29 March Friday

മാധ്യമനാവുകളിൽ സവർക്കർ മുദ്ര

അനില്‍കുമാര്‍ എ വിUpdated: Monday Aug 22, 2022

പാർലമെന്റിൽ ബിജെപിക്ക്‌ രണ്ടു സീറ്റ്‌ മാത്രമായിരുന്നപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ മാധ്യമങ്ങളിൽ വൻഭൂരിപക്ഷമായിരുന്നെന്ന പി സായ്‌നാഥിന്റെ മുന്നറിയിപ്പ്‌ പലവട്ടം തെളിയിക്കപ്പെട്ടതാണ്‌. രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട്‌ ആഘോഷിച്ചപ്പോൾ അത്‌ വീണ്ടും ബോധ്യമായി. ത്രികോണയുദ്ധത്തിന്റെ ആശയം പ്രചരിപ്പിച്ച്‌ ബ്രിട്ടീഷുകാരെ തുണച്ച ആർഎസ്‌എസിന്‌ താമ്രപത്രം നൽകുകയാണ്‌ കേരളത്തിലെയും പ്രധാന മാധ്യമങ്ങൾ. ഏഴുവട്ടം മാപ്പിരന്ന്‌ ജയിൽമോചിതനായ വി ഡി സവർക്കറെ ഗാന്ധിജിക്കുമേൽ പ്രതിഷ്‌ഠിക്കുകയുമാണ്‌. ഗീബൽസിനെയും അർണബ്‌ ഗോസ്വാമിയെയുംപോലെ മാധ്യമനാവുകളിൽ നിറയെ സവർക്കർമുദ്രയാണ്‌. തങ്ങൾ സത്യമല്ല, ഫലമാണ് അന്വേഷിക്കുന്നത്. നൂറുവട്ടം ആവർത്തിച്ച നുണ സത്യമാകും‐ ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ഗീബൽസ് അടിച്ചേൽപ്പിച്ച നിലപാടാണത്‌. വ്യക്തിപരമായ പരിശോധനയല്ല മാധ്യമ വിമർശം. ഗീബൽസ്‌മുതൽ അർണബ്‌‌വരെ പ്രതിനിധാനംചെയ്യുന്ന പ്രത്യയശാസ്‌ത്ര തിന്മയാണ് വിചാരണ ചെയ്യപ്പെടേണ്ടത്.

ഇന്ത്യൻ ദേശീയപതാക രൂപകൽപ്പന ചെയ്തത് സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസിന്റെ മൂന്നാം അധ്യക്ഷനുമായ അബ്ബാസ് തയാബ്ജിയുടെ കൊച്ചുമകൾ സൂറയ്യ ബദറൂദീൻ തെയ്യാബ്ജിയാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥയും 1962‐65 കാലയളവിൽ അലിഗഢ്‌ സർവകലാശാലാ വൈസ് ചാൻസലറും ചില രാജ്യങ്ങളിൽ അംബാസഡറുമായിരുന്നു അവർ. മികച്ച ചിത്രകാരികൂടിയായ തെയ്യാബ്ജി രൂപകൽപ്പനചെയ്ത പതാക, 1947 ജൂലൈ 22ന്‌ ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. 1947 ആഗസ്‌ത്‌ 14ലെ ഫ്ലാഗ് പ്രസന്റേഷൻ കമ്മിറ്റിയിലും അംഗമായിരുന്ന അവരെ മാധ്യമങ്ങൾ ബോധപൂർവം തമസ്‌കരിച്ചു. 2019ലെ ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്‌എസ്‌ സർസംഘചാലക്‌ മോഹൻ ഭാഗവതിനെക്കൊണ്ട്‌ ലേഖനം എഴുതിച്ച മാതൃഭൂമിയുടെ നിലപാട്‌ ജനാധിപത്യവാദികളോടുള്ള വെല്ലുവിളിയായിരുന്നു. ‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന ശീർഷകത്തിലുള്ള കുറിപ്പ്‌ നുണകളുടെ കൂമ്പാരമാണ്‌. ഗാന്ധിജിക്ക്‌ ആർഎസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന്‌ സ്ഥാപിക്കാനാണ് പ്രധാനമായും ഭാഗവത് ശ്രമിച്ചത്.  സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികദിനത്തിൽ രാം മാധവിന്റെ ലേഖനം പ്രസിദ്ധീകരിച്ചാണ്‌ മലയാള മനോരമ കാവി വിധേയത്വം ഉറപ്പിച്ചത്‌. സമരത്തിലെ സജീവധാര എന്ന തലക്കെട്ട്‌ നൽകിയ അതിന്റെ പ്രധാന ഊന്നൽ, ആർഎസ്‌എസിനെപ്പോലെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ പരിശ്രമഫലമാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാണ്‌. കർണാടക ബിജെപി സർക്കാർ പരസ്യത്തിൽനിന്ന് ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയത്‌ കഴിഞ്ഞ ദിവസമാണ്‌. രാജ്യവിഭജനത്തിന് കാരണമായതിനാലാണ്‌ അതെന്നാണ്‌ ബിജെപി ജനറൽ സെക്രട്ടറി എൻ രവികുമാർ തുറന്നടിച്ചത്‌.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കേരളത്തിലെ മാധ്യമ മേധാവികൾക്ക് നൽകിയ വിരുന്ന്‌ വെറുതെയല്ല. അതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങി. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടിന്റെ ആഘോഷ  ലേഖനങ്ങളിൽ മാത്രമല്ല, പാലക്കാട് മരുതറോഡിൽ  ആർഎസ്‌എസുകാർ വധിച്ച സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം എസ്‌ ഷാജഹാനുമായി ബന്ധപ്പെട്ട വാർത്തകളിലും അത്‌ തെളിഞ്ഞു. എല്ലാം ബിജെപിയിൽ കെട്ടിവയ്‌ക്കണോ എന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കാവി സിദ്ധാന്തത്തെയും കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവത്തെയും പിന്താങ്ങി. അച്ഛാ മാറിക്കോ എന്നാർത്തുവിളിച്ച് വന്ന മകനുൾപ്പെട്ട സംഘമാണ് ഷാജഹാനെ വെട്ടിയതെന്ന് ദൃക്‌സാക്ഷി കുന്നംകാട് സ്വദേശി സുരേഷ് വെളിപ്പെടുത്തിയത്‌ അവ‌ർ മറച്ചുവച്ചു. പ്രതികൾ ആർഎസ്എസ്‌ രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്തതും ആ വാർത്തകളിലില്ല.

