19 April Friday

രാഷ്‌ട്രപിതാവിനെ വധിച്ചവർക്ക്‌ ‘ദേശസ്നേഹിപ്പട്ടം’

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

1948 ജനുവരിയിൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനായിരുന്നുവെന്ന്‌ സംശയിച്ച്‌ സവർക്കറെ അറസ്റ്റ് ചെയ്തു. നല്ലൊരു ക്രിമിനൽ അഭിഭാഷകനായിരുന്നു അന്ന്‌ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ. കേസിന്റെ മുഴുവൻ മേൽനോട്ടവും വഹിച്ച പട്ടേലിന്‌ സവർക്കറുടെ കുറ്റബോധം വ്യക്തിപരമായി ബോധ്യപ്പെട്ടതുകൊണ്ടുകൂടിയാണ്‌ അദ്ദേഹത്തെ വിചാരണയ്‌ക്ക്‌ വിധേയനാക്കിയത്‌. അല്ലെങ്കിൽ സവർക്കറെ വിചാരണ ചെയ്യാൻ പട്ടേൽ അനുവദിക്കില്ലായിരുന്നു. ‘സവർക്കറുടെ കീഴിലുള്ള ഹിന്ദു മഹാസഭയുടെ ഒരു മതഭ്രാന്തൻ വിഭാഗമായിരുന്നു ഗൂഢാലോചന നടത്തി ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന്‌’ പട്ടേൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോട് അസന്ദിഗ്‌ധമായി പറഞ്ഞിരുന്നു. (ദുർഗാ ദാസ്, സർദാർ പട്ടേൽ കത്തിടപാടുകൾ, 1945–50, വാല്യം ആറ്‌, പേജ്‌ 56)

ഹിന്ദു മഹാസഭയുടെ നിരാകരണത്തിന് മറുപടിയായി 1948 മെയ് ആറിന് ഹിന്ദു മഹാസഭ നേതാവ് ശ്യാമപ്രസാദ്‌ മുഖർജിക്ക്‌ പട്ടേൽ എഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞു–-‘‘... 

രാഷ്ട്രം ദുരന്തത്തിൽ നിൽക്കെ ഹിന്ദു മഹാസഭയിലെ വലിയൊരുവിഭാഗം അംഗങ്ങൾ ആഹ്ലാദിച്ചുകൊണ്ട്‌ മധുരം വിതരണംചെയ്തു എന്ന സത്യത്തിനുനേരെ നമുക്ക്‌ കണ്ണടയ്‌ക്കാനാകില്ല... കൂടാതെ, മഹന്ത് ദിഗ്ബിജോയ് നാഥ്, പ്രൊഫ. റാം, ദേശ്പാണ്ഡെ തുടങ്ങിയവർ ഉൾപ്പെടെ ഹിന്ദുമഹാസഭയുടെ നിരവധി വക്താക്കൾ ഏതാനും മാസം മുമ്പുവരെ തീവ്രവാദ വർഗീയത വളർത്തുന്നതിനായി പ്രസംഗിച്ചതിനെ പൊതുസുരക്ഷയ്‌ക്ക്‌ നേരെയുണ്ടായ ഭീഷണിയായി കരുതണം. ആർഎസ്എസിനും ഇത് ബാധകമാണ്. സൈനിക അല്ലെങ്കിൽ അർധ-സൈനിക മാതൃകയിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ അന്തർലീനമായിരിക്കുന്നത്‌ അധിക അപകട സാധ്യതയാണ്‌. (സർദാർ പട്ടേൽ കത്തിടപാടുകൾ, വാല്യം ആറ്‌, പേജ്‌ 66.) ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പിന്‌ വ്യക്തമായ ഭീഷണിയാണെന്നും ശ്യാമ പ്രസാദ് മുഖർജിയോട്‌ തുറന്നുപറഞ്ഞു. (1948 ജൂലൈ 18, സർദാർ പട്ടേൽ കത്തിടപാടുകൾ, വാല്യം 6, പേജ്‌ 323.) ബോംബെ മുഖ്യമന്ത്രി ബി ജി ഖേർ മഹാരാഷ്ട്രയിലെ രാഷ്ട്രീയസാഹചര്യം പട്ടേലിനോട്‌ വിശദീകരിച്ചത്‌ ഇങ്ങനെയാണ്‌–- ‘കോൺഗ്രസിനെതിരെയും മഹാത്മാ ഗാന്ധിക്കെതിരെയും വിദ്വേഷത്തിന്റെ അന്തരീക്ഷവും ഹിന്ദു മഹാസഭ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇത്‌ ഏതാനും മഹാരാഷ്ട്രക്കാരുടെ കൈകൊണ്ട്‌ മഹാത്മാഗാന്ധിയെ വധിക്കുന്നതിലെത്തി. (ബി ജിഖേർ പട്ടേലിനോട്‌, 1948 മെയ്‌ 26, വാല്യം ആറ്‌, പേജ്‌ 77–-78)

