25 April Thursday

വരവേൽക്കാം പൂക്കാലത്തെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

മഹാമാരിയുടെ അനിതരസാധാരണമായ പ്രതിസന്ധിയുടെ കാലത്തും നിരവധിയായ പ്രവർത്തനങ്ങൾ കൂട്ടായി സംഘടിപ്പിച്ച മെച്ചപ്പെട്ട അക്കാദമിക വർഷമാണ് കടന്നുപോയത്. വികസിത രാജ്യങ്ങൾ പോലും കോവിഡിനുമുന്നിൽ പകച്ചുനിന്നപ്പോഴും മനുഷ്യപക്ഷ നിലപാടോടെ വീണ്ടും കേരളം ലോകത്തിന് മാതൃകയായി. വിദ്യാഭ്യാസരംഗത്താകട്ടെ ആശങ്കകൾ ദൂരീകരിക്കാൻ കഴിഞ്ഞു. ഡിജിറ്റൽ, ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ കൃത്യമായി കുട്ടികൾക്കായി ഒരുക്കാനായി.

പൊതുപരീക്ഷകൾ സമയബന്ധിതമായും കൃത്യതയോടെയും നടത്തി. ഫലപ്രഖ്യാപനവും ഉപരിപഠന സൗകര്യങ്ങളും ഉറപ്പുവരുത്തി. പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിച്ചേർന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഏതെങ്കിലും തരത്തിലുള്ള പഠനവിടവ് അനുഭവപ്പെട്ട കുട്ടികൾക്ക് അത് പരിഹരിക്കുന്നതിനാവശ്യമായ വ്യത്യസ്ത അക്കാദമിക ഇടപെടലുകളാണ് അധ്യാപക സമൂഹം നടത്തിയത്.
കോവിഡ് ഇല്ലാത്ത അക്കാദമിക വർഷമാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഈ വസന്തകാലത്ത് അത്യന്തം ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് പുതിയ അക്കാദമിക വർഷം ആരംഭിച്ചിക്കുന്നത്. പൊതുസമൂഹത്തിൽ പൊതുവിദ്യാലയങ്ങളോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു.

പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനും അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും ക്ലാസ്‌ മുറികൾ ഹൈടെക് ആക്കാനുമുള്ള എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും നിലപാടുകളും ഇതിൽ പ്രധാനമാണ്.
കേരളത്തിൽ ആകെയുള്ള കുടുംബങ്ങളിൽ 90 ശതമാനത്തിലധികം വീടുകളുമായി പൊതുവിദ്യാഭ്യാസ മേഖല ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പൊതുവിദ്യാഭ്യാസമെന്നത് നാടിന്റെയും ജനങ്ങളുടെയും സൂക്ഷ്‌മതല വിശകലന വേദികൂടിയാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ശരാശരി കൊഴിഞ്ഞുപോക്ക് 0.11 ശതമാനംമാത്രമാണ്. സ്കൂളിലെത്തുന്ന ഏതാണ്ട്‌ എല്ലാ കുട്ടികളും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയരേഖ പ്രകാരം സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിനു പുറത്താണ്. സ്വാതന്ത്ര്യം കിട്ടി 70 വർഷം പിന്നിടുമ്പോഴും ഇതാണ് രാജ്യത്തിന്റെ പൊതുസ്ഥിതി.

ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഈ ദയനീയ സ്ഥിതിയിൽനിന്നുവേണം കേരളത്തെ വിലയിരുത്താൻ ശ്രമിക്കേണ്ടത്. അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിലും കേരളം ബഹുദൂരം മുന്നിലാണ്. വ്യത്യസ്ത കാലയളവുകളിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരുകളുടെ മാതൃകാപരമായ നിലപാടുകളും പൊതുമുതൽമുടക്കുകളും സാമൂഹ്യ പങ്കാളിത്തവുമെല്ലാം ഇതിന് ഏറെ സഹായകരമായിട്ടുണ്ട്. 1957ലെ ഒന്നാം ഇ എം എസ് സർക്കാർമുതൽ രണ്ടാം പിണറായി സർക്കാർവരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഇതിന്റെ നേർസാക്ഷ്യമാണ്. ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ വിദ്യാലയങ്ങൾക്കുപുറമെ എയ്ഡഡ് വിദ്യാലയങ്ങൾക്കും പ്രത്യേക ചലഞ്ച് ഫണ്ടിലൂടെ വികസനം ഉറപ്പിക്കാൻ ശ്രദ്ധിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പരമാവധി ക്ലാസ് മുറികൾ സാങ്കേതിക സൗഹൃദമാക്കി.

അക്കാദമിക ഭൗതിക രംഗത്ത്‌ കേരളം ഒന്നാമതാണെന്ന് വ്യത്യസ്തങ്ങളായ ഏജൻസികൾ നടത്തിയ വിലയിരുത്തലുകളിലൂടെ എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. എന്നാൽ, നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. പ്രാപ്യതയുടെ കാര്യത്തിൽ ലക്ഷ്യത്തിലെത്തിയെങ്കിലും ഗുണം പരമാവധിയാകണം. ഇതിനൊക്കെ ചിന്തയും പുതിയ പ്രവൃത്തിയും രൂപപ്പെടുത്തണം. ആധുനിക സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ ഉപയോഗപ്പെടുത്തിവേണം ഈ മുന്നേറ്റം സാധ്യമാക്കാൻ. ഉചിതമായ ചേരുവകളോടെ സമയബന്ധിതമായ പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാക്കേണ്ടതുണ്ട്. പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തി പുതിയ വിജ്ഞാന സമൂഹം സൃഷ്ടിച്ചെടുക്കാൻ കഴിയണം. തൊഴിലിനോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണം. നല്ല തൊഴിൽശേഷിയെ വികസിപ്പിച്ചെടുക്കാൻ കഴിയണം. ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ ഇടപെടാൻ കഴിയണം. ലിംഗനീതിയും ലിംഗാവബോധവും ഉറപ്പുവരുത്താനാകണം. കൃഷി ഒരു സംസ്‌കാരമായി വളർത്തിയെടുക്കാൻ പര്യാപ്തമായ കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയണം. സമൂഹത്തെ ദുർബലപ്പെടുത്താനുള്ള ഏതൊന്നിനെയും പൗരാവബോധം വികസിപ്പിച്ച് മറികടക്കാൻ സഹായകമാകുന്ന തരത്തിലാകണം പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടത്.

പുതിയ അധ്യയനവർഷം ഏറെ പ്രതീക്ഷകളുടേതാണ്. വിപുലമായ മുന്നൊരുക്കങ്ങളാണ് കേരള സർക്കാരും വിദ്യാഭ്യാസവകുപ്പും സ്വീകരിച്ചിട്ടുള്ളത്. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി പാഠപുസ്തക  വിതരണത്തിന് നടപടികൾ സ്വീകരിച്ചു. അധ്യാപകപരിശീലനങ്ങൾ പൂർത്തിയായി. രക്ഷാകർതൃ സമിതികളും സ്‌കൂൾ സഹായ സമിതികളും തദ്ദേശ ഭരണസ്ഥാപനങ്ങളുമെല്ലാം വിദ്യാർഥികളെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. അനന്തസാധ്യതകളുടെ ആധുനിക കാലത്ത് അവരെല്ലാം മിടുക്കരായി പഠിച്ച് വളരട്ടെ. അതിനായി നമുക്ക് പരിശ്രമിക്കാം.


(കെഎസ്‌ടിഎ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top