20 April Saturday

ആശയരൂപീകരണം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ്

വി ശിവൻകുട്ടിUpdated: Friday Mar 31, 2023

വിദ്യാഭ്യാസരംഗത്ത് നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസമേഖലയ്ക്ക് പ്രയോജനപ്പെടേണ്ടതുണ്ട്. കേരളത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 1, 2, 3 തീയതികളിൽ കോവളത്ത് നടക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഈ മുന്നേറ്റത്തിന്റെ ആദ്യ പടവാണ്.

വിദ്യാഭ്യാസമേഖലയിലെ ഗുണമേന്മ വർധിപ്പിക്കുകയാണ്‌ ആദ്യമായി നടക്കുന്ന ഈ അന്തർദേശീയ കൂട്ടായ്മയുടെ ലക്ഷ്യം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് ത്രിദിന സെമിനാറിന് നേതൃത്വം നൽകുന്നത്. നവകേരള സൃഷ്ടിക്കുവേണ്ടി പൊതു വിദ്യാഭ്യാസമേഖലയിലെ ഗുണപരമായ ഇടപെടലുകളെന്ന പ്രധാന ആശയത്തെ മുൻനിർത്തിയാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തിയ കേരളം മറ്റൊരു അക്കാദമിക മാതൃക സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുന്നൂറ്റമ്പതിലധികം പ്രതിനിധികൾ ഒമ്പത്‌ വിദ്യാഭ്യാസമേഖലയിലായി നൂറ്റമ്പതിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സമാനതകളില്ലാത്ത വിധത്തിൽ അന്വേഷണാത്മക പ്രവർത്തനങ്ങൾ പൊതു വിദ്യാലയങ്ങളിൽ നടന്നുവരികയാണ്‌. അത്തരം പ്രവർത്തനങ്ങളെ ഗവേഷണങ്ങളുടെ പിന്തുണയോടുകൂടി മാതൃകയായി വികസിപ്പിക്കേണ്ടത്‌ സംസ്ഥാനത്തിന്റെ ആവശ്യമാണ്. പാഠ്യപദ്ധതി പരിഷ്കരണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിലെ ഈ അന്വേഷണങ്ങൾ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളെ ശാസ്ത്രീയവും കാലോചിതവുമായി മാറ്റാൻ സഹായിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും വിദ്യാകിരണത്തിലൂടെയും  മികച്ച  പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ  കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വിദ്യാർഥികളെയും സ്കൂളിൽ എത്തിക്കുന്നതിനും  നിലനിർത്തുന്നതിനും മുമ്പേ വിജയിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ, വിദ്യാഭ്യാസരംഗത്തെ ഗുണതയിലും തുല്യതയിലും മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾക്ക് കരുത്തു പകർന്നത് കഴിഞ്ഞ ആറുവർഷത്തെ വിദ്യാഭ്യാസരംഗത്തെ സമഗ്ര ഇടപെടലുകളാണ്. മറ്റു വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന പത്തര ലക്ഷത്തിലധികം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയെന്നത്‌  ഇതിന്റെ തെളിവ്. ഭൗതിക സൗകര്യങ്ങളും അക്കാദമിക ഇടപെടലുകളും നടത്തി പൊതു വിദ്യാലയങ്ങളെ മെച്ചപ്പെടുത്തിയതിലൂടെ നിരവധി തൊഴിൽരഹിതരായ യുവജനങ്ങൾക്ക്‌ പൊതു വിദ്യാഭ്യാസമേഖലയിൽ അധ്യാപകരായി കടന്നുവരാൻ അവസരമൊരുങ്ങി.


