20 April Saturday

ആദിമഭീതികളും ആധുനികജീവിതവും 
ഇടകലരുന്ന കഥാലോകം

ഡോ. കെ എസ് രവികുമാർUpdated: Thursday Nov 3, 2022


സാഹിത്യരംഗത്ത് സേതു എന്ന പേരിൽ അറിയപ്പെടുന്ന എ സേതുമാധവന്റെ ആദ്യത്തെ ചെറുകഥ മലയാളത്തിലെ ഒരു മുൻനിര ആനുകാലികത്തിൽ അച്ചടിച്ചു വരുന്നത് ഇരുപത്തഞ്ചാം വയസ്സിലാണ്. അപ്പോൾ കേരളസംസ്ഥാനം പിറന്നിട്ട് പത്തുവർഷമാകുന്നതേയുള്ളൂ. അതെഴുതിയത് ഡൽഹി എന്ന മഹാനഗരത്തിൽവച്ചായിരുന്നു. വേനലിൽ ചുട്ടുപൊള്ളി വരണ്ടുണങ്ങുന്ന ഉത്തരേന്ത്യൻ ഗ്രാമത്തിലെ ഒരു ദരിദ്രനായ വൃദ്ധൻ അനുഭവിക്കുന്ന ഏകാന്തവും അനാഥവുമായ ജീവിതത്തിന്റെ ദുരന്തത്തെക്കുറിച്ചായിരുന്നു ‘ദാഹിക്കുന്ന ഭൂമി’ എന്ന ആ ചെറുകഥ. അരനൂറ്റാണ്ടുമുമ്പ് അതിൽ സേതു ആവിഷ്കരിച്ച മാനുഷിക യാഥാർഥ്യം ഇന്നും ഇന്ത്യയിൽ പലയിടത്തും നിലനിൽക്കുന്നു.

ഉത്തരേന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്തതിനുശേഷം കേരളത്തിലെത്തിയ സേതു ഉദ്യോഗത്തിലെന്നപോലെ സാഹിത്യത്തിലും ഉയരങ്ങൾ കീഴടക്കി. ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിലായി സമൃദ്ധവും സമ്പന്നവും തനിമയാർന്നതുമായ ഒരു സാഹിത്യലോകം സൃഷ്ടിച്ചു.
ആദ്യഘട്ടത്തിൽ നഗരങ്ങളിലായിരുന്നു ജീവിച്ചിരുന്നതെങ്കിലും എഴുതിയ കഥകളിൽ പലതും കേരളത്തിലെ ഗ്രാമീണജീവിതത്തിൽ വേരോട്ടമുള്ളതായിരുന്നു. ഗ്രാമീണരുടെ വിശ്വാസാചാരങ്ങളോട് ബന്ധപ്പെട്ടു കിടക്കുന്ന മനുഷ്യമനസ്സിന്റെ ആഴങ്ങളിലെ ആദിമഭീതികളും ആന്തരികസംഘർഷങ്ങളും ആ ഘട്ടത്തിലെഴുതിയ കഥകൾക്ക് പേടിസ്വപ്നങ്ങളുടെ ഘടന നൽകി. എങ്കിലും അവയിൽ യാഥാർഥ്യത്തിന്റെ അടിയൊഴുക്കുകളുണ്ട്. സേതുവിന്റെ ആദ്യത്തെ കഥാസമാഹാരത്തിന്റെ പേരുതന്നെ ‘പേടിസ്വപ്നങ്ങൾ’ എന്നാണ്. സമാഹാരത്തിൽ ആ പേരിൽ ഒരു ചെറുകഥയില്ല. പൊതുവിൽ കഥകളുടെ ഭാവത്തെ മുൻനിർത്തിയുള്ള ശീർഷകമാണത്. ഭദ്രമായ ശിൽപ്പക്രമത്തിൽ ആവിഷ്കരിക്കപ്പെട്ട ഈ ഗണത്തിൽപ്പെട്ട അനുപമമായ ഒരു ചെറുകഥയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ‘ദൂത്’.

