26 April Friday

ഓഹരിവിപണിയിലെ
‘കാളയോട്ട'ത്തിന് പിന്നിൽ - മധു നീലകണ്ഠൻ എഴുതുന്നു

മധു നീലകണ്ഠൻUpdated: Tuesday Aug 10, 2021

ഓഹരികൾക്ക് വിലകൂടി സൂചികകൾ കുതിക്കുമ്പോൾ അതിനു പറയുന്ന പേര് ‘കാളയോട്ടം' അഥവാ ബുൾ റൺ. വിലയിടിഞ്ഞ് സൂചികകൾ മൂക്കുകുത്തിയാൽ ബിയർ റൺ (കരടിയോട്ടം). ഇന്ത്യൻ ഓഹരി വിപണികളിൽ ഈ മഹാമാരിക്കാലത്തും കാളക്കൂറ്റൻമാർ തുടർച്ചയായി ഓടിക്കൊണ്ടിരിക്കുന്നു. ബോംബെ ഓഹരി വിപണിയിലെ മുഖ്യ സൂചികയായ സെൻസെക്സും ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റിയും അടിക്കടി കുതിപ്പിലാണ്. ചിലപ്പോൾ ചാഞ്ചാട്ടവും തകർച്ചയുമൊക്കെ കാണുന്നുണ്ടെങ്കിലും കുതിപ്പിന്റെ തുടർ ചലനങ്ങൾ വലിയ ആഘോഷങ്ങളായി മാറുന്നു. ധനമന്ത്രി നിർമല സീതാരാമനാകട്ടെ, ഓഹരി വിപണികളിലെ മാസ്മരിക കുതിച്ചുകയറ്റത്തിന്റെ പേരിൽ കോൾമയിർക്കൊള്ളുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലെത്തി, എവിടെയും പച്ചച്ചിനപ്പുകൾ കാണുന്നുണ്ട്, സർക്കാരിന്റെ കോവിഡ് പാക്കേജുകൾ ഫലം കാണുന്നു എന്നൊക്കെ അവർ കഴിഞ്ഞയാഴ്ചയും പെരുമ്പറ കൊട്ടി ആർത്തുവിളിക്കുന്നതു കണ്ടു. തിങ്കളാഴ്ച വലിയ കുതിപ്പൊന്നും ഉണ്ടായില്ലെങ്കിലും വിപണി ക്ലോസ് ചെയ്യുമ്പോൾ സെൻസെക്സ് 54, 402 പോയിന്റിലും നിഫ്റ്റി 16, 258 പോയിന്റിലുമായിരുന്നു.

ഓഹരി വിപണി ഇങ്ങനെ കുതിക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയെന്താണ്? മഹാമാരിക്കുമുമ്പേ മാന്ദ്യത്തിന്റെ പിടിയിലമർന്ന സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലയും മഹാമാരിയോടെ തളർന്നു, തകർന്നു. തൊഴിലില്ല, വരുമാനമില്ല, സാധനങ്ങൾക്ക് ഡിമാൻഡില്ല. എവിടെയും കൂട്ടക്കുഴപ്പം. ജനജീവിതം വിറങ്ങലിച്ചിരിക്കുന്നു. സാധാരണക്കാരുടെ കൈയിൽ നയാ പൈസയില്ല. വളരുന്നത് കോർപറേറ്റുകൾ മാത്രം, മുന്നേറുന്നത് ഓഹരി വിപണിയിലെ സൂചികകൾ മാത്രം.

അപ്പോൾ, ഏറെ വിശദീകരണമൊന്നുമില്ലാതെ ഒരുകാര്യം വ്യക്തമായി. ഓഹരി വിപണികളിലെ കാളയോട്ടത്തിന് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യവുമായി ഒരു ബന്ധവുമില്ല. നിർമല സീതാരാമന്റെ വീണ്ടെടുപ്പ് അവകാശവാദങ്ങളിലും ഒരു കഴമ്പുമില്ല. യഥാർഥ സമ്പദ്‌വ്യവസ്ഥയല്ല ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നത്. അങ്ങനെയെങ്കിൽ, ഓഹരി വിപണികളിൽ കാളക്കൂറ്റന്മാർ ഓടുന്നതെങ്ങനെ? സൂചികകൾ കുതിക്കുന്നതെങ്ങനെ?

ഓഹരി -പണക്കമ്പോളങ്ങളെ ലക്ഷ്യമിട്ടെത്തുന്ന താൽക്കാലിക വിദേശ നിക്ഷേപമാണ് സൂചികകളുടെ കുതിപ്പിനും തകർച്ചയ്‌ക്കും പലപ്പോഴും വഴിയൊരുക്കുന്നത്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റ്‌മെന്റ് (വിദേശസ്ഥാപന നിക്ഷേപം–--എഫ്ഐഐ), ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റ്മെന്റ്‌ എന്നൊക്കെ ഈ വിദേശ നിക്ഷേപത്തിന് പേരുപറയും. ‘ലാഭമാണ് അഖിലസാരമൂഴിയിൽ' എന്ന ജീവമന്ത്രത്തോടെ പരക്കംപായുന്ന ഈ ധനമൂലധനം നടത്തുന്ന ചൂതാട്ടമാണ് വിപണിയിലെ കളികൾക്കു പിന്നിൽ. ഈ താൽക്കാലിക വിദേശ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വാങ്ങിക്കൂട്ടുമ്പോൾ വില കൂടും, സൂചികകൾ കുതിക്കും. ചില ഓഹരികൾ കൂട്ടത്തോടെ വാങ്ങുമ്പോൾ അതിന്റെ ഡിമാൻഡ് കൂടുന്നതാണ് വിലയും വർധിക്കാൻ കാരണമാകുന്നത്. ഇവർ വിചാരിച്ചാൽ, 100 രൂപ വിലയുള്ള ഓഹരിക്ക് ആയിരങ്ങളുടെ വിലയുണ്ടാക്കാം. കമ്പനിയുടെ വ്യവസായ ഭദ്രതയോ ലാഭക്ഷമതയോ ഒന്നും നോക്കാതെ, മൂല്യം കയറ്റാനും ഇടിക്കാനും ഊഹക്കച്ചവടങ്ങൾക്ക് സാധിക്കും. ഈ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിച്ചാൽ വില ഇടിയുകയും ചെയ്യും. ഒറ്റ രാത്രി കൊണ്ട് പിൻവലിച്ചുപോകാവുന്ന നിക്ഷേപമായതിനാൽ അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇന്ത്യയിലടക്കം എത്രയോ ഓഹരി വിപണികളിൽ അങ്ങനെ എത്രയോ വട്ടം വൻ തകർച്ചയുണ്ടായിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഓഹരി വിപണിയിലെ സൂചികാ മുന്നേറ്റം ഒരു കുമിള മാത്രം. നിമിഷ നേരംകൊണ്ട് അത് പൊട്ടിപ്പോകാം.