 

നൂതനങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കി അനുദിനം വിദ്യാഭ്യാസത്തിന്റെ ഗുണത വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞ കാലയളവിന്റെ നേട്ടങ്ങൾ നിലനിർത്തുന്നതിനോടൊപ്പം അക്കാദമിക ഗുണനിലവാരം ഉയർത്തുന്നതിനുള്ള തീവ്രശ്രമങ്ങളാണ് നടന്നുവരുന്നത്. കുട്ടികൾക്ക് ഉണ്ടായ പഠനപ്രശ്നങ്ങൾ വിദ്യാഭ്യാസവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ പഠനം വിലയിരുത്തുന്നതിനുവേണ്ടി സർവേ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും എസ്‌സിഇആർടിയോട് നിർദേശിച്ചിട്ടുമുണ്ട്‌.  സംസ്ഥാനത്ത് ആദ്യമായി അധ്യാപക പരിശീലനം റസിഡൻഷ്യൻ മാതൃകയിലേക്ക് മാറ്റിയതും സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് ആറുദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകിയതും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നവരായി അധ്യാപകരെ മാറ്റുന്നതിനുമായിരുന്നു.

പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെയുള്ള സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത്‌  നടന്നു വരികയാണ്‌. വിപുലമായ ജനകീയ ചർച്ചകൾക്കു ശേഷമാണ് പരിഷ്കരണ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്. പഠിതാക്കൾതന്നെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ അഭിപ്രായം പറയുകയെന്ന ലോകോത്തരമായ പുതിയ അനുഭവം സൃഷ്ടിക്കുന്നതിനും  കഴിഞ്ഞു. വൈജ്ഞാനികരംഗത്ത് ലോകത്ത് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും കാലോചിതമായി ഉൾക്കൊള്ളാനും പരിഷ്കരിക്കാനും ഏറ്റെടുക്കാനും കഴിയുന്ന തലമുറയെ സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയാണ് ഇക്കാലത്തിന്റെ ആവശ്യം. അതോടൊപ്പംതന്നെ നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുകയെന്ന ദൗത്യമേറ്റെടുക്കുന്ന കുട്ടികളെ സൃഷ്ടിക്കാൻ പാഠ്യപദ്ധതിക്കാകണം. സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന ജ്ഞാനസമൂഹം എന്ന ആശയത്തെ ഉൾക്കൊള്ളുന്നതിനും അതിന്റെ സൃഷ്ടിക്ക് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പാഠ്യപദ്ധതി അടിത്തറയൊരുക്കണം. നിരന്തരമായി അറിവുൽപ്പാദിപ്പിച്ചുകൊണ്ടാണ് ആധുനിക സമൂഹം രൂപപ്പെടുന്നത്. നമുക്കും അതിന് അനുകൂലമായ ക്ലാസ് മുറികൾതന്നെയാണ് രൂപപ്പെടുത്തുന്നത്. പുതിയ പൊതുവിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്കൂൾവിദ്യാഭ്യാസ കോൺഗ്രസ് നടക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഗവേഷണ അനുഭവങ്ങൾ കോൺഗ്രസിൽ പങ്കുവയ്ക്കുമ്പോൾ അത് നമ്മുടെ  പൊതു വിദ്യാഭ്യാസത്തിന്റെ ദിശാഗതിയെ സ്വാധീനിക്കും. കേരള വിദ്യാഭ്യാസമേഖലയിലെ വ്യത്യസ്ത ഏജൻസികളുടെ തലവന്മാർ ആ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അവതരിപ്പിക്കും. പ്രതിനിധികളായി എത്തുന്ന ഗവേഷകർക്ക് കേരളത്തിന് അനുഗുണമായ ഗവേഷണമേഖലകൾ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. നാം രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയുടെ ഫലപ്രാപ്തി നിരന്തരം വിലയിരുത്തുന്ന ഒരു ഗവേഷകസമൂഹത്തെ രൂപപ്പെടുത്താൻ സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിന് കഴിയും.


 

ചർച്ചകളും സംവാദങ്ങളുമാണ് നിരന്തരം പുതുക്കപ്പെടുന്ന ഒരു വിദ്യാഭ്യാസവ്യവസ്ഥയെ സൃഷ്ടിക്കുന്നത്. സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഇത്തരത്തിലുള്ള ഒരു ഇടംകൂടിയാണ്. ചോദ്യങ്ങളെയും സംവാദങ്ങളെയും ഭയപ്പെടുത്തി ഇല്ലാതാക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്ന സമയത്തുതന്നെയാണ് നമ്മുടെ വിദ്യാഭ്യാസ കോൺഗ്രസ് നടക്കുന്നതെന്നത് ഈ അക്കാദമിക കൂട്ടായ്മയുടെ പ്രസക്തി വർധിപ്പിക്കുന്നു. ആദ്യകാല ശൈശവ പരിചരണവും വികാസവും സംബന്ധിച്ച ചർച്ചകൾക്കായി പ്രീ സ്കൂൾ മേഖലയിൽ അവതരണങ്ങളും ചർച്ചകളും നടക്കും.