ആഖ്യാനം ഭ്രമാത്മകമാകുമ്പോഴും സാമൂഹ്യയാഥാർഥ്യത്തെ ശക്തമായി ധ്വനിപ്പിക്കുന്ന കഥയാണ് ‘അരങ്ങ്’. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ കഴുമരത്തിലെ പലകയിൽ നിൽക്കുന്നു. ശിക്ഷ നടപ്പാക്കുന്നതിന്റെ മേൽനോട്ടത്തിനെത്തിയ കമീഷണറോടൊപ്പം ഒരു കൗതുകത്തിന് അതുകാണാൻ ഭാര്യയും വന്നു. ആഖ്യാനം മുന്നേറുമ്പോൾ വ്യക്തമാകുന്നത്, തൂക്കിലേറ്റപ്പെട്ടത് കമീഷണറുടെ ഭാര്യയാണെന്നാണ്. ഭ്രമാത്മകമായ ഈ സംഭവപരിണാമം മരണത്തിന്റെ അയുക്തികതയെക്കുറിച്ചാണെന്നു വ്യാഖ്യാനിക്കാം. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടായ അടിയന്തരാവസ്ഥയിൽ എഴുതപ്പെട്ടതാണ് ഈ കഥ. അങ്ങനെ വായിക്കുമ്പോൾ, അധികാരമെന്ന വ്യവഹാരം ഭ്രമാത്മകമായി മാറിമറിയാമെന്ന്‌ പ്രവചിക്കുന്ന കഥയാണത്. ഏത് ഏകാധിപത്യവും ഏതു നിമിഷവും തകർന്നടിയാം. സത്യം അതിൽ മുഴങ്ങുന്നു.

മലയാള നോവലിൽ സേതുവിന് സ്വന്തമായ സ്ഥാനം നേടിക്കൊടുത്ത കൃതി ‘പാണ്ഡവപുരം’ ആണ്. സ്ത്രീമനസ്സിന്റെ സൂക്ഷ്മവും സങ്കീർണവുമായ ഭാവങ്ങളെ ഒരളവുവരെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന ഈ കൃതിയുടെ ആഖ്യാനഘടന മലയാളത്തിലെ പരിചിതമായ നോവൽ സങ്കൽപ്പങ്ങളിൽനിന്ന് ഭിന്നമാണ്. ഈ നോവലിനെ ആധാരമാക്കി ബംഗാളിയിലും മലയാളത്തിലും ചലച്ചിത്രാവിഷ്കാരങ്ങളുണ്ടായി. സമീപകാലത്ത് സേതു കഥയും തിരക്കഥയും രചിച്ച് വേണു നായർ സംവിധാനംചെയ്ത ‘ജലസമാധി’ എന്ന സാമൂഹ്യപ്രാധാന്യമുള്ള ചിത്രം ഒട്ടേറെ അന്താരാഷ്ട്രബഹുമതികൾ നേടി.

പിൽക്കാലത്ത് സേതു എഴുതിയ ‘കൈമുദ്രകൾ’, ‘അടയാളങ്ങൾ’, ‘കിളിമൊഴികൾക്കപ്പുറം’ തുടങ്ങിയ പല നോവലുകളും കൂടുതൽ ചരിത്രബദ്ധവും സാമൂഹികോന്മുഖവുമാണ്. ഇന്റർനെറ്റ് യുഗത്തിന്റെ സാധ്യതകളും കോർപറേറ്റ് ലോകത്തിന്റെ സങ്കീർണതകളുമൊക്കെ അവയിൽ പ്രമേയമായിത്തീർന്നു. ‘വെളുത്ത കൂടാരങ്ങൾ’, ‘തിങ്കളാഴ്ചകളിലെ ആകാശം’ തുടങ്ങിയ ചെറുകഥകളും പുതിയ കാലത്തിന്റെ പ്രമേയങ്ങളാവിഷ്കരിക്കുന്നു.

മലയാള കഥാസാഹിത്യത്തിൽ സ്വന്തം ലോകം സൃഷ്ടിച്ച സേതുവിന്റെ സുദീർഘവും സമർപ്പിതവുമായ സാഹിത്യജീവിതത്തിനു ലഭിച്ച അംഗീകാരമാണ് കേരളത്തിലെ സർവോന്നത സാഹിത്യസമ്മാനമായ എഴുത്തച്ഛൻ പുരസ്കാരം.

(കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ മുൻ പ്രോ വൈസ്‌ചാൻസലറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top