24 October Sunday

കരുതലിന്റെ സ്നേഹതീരമാകട്ടെ വിദ്യാലയം

മാധവൻ പുറച്ചേരിUpdated: Monday Sep 20, 2021

ചരിത്രം ഇന്നേവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത മഹാമാരിയുടെ ഇരുണ്ട നാളുകളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് -19 ആദ്യ മഹാമാരിയോ അവസാനത്തേതോ അല്ല. വൈറസിന്റെ നൂറ്റാണ്ടാണ്‌ ഇതെന്നു പറയാം. ലോക യുദ്ധങ്ങളുടെ കാലത്തുപോലുമില്ലാത്ത സമാനതകളില്ലാത്ത അനുഭവ പരമ്പരകളാണ് 2019 തൊട്ട് തുടർന്നുപോരുന്നത്. മനുഷ്യരാശി ഇന്നേവരെ നേടിയെടുത്ത യാത്രാസൗകര്യങ്ങളും ജീവിതരീതികളും സ്തംഭിച്ച രണ്ടുവർഷം. ഇത്രയും വലിയ പ്രതിസന്ധി ഇതിനുമുമ്പ് മനുഷ്യരാശി അനുഭവിച്ചിരിക്കാൻ ഇടയില്ല. പുറത്ത് ശ്വാസകോശമുള്ള ജീവിതമാണ് ലോകജീവിതത്തെ മുന്നോട്ടുനയിച്ചിരുന്നത്. പ്ലേഗിൽ ആൽബേർ കമ്യുവിന്റെ വിഖ്യാതമായ വാക്യമുണ്ട്. "മഹാമാരികൾ ഭൂമിയിൽ ആവർത്തിക്കുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, ഇടിത്തീപോലെ നമ്മുടെ തലയിൽ വീഴുമ്പോഴാണ് വിശ്വസിക്കാൻ പ്രയാസം’. വസൂരിയും കോളറയും പ്ലേഗും സ്പാനിഷ്‌ ഫ്ലൂവും തുടങ്ങി സാർസും നിപായും കോവിഡ് –-19 വരെയുള്ള നീണ്ടനിരതന്നെ നമുക്കു മുന്നിലുണ്ട്. യാത്രാസൗകര്യങ്ങളുടെ വർധന രോഗ വർധനയുടെയും കാരണമായി.

കേരളത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന് വരിവരിയായി വിദ്യാലയങ്ങളിലേക്ക് നടന്നുപോകുന്ന കുട്ടികളാണ്. ഓരോ വിദ്യാലയവും വാഹനസൗകര്യം ഏർപ്പെടുത്തിയതോടെ സ്കൂളുകൾക്കു മുന്നിൽ വാഹനങ്ങളുടെ നിര കാണാൻ തുടങ്ങി. നഗരങ്ങളും ഗ്രാമങ്ങളും വിദ്യാർഥികളുടെ നിറസാന്നിധ്യംകൊണ്ട് ശബ്ദായമാനമായി. സ്കൂളിലെ പ്രാർഥനയോടെ അഖിലാണ്ഡമണ്ഡലം അണിഞ്ഞൊരുങ്ങുകയായി. പൊതുവിദ്യാഭ്യാസത്തിന്റെ അലയൊലിയില്ലാത്ത ഒരിടവും കേരളത്തിലില്ല. നവസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശക്തമായ ഉപാധിയാക്കി. വേനലവധിയാണ് കേരളത്തിലെ വിദ്യാലയങ്ങളുടെ ദീർഘമായ അനധ്യായകാലം. രണ്ടുമാസം സ്കൂളിന് നീണ്ട പകലുറക്കത്തിന്റെ കാലമായി. ജൂൺ സ്കൂൾ തുറക്കുന്നതിന്റെ കേളികൊട്ടുമായി കാലവർഷം വന്നുകാത്തുനിൽക്കും.

പതിനായിരക്കണക്കിന് കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്ന ഉജ്വല മുഹൂർത്തം. കുട്ടികളുടെ കരച്ചിലും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സാന്ത്വനവും പതുക്കെ പതുക്കെ പ്രവേശനോത്സവത്തിന്റെ ലഹരിയിലായി. നാടിന്റെ മഹോത്സവമായി മാറിയ അത്തരം സന്ദർഭങ്ങൾ കേരളത്തെ പുതുക്കിപ്പണിയുന്ന മനോഹര ചിത്രങ്ങൾതന്നെ സമ്മാനിച്ചു. ചിലപ്പോഴെങ്കിലും കുട്ടികളുടെ പഠനം മത്സരയോട്ടത്തിന്റെ പ്രതീതി പോലുമുണ്ടാക്കി. വേനലവധി വെറും കിനാവായി. ട്യൂഷൻ ക്ലാസുകൾ അവധി ദിവസങ്ങളെ അപഹരിച്ചു. കുട്ടികൾ ഓടുന്നതിനുപകരം രക്ഷാകർത്താക്കൾകൂടി ഓടാൻ തുടങ്ങിയതിന്റെ വികൽപ്പ ചിന്തകളും വിദ്യാഭ്യാസരംഗത്തുണ്ടായി. നിരന്തരം നവീകരിക്കുന്നതിലൂടെ ഉന്നതനിലവാരമുള്ള വിദ്യാലയങ്ങളായി വീട്ടുമുറ്റ വിദ്യാലയങ്ങൾ മാറിയത് വലിയ നേട്ടമായി. പൊതുവിദ്യാലയത്തിലേക്ക് വിദ്യാർഥികൾ കൂട്ടമായി തിരിച്ചെത്തുന്ന ഹൃദ്യമായ കാഴ്ചകൾവരെയുണ്ടായി.