വരുംകാലത്തെ അധ്യാപക വിദ്യാഭ്യാസം എങ്ങനെയാകണമെന്നും അധ്യാപക വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ഘടനകൾ സംബന്ധിച്ച് അധ്യാപക വിദ്യാഭ്യാസ മേഖലയിലും തൊഴിൽവിദ്യാഭ്യാസമേഖല സംബന്ധിച്ച് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസമെന്ന തലക്കെട്ടിലും ചർച്ചകൾ നടക്കുന്നു. പൊതു സെഷനുകൾക്കൊപ്പം മൂന്ന് സമാന്തര സെഷനിലായിട്ടാണ് വിദ്യാഭ്യാസ കോൺഗ്രസ് നടക്കുക. മേൽപ്പറഞ്ഞ മൂന്ന് മേഖലയ്‌ക്കൊപ്പം ബോധനരീതികളിലെ നൂതന ആശയങ്ങൾ, പാഠ്യപദ്ധതിയുടെ നടത്തിപ്പും ആസൂത്രണവും മൂല്യനിർണയത്തിലെ നവീന രീതികൾ, സ്കൂൾ വിദ്യാഭ്യാസവും ലിംഗനീതിയും എന്നീ മേഖലകളിലും പ്രബന്ധാവതരണങ്ങളും ചർച്ചകളും ഉണ്ടാകും. അവതരിപ്പിക്കുന്ന ഗവേഷണ അനുഭവങ്ങളെ വിലയിരുത്തുന്നതിനും പുതിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിനും ദേശീയതലത്തിലുള്ള വിദഗ്ധരുടെ വലിയ നിരയുണ്ടാകും. ചർച്ചകളിൽനിന്ന്‌ ഉയർന്നുവരുന്ന വ്യത്യസ്ത ആശയങ്ങളെ ക്രോഡീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇതിലെ ഗുണപരമായ കാര്യങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഭാവിയിൽ നടത്തുന്ന ഇടപെടലുകൾക്ക് ഉപയോഗപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വിവിധ വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ മൂന്നുദിവസത്തെ കൂടിച്ചേരൽ കോവളത്ത് നടക്കുമ്പോൾ പൊതുവിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിന് ശക്തമായ ഏകോപനമാണ് ഒരുങ്ങുന്നത്. കേരളത്തിൽ നടപ്പാക്കുന്ന ഗുണപരമായ ഇടപെടലുകളും നടപടികളും വ്യാപിപ്പിക്കുക, സ്കൂൾ വിദ്യാഭ്യാസത്തിന്റെ രൂപീകരണത്തിനും തീരുമാനങ്ങൾക്കും സഹായമാകുന്ന വിവരങ്ങൾ ക്രോഡീകരിക്കുക, നല്ല പഠനബോധന മാതൃകകളും നവീകരണ ശ്രമങ്ങളും അവതരിപ്പിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും അവസരം ഒരുക്കുക, വിദ്യാഭ്യാസത്തിൽ ഗുണപരമായ ഇടപെടലുകൾക്കുള്ള നിർദേശങ്ങൾ അവതരിപ്പിക്കുക എന്നിങ്ങനെ സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ നേടാൻ ഈ ഏകോപനത്തിന് കഴിയുമെന്ന് കരുതുന്നു. ഒപ്പം ഈ വർഷത്തെ അക്കാദമിക സമ്മേളനത്തിന്റെ വിലയിരുത്തലുകൾ നടത്തി, കൂടുതൽ മികച്ച രീതിയിൽ ഈ കൂട്ടായ്മ തുടരുന്നതിന് സർക്കാർ ആലോചിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സന്നദ്ധതയും ഈ ആലോചനയെ ശക്തിപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top