29 March Friday

തുടലുപൊട്ടിയ തീവ്രവർഗീയത : എം എ ബേബി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

അർധഫാസിസ്റ്റ്‌ പ്രവർത്തനശൈലിയുള്ള ആർഎസ്‌എസാണ്‌ ബിജെപിയിലൂടെ ഇന്ത്യൻ ഭരണകൂടത്തെ ഇപ്പോൾ ചൊൽപ്പടിയിൽ നിർത്തുന്നത്‌. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും സമത്വത്തിലും അധിഷ്‌ഠിതമായ ഒരു രാഷ്‌ട്രനിർമാണമെന്ന ആശയം–- പല പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണതെന്ന്‌ മറക്കേണ്ട –- പാടേ ഉപേക്ഷിക്കുന്ന സമീപനമാണ്‌ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിജയത്തെതുടർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്‌. പൗരത്വലബ്‌ധിക്ക്‌ മതം മാനദണ്ഡമാക്കുന്നതുമുതൽ, ചരിത്രപരമായി പ്രത്യേക അവകാശങ്ങളുണ്ടായിരുന്ന ജമ്മു കശ്‌മീർ (മുസ്ലിം ന്യൂനപക്ഷം ഭൂരിപക്ഷമായിരിക്കെത്തന്നെ മതനിരപേക്ഷ ഇന്ത്യക്കൊപ്പം നിൽക്കാൻ തീരുമാനിച്ച) സംസ്ഥാനത്തെ വെട്ടിമുറിച്ച്‌ കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്‌ത്തിയും വർഗീയ വിഭജനത്തിന്റെ ഒരു പ്രത്യേക കണക്കുകൂട്ടലോടെയാണ്‌ സംഘപരിവാർ നീങ്ങുന്നത്‌. ‘ഹിന്ദു രാഷ്‌ട്ര’മെന്ന ഒരു ഇന്ത്യൻ പാകിസ്ഥാന്റെ രൂപീകരണമാണ്‌ ആത്യന്തികമായി ആർഎസ്‌എസ്‌ ലക്ഷ്യം. അതിന്‌ ഇപ്പോഴുള്ള ഒരു തടസ്സം വ്യത്യസ്‌ത മതത്തിൽപ്പെട്ടവരും മതനിർമുക്തരുമായ ഇന്ത്യൻ ജനതയിൽ നല്ല ഭൂരിപക്ഷം സംഘപരിവാറിന്റെ മതവാദ രാഷ്‌ട്രീയത്തിന്റെ അപകടം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യുന്നുണ്ട്‌ എന്നതാണ്‌.

മതവിശ്വാസികളാണെങ്കിലും വർഗീയവാദികളല്ലാത്ത മഹാഭൂരിപക്ഷം ജനങ്ങളെക്കൂടി വർഗീയമായി ധ്രുവീകരിക്കുന്ന തീക്കളിക്ക്‌ ആർഎസ്‌എസും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എണ്ണമറ്റ തീവ്രവാദ വർഗീയ അക്രമിസംഘങ്ങളും പലതരത്തിൽ സാഹചര്യമൊരുക്കുന്നത്‌ അതുകൊണ്ടാണ്‌. വിവിധ മതവിശ്വാസികളിൽ വൈകാരികത സൃഷ്ടിക്കുകയും പ്രകോപനമുണ്ടാക്കുകയും ചെയ്യുന്ന പ്രസ്‌താവനകൾ മുഖ്യമായും സംഘപരിവാറിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കന്മാരിൽനിന്ന്‌ ഉണ്ടാകുന്നത്‌ യാദൃച്ഛികമല്ല. ബിജെപിയുടെ ഒൗദ്യോഗിക വക്താവായ നൂപുർ ശർമ ദേശീയ ടെലിവിഷൻ ചർച്ചയ്‌ക്കിടയിൽ പ്രവാചകനെ ഹീനമായി നിന്ദിക്കുന്ന പരാമർശം നടത്തി. പിന്നീട്‌ ഡൽഹി സംസ്ഥാന നേതാവ്‌ നവീൻകുമാർ ജിൻഡാൽ ട്വിറ്ററിൽ ഇതേ പ്രകോപന പരാമർശങ്ങൾ ആവർത്തിച്ചു.

