾ ഡൽഹിയെ അശാന്തമാക്കുമ്പോൾ, കോൺഗ്രസ് അശ്ലീലച്ചുവയുള്ള  മൗനം ഭജിക്കുകയാണ്. ന്യൂനപക്ഷത്തിനുനേരേ ക്രൂരമായ അടിച്ചമർത്തലുണ്ടായ ഒരു സന്ദർഭത്തിലും കോൺഗ്രസ് അവരുടെ നിശ്ശബ്ദത ഭഞ്ജിച്ചിട്ടില്ല. രാമനവമിയുമായി ബന്ധപ്പെട്ട് നാലു സംസ്ഥാനത്തുണ്ടായ വ്യാപക കലാപങ്ങളിൽ നഷ്ടപ്പെട്ടത് രണ്ട് ജീവനുകളാണ്. ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് ആസൂത്രിതമെന്ന് മനസ്സിലാകുംവിധം അതിക്രമങ്ങൾ അരങ്ങേറിയത്. ഗുജറാത്തിലുൾപ്പെടെ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ രാജ്യവ്യാപകമായി നടത്താനുള്ള പദ്ധതി മെനയുന്നു. സമകാലിക സാഹചര്യങ്ങളെ അതിന് അനുയോജ്യമെന്ന് കരുതി അഴിഞ്ഞാടുകയാണ്.

ആഘോഷ യാത്രകളുടെ വേളയിലെ സംഘപരിവാറിന്റെ  പള്ളിയാക്രമണങ്ങൾക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യംതന്നെയുണ്ട്. 1920കളിൽ ആർഎസ്എസിന്റെ കേന്ദ്രമായ നാഗ്പുരിൽത്തന്നെ ഹെഡ്‌ഗേവാറിന്റെയും മൂഞ്ചേയുടെയും നേതൃത്വത്തിൽ ഇതേ മാതൃകയിൽ പള്ളിയാക്രമണവും  കലാപനീക്കവും നടന്നിട്ടുണ്ട്. ഈ സംഭവങ്ങളെ  പിൽക്കാലത്ത് സംഘപരിവാർ ചിന്തകർ അവതരിപ്പിക്കുന്നത്  അഭിമാന ബോധത്തോടെയാണെന്നത് ആപൽക്കരമായ സ്ഥിതിവിശേഷമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആക്രോശവുമായി പ്രകോപനപരമായ രീതിയിൽ നടത്തുന്ന ഘോഷയാത്രയും തുടർന്നുണ്ടാകുന്ന പ്രതികരണവും പ്രയോജനപ്പെടുത്തി ശക്തവും വ്യാപകവുമായ ആക്രമണം അഴിച്ചുവിടലാണ്  ഇവരുടെ രീതി. ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന വീടുകളുടെയും ചേരികളുടെയും  നേരെയുള്ള ആക്രമണമാണ് അടുത്ത പടി. വിലക്കയറ്റവും അസമത്വവുംകൊണ്ട് പൊറുതിമുട്ടുന്ന ഇന്നത്തെ സ്ഥിതിയിൽനിന്ന് സാധാരണക്കാരന്റെ ശ്രദ്ധയെ മാറ്റി, വർഗീയതയിൽ കൊണ്ടുകെട്ടാനുള്ള സ്ഥിരം തന്ത്രമാണ് ഇവിടെയും നടപ്പായത്. കർണാടകയാണ് ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ വിദ്വേഷ പരീക്ഷണശാല. നാടിന്റെ സമാധാനാന്തരീക്ഷത്തിന് നേരെ പാഞ്ഞടുക്കുകയും ദീർഘകാലത്തേക്ക് വലിയ മുറിവുണ്ടാക്കുകയും ചെയ്യുന്ന ശക്തികളെപ്പറ്റി മൗനം പാലിക്കുന്ന മാധ്യമങ്ങളുടെ നിലപാട് അപലപനീയമാണ്. വർഗീയശക്തികൾക്കെതിരെ പ്രതികരിക്കാനോ അപകടം തിരിച്ചറിയാനോ കോൺഗ്രസിനാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായിട്ട് നാളേറെയായി.

