27 April Saturday

സ്കൂൾ സർവേയും കേരളവും

ഡോ. ജെ പ്രസാദ്‌Updated: Tuesday Oct 19, 2021

കോവിഡ് മഹാമാരിയെത്തുടർന്ന്  ലോകമാകെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഈ സമയത്ത്‌ ഭരണാധികാരികൾ മറ്റെന്തിനേക്കാളും ഊന്നൽ നൽകിയത് കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിനാണ്. അതിൽ ഏതൊക്കെ രാഷ്ട്രങ്ങൾ വിജയം കൈവരിച്ചു എന്ന ചോദ്യത്തിന്‌ ഫിൻലൻഡ്പോലുള്ള അപൂർവം രാഷ്ട്രങ്ങളെ മാറ്റിനിർത്തിയാൽ ഉത്തരം തീർത്തും നിരാശാജനകമാണ്. ഇന്ത്യയുടെ ചിത്രമാകട്ടെ അതിലേറെ ആശങ്കാജനകവും. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട യുനെസ്കോയുടെ ആഗോള വിദ്യാഭ്യാസ മോണിട്ടറിങ്‌ റിപ്പോർട്ടനുസരിച്ച് വിദ്യാഭ്യാസരംഗത്തെ സുസ്ഥിരവികസനത്തിൽ ഇന്ത്യ അരനൂറ്റാണ്ട് പിന്നോക്കം പോയതായി സൂചിപ്പിക്കുന്നു. ലോവർ സെക്കൻഡറി തലത്തിൽ 2062ലും ഹയർ സെക്കൻഡറി തലത്തിൽ 2087ലും മാത്രമേ രാജ്യാന്തര നിലവാരത്തിൽ എത്താൻ ഇന്ത്യക്ക്‌ സാധിക്കുകയുള്ളൂ എന്ന് റിപ്പോർട്ടിൽ വിലയിരുത്തുന്നു. എന്നാൽ, കേരളം ഇതിനൊക്കെ അപവാദമാണെന്ന് എല്ലാ സർവേയും ഒന്നടങ്കം സൂചിപ്പിക്കുന്നു.

കോവിഡ്കാല വിദ്യാഭ്യാസത്തെ സംബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഒട്ടനവധി പഠനങ്ങളും സർവേകളും നടന്നു.  അതിൽ ഏറ്റവും അവസാനത്തേതാണ്  ‘സ്കൂൾ’ സർവേ.’ സ്കൂൾ കുട്ടികളുടെ ഓൺലൈൻ ഓഫ്‌ലൈൻ പഠന സർവേ’ (School Children’s Online Offline Learning (SCHOOL) Survey എന്നാണ്  പേര്. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശസ്തരും പ്രഗൽഭരുമായ നൂറോളം  സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ 2021 ആഗസ്‌തിൽ നടത്തിയ ഈ സർവേയിൽ അസം, ബിഹാർ, ചണ്ഡീഗഢ്‌, ഡൽഹി, ഗുജറാത്ത് ഹരിയാന, ജാർഖണ്ഡ്, കർണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്‌ചിമബംഗാൾ എന്നിങ്ങനെ 15 സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികളെയും രക്ഷിതാക്കളെയുമാണ് ഉൾപ്പെടുത്തിയത്‌. സർവേ പ്രധാനമായും ഊന്നൽ നൽകിയത് ചേരികളിലെയും ബസ്തികളിലെയും 1362 കുടുംബത്തെയാണ്‌. ‘ലോക്‌ഡ്‌ ഔട്ട്‌: സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തര റിപ്പോർട്ട്' (LOCKED OUT : Emergency Report on School Education)എന്ന  റിപ്പോർട്ട് കഴിഞ്ഞ ആറിനാണ് പുറത്തുവിട്ടത്.