 

മഹാമാരി ലോകം മുഴുവനുമുണ്ടാക്കിയ നിശ്ചലതയുടെ മാറാലകൾ വിദ്യാലയങ്ങളുടെമേലും വീണു. അടഞ്ഞ വിദ്യാലയങ്ങൾ സൃഷ്ടിച്ച മരവിപ്പും തകർച്ചയും ഓൺലൈൻ പഠനത്തിലൂടെ കുറെയേറെ വീണ്ടെടുക്കാൻ നാം കിണഞ്ഞുശ്രമിച്ചു. ക്ലാസ് കൂട്ടായ്മയ്ക്കു പകരം ഡിജിറ്റൽ ക്ലാസ് റൂമുകൾ നിലവിൽ വന്നു. സൂമും ഗൂഗിൾ മീറ്റും സർവസാധാരണമായി. കുട്ടികളിൽനിന്ന്‌ നാം പിടിച്ചുവാങ്ങിയ മൊബൈലുകൾ അവരുടെ കൈകളിലേക്ക് ആദരവോടെ തിരിച്ചേൽപ്പിച്ചു. കുട്ടികൾ ചാറ്റിലൂടെ അനന്തമായ ലോകത്തെ വിരൽത്തുമ്പിലറിഞ്ഞു. സമഗ്രമായ രീതിയിൽ ഓൺലൈൻ പഠനം നടത്തിയാലും വിദ്യാഭ്യാസം സമഗ്രമാകാൻ സ്കൂൾ വിദ്യാഭ്യാസംതന്നെ വേണം.

ക്ലാസുകളിൽ നാളെ സ്കൂൾ അവധിയാണെന്ന് വായിക്കുമ്പോഴുള്ള സന്തോഷത്തിന്റെ തിരതള്ളൽ എത്ര പെട്ടെന്നാണ് എപ്പോഴാണ് സ്കൂൾ തുറക്കുകയെന്ന അന്വേഷണത്തിലേക്ക് വഴിമാറുന്നതെന്ന് നാം കണ്ടു. ചെറിയ കുട്ടികൾവരെ കടുത്ത മാനസിക പിരിമുറുക്കത്തോടെ വീടിനുള്ളിൽ വീർപ്പുമുട്ടി. അധ്യാപകരും കുട്ടികളും പാഠപുസ്തകങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ ഓർമകൾ വിഷാദത്തിലേക്ക് വഴിമാറി. അനുഭവിച്ചുശീലിച്ച സാമൂഹ്യബന്ധങ്ങൾ നിർജീവമായ രണ്ടു വർഷം. കുട്ടികളുടെയും അധ്യാപകരുടെയും വർത്തമാനങ്ങളാൽ ജീവൻവച്ച ക്ലാസ് മുറികൾ നിശ്ശബ്ദതകൊണ്ട് വീർപ്പുമുട്ടി. രക്ഷിതാക്കളുടെ മാനസിക സംഘർഷങ്ങൾ വർധിച്ചു. കുട്ടികളുടെ മനസ്സിനെ അടുത്തറിയാൻ അധ്യാപകർക്ക്‌ കഴിയുംപോലെ രക്ഷാകർത്താക്കൾക്കാകില്ല. ഒരേസമയം അച്ഛനമ്മമാരും അതേസമയം, അധ്യാപകരും ഇതൊന്നും കൂടാതെ സുഹൃത്തുക്കളുമാകാൻ രക്ഷിതാക്കൾക്ക് പ്രയാസം അനുഭവപ്പെട്ടു.

കരുതലിന്റെ അകലം ചിലപ്പോൾ തുടരേണ്ടിവരും. ഒന്നിച്ചിരുന്നുള്ള ഉച്ചഭക്ഷണവും കളിതമാശകളും കുറച്ചെല്ലാം നിയന്ത്രിക്കേണ്ടിവന്നേക്കാം. കൊച്ചുകുട്ടികൾ മാസ്‌കിനുള്ളിൽ പ്രയാസപ്പെട്ടേക്കാം. എങ്കിലും സ്കൂളുകൾ അസാധാരണമായ ഈ സാഹചര്യത്തെ നേരിട്ടേ മതിയാകൂ. പൊതുസമൂഹം നമ്മുടെ കുട്ടികൾക്ക് കാവൽ നിൽക്കുകതന്നെ ചെയ്യും. മഹാമാരിയുടെ മുന്നിൽ ഇനിയും പകച്ചുനിന്നാൽ നമ്മുടെ ജീവിതത്തിന് ആഴമുള്ള പരിക്കുകളാകും സംഭവിക്കുക.

‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കുക’ എന്ന സ്കൂളിന്റെ ശ്രമത്തിനുള്ള ഉത്തരമാണ് മഹാമാരിക്കിടയിലും സ്കൂൾ തുറക്കുന്നതിൽനിന്നും നാം കേൾക്കുന്നത്. നവംബർ ഒന്നിന് സ്കൂളിന്റെ പൊട്ടിച്ചിരി നമ്മുടെ പൊതുജീവിതത്തിന് ഉണർവ് നൽകട്ടെ. ശബ്ദായമാനമായ വിദ്യാലയ ജീവിതത്തിന്റെ തുറസ്സുകളിൽ പൊട്ടിവിടരുന്ന കാരുണ്യത്തിന്റെയും കരുതലിന്റെയും സ്നേഹ തീരമാകട്ടെ നമ്മുടെ വിദ്യാലയങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top