04 October Wednesday

പരിവേഷങ്ങളില്ലാതെ - സത്യൻ അന്തിക്കാട്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2023

ഏതു രംഗത്തേക്കാളും പ്രതിച്ഛായാ നിർമിതി നടക്കുന്ന ചലച്ചിത്രത്തിലാണ് "സ്റ്റാർ' പ്രയോഗം രൂപപ്പെട്ടത്. നാടകത്തിലെ അഭിനേതാക്കളെ നാടകസ്റ്റാർ എന്നു വിളിച്ചിട്ടില്ല. എത്രയോ പ്രഗത്ഭ നാടകനടന്മാർ ചരിത്രശേഷിപ്പില്ലാതെ മറഞ്ഞു. സിനിമയിൽ അഭിനേതാക്കൾ സാമാന്യജനവുമായി  അകലം പാലിക്കുന്നു. തിരശ്ശീലയിലെ നിഴൽരൂപങ്ങളെ ജീവനോടെ കാണുമ്പോൾ സാധാരണ മനുഷ്യർക്ക്  കൗതുകമാണ്. നടന്മാരിലെ സ്റ്റാറുകളാകട്ടെ, മണ്ണിൽ ചവിട്ടാത്തവരുമായി. സാധാരണക്കാരെ തൊടുകയോ ബസ്സിൽ സഞ്ചരിക്കുകയോ സാധാരണ ഹോട്ടലുകളിൽനിന്നു ഭക്ഷിക്കുകയോ ചെയ്യുന്നത്‌ അസാധ്യവും. ഈ ഗ്ലാമർ പരിവേഷം  നിലനിൽക്കുമ്പോഴാണ് ശ്രീനിവാസന്റെയും മാമുക്കോയയുടെയും വരവ്.

"ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി'ന്റെ ആലോചനയ്‌ക്ക്‌ കോഴിക്കോട്ടാണ് ശ്രീനിയും ഞാനും. പുതിയ നടന്മാരെ കൊണ്ടുവരണമെന്ന ആഗ്രഹം ശ്രീനിയോട് സൂചിപ്പിച്ചു. "ഒരാളുണ്ട്' അദ്ദേഹം പറഞ്ഞു: "മാമു തൊണ്ടിക്കോട്. മികച്ച നാടകനടൻ.' കാണാൻ ആഗ്രഹമായി. കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലുള്ള ഒരാൾ വന്നു. പല്ലുകൾ  അപകർഷതയില്ലാതെ എഴുന്നുനിൽക്കുന്നു. പല്ലുകളാണ് ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് നിൽപ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള അവ കണ്ടപ്പോൾ നിരാശനായി. ശ്രീനി എന്റെ ശത്രുവാണോ എന്നുപോലും സംശയിച്ചു. മാമു തൊണ്ടിക്കോടിനെ  മുന്നിലേക്ക് വിട്ട്, അദ്ദേഹം  അപ്രത്യക്ഷനായി.

"നമ്മള് മാമു തൊണ്ടിക്കോട്.' വന്നയാൾ പറഞ്ഞു: "കല്ലായി മില്ലിലാണ് പണി. നാടകം അഭിനയിക്കാറ്ണ്ട്. ശ്രീനിവാസൻ പറഞ്ഞിട്ടാ വന്നത്. ഞാൻ ങ്ങളെ സിനിമേല് അഭിനയിക്കണോ?' കൂസലില്ലാത്ത ചോദ്യം കേട്ടപ്പോൾ  നീരസം ഉരുണ്ടുകയറി. സിനിമയ്‌ക്ക്‌ പറ്റിയ കോലം! പരിഹാസച്ചിരി ഉള്ളിൽ വട്ടംകറങ്ങി. മറുപടി കിട്ടിയാൽ വേഗം പോകാം എന്ന മട്ടിലാണ് ആ  നിൽപ്. ഇല്ലെങ്കിൽ ഒരു ചുക്കുമില്ല എന്ന ഭാവം മുഖത്തും."സിനിമയിൽ അവസരം തന്നാൽ നിങ്ങളുടെ ഭാഗ്യം' എന്ന  കൂസലില്ലായ്മ.  

"ങ്ങള് ഇങ്ങനെ നോക്കിനിന്ന്  സുയിപ്പാക്കണ്ട. ചാൻസില്ലെങ്കിൽ പോയിക്കൊള്ളാം. പോയിട്ട്  പണീണ്ട്!'

മറുപടി പറയാനാവാതെ ഞാൻ നിന്നു. ശ്രീനി അയച്ച ആളല്ലേ. പിണക്കാതെ പറഞ്ഞുവിടണം. ശ്രീനി അദ്ദേഹത്തിനുപറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി അക്കാലംതൊട്ടേയുണ്ട്. കിട്ടുന്ന സന്ദർഭങ്ങളിൽ അതു തെളിയിക്കുകയും ചെയ്യും. "ങ്ങള് ഇങ്ങനെ നോക്കിനിന്ന്  സുയിപ്പാക്കണ്ട. ചാൻസില്ലെങ്കിൽ പോയിക്കൊള്ളാം. പോയിട്ട്  പണീണ്ട്!' അക്ഷമനായി മാമു പറഞ്ഞു. സംവിധായകൻ എന്ന നിലയിലുള്ള എന്റെ ആജ്ഞാശക്തി  മരംകൂപ്പുകാരനു മുന്നിൽ തരിച്ചുനിൽക്കുന്നു. ശ്രീനി എവിടെയോ മറഞ്ഞ്, ആ രംഗം മനസ്സിലോർത്ത് ചിരിക്കുന്നുണ്ടാവാം. ആ നിമിഷമാണ് അത് സംഭവിച്ചത്. തികച്ചും നിസ്സാരമെന്നു തോന്നിയേക്കാവുന്ന  സംഭവം.

