29 March Friday

വേണ്ട ‘രാജ്യദ്രോഹനിയമം'

വി കെ ബാബുപ്രകാശ്Updated: Saturday May 7, 2022

"ദേശസ്നേഹം ഉൽപ്പാദിപ്പിക്കപ്പെടുന്നതോ നിയമത്താൽ ഉത്തേജിക്കപ്പെടുന്നതോ അല്ല. ഒരാളോട് എനിക്ക് ഇഷ്ടമല്ലെങ്കിൽ, അതിനുള്ള കാരണം ഞാൻ വ്യക്തമാക്കുന്നത് എന്റെ അഭിപ്രായത്തിലൂടെയാണ്. എന്റെ അഭിപ്രായം ഒരു ഹിംസയ്‌ക്കോ ആക്രമണത്തിനോ ആഹ്വാനം നൽകുന്നില്ലായെങ്കിൽ അതെങ്ങനെ കുറ്റകരമാകും’_ തനിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ശിക്ഷയെപ്പറ്റി ചോദിച്ച ബ്രിട്ടീഷ് ജഡ്‌ജി ബ്രൂംസ് ഫീൽഡിനോട്‌ ഗാന്ധിജി പറഞ്ഞതാണിത്‌.

ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 124 എ ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ അത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് , വിരമിച്ച ഒരു പട്ടാളമേജറും അരുൺ ഷൂരിയും മറ്റും സുപ്രീംകോടതിയിൽ ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഹർജി നൽകിയിരിക്കുകയാണ്. സർക്കാരിന്റ മറുപടിക്കും വാദത്തിനുമായി കേസ് വരും ദിവസം പരിഗണിക്കും. 1870ൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പ് 124 എ ചേർക്കുമ്പോൾ അതിന്റെ സ്രഷ്ടാവ് ജയിംസ് സ്റ്റീഫൻ പറഞ്ഞത് ഇങ്ങനെയാണ്‌. "സർക്കാരിനെ വിമർശിക്കുന്ന ഏതൊരു പദപ്രയോഗവും വേണമെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിന്റ പരിധിയിൽ വരുത്താവുന്നതാണ്. അത് തീരുമാനിക്കേണ്ടത് നിർഭയനായ ഒരു പൊലീസ് ഓഫീസറാണ്’ –-സ്റ്റീഫന്റെ ഈ പ്രഖ്യാപനം അക്ഷരാർഥത്തിൽത്തന്നെ ബ്രിട്ടീഷ് പൊലീസ് നടപ്പാക്കിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ രാജ്യദ്രോഹ കേസ് 1891ലെ പ്രസിദ്ധമായ ബംഗാബാസി കേസാണ്. ഇന്ത്യയിൽ ബാലവിവാഹം ഹിന്ദുക്കൾക്കിടയിൽ  നിലനിന്നിരുന്ന ആചാരമായിരുന്നു. ഈ അനാചാരത്തെ തടയാനായി ബ്രിട്ടൻ ബാലവിവാഹ നിരോധന നിയമം കൊണ്ടുവന്നു. ബംഗാളിലെ ബംഗാബാസി എന്ന മാസിക ഒരു ലേഖനം ഇതിനെതിരെ എഴുതി. ഹിന്ദുക്കളുടെ ആചാരങ്ങളിൽ ദൈവവിശ്വാസമില്ലാത്ത ബ്രിട്ടീഷുകാർ നിയമം നിർമിച്ച് ഹിന്ദുക്കളെ അവിശ്വാസികളാക്കുകയാണ് എന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. മാസികയുടെ പത്രാധിപർക്കെതിരെ വകുപ്പ് 124 എ  ചുമത്തി കേസെടുത്തു. സെഷൻസ് കോടതി പത്രാധിപരെ ശിക്ഷിച്ചു. പ്രിവി കൗൺസിൽവരെ കേസ് പോയെങ്കിലും ശിക്ഷ ശരിവച്ചു. 1897ലും 1908ലും ബാലഗംഗാധര തിലകനെയും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പേരിൽ ബ്രിട്ടീഷ് കോടതി രാജ്യദ്രോഹത്തിന് ശിക്ഷിക്കുകയുണ്ടായി. 1922ൽ യങ്‌ ഇന്ത്യ മാസികയിൽ എഴുതിയ ലേഖനത്തിന് മഹാത്മാഗാന്ധിയും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുകയുണ്ടായി. ഗാന്ധി അപ്പോൾ കോടതിയിൽ പറഞ്ഞത് ഇങ്ങനെയാണ്‌.  "ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജാവായ വകുപ്പാണിത്. ഒന്ന് നെറ്റിചുളിച്ചാൽ മതി നിങ്ങളെ പൊലീസ് ഈ വകുപ്പ് ചുമത്തി അകത്താക്കിയേക്കും’. കേരളത്തിൽ 1935ൽ കോഴഞ്ചേരിയിൽ നിവർത്തന പ്രക്ഷോഭത്തിന്റെ പേരിൽ  പ്രസംഗം നടത്തിയ സി കേശവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു കൊല്ലം ശിക്ഷിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ 1962ൽ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വെല്ലുവിളിക്കപ്പെട്ടിരുന്നു. അതാണ് പ്രസിദ്ധമായ കേദാർനാഥ് സിങ്‌ കേസ് ( 1962). ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 124 എ വെറുതെ ഒന്നു വായിച്ചു നോക്കൂ. അതിൽനിന്ന് വെളിവാകുന്ന സംഗതി ഇതാണ്–-‘ഏതൊരാളും ലിഖിതമോ വാക്കാലോ അംഗവിക്ഷേപത്തിലൂടെയോ മറ്റോ സർക്കാരിനെതിരെ വെറുപ്പോ വിദ്വേഷമോ കൂറില്ലായ്മയോ പ്രകടിപ്പിച്ചാൽ മൂന്നു കൊല്ലംമുതൽ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്നതാണ്’  പ്രസ്തുത വകുപ്പിന് മൂന്ന് വിശദീകരണവും നൽകിയിട്ടുണ്ട്. അതായത്, സർക്കാരിന്റെ നയങ്ങളെ ഒരാൾ ശക്തമായി വിമർശിക്കുകയും തൽഫലമായി അയാൾക്കോ അയാളുടെ വാക്കുകൾ കേൾക്കുന്നവർക്കോ സർക്കാരിനോട് വെറുപ്പുണ്ടായാൽ അയാളെ വകുപ്പ് 124 എ ചുമത്തി കേസിൽപ്പെടുത്താവുന്നതാണ്. അത് പൊലീസിന്റെ പരമാധികാരത്തിൽ വരുന്നതുമാണ്. ജാമ്യമില്ലാത്ത കുറ്റമാണിത്. ഒറ്റവായനയിൽത്തന്നെ ഈ വകുപ്പ് ഭരണഘടനയുടെ അനുച്ഛേദം 19(1)(എ)ൽ അടങ്ങിയ ആശയ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റ നഗ്നമായ ലംഘനമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ വകുപ്പ് അവർക്കാവശ്യമായിരുന്നു. എന്നാൽ, ജനാധിപത്യ ഇന്ത്യയിൽ എന്തിനാണീ വകുപ്പ്.