ഇന്ത്യയിൽ ഒട്ടേറെ സ്ഥലങ്ങളിൽ വലിയ സംഘർഷങ്ങളും രക്തച്ചൊരിച്ചിലും സൃഷ്‌ടിക്കാമായിരുന്ന അത്യന്തം വിധ്വംസകമായ ഈ പ്രസ്‌താവനകളെ മുൻനിർത്തി പ്രസക്തങ്ങളായ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ഈ രണ്ട്‌ കുറ്റവാളികളെയും അറസ്‌റ്റ്‌ ചെയ്യുകയുമാണ്‌ ഡൽഹി പൊലീസ്‌ അടിയന്തരമായി ചെയ്യേണ്ടിയിരുന്നത്‌. ഇക്കാര്യം ഉന്നയിച്ചുകൊണ്ട്‌ സിപിഐ എം ഡൽഹി കമ്മിറ്റി, ഡൽഡി പൊലീസ്‌ മേധാവി രാകേഷ്‌ അസ്‌താനയ്‌ക്ക്‌ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്‌. നരേന്ദ്ര മോദിയും അമിത്‌ ഷായും നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ അതിന്‌ മുതിരുമെന്ന്‌ തോന്നുന്നില്ല.

മുസ്ലിം ന്യൂനപക്ഷത്തിൽ ഉൾപ്പെടുന്നവരുടെ സംയമനംകൊണ്ട്‌ പ്രവാചകനിന്ദയ്‌ക്കെതിരെ വ്യാപകമായ പ്രതികരണങ്ങൾ സംഘർഷാത്മകമായി ഉയർന്നുവന്നില്ലെന്നത്‌ ആശ്വാസകരമാണ്‌. കാൺപുരിൽ കുറെ സംഘർഷങ്ങളുണ്ടായി. അവിടെ അതിന്റെ പേരിൽ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരെ വ്യാപകമായി ദേശസുരക്ഷാ നിയമപ്രകാരം അറസ്‌റ്റ്‌ചെയ്‌ത്‌ കേസെടുത്തിരിക്കുകയാണ്‌. അവർ താമസിക്കുന്ന ഇടങ്ങൾ ബുൾഡോസർ കൊണ്ടുവന്ന്‌ നിരപ്പാക്കുമെന്ന പ്രഖ്യാപനവും വന്നിരിക്കുന്നു. എത്ര ആഭാസകരമായ ഒരു സാഹചര്യമാണിത്‌?


 

നൂപുർ ശർമയെയും നവീൻ ജിൻഡാലിനെയും ബിജെപിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തല്ലോ എന്നാണ്‌ സംഘപരിവാറിന്റെ വിശദീകരണം. രാജ്യത്ത്‌ വർഗീയസംഘർഷമുണ്ടാക്കുക, ഇന്ത്യയും സുഹൃത്‌ രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങൾ തകർക്കുക തുടങ്ങിയവയ്‌ക്ക്‌ ഇടയാക്കുന്ന വിദ്വേഷ പരാമർശങ്ങളാണ്‌ ഇരുവരും നടത്തിയതെന്ന്‌ വ്യക്തം. അതീവ ഗുരുതരമായ ഈ കുറ്റകൃത്യങ്ങൾക്ക്‌ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്‌ യഥാർഥത്തിൽ കേസ്‌ ചാർജ്‌ ചെയ്യേണ്ടത്‌. വർഗീയ സംഘർഷമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കുറ്റം ഇന്ത്യൻ പീനൽകോഡിന്റെ 153എ, 295 വകുപ്പുകൾ പ്രകാരവും ഇന്ത്യയുടെ സുഹൃത്‌ രാജ്യങ്ങളുമായി നിലനിൽക്കുന്ന നല്ല ബന്ധം തകർക്കുന്ന പരാമർശങ്ങൾ നടത്തിയതിന്‌ ദേശീയ സുരക്ഷാനിയമത്തിലെ പ്രസക്തവകുപ്പുകൾ മുൻനിർത്തിയുമാണ്‌ കേസെടുക്കേണ്ടത്‌. സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ഇരുവരെയും അതുകൊണ്ട്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കേണ്ടതാണ്‌. സസ്‌പെൻഷനിലൂടെ–- അത്‌ ഒഴിവുകഴിവു പറയാൻ വേണ്ടിയാണെങ്കിലും–-അവർ കുറ്റം ചെയ്‌തതായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇനി മേൽസൂചിപ്പിച്ച യുക്‌തിസഹമായ അനന്തര നടപടികളിലേക്ക്‌  അമിത്‌ ഷാ നീങ്ങുമോ എന്നാണ്‌ അറിയേണ്ടത്‌.