ക്രിമിനൽ നിയമത്തിന്റെ സാങ്കേതികതകൊണ്ടും ഗൂഢാലോചന സ്ഥിരീകരിക്കാനുള്ള സ്വതന്ത്ര തെളിവുകളുടെ അഭാവത്തിലും ഗാന്ധിജിവധക്കേസിൽ സവർക്കർ ഒടുവിൽ കുറ്റക്കാരനായില്ല. എന്നിരുന്നാലും, 1965ൽ സുപ്രീംകോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് ജീവൻ ലാൽ കപൂറിന്റെ നേതൃത്വത്തിൽ അന്വേഷണ കമീഷൻ രൂപീകരിച്ചപ്പോൾ സവർക്കറിനെതിരെ നിരവധി തെളിവുകൾ ലഭിച്ചു. സവർക്കറിന്റെ അടുത്ത അനുയായികളായ എ പി കസറും ജി വി ഡാംലെയും കപൂർ കമീഷനു മുന്നിൽ നിരവധി തെളിവുകൾ നൽകി. ഇവരെ വിചാരണക്കോടതിയുടെ മുന്നിൽ എത്തിച്ചില്ല. ഇരുവരും വിചാരണക്കോടതിയിൽ മൊഴി കൊടുത്തിരുന്നുവെങ്കിൽ സവർക്കർ ഉറപ്പായും ശിക്ഷിക്കപ്പെടുമായിരുന്നു. കപൂർ കമീഷനുമുന്നിൽ തെളിവുകൾ എത്തുമ്പോഴേക്കും സവർക്കർ മരിച്ചിരുന്നു. സർദാർ പട്ടേൽ നെഹ്‌റുവിനോട്‌ പറഞ്ഞതിന്‌ സമാനമായ കണ്ടെത്തലുകളായിരുന്നു കപൂർ കമീഷന്റേത്‌.

