24 April Wednesday

ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല

ദിലീപ്‌ മലയാലപ്പുഴUpdated: Friday Sep 30, 2022

മാനവരാശിയുടെ പുരോഗതിക്കും സാമൂഹ്യമുന്നേറ്റത്തിനും ശാസ്‌ത്രം വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. ശാസ്‌ത്ര സാങ്കേതിക മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനാണ്‌ നാം സാക്ഷ്യം വഹിക്കുന്നത്‌. വരും ദശകങ്ങളിൽ ഈ കുതിപ്പിന്‌ വേഗംകൂടും. ഭൂമിയും  കടന്ന്‌ ഗോളാന്തരങ്ങളിലേക്ക്‌ വളരുകയാണ്‌ ശാസ്‌ത്രം. ഭൂമിക്ക്‌ അപകടകരമായേക്കാവുന്ന  ഉൽക്കകളെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണം നടന്നതും കഴിഞ്ഞ ദിവസമാണ്‌. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള വഴികൾ തേടുകയാണ്‌ ശാസ്‌ത്രലോകം. അതുകൊണ്ടുതന്നെ കൂടുതൽ മാനവ വിഭവശേഷി ഈ മേഖലയിലേക്ക്‌  ആകർഷിക്കപ്പെടേണ്ടതുണ്ട്‌. അതിനുള്ള വഴികൾ തുറക്കേണ്ടത്‌ സർക്കാരുകളാണ്‌.

മറ്റു മേഖലകളിലെന്നപോലെ ശാസ്‌ത്ര, സാങ്കേതിക ഗവേഷണ മേഖലകളിൽനിന്ന്‌  പിന്മാറുന്ന നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. ഈ മേഖലകളിലുള്ളവർക്ക്‌ നൽകിവരുന്ന അവാർഡുകളും ഫെലോഷിപ്പുകളും മറ്റും ഇല്ലാതാക്കാനും  വെട്ടിക്കുറയ്‌ക്കാനുമുള്ള കേന്ദ്ര നടപടികൾ ഇതിന്റെ ഭാഗമായി കാണണം.

ദേശീയതലത്തിൽ നൽകിവരുന്ന നൂറിലധികം അംഗീകാരങ്ങളാണ്‌ ഇല്ലാതാക്കിയത്‌. ശാസ്‌ത്ര സാങ്കേതിക മേഖലയെ പ്രോൽസാഹിപ്പിക്കുകയും മതിയായ ഫണ്ട്‌ ലഭ്യമാക്കുകയും ചെയ്യേണ്ടത്‌ സർക്കാരിന്റെ ഉത്തരവാദിത്വമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും മുന്നേറ്റത്തിനും അനിവാര്യമായ മേഖലയിൽനിന്നുള്ള പിൻമാറ്റം വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. കേന്ദ്ര സർക്കാർ തീരുമാനം ശാസ്‌ത്രത്തിനും ഗവേഷണമേഖലയ്‌ക്കും വൻ തിരിച്ചടിയാകുമെന്നാണ്‌ സിഎസ്‌ഐആർ മുൻ ഡയറക്ടർ ജനറൽ രഘുനാഥ് എ മഷേൽക്കർ പ്രതികരിച്ചത്‌. പുതുതായി കടന്നുവരാൻ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.  ഇത്തരം അംഗീകാരങ്ങളെ  ഔദാര്യമായി കാണരുതെന്നും ഗവേഷകർ പറയുന്നു. അവാർഡുകൾ, ഫെലോഷിപ്പുകൾ, എൻഡോവ്‌മെന്റുകൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയവയുടെ എണ്ണവും തുകയും വർധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യണമെന്ന  ആവശ്യം ഏറെക്കാലമായി ശാസ്‌ത്ര–- ഗവേഷക മേഖലയിൽനിന്ന്‌ ഉയരുന്നതാണ്‌. ഇതിനിടെ എത്തിയ തീരുമാനം ശാസ്‌ത്രലോകത്തെ  അമ്പരപ്പിച്ചിരിക്കുകയാണ്‌. കേന്ദ്ര സർക്കാർ തീരുമാനത്തെ പിൻപറ്റി സംസ്ഥാന സർക്കാരുകളും സർവകലാശാലകളും  തീരുമാനമെടുത്താൽ കൂടുതൽ പ്രതിസന്ധിയാകും സൃഷ്ടിക്കുക. വൈദ്യശാസ്‌ത്ര രംഗത്തെയടക്കം പുരസ്‌കാരങ്ങൾ വെട്ടിക്കുറച്ചത്‌ ആരോഗ്യമേഖലയിലെ ഗവേഷണങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച്‌ കോവിഡ്‌പോലുള്ള  വൈറസ്‌ രോഗങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ. ബയോമെഡിക്കൽ റിസർച്ചിന്‌ ഐസിഎംആർ നൽകിവരുന്ന  ഡോ. ബി ആർ അംബേദ്‌കർ പുരസ്‌കാരവും തുടരേണ്ടന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. ദേശീയതലത്തിൽ മികച്ച നഴ്‌സുമാർക്ക്‌ നൽകിവരുന്ന ഫ്ളോറൻസ്‌ നൈറ്റിംഗേൽ പുരസ്‌കാരത്തിന്റെ എണ്ണവും കുറയ്‌ക്കും.