2021 ജനുവരിക്കുശേഷം മാത്രം ഇത്തരത്തിലുള്ള 675 കോടി ഡോളർ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഒറ്റ ദിവസം മാത്രം 21.8 കോടി ഡോളറെത്തി. അമേരിക്കയടക്കം വൻകിട മുതലാളിത്ത രാജ്യങ്ങളിൽ ഇപ്പോൾ പലിശനിരക്ക് തീരെ കുറവായതിനാൽ അവിടെനിന്ന് താൽക്കാലിക നിക്ഷേപങ്ങളുമായെത്തി ഓഹരി വിപണികളിൽനിന്ന് ലാഭം കൊയ്യുകയാണ് ലക്ഷ്യം. അവിടെ കുറഞ്ഞ പലിശയ്‌ക്ക് ലഭിക്കുന്ന വായ്പ പണം ഇന്ത്യ പോലുള്ള വിപണികളിലേക്കെത്തുന്നു. ഇങ്ങനെയെത്തുന്ന ഡോളറാണ് നമ്മുടെ വിദേശനാണയ ശേഖരത്തിൽ നല്ലൊരു പങ്കുമെന്നതും ഇതോടൊപ്പം അറിയണം. അതുകൊണ്ട്, മികച്ച വിദേശനാണയ ശേഖരമുണ്ടെന്നു പറഞ്ഞ് ഊറ്റംകൊള്ളുന്നതിലും അർഥമില്ല. ഇത് എപ്പോൾ വേണമെങ്കിലും പിൻവലിച്ചുകൊണ്ടുപോകാം. വിദേശനാണയ ശേഖരത്തിലെ മറ്റൊരു പങ്ക് കോർപറേറ്റുകൾ വിദേശത്തുനിന്ന് വാങ്ങിക്കൂട്ടുന്ന വാണിജ്യ വായ്പകളാണ്. 2021 ജൂലൈ 16ന് ഇന്ത്യയുടെ വിദേശനാണയ ശേഖരം 61,270 കോടി ഡോളറാണ്. ഔദ്യോഗിക കണക്കുപ്രകാരംതന്നെ ഇതിൽ വലിയൊരു പങ്കും ഓഹരി - പണക്കമ്പോളങ്ങളിലേക്കുള്ള താൽക്കാലിക നിക്ഷേപമാണ്. കയറ്റുമതിയിൽനിന്നും മറ്റും ലഭിക്കുന്ന വരുമാനമാണ് ഇതെങ്കിൽ വിദേശനാണയ ശേഖരം ദദ്രമെന്ന് പറയാം. ഇത് അങ്ങനെയല്ല.

ഇന്ത്യയിലും പലിശനിരക്ക് കുറവാണെന്നത് ആഭ്യന്തരമായും ഓഹരി വിപണിയിലേക്ക് പണമെത്താൻ കാരണമായി പറയുന്നുണ്ട്. കൈയിൽ പണമുള്ളവർ ബാങ്കിലും മറ്റും നിക്ഷേപിക്കാതെ കൂടുതൽ ലാഭം പ്രതീക്ഷിച്ച് ഓഹരി വിപണികളിൽ മുടക്കുന്ന സ്ഥിതിയുണ്ട്. ബാങ്കുകളിൽനിന്ന് വായ്പയായി പോകുന്ന പണം ഉൽപ്പാദനമേഖലകളിലേക്ക് എത്താതെ നേരിട്ട് ഓഹരി വിപണികളിലേക്കും മ്യൂച്ച്വൽ ഫണ്ടിലേക്കും എത്തുന്ന സാഹചര്യവുമുണ്ട്. വിപണികളിലെ ഊഹക്കച്ചവടത്തിലൂടെ ലാഭം കൊയ്യാമെന്ന വ്യാമോഹമാണ് ഈ പ്രവണതയ്‌ക്ക് കാരണം. നവലിബറൽ സാമ്പത്തിക നയമാണ് ഇങ്ങനെയൊരു വ്യാമോഹം പരത്തിയത്. അങ്ങനെ, എത്രയോ പേരുടെ സകല സമ്പാദ്യവും വിപണികളിൽ നഷ്ടപ്പെട്ടിരിക്കുന്നു. ഓഹരി വിപണികളിൽ കാളയോടുന്നതും കരടിയോടുന്നതും ഇങ്ങനെയൊക്കെയാണ്. സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രം അവിടെ പ്രതിഫലിക്കുന്നേയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top