19 April Friday

രണ്ടാം പ്രവേശനോത്സവം - സി എ നസീർ എഴുതുന്നു

സി എ നസീർUpdated: Thursday Sep 30, 2021

മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി 2020 മാർച്ച് ആദ്യവാരം അടച്ച വിദ്യാലയങ്ങൾ 19 മാസത്തിനുശേഷം നവംബർ ഒന്നിന് തുറക്കുന്നു എന്ന പ്രഖ്യാപനം മലയാളികൾക്ക്‌ നൽകിയ സന്തോഷം എടുത്തുപറയാൻ കഴിയാത്തതാണ്.  കുട്ടികളുടെ കളിചിരികളില്ലാത്ത, ആർപ്പുവിളികൾ ഇല്ലാത്ത,  മണിയടികൾ ഇല്ലാത്ത നിർജീവമായ ഒരു ഇടത്തെയാണ് നമുക്ക് സജീവമാക്കാനുള്ളത്.

കോവിഡിന്റെ വ്യാപനശേഷി എത്രത്തോളം പിന്നോട്ടുപോയി എന്ന്‌ പറയാൻ ആകാത്തതിനാൽ രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ട്.  കുട്ടികൾക്ക് രോഗം പിടിപെടാം എന്നതിനാലല്ല വിദ്യാലയങ്ങൾ അടച്ചുപൂട്ടിയത് എന്ന വസ്തുത ഇനിയെങ്കിലും നാം അറിയണം. രോഗപ്രതിരോധശേഷി വിദ്യാർഥികൾക്ക് കൂടുതലാണ്. എന്നാൽ, രോഗവാഹകരായി അവർ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗം എത്തിക്കുന്നതിനുള്ള സാധ്യത തടയുന്നതിനാണ് കോവിഡ്‌കാലത്തും മറ്റും കുട്ടികളെ വീട്ടിലിരുത്തിയത്‌. കുട്ടികളുടെ ശാരീരിക മാനസിക സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പഠനത്തിൽ പങ്കാളിയാകാനും സ്കൂൾ തുറക്കുന്നത് വലിയ സഹായമാകും എന്നതിനാലാണ് സർക്കാർ വളരെ മുന്നൊരുക്കത്തിലൂടെ ഈ തീരുമാനത്തിലെത്തിയത്‌.

വിപുലമായ സംഘാടകസമിതികളെ ഓരോ വിദ്യാലയത്തിലും പഞ്ചായത്ത് തലങ്ങളിലും പ്രവർത്തനനിരതമാക്കിയാൽ സ്കൂൾ തുറക്കൽ ഏറെ ശ്രദ്ധേയമാകും. വാക്‌സിനേഷൻ നേടിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും മറ്റ്‌ സ്കൂൾ അധികൃതർക്കും കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സെപ്‌തംബറോടെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗവും സെക്കൻഡറിയിലെ എട്ട്‌, ഒമ്പത്‌  ക്ലാസുകളും ഒഴികെ ബാക്കിയുള്ളവരെയാണ് നാം ആദ്യഘട്ടത്തിൽ സ്‌കൂളുകളിൽ എത്തിക്കുന്നത്. പന്ത്രണ്ടായിരത്തോളം വരുന്ന പൊതുവിദ്യാലയത്തിൽ 20 ശതമാനം സ്ഥാപനത്തിൽ 100 താഴെ വിദ്യാർഥികളേ ഉള്ളൂ. നാനൂറിലധികം വിദ്യാർഥികളുള്ള സ്ഥാപനങ്ങൾ പകുതിയിൽ കുറവേയുള്ളൂ. ആയതിനാൽ ഭൂരിപക്ഷം വിദ്യാലയങ്ങളിലും പകുതിവീതം കുട്ടികളെ ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകില്ല.