2024ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പ്‌ ഉന്നംവച്ചുകൊണ്ട്‌, വർഗീയ ധ്രുവീകരണത്തിലൂടെ  രാഷ്‌ട്രീയാധിപത്യത്തിന്റെ അടിത്തറയും ആരൂഢവും രക്തതർപ്പണം ചെയ്‌ത്‌ ഉറപ്പാക്കാനുള്ള കൈവിട്ട കളിയിലാണ്‌ സംഘപരിവാർ ഏർപ്പെടുന്നത്‌. അതിന്റെ ഭാഗമാണ്‌ കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ മരണമണി മുഴക്കിക്കൊണ്ട്‌ മൂന്നു ദിവസംനീണ്ട ‘ധർമ സംസ്ഥാനിൽ’ (മതപാർലമെന്റ്‌) ഒരു മതത്തിൽപ്പെട്ടവരെ കൊന്നൊടുക്കിയാലേ ഹിന്ദു രാഷ്‌ട്രസ്ഥാപനം സാധ്യമാകുകയുള്ളൂവെന്ന്‌ ‘യോഗി’മാരും ‘യോഗിനി’മാരും ആവർത്തിച്ച്‌ ആക്രോശിച്ചത്‌. ആൾക്കൂട്ട കൊലപാതകങ്ങളും ‘ഹിജാബ്‌’ , ‘ലൗജിഹാദ്‌’ വിവാദങ്ങളും പാഠപുസ്‌തക തിരുത്തലുകളും റിപ്പബ്ലിക്‌ ദിന പരേഡിന്‌ കേരളം നിർദേശിച്ച ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ആവിഷ്‌കരിക്കുന്ന  നിശ്‌ചല ദൃശ്യത്തിന്റെ നിരാകരണവും ‘പൗരത്വനിയമ ’ വിരുദ്ധ സമരം ആരാണ്‌ നടത്തുന്നതെന്ന്‌ അക്കൂട്ടരുടെ ‘വേഷം’ കണ്ടാൽത്തന്നെ അറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയുമൊക്കെ ഈ ബൃഹദ്‌(നിഗൂഢ) പദ്ധതിയുടെ പരസ്യ ആവിഷ്‌കാരങ്ങളിൽ ചിലതാണ്‌. ലോകത്തെവിടെയും നടക്കുന്ന ഇത്തരം പ്രവണതകൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന, ‘ജിനോസൈഡ്‌ വാച്ച്‌’ എന്ന അന്വേഷണ പഠന സംഘത്തിന്റെ തലവൻ ഗ്രിഗറി സ്‌റ്റാന്റൺ ഇന്ത്യ വ്യാപകമായ വർഗീയ കൂട്ടക്കൊലകളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന്‌ അടുത്ത നാളുകളിൽ പ്രവചിക്കുകയുണ്ടായി. ആ പ്രവചനം അസ്ഥാനത്താകട്ടെയെന്ന്‌ ആശിക്കുമ്പോൾത്തന്നെ, ഇന്ത്യയിലെ കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന്‌ കാണേണ്ടിയിരിക്കുന്നു.

വിയോജിക്കുന്നവരെ ജയിലിലടക്കുന്നു, വെടിവച്ചു കൊല്ലുന്നു, അയോധ്യ ക്ഷേത്രനിർമിതിക്ക്‌ പ്രധാനമന്ത്രി മോദി കല്ലിടുന്നു, അതിന്റെ ശ്രീകോവിലിന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കല്ല്‌ പാകുന്നു, സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയും അതിനോടു ചേർന്ന്‌ പാർലമെന്റിന്റെ പുതിയ മന്ദിരവും നിർമിച്ചുകൊണ്ടിരിക്കുന്നു. ഈ  ‘മതരാഷ്‌ട്ര നിർമിതി’ക്ക്‌ കൂടുതൽ തീവ്രമായ വർഗീയ രാഷ്‌ട്രീയ ധ്രുവീകരണം ആവശ്യമുള്ളതിനാലാണ്‌ നൂപുർ ശർമമാരുടെ  വിഷലിപ്‌തവാക്കുകൾ പ്രകോപനപരമായി പുറത്തുവരുന്നത്‌. അത്യാപൽക്കരമായ സാഹചര്യങ്ങളാണ്‌ സംഘപരിവാർ അജൻഡയുടെ ഭാഗമായി നടപ്പാക്കപ്പെടുന്നത്‌. വിപുലവും സുശക്‌തവുമായ ബഹുജന ചെറുത്തുനിൽപ്പു മാത്രമാണ്‌ പ്രതിവിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top