ബയോടെക്‌നോളജി  വലിയ സാധ്യത തുറക്കുന്ന ശാസ്‌ത്രമേഖലയാണ്‌. വലിയതോതിൽ യുവാക്കളെ ആകർഷിക്കുന്ന ഈ  മേഖലയിൽ എണ്ണമറ്റ ഗവേഷണങ്ങളാണ്‌ നടക്കുന്നത്‌. ലോകശ്രദ്ധ ആകർഷിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ ഇതിനോടകം നൽകാനുമായി. ഇവിടെയൊക്കെയുള്ളവർക്ക്‌ ലഭിക്കുന്ന പരിമിതമായ അംഗീകാരങ്ങളാണ്‌ ഇല്ലാതാകുന്നത്. ബഹിരാകാശ ഗവേഷണരംഗത്ത്‌ ലോകത്തെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നായ  ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞർക്കും നിരാശ നൽകുന്നതാണ്‌ കേന്ദ്രതീരുമാനം. കാർഷിക ഗവേഷണ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തം, മാലിന്യസംസ്‌കരണം, പരിസ്ഥിതി പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഫലപ്രദമായി ഇടപെടാനും പരിഹാരങ്ങൾ നിർദേശിക്കാനുമുള്ള ഗവേഷണങ്ങളെയടക്കം ബാധിക്കും.

ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഗവേഷണരംഗത്ത്‌ എണ്ണത്തിൽ ഇന്ത്യക്കാർ പിന്നിലാണ്‌. പത്ത്‌ ലക്ഷം പേരെയെടുത്താൽ  200 പേർ മാത്രമാണ്‌ ഗവേഷണരംഗത്തുള്ളതെന്ന്‌ പഠനങ്ങൾ പറയുന്നു. അയൽരാജ്യമായ ചൈനയിലിത്‌ 1300 നു മുകളിലാണ്‌. ശാസ്‌ത്ര–-ഗവേഷണ രംഗത്ത്‌ സ്‌ത്രീകളുടെയും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെയും  പ്രാതിനിധ്യവും ഇന്ത്യയിൽ കുറവാണ്‌.  ഗവേഷണരംഗത്തേക്ക്‌ കൂടുതലായി യുവാക്കൾ കടന്നുവരാത്തത്‌ മിക്ക ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്‌. ഫെലോഷിപ്പുകളും മറ്റ്‌ സാമ്പത്തിക ആനുകൂല്യങ്ങളും യഥാസമയത്ത്‌ ലഭിക്കാത്തതടക്കം നിരവധി കാരണങ്ങൾ ഉണ്ട് . പത്മ പുരസ്‌കാരത്തിലടക്കം സമീപ വർഷങ്ങളിലായി ശാസ്‌ത്രമേഖലയ്‌ക്ക്‌ മതിയായ പരിഗണന ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കണം. അടിസ്ഥാന ശാസ്‌ത്ര മേഖലയിലേക്ക്‌ വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള "കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനാ' (കെവിപിവെെ) സ്കോളർഷിപ് അടുത്തിടെ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. ഗവേഷണ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന നടപടികളും ആശങ്ക ഉയർത്തുന്നു. ശാസ്‌ത്രത്തിന്റെ പേരിൽ ശാസ്‌ത്രവിരുദ്ധകാര്യങ്ങളും അന്ധവിശ്വാസങ്ങളും ഗവേഷണസ്ഥാപനങ്ങൾ വഴി പ്രചരിപ്പിക്കാനുള്ള നീക്കങ്ങളും ദേശീയതലത്തിൽ ശക്തമാണ്‌.

ഗവേഷണമേഖലയിൽ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തിൽ താഴെ തുക മാത്രമാണ്‌ ഇന്ത്യ മാറ്റിവയ്‌ക്കുന്നത്‌.  ഇവിടെയാണ്‌  സർക്കാർ ഇടപെടലുകളുടെയും കൂടുതൽ ബജറ്റ്‌ വിഹിതത്തിന്റെയും പ്രാധാന്യം. അടിസ്ഥാനശാസ്‌ത്ര ഗവേഷണരംഗത്ത്‌ സർക്കാർ നൽകുന്ന പ്രോത്സാഹനം ഭാവിയുടെ മുന്നേറ്റത്തിനുള്ള നിക്ഷേപമായി കാണണം. അതിനു വിരുദ്ധമാണ്‌ ഗവേഷണമേഖലയ്‌ക്ക്‌ നൽകുന്ന അംഗീകാരങ്ങൾ ഇല്ലാതാക്കാനുള്ള തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top