കേദാർനാഥ് സിങ്‌ കേസിൽ എന്നാൽ സുപ്രീംകോടതി ഈ വകുപ്പ് റദ്ദാക്കിയില്ല. മറിച്ച് കോടതി ഈ വകുപ്പിൽ ഇല്ലാത്ത ഒരു ഘടകം ഉണ്ടെന്ന് പ്രഖ്യാപിച്ച് ഭരണഘടന സാധുവാക്കുകയാണ് ചെയ്തത്. അതായത്, രാജ്യദ്രോഹക്കുറ്റം നിലനിൽക്കണമെങ്കിൽ വെറും പ്രസ്താവനയോ വിമർശമോ പോര, മറിച്ച് ഹിംസയോ ആക്രമണമോ ആഹ്വാനം ചെയ്തിരിക്കണം. അതില്ലെങ്കിൽ, രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല. 2020ൽ വിനോദ് ദുവ എന്ന പത്രപ്രവർത്തകന്റെ കേസിലും ഇതുതന്നെയാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

എന്തിനാണ് നിയമത്തിലില്ലാത്ത ഈ വ്യാഖ്യാനം സുപ്രീംകോടതി കൂട്ടിച്ചേർത്തത്. ഈ വകുപ്പുതന്നെ ഭരണഘടന അനുച്ഛേദം 19 (1)( എ) യുടെ ചാണയിൽ ഉരച്ചു നോക്കുമ്പോൾ നിലനിൽക്കുന്നതല്ലെന്ന് ഏതൊരു നിയമ പരിജ്ഞാനമുള്ള ഏതു വ്യക്തിക്കും കാണാവുന്ന നഗ്നമായ കാഴ്ചയാണ്. അതിലേക്ക് ഹിംസ, ആക്രമണം എന്നൊക്കെ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്നത് നിയമനിർമാണമല്ലേ. അത്തരം നിയമനിർമാണം നടത്താൻ സുപ്രീംകോടതിക്ക് അധികാരമില്ലല്ലോ. അതായത്, പൊലീസിന് ആരുടെ പേരിൽ വേണമെങ്കിലും വകുപ്പ് 124 എ ചുമത്തി കേസെടുക്കാം. ജാമ്യം വേണമെങ്കിൽ ഭരണഘടന കോടതിയിൽ ഹർജി നൽകി തന്റെ പ്രസ്‌താവനയിലോ വിമർശത്തിലോ ഹിംസയ്‌ക്കോ ആക്രമണത്തിനോ ആഹ്വാനമില്ലെന്ന് കുറ്റാരോപിതൻ തെളിയിക്കണം. അതുവരെ അകത്തുതന്നെ. ജനാധിപത്യത്തിൽ പൊലീസിന് അമിതാധികാരം നൽകുന്ന വകുപ്പാണിത്. പൊലീസിനെ ജനങ്ങളുടെ യജമാനനാക്കുന്ന വകുപ്പ്. ജനാധിപത്യത്തിൽ ശക്തമായ ഭാഷയിൽ ജനങ്ങൾക്ക് ഭരണകൂടത്തെ വിമർശിക്കാൻ അവകാശമുണ്ട്. ജനകീയമല്ലാത്ത ഒരു സർക്കാരിനെ വിമർശിച്ചും ഭിന്നത പ്രകടിപ്പിച്ചും അധികാരത്തിൽനിന്ന്‌ മാറ്റി തങ്ങൾക്കനുയോജ്യമായ സർക്കാരിനെ പ്രതിഷ്‌ഠിക്കാൻ ജനങ്ങൾക്ക്‌ അവകാശമുണ്ട്. അതിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതാണീ നിയമം. അത് റദ്ദാക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യംതന്നെ.

(മുൻ  നിയമസഭാ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top