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചു. 25,000 ആർഎസ്‌എസ്‌ പ്രവർത്തകരെ ജയിലിലടച്ചു. നിരോധിച്ചപ്പോൾ ഹിന്ദുമഹാസഭ സ്വയംപിരിച്ചുവിട്ടു. ഗാന്ധിജിവധത്തിലെ പങ്ക്‌ പുറത്തുവന്നതോടെ തന്ത്രപരമായി പിൻവലിയുകയായിരുന്നു ഇതിലൂടെ. സഭയുടെ നേതാവായിരുന്ന ശ്യാമപ്രസാദ്‌ മുഖർജി 1951ൽ ഭാരതീയ ജനസംഘ്‌ രൂപീകരിച്ചു. അന്നുമുതൽ അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനത പാർടിയിൽ ലയിക്കുന്നതുവരെയും ഹിന്ദു വർഗീയശക്തികളുടെ മുഖ്യധാരാ രാഷ്ട്രീയപാർടിയായി അത്‌ മാറി. പിന്നീട്‌ രൂപാന്തരപ്പെട്ട ബിജെപി ഹിന്ദുത്വശക്തികളുടെ പതാകവാഹകരായി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരിക്കലും ഒരു പങ്കുംവഹിക്കാതെ മാറിനിന്നവർ ഇപ്പോൾ ഏറ്റവും വലിയ ദേശീയവാദികളായി അവകാശപ്പെടുന്നത്‌ വിരോധാഭാസമാണ്‌. 1924ൽ ജയിൽ മോചിതനായശേഷം സവർക്കർ ഒരിക്കലും ബ്രിട്ടീഷ്‌ വിരുദ്ധരാഷ്ട്രീയസമരത്തിൽ പങ്കെടുത്തിട്ടില്ല. ആർക്കാണോ ഇന്ത്യ പുണ്യഭൂമിയും പിതൃഭൂമിയും അവരാണ്‌ ഇന്ത്യക്കാരെന്ന്‌ ആധികാരികമായി നിർവചിച്ചുകൊണ്ട്‌ ഹിന്ദുതീവ്രവാദ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ സ്രഷ്ടാവായി സവർക്കർ. അത്തമൊരു ഇന്ത്യയിൽ മുസ്ലിങ്ങളും ക്രൈസ്‌തവരും ഉൾപ്പെടില്ല. അവരുടെ പുണ്യഭൂമി ഇന്ത്യക്ക്‌ പുറത്താണെന്നും സവർക്കർ പ്രഖ്യാപിച്ചു. 1930–-40കളിൽ കൂടുതൽ രാജഭക്തരായി ഹിന്ദുമഹാസഭയും ആർഎസ്‌എസും മാറി (ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ). ബ്രിട്ടീഷ്‌സാമ്രാജ്യത്വം എറിഞ്ഞുകൊടുത്ത അപ്പക്കഷണത്തിനുവേണ്ടി മുസ്ലിംലീഗിനോടൊപ്പം മത്സരിക്കുകയായിരുന്നു. രണ്ടാംലോകയുദ്ധവേളയിൽ ദേശീയവാദികളിൽ രണ്ട്‌ അഭിപ്രായം ഉടലെടുത്തു. ബ്രിട്ടൻ ഏകപക്ഷീയമായി ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച്‌ പ്രവിശ്യ സർക്കാരുകളിൽനിന്ന്‌ കോൺഗ്രസ്‌ മന്ത്രിമാർ രാജിവച്ചു. എന്നാൽ, ഹിന്ദുമഹാസഭ പ്രസിഡന്റ്‌ സവർക്കർ ഉൾപ്പെടെയുള്ളവർ ബ്രിട്ടീഷുകാരെ സഹായിക്കാൻ പരസ്യമായി ആഹ്വാനംചെയ്‌തു. ബ്രിട്ടീഷ്‌ സർക്കാരുമായി യുദ്ധകാര്യങ്ങളിൽ പൂർണമായും സഹകരിക്കാൻ മുഴുവൻ ഹിന്ദുക്കളും രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം.

1942ൽ ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ ഗാന്ധിജി ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ ജയിലിലായപ്പോൾ ഹിന്ദുമഹാസഭയുടെ ശ്യാമപ്രസാദ്‌ മുഖർജി ബംഗാളിൽ ഫസ്‌ലുൽ ഹഖ്‌ മന്ത്രിസഭയിൽ അംഗമായി തുടരുകയായിരുന്നു. ഒരു സംഘടന എന്ന നിലയിൽ ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായിരുന്നില്ല. 1930ൽ ആർഎസ്‌എസ്‌ സ്ഥാപകൻ ഹെഡ്‌ഗേവാർ സ്വന്തം നിലയിൽ ജയിലിൽ പോയെങ്കിലും സംഘടനയെയും അതിന്റെ പ്രവർത്തകരെയും നിയമലംഘനപ്രസ്ഥാനത്തിൽനിന്ന്‌ അകറ്റിനിർത്തി. ആർഎസ്‌എസിൽനിന്ന്‌ ഭയപ്പെടാനൊന്നുമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ആർഎസ്‌എസിനെ സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ ആഭ്യന്തരവകുപ്പിന്റെ ഒരു രേഖയിൽ ഇങ്ങനെ പറയുന്നു.–-‘‘ആർഎസ്‌എസ്‌ പ്രവർത്തകർ കോൺഗ്രസിന്റെ ഒരു സമരപ്രവർത്തനത്തിലും ഇടപെടരുതെന്ന്‌ നേതാക്കൾ നിർദേശിച്ചിട്ടുണ്ട്‌.  ഇത്‌ പാലിച്ചുകൊണ്ട്‌ അവർ സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ പൂർണമായും മാറിനിൽക്കുകയാണ്‌.’’

