04 June Sunday

നിഷ്കാസിതരാകുന്ന ന്യൂനപക്ഷങ്ങൾ - ഡോ.ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023

ഇരുപത്തിയേഴാമത്  അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷകശ്രദ്ധ നേടിയ ദി വിന്റർ വിതിൻ  (The Winter within )  എന്ന ചിത്രം കശ്മീരിന്റെ നേർക്കാഴ്ചയാണ്. ശ്രീനഗറിൽ  വീട്ടുജോലിയെടുക്കുന്ന  നർഗീസ് എന്ന മുസ്ലിം സ്ത്രീയുടെ ജീവിതവും മനോസംഘർഷങ്ങളും പ്രമേയമാകുന്നു. ഭീകരവാദി എന്ന് മുദ്രകുത്തപ്പെട്ട മൻസൂറാണ് നർഗീസിന്റെ ഭർത്താവ്. ഒരുനാൾ  അയാൾ അപ്രത്യക്ഷനാകുന്നു. ദീർഘനാൾ കഴിഞ്ഞ്  മടങ്ങിയെത്തി. പക്ഷേ സുരക്ഷാസേനയുടെ ക്രൂരപീഡനത്തെ തുടർന്ന് മനസ്സും ശരീരവും തകർന്ന മനുഷ്യാവസ്ഥ. ഓരോ സ്വീക്വൻസിലും ഭയം നിഴലിക്കുന്നു. ഏത് നിമിഷവും വാതിലിൽ മുട്ടിയേക്കാവുന്ന ഭരണകൂടത്തിന്റെ കരങ്ങളെയാണ് ജനങ്ങൾ സ്വപ്നം കാണുന്നത്.  ആമിർ ബാഷിറാണ്  ചിത്രം സംവിധാനം  ചെയ്തത്. ആമിർ ബാഷിറും ശങ്കർ രാമനുമാണ് തിരക്കഥയൊരുക്കിയത്. ഭയം എങ്ങനെയാണ് ദേശീയതയുടെ കുപ്പായം ധരിക്കുന്നതെന്നും അത് എപ്രകാരമാണ് മനുഷ്യരെ  വരിഞ്ഞു മുറുക്കുകയെന്നും തെളിയിക്കുന്ന സിനിമയാണ്.

പശുക്കളെ ആലിംഗനം ചെയ്യാനുള്ള  കേന്ദ്രസർക്കാരിന്റെ  ആഹ്വാനത്തെ  അൽപ്പം  കൗതുകത്തോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. പക്ഷേ ആ കൗതുകം കടുത്ത ഭീതിയിലേക്ക് വഴിമാറിയത് വളരെപ്പെട്ടെന്നാണ്. ഹരിയാനയിലെ ഭിവാനി ജില്ലയിൽനിന്നുള്ള ഒരു സംഭവമാണ് അതിന് ആധാരം. പശുക്കടത്ത് ആരോപിച്ച് രണ്ട് ചെറുപ്പക്കാരെ ചുട്ടുകൊന്നിരിക്കുന്നു. രാജസ്ഥാനിലെ ഘട്ട്മീക്കാ ഗ്രാമവാസികളായ ജുനൈദ്, നാസിർ എന്നിവരെ ഹരിയാന,- രാജസ്ഥാൻ അതിർത്തിയിൽ  വാഹനത്തിന് തീകൊളുത്തിയാണ് കൊന്നത്. ഗോരക്ഷാ സംഘത്തിലെ ആറ്  ബജ്റംഗദൾ പ്രവർത്തകർക്കെതിരെ കേസെടുത്തു. 