നവോത്ഥാനത്തിന്റെ  മഹിത പാരമ്പര്യവും  ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യവും മലയാളിയുടെ മതനിരപേക്ഷക്കൂറുമാണ് നമ്മുടെ ആരാധനാലയങ്ങളെ സ്നേഹാലയങ്ങളാക്കി നിലനിർത്തിയത്.   ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ സ്വാമി ആനന്ദതീർഥനുൾപ്പെടെയുള്ളവരുടെ  ശ്രമഫലമായാണ് ഉത്തരകേരളത്തിലെയും മറ്റും ‘പാലോട്ടുകാവു’കളിൽ ഹൈന്ദവജനതയിലെ"കീഴ് ജാതി'ക്കാരായി അന്ന്  കണക്കാക്കപ്പെട്ടു പോന്നവർക്കുപോലും പ്രവേശനം സാധ്യമാക്കിയത്. എന്നാലിപ്പോൾ അവിടെപ്പോലും മതവിവേചനം പടർത്തുന്ന ബോർഡുകളുയരുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.
രാജ്യത്തെ ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയശക്തികളുടെ പ്രവർത്തനപാതയും ഉദ്ദേശ്യലക്ഷ്യങ്ങളും പകൽപോലെ വ്യക്തമാണ്. ഏറ്റവും ശക്തമായ പ്രതിരോധവും ജാഗ്രതയും ആശയപ്രചാരണവുമാണ് നാം ഏറ്റെടുക്കേണ്ടത്.

വ്യത്യസ്തമതത്തിൽപ്പെട്ടവരാകയാൽ  ഉപജീവനവും തൊഴിലും കച്ചവടവും   നിഷേധിക്കുകയാണ് കർണാടകത്തിലെ വർഗീയവാദികൾ. ആർഎസ്എസിന്റെ ആക്രമണങ്ങളിൽ അവരോടൊപ്പം ആഹ്ലാദചിത്തരാകുന്ന എസ്ഡിപിഐ ഉൾപ്പെടെ തീവ്ര ഇസ്ലാമികവാദ സംഘടനകൾ സംഘർഷങ്ങൾ ആഗ്രഹിക്കുകയും സാഹചര്യങ്ങളെ കൂടുതൽ കലുഷിതമാക്കുകയും ചെയ്യുകയാണ്. കൊലപാതകക്കണക്കിൽ അക്കമൊപ്പിക്കാൻ പരിശീലിപ്പിച്ച ഗുണ്ടകളെ മണിക്കൂറുകൾക്കുള്ളിൽ രംഗത്തിറക്കുന്ന ഇരുവിഭാഗവും  പരസ്പരം പാലൂട്ടി വളർത്തുന്ന ശക്തികളാണെന്ന് കേരള ജനത തിരിച്ചറിഞ്ഞിട്ട് നാളേറെയായി. രാഷ്ട്രീയ ഉപശാലകളിൽ കൂട്ടുകച്ചവടത്തിന്റെ പങ്കാളികളാണ് ഇരുകൂട്ടരും.

അത്യന്തം ഗുരുതരമായ  സ്ഥിതിവിശേഷത്തിലേക്കാണ്‌ രാജ്യം നീങ്ങുന്നത്‌. മനസ്സുകളിൽ കാലുഷ്യം നിറച്ച്‌ മനുഷ്യനെ മതത്തിന്റെ കളങ്ങളിൽ ഒതുക്കി ഭരണാധികാരികൾതന്നെ മനുഷ്യത്വത്തിന്‌ അറവുശാലകൾ ഒരുക്കുന്നു.  മതംപറഞ്ഞ്‌ ഇവർ ഇന്ത്യയെ എങ്ങോട്ടാണ്‌ നയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top