ഗാന്ധിജി കൊല്ലപ്പെട്ടതിനുശേഷം നാലഞ്ച്‌ പതിറ്റാണ്ടിലേറെ ആർഎസ്‌എസ്‌, ജനസംഘ്‌, ബിജെപി ക്യാമ്പുകൾ സവർക്കറിനെപ്പറ്റി എന്തുകൊണ്ട്‌ നിശ്ശബ്ദത പാലിച്ചു എന്ന്‌ ചോദിക്കേണ്ടത്‌ ന്യായമായ കാര്യമാണ്‌. ഗാന്ധിജിവധത്തിൽ സവർക്കർക്ക്‌ പങ്കുണ്ടെന്ന്‌ പൊതുജനങ്ങളുടെ മനസ്സിൽ പതിഞ്ഞിരുന്നു. അതുകൊണ്ട്‌ സവർക്കറുടെ പേര്‌ പരാമർശിക്കുന്നത്‌ രാഷ്ട്രീയമായ ആത്മഹത്യയായിരിക്കുമെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു നിശ്ശബ്ദത പാലിച്ചത്‌. ഏറെക്കാലം പിന്നിട്ടതുകൊണ്ടും ജനങ്ങളുടെ ഓർമ ഹ്രസ്വമാണെന്നും കരുതിക്കൊണ്ടുമാണ്‌ ചരിത്രവസ്‌തുതകളെ തെറ്റായി വ്യാഖ്യാനിച്ച്‌ ഇപ്പോൾ സവർക്കറിനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ശ്രമിച്ചത്‌. ഹിന്ദുത്വത്തിന്റെ അക്രമാത്മകമായ പുതിയ മുഖത്തിന്‌ ഊന്നൽ നൽകാൻ തുടങ്ങിയതോടെ ഇതിന്റെ സ്രഷ്ടാവിനെ അവഗണിക്കുന്നത്‌ വിഷമകരമായി മാറി. മാത്രമല്ല, ദേശീയവാദികളെന്ന്‌ അവകാശപ്പെടുന്ന ഒരു പാർടിക്ക്‌ ഒരു സ്വാതന്ത്ര്യസമരപോരാളിയെപ്പോലും ചൂണ്ടിക്കാട്ടാനാകുന്നില്ലെന്നതും നാണക്കേട്‌ ഉണ്ടാക്കുന്നു. ഈ നാണക്കേട്‌ മറയ്‌ക്കാൻ ഒരു ദേശീയബിംബത്തെ കണ്ടെത്താനുള്ള നിരാശാജനകമായ ശ്രമത്തിന്റെ ഭാഗമായാണ്‌ സവർക്കറിനെ ആ മൂശയിൽ വാർത്തെടുക്കുന്നത്‌. സവർക്കറിന്റെ വർഗീയതയിൽ ദേശീയതയുടെ രക്തംകയറ്റി, ആൻഡമാൻ വിപ്ലവകാരിയും ക്രാന്തിവീര പരിവേഷവും നൽകി സ്‌മരിക്കുകയാണ്‌. ആൻഡമാൻ ജയിലിൽനിന്ന്‌ വിട്ടയക്കാൻ നിരന്തരം മാപ്പപേക്ഷ നൽകിയ സവർക്കർ വിപ്ലവകാരികൾക്കെല്ലാം നാണക്കേടാണ്‌. ജയിൽ മോചിതനായശേഷം ദേശീയപ്രസ്ഥാനത്തിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. 2003ൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സർക്കാർ ശക്തമായ എതിർപ്പുകളെ അവഗണിച്ച്‌ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറിന്റെ ഛായാചിത്രം സ്ഥാപിച്ചു. ഇപ്പോൾ ഗാന്ധിജിയുടെ നിർദേശപ്രകാരമാണ്‌ ജയിൽമോചിതനാകാൻ ദയാഹർജി നൽകിയതെന്ന്‌ വരുത്തിത്തീർക്കാനും ശ്രമിക്കുന്നു. ഗാന്ധിജിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സ്ഥാപിക്കാനാണ്‌ ഈ കള്ളപ്രചാരണത്തിലൂടെ ശ്രമിക്കുന്നത്‌. ഇത്‌ ചരിത്ര വസ്‌തുതകൾക്കുനേരെയുള്ള ഹിന്ദുത്വശക്തികളുടെയും കേന്ദ്രസർക്കാരിന്റെയും കടന്നാക്രമണമാണ്‌.

(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top