‘പശുപ്രണയ'ത്തിന്  ‘നരഹത്യ ' എന്ന അർഥംകൂടി കൽപ്പിക്കപ്പെട്ടിരിക്കുന്നു.  ഉത്തർപ്രദേശിലെ ബന്ദജില്ലയിൽനിന്നുള്ള വാർത്തയും ആശങ്കയുളവാക്കുന്നു . നിർമാണം നടന്നുകൊണ്ടിരുന്ന ബൽഖണ്ഡിനായകിലെ മുസ്ലിം പള്ളിയുടെ രണ്ടാം നില തകർക്കപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിൽ ബജ്റംഗദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് അക്രമം നടത്തിയത്. ബാബ്‌റി പള്ളി - രാമജന്മഭൂമി കേസിൽ ഹിന്ദുത്വ ശക്തികൾക്ക് അനുകൂലമായി വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിയെ ആന്ധ്രപ്രദേശ് ഗവർണറാക്കി ദിവസങ്ങൾക്കുള്ളിൽ  സംഭവിക്കുന്നത് ഇതൊക്കെയാണ് ! കാശിയിലെ ഗ്യാൻവാപി പള്ളിക്കും മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളിക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഇതിലൂടെ  വ്യക്തമാണ്. ഛത്തീസ്ഗഢിലെ നാരായൺപുരിൽ ക്രിസ്ത്യൻ ചർച്ച്  ബജ്‌റംഗദൾ, വിഎച്ച്പി പ്രവർത്തകർ തച്ചുടയ്ക്കുന്ന ദൃശ്യങ്ങൾ ലോകം കണ്ടു.

മതപരിവർത്തന നിരോധനത്തിന്റെ  പേരിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,  മധ്യപ്രദേശ്, കർണാടക തുടങ്ങിയ പല സംസ്ഥാനങ്ങളിലും  ബിജെപി സർക്കാരുകൾ നടപ്പിലാക്കുന്ന കരിനിയമം ഭരണഘടനാ വിരുദ്ധമാണ്. അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയപ്പോൾ പത്തൊമ്പതു ലക്ഷം മനുഷ്യരാണ് പൗരത്വ നിഷേധ ഭീഷണി നേരിട്ടത്. ഇപ്പോൾ ശൈശവ വിവാഹത്തിനെതിരെ എന്ന പേരിൽ ബിജെപി സർക്കാർ ന്യൂനപക്ഷ കുടുംബങ്ങളെ വേട്ടയാടുകയാണ്. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം പതിനെട്ടു വയസ്സിനു മുമ്പ് അസമിലെ 32 ശതമാനം സ്ത്രീകൾ വിവാഹിതരാകുന്നു. ശൈശവ വിവാഹത്തിന് കാരണമായ  സാമൂഹിക സാഹചര്യങ്ങൾക്കെതിരെ ഒരുവിധ ബോധവൽക്കരണവും അസം സർക്കാർ നടത്തുന്നില്ല. പകരം വിവാഹം കഴിഞ്ഞ് പത്തു വർഷം കഴിഞ്ഞ കുടുംബങ്ങളെപ്പോലും കേസിൽ കുടുക്കുന്നു. ഗർഭിണികളുടെയും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും വിശദാംശം അടങ്ങിയ ലിസ്റ്റ് പരസ്യപ്പെടുത്തിയിരിക്കുന്നു.  പൊലീസ് വേട്ട ഭയന്ന് ഗർഭിണികൾ ആശുപത്രിയിലെ സാധാരണ പരിശോധനയ്ക്കുപോലും പോകാതിരിക്കുന്ന സാഹചര്യം ഗുരുതരമാണ്.

ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയിൽനിന്ന്  ലോക്‌സഭയിലോ രാജ്യസഭയിലോ ഒരു മുസ്ലിമുമില്ല. അതുകൊണ്ടുതന്നെ  മന്ത്രിസഭയിലും മുസ്ലിം പ്രാതിനിധ്യം ‘സംപൂജ്യ’മാണ്. ജനസംഖ്യയിൽ പതിനെട്ടു കോടി വരുന്ന ഒരു സാമൂഹ്യവിഭാഗത്തെ  സർക്കാർ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. കേവലം  മതപരമായ പ്രാതിനിധ്യം എന്ന നിലയിലല്ല -വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തിൽനിന്ന് വരുന്നവരുടെ വേദി എന്ന നിലയിലും  ജനപ്രാതിനിധ്യ സഭകളിലെ പങ്കാളിത്തം പ്രധാനമാണ്. സർക്കാർ ഉദ്യോഗങ്ങൾ, തന്ത്രപ്രാധാന്യമുള്ള തസ്തികകൾ, സ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരമുണ്ടാകണം. 1953 സെപ്തംബർ 20 ന് ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്ക് ജവാഹർലാൽ നെഹ്റു അയച്ച കത്തിൽ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്നു.സർക്കാർ സേവന മേഖലകളിൽനിന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രാതിനിധ്യം കുറയുന്നത് ആശങ്കയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.നിയമന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ സംവരണം, പ്രത്യേക പരിഗണന എന്നിവ  ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവർക്ക് കൃത്യമായ മറുപടി നെഹ്റു നൽകുന്നുണ്ട്. ഇതൊന്നും വേണ്ട എന്നു പറയാൻ എളുപ്പമാണെന്നും സാമുദായികതയെ താനും ഇഷ്ടപ്പെടുന്നില്ലെന്നും ഓർമിപ്പിച്ചശേഷം, എന്നാൽ ഇന്ത്യയെപ്പോലെ വിശാലവും സങ്കരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ഒരു നാട്ടിൽ എല്ലാ മതങ്ങളും എല്ലാ പ്രദേശങ്ങളും തമ്മിലൊരു പ്രാതിനിധ്യ സന്തുലനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ സന്തുലനം അട്ടിമറിക്കാനോ ഒരു വശത്തിന് നഷ്ടമുണ്ടാക്കി മറ്റൊരു വിഭാഗത്തിന് പ്രാധാന്യം നൽകാനോ പാടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

കേന്ദ്ര ബജറ്റും ന്യൂനപക്ഷങ്ങളും
നവഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കാനുള്ള എളുപ്പവഴിയാണ് ബജറ്റ് എന്ന് സംഘപരിവാറിന് അറിയാം. കോൺഗ്രസ് ആരംഭിച്ച ഉദാരവൽക്കരണത്തിലൂടെയും 1991 ലെ കേന്ദ്ര ബജറ്റിലൂടെയും പുത്തൻ സാമ്പത്തിക നയം രാജ്യത്ത് അടിച്ചേൽപ്പിച്ചു.  പിൽക്കാലത്തെ കോൺഗ്രസ് - ബിജെപി സർക്കാരുകളുടെ ചെയ്തികൾ ഇതിന്റെ തുടർച്ചയാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ജനദ്രോഹ നടപടികളെ ഒരു പരിധിവരെ  തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. എന്നാൽ രണ്ടാം യുപിഎ സർക്കാരും ഒന്നും രണ്ടും തവണ അധികാരത്തിൽ വന്ന മോദി സർക്കാരും സാമൂഹ്യക്ഷേമം, ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസം എന്നിവയെ കാര്യമായി പരിഗണിച്ചതേയില്ല.

2023–- 24  ബജറ്റിലും  സാമൂഹ്യ രംഗത്തെ നിക്ഷേപം വർധിപ്പിക്കാനോ  ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കാനോ  തയ്യാറായില്ല. ന്യൂനപക്ഷങ്ങൾക്കുള്ള വിഹിതം നിർദാക്ഷിണ്യം വെട്ടിക്കുറച്ചത് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗംകൂടിയാണ്. കഴിഞ്ഞ ബജറ്റിൽ 5020 .5 കോടി അനുവദിച്ചത് ഇത്തവണ 3097 കോടിയാക്കി . പ്രീമെട്രിക് സ്കോളർഷിപ് ഇനത്തിൽ 1425 കോടിയിൽനിന്ന് ഇത്തവണ 433 കോടിയാക്കി കുറച്ചു. മദ്രസ, ഇതര ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതിക്കുള്ള തുക 160 കോടിയിൽനിന്ന് 10 കോടിയാക്കി ചുരുക്കി. വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള തുക 2515 കോടിയിൽനിന്ന് 1689 കോടിയാക്കി മാറ്റി.  കേന്ദ്ര- സംസ്ഥാന സർക്കാർ  ജോലിക്കായുള്ള പ്രിലിമിനറി പാസായവർക്കുള്ള പ്രോത്സാഹന പദ്ധതി എടുത്തുകളഞ്ഞു. സൗജന്യ കോച്ചിങ്‌ പദ്ധതിക്ക്‌ കഴിഞ്ഞ തവണ 79 കോടി രൂപ മാറ്റിവച്ചു. എന്നാൽ അതിൽ 49 കോടിയുടെ കുറവാണ് ഇത്തവണ വരുത്തിയത് . റിസർച്ച്, സ്കിൽ ഡെവലപ്മെന്റ് എന്നിവയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു.