മാമു ഷർട്ടിന്റെ കൈമടക്കിൽ തിരുകിയ തൂവാലയെടുത്ത് മുഖം തുടച്ചു. എത്രയോ കാലമായി കഠിനാധ്വാനം ചെയ്യുന്ന മനുഷ്യന്റെ വിയർപ്പുകളത്രയും അത് ഒപ്പിയെടുത്തു. വിയർപ്പ് ഒപ്പിയൊപ്പി കറുത്ത് പിഞ്ഞിയ  തൂവാല ചുരുട്ടി വീണ്ടും കൈമടക്കിൽ തിരുകി.  ആ മനുഷ്യൻ, ചോദ്യചിഹ്നമായി നിൽക്കുകയാണ്. "ശ്രീനി വന്നിട്ടു പറയാം', "കഥാപാത്രം  തീരുമാനിച്ചിട്ടില്ല.' "അപ്പോ, ശ്രീനി വന്നിട്ട് വിളിക്കിൻ.' അത്രയും പറഞ്ഞ്, വൈകാരിക ഭാരമില്ലാതെ  യാത്ര പറഞ്ഞു. മുണ്ടു മാടിക്കുത്തി, കാറ്റിൽ രണ്ട് കൈയും വീശി, മില്ലിൽ വേഗം എത്തിയാൽ ഒരു മരംകൂടി അളന്നു തീർക്കാം എന്ന മട്ടിൽ.

ശ്രീനി അപ്പോൾത്തന്നെ മായാവിയെപ്പോലെ പ്രത്യക്ഷപ്പെട്ടു. രഹസ്യതാവളത്തിൽ അവർ തമ്മിൽ സന്ധിച്ചിട്ടുണ്ടെന്ന് സംശയിച്ചു. "താങ്കൾ  പറഞ്ഞയാൾ വന്നു'‐ഞാൻ സൂചിപ്പിച്ചു. "സത്യൻ എന്തു പറഞ്ഞു?' "ശ്രീനി വന്നിട്ടു പറയാം എന്നു അറിയിച്ചു.' "അതു ശരി. ചാൻസു കിട്ടിയില്ലെങ്കിൽ അത് ശ്രീനി കാരണമാണ് എന്ന് മാമു മനസ്സിലാക്കിക്കൊള്ളും.' സിനിമയിലേതുപോലെയാണ് ശ്രീനിയുടെ സംസാരം.

"നിങ്ങൾ സംവിധായകർ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ അഭിനയിപ്പിച്ചുനോക്കൂ. നന്നല്ലെങ്കിൽ പറഞ്ഞു വിടാം. സംവിധായകൻ എന്ന നിലയിൽ താങ്കൾക്ക് ആരുടെയും അനുവാദം വേണ്ട. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യംചെയ്യാനുമാവില്ല.' ശ്രീനി കത്തിക്കയറുകയാണ്. "ശരി, ഷൂട്ടിങ് തുടങ്ങിയാൽ വരാൻ പറ.' ഞാൻ കൂട്ടിച്ചേർത്തു.

ആ അഭിനയത്തെക്കുറിച്ചും മാമു എന്ന നാടകനടനെക്കുറിച്ചും ശ്രീനി ഹ്രസ്വ പ്രഭാഷണം  നടത്തി:"സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്, അഭിനയത്തിന്റെ പ്രാതിനിധ്യംകൊണ്ടും ആ മേഖലയിലേക്ക് സാധാരണക്കാർ വരണം. ഗ്ലാമർകൊണ്ടൊന്നും കാര്യമില്ല. അഭിനയമാണ് അടിസ്ഥാനപരമായി വേണ്ടത്. പിന്നെ സൂക്ഷ്മ ഗ്രാഹ്യശേഷിയും’. മാമുവിന് അവസരം ഒപ്പിച്ചെടുക്കാൻ മാത്രമല്ല ശ്രീനി ഇതൊക്കെ പറഞ്ഞത്. സിനിമയെക്കുറിച്ച് ചില വിശ്വാസങ്ങൾ അദ്ദേഹത്തിനുണ്ട്.

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാലിന്റെ ചങ്ങാതിയായാണ് മാമു വരുന്നത്. ആദ്യം ഡയലോഗ് കൊടുത്തില്ല. മുഴുത്ത പല്ലുകളിൽനിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാൻ കഴിയില്ലല്ലോ. ഷൂട്ടിങ് തുടങ്ങി. മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, മില്ലിലെ അളവുകാരൻ, കൂസലില്ലാതെ ക്യാമറയെ അഭിമുഖീകരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top