 

സ്‌കൂൾ തുറക്കുമ്പോൾ അക്കാദമിക് തലത്തിലും ഭൗതികമായും വിദ്യാലയത്തിൽ മുന്നൊരുക്കം ആലോചിക്കണം. കളിമുറ്റമൊരുക്കാം എന്ന പേരിൽ ഗാന്ധിജയന്തി ദിനംമുതൽ ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇതിന്റെ തുടക്കമാണ്.  സ്കൂൾ പരിസരവും ക്ലാസ്‌ മുറികളും വൃത്തിയാക്കുന്നതിനൊപ്പം കംപ്യൂട്ടർ, ലാബ്‌, മറ്റ്‌ പഠന ഉപകരണങ്ങൾ തുടങ്ങി എല്ലാ സാമഗ്രികളും പ്രവർത്തനസജ്ജമാക്കുകയും വേണം. വിദ്യാഭ്യാസത്തിന്റെ പരിസരത്ത് കുട്ടിയെ നിലനിർത്തുന്നതിന് ഒരു ഉപാധിമാത്രമായിരുന്നു ഡിജിറ്റൽ പഠനം. കൈറ്റ്‌ വിക്ടേഴ്‌സുവഴി നൽകിയ വിദഗ്‌ധരായ അധ്യാപകരുടെ ക്ലാസും അതിനെത്തുടർന്ന് ഓരോ അധ്യാപകരും അവരവരുടെ ക്ലാസിലെ കുട്ടികൾക്ക് നൽകിയ ഓൺലൈൻ പിന്തുണ ക്ലാസും മെച്ചപ്പെട്ട നിലയിൽ നടന്നു. എന്നാൽ, പഠനവിടവുകൾ ഉണ്ടായിട്ടുണ്ട്.

കോവിഡ്‌ വേഗം നമ്മളിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള സാധ്യത ആരോഗ്യവിദഗ്ധർ പറയുന്നില്ലല്ലോ. അതിനാൽ, സ്കൂൾ തുറന്ന്‌ പ്രവർത്തിച്ചാലും ഡിജിറ്റൽ പഠനവും ഓൺലൈൻ വിദ്യാഭ്യാസവും നമുക്ക് തുടരണം. ഓൺലൈൻ പഠനത്തിൽ പഠനപ്രക്രിയ ഉറപ്പാക്കുംവിധം അതിന്റെ രീതിശാസ്ത്രം അധ്യാപകർക്ക് പകർന്നു നൽകണം. ആവശ്യമായ പരിശീലനങ്ങൾ നടത്തണം. 15 മാസമായി ക്ലാസ്‌ മുറിയിൽ അധ്യാപനം നടത്താൻ കഴിയാത്ത അധ്യാപകരും സ്‌കൂളിലെത്തി സർഗാത്മകമായി പഠനം നടത്താൻ കഴിയാത്ത വിദ്യാർഥികളും കൂടുമ്പോൾ ഒരു ഉത്സവഛായ വിദ്യാലയങ്ങളിൽ ഒരുങ്ങേണ്ടതുണ്ട്‌.

രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും തുടർച്ചയായ പരിശീലന ക്ലാസുകൾ വിദഗ്ധരുമായി ആലോചിച്ച് വിദ്യാഭ്യാസവകുപ്പ് നൽകിയാലേ ആത്മവിശ്വാസത്തോടെയും കരുത്തോടെയും പ്രവർത്തനങ്ങൾ ഫലപ്രദമാകൂ. വിദ്യാലയം വിവരവിനിമയത്തിനുള്ള സ്ഥാപനം മാത്രമല്ലെന്നും അത്‌ മനുഷ്യന്റെ വിവിധ കഴിവുകൾ വികസിപ്പിക്കുന്ന പൊതു ഇടമാണെന്ന കാഴ്‌ചപ്പാടിലേക്ക്‌ പൊതു സമൂഹത്തെ എത്തിക്കണം. മലയാളിയുടെ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യവികസനത്തിനും മാനവികതയ്‌ക്കും വേരോട്ടമുള്ള പൊതുവിദ്യാലയങ്ങൾ കേരളത്തിലെ പൊതുസമൂഹം എന്നും ഏറ്റെടുത്ത ചരിത്രമാണ് നമുക്കുള്ളത്‌. കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ അതും ചരിത്ര സംഭവമായി മാറുകതന്നെ ചെയ്യും.

(കൊടുങ്ങല്ലൂർ അഴീക്കോട് ഗവ. യുപി സ്കൂൾ അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top