ബിഹാറിൽ നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും ഒന്നിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് കോൺഗ്രസ്‌ എന്നായിരുന്നു മനോരമയുടെ ഊറ്റംകൊള്ളൽ. 2020ൽ മഹാസഖ്യത്തിന്റെ ഭാഗമായിനിന്ന് മറ്റുപാർടികൾ സ്ഥിരം ജയിക്കുന്ന സീറ്റുകൾ പിടിച്ചുവാങ്ങി മത്സരിച്ച 70ൽ 51 ലും തോറ്റ് മുന്നണി മന്ത്രിസഭ ഇല്ലാതാക്കിയത്‌ കോൺഗ്രസാണ്‌. മനോരമയുടെ മറ്റൊരു വാദവും ശ്രദ്ധിക്കാം. കർണാടകത്തിലും മധ്യപ്രദേശിലും ഗോവയിലും മഹാരാഷ്ട്രയിലും കോൺഗ്രസ് സഖ്യസർക്കാരുകളെ അട്ടിമറിച്ചതിനുള്ള പ്രതികാരമായി ബിജെപിയെ തകർക്കാൻ കോൺഗ്രസ്‌ മുന്നിട്ടിറങ്ങിയത്രേ. മോദിയും അമിത്‌ ഷായും കുതന്ത്രങ്ങൾ മെനഞ്ഞുവെന്നത്‌ നേരുതന്നെ. അതേക്കാൾ പ്രധാനം ആ സംസ്ഥാനങ്ങളിൽ എംഎൽഎമാർ കൂട്ടത്തോടെ കോടികൾ വാങ്ങി ബിജെപിയിലെത്തുകയായിരുന്നുവെന്നതല്ലേ.

രാജസ്ഥാനിൽ ജലോറിലെ സ്‌കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് സവർണ അധ്യാപകന്റെ മർദനത്തെ തുടർന്ന് ഒമ്പത് വയസ്സുകാരൻ ദളിത് ബാലൻ ഇന്ദ്ര മേഘ്‌വാൾ മരിച്ചതാണ്‌ സ്വാതന്ത്ര്യദിന തലേന്ന്‌ കേട്ട ഞെട്ടിപ്പിക്കുന്ന സംഭവം. എന്നാൽ, അത്‌ കൗതുക വാർത്തയായി ലഘൂകരിക്കുകയായിരുന്നു മാധ്യമങ്ങൾ. പൊതുകിണറിൽനിന്ന് വെള്ളം കുടിച്ചതിന് അംബേദ്‌കർ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.  അംബേദ്കർക്ക് പള്ളിക്കൂടത്തിലെ കുടിവെള്ള പൈപ്പിൽ തൊടാൻപോലും അവകാശമുണ്ടായിരുന്നില്ല. അതോടുള്ള പ്രതികരണമായിരുന്നു നീതി ഉറപ്പിക്കുന്ന ഭരണഘടനയും 17-–-ാം വകുപ്പിലൂടെ അയിത്തം നിരോധിക്കുന്നതും. ദളിതനോ ഗോത്രവർഗക്കാരിയോ രാഷ്ട്രപതിയായാൽ തീരുന്നതാണ്‌ പ്രശ്‌നമെന്ന നിലയിലാണ്‌ മാധ്യമ പുകഴ്‌ത്തലുകൾ. ഗുജറാത്ത് സർക്കാർ മോചിപ്പിച്ച  ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ വിശ്വഹിന്ദു പരിഷത്ത് ഓഫീസിൽ ഹാരമണിയിച്ച് സ്വീകരിച്ചത്‌ സ്വാഭാവികമായാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ബിൽക്കിസിനെ ക്രൂരമായി ബലാത്സംഗംചെയ്തു. അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനെ കല്ലിൽ തലയടിച്ച് കൊന്നു. ഈ ‘വീര’ കൃത്യങ്ങളിൽ പ്രതികളായവരെയാണ്‌ ആദരിച്ചത്‌.
(കാർട്ടൂൺ കടപ്പാട്‌–- ഫെയ്‌സ്‌ബുക്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top