ദളിത് - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സഹായകമായ സ്കോളർഷിപ് പദ്ധതികൾ അട്ടിമറിക്കുന്നതും ഇതിനോടൊപ്പം വായിക്കേണ്ടതാണ്. കഴിഞ്ഞ കാലത്ത് ലഭ്യമായ സ്കോളർഷിപ് പോലും എട്ടും പത്തും മാസം കുടിശ്ശിക വരുത്തിയാണ് വിതരണം ചെയ്തത്. മോദി സർക്കാരിന്റെ കാലത്ത് ഒരു ഘട്ടത്തിലും  സമയബന്ധിതമായി സ്കോളർഷിപ് നൽകിയില്ല. ന്യൂനപക്ഷ വിഭാഗത്തിലെ മിടുമിടുക്കരായ എംഫിൽ- പിഎച്ച്ഡി  വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട മൗലാന ആസാദ് ഫെലോഷിപ് പത്തു മാസമായി കിട്ടാതെ വന്നപ്പോൾ  അത് വ്യാപകമായ പരാതിക്കിടയാക്കി. തുടർന്ന്, പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അറിയിച്ചത്, ഈ പദ്ധതിതന്നെ നിർത്തലാക്കിയെന്നാണ്. മഹാനായ മൗലാന അബ്‌ദുൾ കലാം ആസാദിന്റെ പേരിലുള്ള ഫെലോഷിപ്പിനോട് മാത്രം ഈ അയിത്തമെന്തിനാണ് ? കേന്ദ്രം വ്യക്തമാക്കണം. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ ഒബിസി വിഭാഗത്തിലെ കുട്ടികൾക്കുള്ള  പ്രീമെട്രിക് സ്‌കോളർഷിപ്പും ഇല്ലാതാക്കുകയാണ്. അതിന്റെ ആദ്യപടിയായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കോളർഷിപ് നിർത്തലാക്കി. കേന്ദ്രസർക്കാർ ഒഴിവാക്കിയ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കേരളം  ഈ പദ്ധതി നടപ്പാക്കും. പിണറായി സർക്കാരിന്റെ ഈ നിലപാട് രാജ്യം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.1.25 ലക്ഷം കുട്ടികൾക്കായി 75 കോടി രൂപയാണ് സംസ്ഥാനം അധികമായി ചെലവാക്കുക. ഇതിനുപുറമേ ഒമ്പത്, പത്ത് ക്ലാസിലെ കുട്ടികൾക്കുള്ള ആകെ തുകയിൽ നാൽപ്പതു ശതമാനം സംസ്ഥാന വിഹിതമാണ്. സാമ്പത്തിക - സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവരെ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് തള്ളുന്നതാണ് കേന്ദ്രനയം. ദേശീയ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യ മേഖല, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള വിഹിതവും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. കേരളത്തിലെ സാമൂഹ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുകയും  ജനങ്ങളെ ശാക്തീകരിക്കുകയുമാണ് എൽഡിഎഫ് സർക്കാരിന്റെ ബജറ്റിന്റെ സവിശേഷത. എന്നാൽ കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും ആഹ്ലാദദായകമായ ബജറ്റാണ് കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം നികുതിദായകർക്കും ഇരുട്ടടിയാണ്. എല്ലാം മറച്ചുവയ്ക്കാനാണ്അവർ നിത്യേന ‘രാജ്യ സ്നേഹം' വിളമ്പുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top