ഈ റിപ്പോർട്ടിലൂടെ പുറത്തുവരുന്ന ചിത്രം മുകളിൽ പറഞ്ഞ യുനെസ്കോ റിപ്പോർട്ടിനെപ്പോലും അതിശയിപ്പിക്കുന്നതാണ്.  ഗ്രാമങ്ങളിൽ 28 ശതമാനം കുട്ടികൾ മാത്രമേ പതിവായി പഠിക്കുന്നുള്ളൂ. 37 ശതമാനം കുട്ടികൾ  പഠിക്കുന്നതേ ഇല്ല. കുടുംബത്തിലെ സാമ്പത്തികാവസ്ഥ, രക്ഷിതാക്കളുടെ അവബോധമില്ലായ്മ, മോശം യാത്രാസൗകര്യം, ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം, കുട്ടികളുടെ വീടുകളുമായോ രക്ഷിതാക്കളുമായോ ഉള്ള അധ്യാപകരുടെ ബന്ധക്കുറവ് തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നഗരങ്ങളിൽ മൂന്ന്‌ ശതമാനവും  ഗ്രാമങ്ങളിൽ രണ്ട്‌ ശതമാനവും അധ്യാപകർ മാത്രമാണ് വീടുകളിലെത്തി  പഠനപിന്തുണ നൽകുന്നത്. മഹാഭൂരിപക്ഷത്തിനും അവരുടെ അധ്യാപകരെ അറിയില്ല. ഓൺലൈനിൽ സ്ഥിരമായി പഠിക്കുന്ന കുട്ടികൾ നഗരങ്ങളിൽ 24 ശതമാനവും ഗ്രാമങ്ങളിൽ എട്ട്‌ ശതമാനവുംമാത്രമാണ്. ഒമ്പത്‌ ശതമാനം കുട്ടികൾക്ക് മാത്രമാണ് സ്വന്തമായി സ്മാർട്ട്ഫോൺ ഉള്ളത്. അവർക്ക് എഴുതാനും വായിക്കാനുമുള്ള കഴിവുകൾ നന്നേ കുറഞ്ഞതായി രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ വായനാകഴിവ് പരിശോധിക്കുന്നതിനായി നൽകപ്പെട്ട വാചകം (ജബ് സേ കൊറോണ മഹാമാരി ചൽ രഹീ ഹൈ തബ് സേ സ്കൂൾ ബന്ദ് ഹൈ) 3-–-5 ക്ലാസുകളിൽ പഠിക്കുന്ന 42 ശതമാനം കുട്ടികൾക്കും ഒരു വാക്കുപോലും വായിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ എത്രയും വേഗം സ്കൂളുകൾ തുറന്നുകിട്ടണമെന്നാണ് ഭൂരിഭാഗം(97 ശതമാനം) രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. സ്കൂളുകൾ അടച്ചതോടെ ചില സംസ്ഥാനങ്ങൾ   ഉച്ചഭക്ഷണം നിർത്തലാക്കി. ബദൽ സംവിധാനം ഒരുക്കുന്ന കാര്യത്തിൽ  താൽപ്പര്യം കാണിച്ചില്ല. ഉച്ചഭക്ഷണംപോലും കിട്ടാത്ത കുട്ടികൾ എങ്ങനെയാണ് ഓൺലൈൻ പഠനം നടത്തുക. ദശലക്ഷക്കണക്കിന്‌ ജനങ്ങൾക്ക് പ്രതിദിനം 32 രൂപയിൽ താഴെ മാത്രമേ വരുമാനമുള്ളൂ. ഉച്ചഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിൽ പാവപ്പെട്ട രക്ഷിതാക്കൾ സ്വകാര്യസ്കൂളിൽനിന്ന്‌ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റിയിട്ടും പട്ടിണി  ബാധിച്ചു.  കേവലം നാല്‌ ശതമാനം കുട്ടികൾക്ക് മാത്രമാണ് എഴുതാനും വായിക്കാനുമുള്ള കഴിവ്‌ വർധിച്ചത്. ദളിതരുടെയും ആദിവാസികളുടെയും സ്ഥിതി അത്യന്തം സ്തോഭജനകമാണ്.  സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് തുടരുമ്പോഴും  മുൻകരുതലുകൾ  ഉണ്ടാകുന്നില്ല.

കേരളം നൂറുമേനി

2020 മാർച്ചിൽ കൊറോണയുടെ വരവ് പ്രതീക്ഷിച്ചപ്പോൾത്തന്നെ കേരളം സർവസജ്ജമായി. പ്രതിസന്ധിഘട്ടത്തിൽ പകച്ചുനിൽക്കാതെ ജനങ്ങളുടെ സഹകരണത്തോടെ   പ്രതിസന്ധി  മറികടക്കാൻ  സാധിച്ചു. സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും ലോകോത്തര നിലവാരത്തിലാക്കി. സാങ്കേതികവിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി. ജനകീയാസൂത്രണകാലത്തെപ്പോലും വെല്ലുന്ന തരത്തിലുള്ള ജനകീയപങ്കാളിത്തം ഉറപ്പാക്കി.     ജനകീയതയിലും ആധുനികതയിലും മാനവികതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസം ലഭ്യമാക്കി. എല്ലാ സ്കൂളും ഹൈടെക്കാക്കി, പഠനോപകരണങ്ങൾ ലഭ്യമാക്കി. ഉച്ചഭക്ഷണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തി. ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിലും വിദ്യാലയതലത്തിലും  ലഭ്യമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഇന്റർനെറ്റും കുട്ടികളുടെ അവകാശമായി പ്രഖ്യാപിച്ചു. അധ്യാപക നിയമനം നടത്തി.  സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്ക്  പഠനപിന്തുണ ഒരുക്കി. കരിക്കുലം നിർദേശിച്ച എല്ലാ പാഠഭാഗവും പഠിപ്പിച്ചു. കൃത്യമായി പരീക്ഷയും മൂല്യനിർണയവും നടത്തി  ഫലം പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ ഘട്ടം ഘട്ടമായി സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടിയുമായി മുന്നേറുന്നു. ഇത്തരം വിദ്യാഭ്യാസപ്രവർത്തനങ്ങൾ "സർവേ’ റിപ്പോർട്ടിന് വിധേയമാക്കിയ 15 സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തും അന്യമായിരുന്നു. തമിഴ്‌നാടിനെ മാറ്റിനിർത്തിയാൽ ഹിന്ദി ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ നടത്തിയ ഈ സർവേഫലം കേന്ദ്രസർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ‘അമൃതമഹോത്സവ’മായി ആചരിക്കപ്പെടുന്ന ഈ വേളയിൽ ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാവിഹീനരും നിരക്ഷരരും നിരാലംബരുമുള്ള രാജ്യമായി  ഇന്ത്യ മാറി എന്നതാണ്‌ സത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top